മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് കുന്നുകളാണ് സ്വഫയും മര്‍വയും. ഹാജറാ ബീവി വെള്ളം അന്വേഷിച്ച് ഓടിയതിനെ അനുസ്മരിച്ച് ഹാജിമാര്‍ സഅ്യ് നിര്‍വഹിക്കുന്നത് ഈ കുന്നുകള്‍ക്കിടയിലാണ്. കഅ്ബയില്‍ നിന്ന് 130 മീറ്റര്‍ അകലെ തെക്ക് കിഴക്ക് വശത്താണ് സ്വഫ. കഅ്ബയുടെ റുക്നുശ്ശാമില് നിന്ന് 300 മീറ്റര്‍ വടക്ക് കിഴക്കായാണ് മര്‍വ സ്ഥിതിചെയ്യുന്നത്. മുമ്പ് ഈ രണ്ടു കുന്നുകളും മസ്ജിദുല്‍ ഹറമിന് പുറത്തായിരുന്നു. എന്നാല്‍ ഹറം വിപുലീകരിച്ചതോടെ അവ രണ്ടും പള്ളിക്കകത്താക്കി. കുന്നുകളിലെ ചില പാറകളൊഴിച്ച് ബാക്കിഭാഗം മാര്‍ബിള്‍ പതിച്ചിരിക്കുകയാണ് ഇപ്പോള്‍. സ്വഫയുടെ മുകള്‍ ഭാഗത്തുള്ള പാറകള്‍ പുറത്തേക്ക് കാണത്തക്കരീതിയില്‍ ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയാണ്.