ബാബുൽ ഫതഹ് (വിജയത്തിന്റെ വാതിൽ)
കഅബയിലേക്കുള്ള കവാടമാണ് ബാബുൽ ഫതഹ് (വിജയത്തിന്റെ വാതിൽ). ഹിജ്റ എട്ടാം വർഷം റമദാൻ 20ന് വെള്ളിയാഴ്ച മക്കാ വിജയ വേളയിൽ നബി (ﷺ) പ്രവേശിച്ചത് ഈ കവാടത്തിലൂടെയാണ്.
. മക്കം ഫതഹ് വേളയിൽ മുസ്‌ലിം സൈന്യം മക്ക ലക്ഷ്യമാക്കി പുറപ്പെട്ടപ്പോൾ അവർ ആദ്യം തങ്ങിയത് നഗരത്തിൽ നിന്ന് അധികം ദൂരയല്ലാത്ത, എന്നാൽ കഅ്ബ കണ്ണ്കൊണ്ട് കാണാവുന്ന ദൂരത്തുള്ള ദു തുവ താഴ്വരയിലാണ്. പ്രവാചകന്റെ ഒട്ടകമായ ഖസ്‌വാഅ് അവിടെയാണ് മുട്ടുകുത്തിയത്, തുടർന്ന് പ്രവാചകൻ അല്ലാഹുവിനോടുള്ള നന്ദി സൂചകമായി, വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഇരിപ്പിടത്തിൽ തൊടുന്നതുവരെ തല കുനിച്ചു.
. തുടർന്ന് നബി(സ) മക്കയിലേക്ക് പ്രവേശിക്കാൻ സൈന്യത്തെ സജ്ജമാക്കാൻ തുടങ്ങി. ഖാലിദ് ബിൻ വലീദ് (رضي الله عنه) മക്കയുടെ വലതുവശത്തുടെയുള്ള സൈന്യത്തിന്റെ കമാൻഡർ സ്ഥാനം ഏറ്റെടുത്ത് താഴ്ഭാഗത്ത് നിന്നാണ് പ്രവേശിച്ചത്. സുബൈർ (رضي الله عنه) ഇടത് വിംഗിന്റെ കമാൻഡർ സ്ഥാനം ഏറ്റെടുത്ത് കഅ്ബയുടെ മേൽഭാഗത്ത് നിന്ന് പ്രവേശിച്ചു. സൈന്യത്തിന്റെ മധ്യഭാഗം രണ്ടായി വിഭജിക്കപ്പെട്ടു; അതിൽ പകുതി സഅദ് ബിൻ ഉബാദയും (رضي الله عنه) അദ്ദേഹത്തിന്റെ മകനും നയിച്ചു, മറ്റേ പകുതിയുടെ ചുമതല പ്രവാചകൻ (ﷺ) തന്നെ സ്വയം ഏറ്റെടുത്തു. അബു ഉബൈദ ബിൻ ജറാഹ് (رضي الله عنه) കാലാൾപ്പടക്കും നേതൃത്വം നൽകി. ആക്രമണത്തിന്റെ ആശ്ചര്യകരമായ ക്രമീകരണം ഖുറൈശികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. മുസ്‌ലിംകൾക്കെതിരെ വളരെ ചെറിയ ചെറുത്തുനിൽപ്പുകൾ നടത്താനെ ഖുറൈശികൾക്ക് സാധിച്ചൊള്ളൂ.
. മക്കയിലേക്കുള്ള പ്രവാചകന്റെ ഈ പ്രവേശന വേളയിൽ നബി(സ)യുടെ ചെറുമകനായ അലി ( തന്റെ മകൾ സൈനബിന്റെ (رضي الله عنه) മകൻ) പ്രവാചകന്റെ ഒട്ടകത്തിന്റെ പുറകിൽ കൂടെയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
. നബി(സ)ക്ക് വേണ്ടി ഒരു ചുവന്ന തുകൽ കൂടാരം തയ്യാറാക്കിയിരുന്നു. അതിൽവച്ച് പ്രവാചകൻ വുദൂ ചെയ്യുകയും എട്ട് റക്അത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിക്കുകയും ചെയ്തു. അതിനുശേഷം ഒരു മണിക്കൂറോ അതിൽ കൂടുതലോ സമയം അവിടെ വിശ്രമിച്ചു. അതിന് ശേഷം തന്റെ വാഹനമായ കസ്‌വാഇനെ കൊണ്ട് വരാൻ ആവശ്യപ്പെട്ടു. തന്റെ മേലങ്കിയും പടതൊപ്പിയും വാളും ധരിച്ചു. പ്രവാചകന്റെ കയ്യിൽ ഒരു വടിയും ഉണ്ടായിരുന്നു, പടതൊപ്പികാരണം പ്രവാചകന്റെ മുഖം വ്യക്തമായിരുന്നില്ല. കൂടാരത്തിന് പുറത്ത് അനുചരൻമാർ ധാരാളമുണ്ടായിരുന്നു, പ്രവാചകൻ ഹറമിലേക്ക് പ്രവേശിക്കുമ്പോൾ അവരെല്ലാം പ്രവാചകന് അകമ്പടി സേവിച്ചു, തന്റെ അരികിലുണ്ടായിരുന്ന അബൂബക്കറുമായി (رضي الله عنه) പ്രവാചകൻ വർത്തമാനങ്ങൾ പറയുകയും ചെയ്തിരുന്നു.
. പ്രവാചകൻ (സ) കഅബയിൽ പ്രവേശിച്ച് ത്വവാഫ് ചെയ്തു. അപ്പോൾ കഅബയ്ക്കകത്ത് മുന്നൂറ്റി അറുപത് വിഗ്രഹങ്ങളുണ്ടായിരുന്നു. തന്റെ കയ്യിലിരുന്ന വടികൊണ്ട് പ്രവാചകൻ അവയെതള്ളിമാറ്റുകയും ഇങ്ങനെ പറയുകയും ചെയ്ത് കൊണ്ടിരുന്നു:
”സത്യം വന്നു. മിഥ്യ തകര്‍ന്നു. മിഥ്യ തകരാനുള്ളതു തന്നെ”. ( ഖുർആൻ 17 : 81 )
”സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല.” ( ഖുർആൻ 34 : 49 )
. നബി(സ) ത്വവാഫ് പൂർത്തിയാക്കിയ ശേഷം ഒട്ടകപുറത്ത് നിന്ന് ഇറങ്ങി മഖാമു ഇബ്രാഹിമിൽ ചെന്ന് നമസ്കരിക്കുകയും പിന്നീട് സംസം കുടിക്കുകയും ചെയ്തു. പിന്നീട് കഅബയുടെ താക്കോൽ അന്വേഷിച്ചു, അൽപനേരം അതിനകത്ത് ചെലവഴിച്ചു. പ്രവാചകൻ കഅ്ബയുടെ അകത്ത്നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഖുറൈശികൾ ഹറമിൽ നിറഞ്ഞിരുന്നു, പ്രവാചകനും അനുയായികളും ഇനി എന്തുചെയ്യുമെന്നറിയാൻ അവർ ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു.
. പ്രവാചകൻ (സ) കഅ്ബയുടെ വാതിൽ പിടിച്ച് നിന്ന് കൊണ്ട് തന്റെ മുമ്പിൽ വിനീതരായി നിൽക്കുന്ന, തന്നെ പരമാവധി പീഡിപ്പിച്ചിരുന്ന മക്കാവാസികളോട് ദീർഘമായി സംസാരിച്ചു, ഇസ്‌ലാമിലെ നിരവധി നിയമങ്ങൾ വിശദീകരിക്കുകയും എല്ലാ വിജാതീയ ആചാരങ്ങളും നിർത്തലാക്കിയതായും അവരെ അറിയിച്ചു. എന്നിട്ട് അവരോട് ചോദിച്ചു: ഖുറൈശികളേ! ഞാൻ നിങ്ങളോട് എന്ത് ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്?”. അവർ പറഞ്ഞു, “ഞങ്ങൾ ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു കുലീന സഹോദരനും കുലീനനായ സഹോദരന്റെ മകനുമാണല്ലോ”. പ്രവാചകൻ (സ) മറുപടി പറഞ്ഞു: യൂസുഫ് നബി തന്റെ സഹോദരന്മാരോട് പറഞ്ഞത് ഞാനും നിങ്ങളോട് പറയുന്നു, ”ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല.’ പോകൂ, നിങ്ങൾ സ്വതന്ത്രരാണ്.
. ബിലാൽ (رضي الله عنه) നോട് കഅ്ബയുടെ മേൽക്കൂരയിൽ കയറി ബാങ്ക് കൊടുക്കാൻ നബി(സ) കൽപിച്ചു. ബിലാൽ (رضي الله عنه) ന് കഅ്ബക്ക് മുകളിൽ കയറാൻ നബി(സ) തന്നെ തന്റെ തോൾ വച്ച് കൊടുക്കുകയും ചെയ്തു. ഖുറൈശികളുടെ നേതാക്കൾ അല്ലാഹുവിന്റെ വചനം ഉയരത്തിൽ മുഴങ്ങുന്നത് ആദ്യമായി കേൾക്കുകയായിരുന്നു. മക്കയുടെ താഴ്‌വര ആ ശബ്ദം കൊണ്ട് അലയടിക്കുകയും ചെയ്തു.
. ഖുറൈശികളിലെ പ്രമുഖരായ നിരവധി പേർ ഈ ദിവസമാണ് ഇസ്‌ലാമിലേക്ക് വന്നത്. അബു സുഫ്‌യാനും ഉഹുദ് യുദ്ധത്തിൽ ഹംസയുടെ (رضي الله عنه) കരൾ ചവച്ച് തുപ്പിയ അബു സുഫ്‌യാന്റെ ഭാര്യ ഹിന്ദും അക്കൂട്ടത്തിലുണ്ടായിരുന്നു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp