ഹാജിമാര്‍ അറഫാ ദിവസം രാത്രി താമസിക്കുന്ന സ്ഥലമായണ് മുസ്ദലിഫ. അറഫയുടെയും മിനയുടെയും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 4 കിലോമീറ്റര്‍ നീളവും 12.25 കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട് മുസ്ദലിഫക്ക്. മിനയിലെ ജംറയില്‍ നിന്ന് മുസ്ദലിഫയിലേക്ക് 3 കിലോമീറ്ററാണ് ഉള്ളത്. അറഫയുടെ അതിര്‍ത്തിയായ നമിറ പള്ളിയില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരത്താണ് മുസ്ദലിഫ. മിനയും മുസ്ദലിഫയും മുന്‍കാലങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. എന്നാല്‍ ജനത്തിരക്ക് കാരണം രണ്ടിന്റെയും അതിര്‍ത്തി വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ രണ്ടും വളരെയടുത്താണ് സ്ഥിതിചെയ്യുന്നത്്. മുസ്ദലിഫ മുതല്‍ മിനാ വരെയുള്ള പ്രദേശങ്ങളില്‍ വിശാലമായ പന്തല്‍ ഉണ്ട്. മുസ്ദലിഫയുടെ വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ടെന്റുകളുള്ളത്. അതുകൊണ്ട് സൗകര്യപ്രദമായ എവിടെയും രാത്രി വിശ്രമിക്കാം.
ആദമും ഹവ്വയും സമ്മേളിച്ച സ്ഥലമായതുകൊണ്ട് ‘അടുത്തു’ എന്ന അര്‍ഥത്തില്‍ ‘ഇസ്ദലഫ’ എന്ന പദത്തില്‍ നിന്നാണ് മുസ്ദലിഫ വന്നതെന്ന് പറയപ്പെടുന്നു. അല്ലാഹുവിന്റെ സാമീപ്യം തേടുന്ന സ്ഥലമെന്ന അര്‍ത്ഥത്തിലാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട്. ഹാജിമാര്‍ രാത്രിയോട് അടുത്ത സമയത്താണ് ഇവിടെ എത്തുന്നത് എന്നതിനാല്‍ ആ സമയത്തിന് അറബിയില്‍ പറയുന്ന ‘സുലഫ്’ എന്ന പദത്തില്‍നിന്നാണ് മുസ്ദലിഫ ഉണ്ടായതെന്നാണ് മറ്റൊരഭിപ്രായം.
മുസ്ദലിഫക്ക് ജംഅ് എന്നും പേരുണ്ട്. ജനം അവിടെ ഒരുമിച്ചു കൂടുന്നത് കൊണ്ടോ അല്ലെങ്കില്‍ ആദമും ഹവ്വയും ഒരുമിച്ചു കൂടിയ സ്ഥലമായതുകൊണ്ടോ അതുമല്ലെങ്കില്‍ ദുല്‍ഹജ്ജ് 9ന് രാത്രി മഗ്രിബും ഇശാഉം അവിടെ ഒരുമിച്ച് ജംഅ് ആക്കി നമസ്കരിക്കുന്നതുകൊണ്ടോ ആവാം ഈ പേര് വന്നത്.