ഏകദൈവ വിശ്വാസികളുടെ നേതാവും പ്രവാചകന്മാരുടെ പിതാവുമായ ഇബ്റാഹീമിന്റെ വിളിക്ക് ഉത്തരം നല്കിക്കൊണ്ടും പ്രവാചകന്റെ സുന്നത്ത് പിന്‍പറ്റിക്കൊണ്ടും വിശ്വാസികള്‍ ഹജ്ജിന് വേണ്ടി പരിശുദ്ധഗേഹത്തിലേക്ക് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇബ്റാഹീം(അ)യോട് അല്ലാഹു പറയുന്നു: ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും. അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക.’ (22: 27,28) പ്രവാചകന്(സ) ഹജ്ജ് നിര്‍വഹിച്ചശേഷം ഇപ്രകാരം പറഞ്ഞു: ‘എന്നില്‍ നിന്ന് നിങ്ങള്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ പഠിക്കുക’ (മുസ്ലിം)
ഓരോ മുസ്ലിമും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കികൊണ്ട് അവന്റെ പരിശുദ്ധ ഗേഹത്തിലേക്ക് പോകണമെന്നാഗ്രഹിക്കുന്നുണ്ട്. അപ്രകാരം മില്യണ്‍ കണക്കിന് മുസ്ലിങ്ങള്‍ ഓരോ കൊല്ലവും ഹജ്ജിനെത്തുന്നുമുണ്ട്. എന്നാല്‍ ഹജ്ജ് ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും അല്ലാഹു അത് നിര്വഹിക്കുന്നതുകൊണ്ട് വാഗ്ദാനം ചെയ്തിട്ടുള്ള ഉന്നതമായ ഗുണങ്ങള്‍ ഇഹത്തിലും പരത്തിലും ലഭിക്കുന്നുണ്ടോ എന്ന് നാം വിലയിരുത്തണം.
ഹജ്ജിന്റെ പ്രധാന ലക്ഷ്യം സ്വന്തം സ്രഷ്ട്രാവുമായുള്ള ബന്ധം ദൃഢപ്പെടുത്തുകയെന്നതാണ്. അതിനെയാണ് സൂക്ഷ്മത അഥവാ തഖ്വാ എന്ന് പറയുന്നത്. ഹാജിക്ക് ഹജ്ജില്‍ നിന്നും മിച്ചമായി ലഭിക്കേണ്ട പാഥേയമാണ് തഖ്വ. അതുകൊണ്ട് തന്നെ തിരിച്ചെത്തുന്നതോടെ ഹാജിക്ക് ജീവിതത്തില്‍ തഖ്വയെന്ന വലിയ ഗുണം നേടിയെടുക്കാനാകേണ്ടതുണ്ട്. ഹജ്ജിനിടയില്‍ തന്നെ മനുഷ്യര്‍ക്കിടയിലുള്ള എല്ലാ വ്യത്യസങ്ങളും ഇല്ലാതാകുന്നു. ധനികനും ദരിദ്രനും വെളുത്തവനും കറുത്തവനും എല്ലാം അല്ലാഹുവിന്റെ മുമ്പില്‍ സമന്മാരാണ്. റബ്ബിന്റെ മുമ്പില്‍ അവരുടെ സ്ഥാനത്തില്‍ വല്ല ഏറ്റക്കുറച്ചിലുമുണ്ടെങ്കില് അത് ഒരേ ഒരു കാരണം കൊണ്ട് മാത്രമാണ്. അതാണ് തഖ്വ. മനുഷ്യനെ ദൈവത്തിന്റെ മുമ്പില്‍ ഉന്നതനാക്കുന്ന പാഥേയം ഹാജിക്ക് നേടാന്‍ കഴിയുന്നുണ്ടോ എന്നതാണ് ഇന്നത്തെ സമൂഹം ചിന്തിക്കേണ്ടത്.
പരിശുദ്ധമായ ഈ പ്രദേശത്ത് ഇത്രയും വലിയ ഒരു സംഘം ഒത്തുകൂടിയിട്ടും ക്രിയാത്മകമായ ഒരു ഊര്‍ജ്ജമല്ല അത് ഇസ്ലാമിക സമൂഹത്തിന് നല്കുന്നതെന്നത് വലിയ ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യമാണ്. ഹജ്ജ് തീര്‍ത്ഥാടനം സമൂഹത്തില്‍ സ്വാധീനം ചെലുത്താതിരിക്കാന്‍ പ്രധാനമായും ചില കാരണങ്ങളുണ്ട്. അവയിലചിലതാണ് താഴെ:
1) മിക്ക മുസ്ലിങ്ങളും യഥാര്‍ഥ വിശ്വാസത്തില്‍ (അഖീദയില്) നിന്ന് വ്യതിചലിച്ചിരിക്കുന്നു. അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നും പ്രവാചകന്റെ ചര്യയില്‍ നിന്നുമുള്ള ഈ വ്യതിചലനം വലിയ ന്യൂനതയാണ്. മറഞ്ഞതും ചെറുതുമായ ശിര്‍ക്കുകളെ അവര്‍ തിരിച്ചറിയുന്നില്ല. ചിലര്‍ ഈ യാത്രക്കിടെ വലിയ ശിര്‍ക്കുകള്‍ പോലും ചെയ്യുന്നുമുണ്ട്. എന്നാല്‍ സമൂഹത്തില്‍ സ്വാധീനമുള്ള പല അറിവുള്ളവരും ഈ പതിവിനെ എതിര്‍ക്കാതെ അവക്ക് മൗനാനുവാദം നല്കുന്നു എന്നതും അപകടകരമാണ്.
2) ഹജ്ജ് യാത്രകള്‍ ഇന്ന് വെറും വിനോദയാത്രകളായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് അടുത്ത പ്രശനം. ഈമാനിന്റെയും ആത്മീയതയുടെയും ചേരുവ മുഴുവന്‍ അതില്‍ നിന്ന് വിനഷ്ടമായിരിക്കുന്നു. പരസ്പരം മേനി നടിക്കാനും അഹങ്കരിക്കാനുമുള്ള ഒരു മാര്‍ഗമാണിപ്പോള്‍ ഹജ്ജ് ചെയ്യുകയെന്നത്. ഹാജിയെന്ന് വിളിക്കപ്പെടല് മാത്രമാണ് ഇപ്പോള്‍ ഈ യാത്രയുടെ ലക്ഷ്യം.
3) ഹജ്ജിന്റെ സമയത്ത് പാലിക്കേണ്ട മര്യാദകളെയും സ്വഭാവ ചര്യകളെയും കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു പ്രശ്നം. ത്വവാഫും സഅ്യും ചെയ്യുമ്പോള്‍ അവര്‍ പ്രാവര്ത്തികമാക്കേണ്ടതൊന്നും അവര്‍ക്ക് ബോധമില്ല. കൂടെയുള്ളവരോട് സഹിഷ്ണുതയും ബഹുമാനവും സഹകരണവും കാണിക്കാന്‍ പോലും അവര്‍ മറന്ന് പോകുന്നു. അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വരെ അവര്‍ ചെയ്യുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ദുര്‍വൃത്തിയോ വഴക്കോ പാടില്ല.’
ഓര്കേണ്ട ചില കാര്യങ്ങള്‍
ഹജ്ജിന്റെ കര്‍മങ്ങള്‍ക്കിടയിലും അതിന് മുമ്പും പിമ്പും ഹാജിമാരും അല്ലാത്തവരും ഓര്‍ക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഹജ്ജിന്റെ മാസങ്ങളില്‍ അവ അനുസ്മരിക്കുന്നത് നല്ലതാണ്.
സ്വന്തം മകനെപോലും ദൈവ മാര്‍ഗത്തില്‍ ബലി നല്‍കാനുള്ള പ്രവാചകന് ഇബ്റാഹീമിന്റെ സന്നദ്ധത. ഭാര്യയെയും മകനെയും ആരുമില്ലാത്ത നാട്ടില്‍ ദൈവകല്പന കേട്ട് ഉപേക്ഷിക്കാനുമുള്ള അനുസരണശീലം. ഇതെല്ലാം നമ്മുക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താനാകണം. അല്ലാഹു പറയുന്നു: ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം’.
അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ) തന്റെ ഹജ്ജിനിടെ അറഫയില്‍ നടത്തിയ പ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം ഹജ്ജിന്റെ കാലത്ത് ഓരോ മുസ്ലിമും ഓര്‍ക്കണം. അതിന്റെ ഉള്ളടക്കം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും വേണം. പ്രവാചകന് നല്കിയ ഉപദേശങ്ങള്‍ കാണുക: ‘നിങ്ങളുടെ രക്തവും ധനവും പവിത്രമാകുന്നു. ഈ ദിനത്തിന്റെയും മാസത്തിന്റെയും നാടിന്റെയും പവിത്രതപോലെ. എല്ലാ ജാഹിലിയ്യാ കാര്യങ്ങളും ഇന്ന് മുതല്‍ നിര്‍ത്തലാക്കിയിരിക്കുന്നു. പ്രതികാരവും പലിശയും എല്ലാം…. സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക….’
പ്രവാചകന്റെ അവസാന ഹജ്ജിനിടെയാണ് ദീനിനെ അല്ലാഹു പൂര്‍ത്തിയാക്കിയെന്ന് പ്രഖ്യാപിച്ചത്. അല്ലാഹു പറയുന്നു: ‘ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.’ ദീനിന്റെ സമഗ്രതയും പൂര്‍ണതയും ഹജ്ജിലൂടെ നാം ഉള്‍കൊള്ളണം. ജീവിതത്തിന്റെ എല്ലാ മേഖലയിലും ദീനിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം.
ഹജ്ജിന്റെ ഓരോ കര്‍മങ്ങളും വിശ്വാസികളെ വിവിധ സ്വഭാവ വിശേഷങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അവ ഉള്‍കൊണ്ട് കൊണ്ടാകണം നമ്മള് ദുല്‍ഹജ്ജ് പൂര്‍ത്തീകരിക്കേണ്ടത്. അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കാനും ഭരമേല്പിക്കാനും സാധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ‘എല്ലാം അല്ലാഹുവില്‍ അര്പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.’
ഇസ്ലാമിക സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വലിയ സന്ദേശമാണ് ഹജ്ജ് മനുഷ്യന് നല്‍കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യ ജീവിതത്തില്‍ ഇത്തരം ഗുണങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ മുസ്ലിം സമൂഹം മുന്‍കയ്യെടുക്കണം. ഭിന്നതകളും വിയോജിപ്പുകളും മാറ്റിവെച്ച് യോജിപ്പുള്ള മേഖലയില്‍ പരസ്പരം സഹകരിക്കാന്‍ മുസ്ലിങ്ങള്‍ പരിശ്രമിക്കണം.