Hajj All Hajj Articles

ഹജ്ജ് കര്‍മങ്ങളില്‍ ശ്രദ്ധിക്കേണ്ടത്

ഹജ്ജ്കര്‍മങ്ങളെക്കുറിച്ചുള്ള പൂര്‍ണബോധമില്ലെങ്കില്‍ ചിലപ്പോള്‍ ഹജ്ജ് പാഴായിപ്പോവുന്ന സ്ഥിതിവരെയുണ്ടാകാം. അനുഷ്ഠാനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതിനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് അപകടങ്ങളും ദൂരിതങ്ങളും ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ മഹാസംഗമത്തില്‍ തീര്‍ത്ഥാടകരുടെ അശ്രദ്ധകൊണ്ട് വന്‍ദുരന്തങ്ങള്‍ വരെ സംഭവിക്കാം. തീര്‍ത്ഥാടകരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തി സൗദി സര്‍ക്കാര്‍ വന്‍പദ്ധതികളാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടപ്പാക്കിയിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ശ്രദ്ധയോടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയാണെങ്കില്‍ പ്രയാസരഹിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനാവും.

നാളെ (ദുല്‍ഹജ്ജ് എട്ട്) ദുഹര്‍ നമസ്‌കാരം മിനായില്‍ വച്ച് നിര്‍വഹിക്കാനാവുന്ന വിധത്തില്‍ പുറപ്പെടണം. മിനായില്‍ വച്ച് ദുഹര്‍ മുതല്‍ സുബഹിവരെയുള്ള എല്ലാ വഖ്ത് നമസ്‌കാരങ്ങളും (മഗ്‌രിബ് ഒഴികെ) രണ്ടു റകഅത്തായി ചുരുക്കി നമസ്‌കരിക്കലാണ് പ്രവാചകന്റെ മാതൃക.

താമസിക്കുന്നിടത്ത് നിന്ന് തന്നെ ഇഹ്‌റാം ചെയ്തു മിനയിലേക്കു പുറപ്പെടുകയാണ് വേണ്ടത്. മുത്വവ്വിഫിന്റെ മക്തബ് നമ്പര്‍ എഴുതിയ ബസ്സുകള്‍ റൂമിനടുത്ത് വരും. അതില്‍ കയറിയാല്‍ മിനായില്‍ തങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള തമ്പുകളില്‍ എത്താവുന്നതാണ്. മിനയിലേക്കു പോവുമ്പോള്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം (മരുന്നുകള്‍, മുസ്ഹഫ്, കോപ്പ, വിരിപ്പ്, പുതപ്പ്, ബ്രഷ്, തോര്‍ത്ത്, ഭക്ഷണത്തിനുവേണ്ട പാത്രങ്ങള്‍) കൂടെ കരുതുക. പഴങ്ങളോ മറ്റോ കൂടെ കരുതുന്നത് ഉപകരിക്കും. മിനയിലെത്തിയാല്‍ മുത്വവ്വിഫ് നല്‍കിയിട്ടുള്ള വിവരം അനുസരിച്ച് അവനവനുള്ള കിടപ്പിടം കണ്ടുപിടിക്കാവുന്നതാണ്. തീപ്പിടിത്തം ഒഴിവാക്കുന്നതിനായി അഗ്‌നിശമനവിഭാഗം നിര്‍ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഭക്ഷണം സ്വയം പാകം ചെയ്യാന്‍ ശ്രമിക്കരുത്, സര്‍ക്കാരിനു കീഴിലെത്തിയിരിക്കുന്നവര്‍ക്ക് മുത്വവ്വിഫ് തന്നെ ഭക്ഷണം നല്‍കുന്നതാണ്. ഭക്ഷണം സൗജന്യമായി കിട്ടിയാലും വളരെ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക, വയറിനു അസുഖമായി അറഫാദിനം നഷ്ടപ്പെടാന്‍ ഇതു കാരണമാകരുത്. ഒരേ പോലുള്ള തമ്പുകളായതിനാല്‍ പുറത്തിറങ്ങുമ്പോള്‍ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ സ്വന്തം തമ്പിനു മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റിലെ നമ്പര്‍, തമ്പിനുള്ളിലെ റൂം എന്നിവ ശരിക്ക് മനസ്സിലാക്കിവയ്ക്കുക, പ്രായം കൂടുതലുള്ളവര്‍ കൂടെയുള്ളവരോടൊപ്പം മാത്രം തമ്പിന് പുറത്തേക്കിറങ്ങുക. പിറ്റേന്ന് രാവിലെ അറഫയിലേക്കു പുറപ്പെടേണ്ടതിനാല്‍ രാത്രിയില്‍ നേരത്തെ കിടക്കാന്‍ ശ്രമിക്കുക. മിനയില്‍ രാപ്പാര്‍ത്തതിനു ശേഷം ദുല്‍ഹജ്ജ് ഒമ്പതിന് (അറഫാദിനം) സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് നീങ്ങുക. അറഫയിലെ ശൗച്യാലയങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ മിനയില്‍ നിന്നു നിര്‍വഹിക്കുന്നതാണ് നല്ലത്. മുത്വവ്വിഫിന്റെ നിര്‍ദേശപ്രകാരം നിശ്ചിതസമയത്ത് ട്രയിനിലോ ബസ്സിലോ അറഫയിലേക്കു പുറപ്പെടാവുന്നതാണ്. അറഫയിലേക്കുള്ള യാത്രയില്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാന്‍ പ്രാപ്തിയുള്ളവരുടെ നേതൃത്വത്തില്‍ ചെറിയ ഗ്രൂപ്പുകളാവുന്നതു നല്ലതാണ്. അറഫയില്‍ വച്ച് ദുഹര്‍, അസര്‍ എന്നിവ ജംഅും ഖസ്‌റും ആക്കി ദുഹറിന്റെ സമയത്ത് നിര്‍വഹിക്കണം.

പിന്നീട് അറഫ താഴ്‌വരയിലേക്ക് നീങ്ങുക. അറഫ നഷ്ടപ്പെട്ടവന്റെ ഹജ്ജ് സ്വീകരിക്കപ്പെടില്ല, അതിനാല്‍ നില്‍ക്കുന്നത് അറഫയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തുക. അറഫക്കു പുറത്തുള്ള പള്ളിയുടെ ഭാഗത്തു നിന്നാല്‍ ഹജ്ജ് സാധുവാകില്ല. സൂര്യാസ്തമയം വരെ അറഫയില്‍ ഉണ്ടാവണം. അസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്കു പുറപ്പെടേണ്ടതാണ്. മുസ്ദലിഫയില്‍ എത്തുന്നതിനു മുമ്പ് മഗ്‌രിബ് നമസ്‌കരിക്കരുത്.

മുസ്ദലിഫയിലേക്കുള്ള യാത്രക്കായി മുത്വവ്വിഫിന്റെ നിര്‍ദേശപ്രകാരം ട്രയിനിലോ ബസ്സിലോ പുറപ്പെടുക. എന്നാല്‍ തിരക്കുമൂലം സമയത്തിന് ബസ്സ് എത്താതിരിക്കുക, ബസ്സ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്, അവിടെ എത്തിയതിനുശേഷം മഗ്‌രിബും ഇശായും ജംഉം ഖസ്‌റുമായി നമസ്‌കരിക്കുക. സുബഹിവരെ അവിടെ വിശ്രമിക്കാവുന്നതാണ്. ജംറയില്‍ എറിയാന്‍ കടലമണിയുടെ വലിപ്പമുള്ള കല്ലുകള്‍ ശേഖരിക്കുക, മുസ്ദലിഫയില്‍ നിന്നു തന്നെ കല്ലെടുക്കണമെന്ന് നിര്‍ബന്ധമില്ല.

About the author

admin