Back To Top

 ഹിറാഗുഹ
Spread the love

മക്കയിൽ നിന്ന് അറഫയിലേക്കുള്ള വഴിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മൂന്നു കിലോമീറ്റർ വടക്കാണ് ജബലുന്നൂർ സ്ഥിതിചെയ്യുന്നത്. പ്രകാശഗിരി എന്നാണിതിനർഥം. ഇരുളകറ്റി പ്രകാശം പരത്തിയ പരിശുദ്ധ ഖുർആന്റെ ആദ്യാവതരണത്തിന് സാക്ഷ്യം വഹിച്ച പർവതമായതിനാലാണ് അതിന് ആ പേർ ലഭിച്ചത്. സമുദ്രനിരപ്പിൽനിന്ന് 634 മീറ്റർ ഉയരത്തിലാണത് നിലകൊള്ളുന്നത്. മലയുടെ മുകളിൽ ഇടതുഭാഗത്താണ് ഹിറാ ഗുഹ. ഏതാണ്ട് രണ്ടു പേരെ ഉൾക്കൊള്ളാവുന്ന വിസ്താരം. ഹിറാ സന്ദർശനം ഹജ്ജിന്റെ ഭാഗമോ നബിചര്യയോ അല്ല. ചരിത്രാനുസ്മരണവും അത് പ്രദാനം ചെയ്യുന്ന പ്രചോദനവും മാത്രമാണ് പ്രയോജനം. അജ്ഞരും അന്ധവിശ്വാസികളുമായ ജനം ഹിറാഗുഹയിൽ പല അനാചാരങ്ങളും അനുവർത്തിക്കുന്നതിനാൽ ഭരണകൂടവും പണ്ഡിതന്മാരും അവിടം സന്ദർശിക്കുന്നത് തീരെ പ്രോത്സാഹിപ്പിക്കുന്നില്ല. ഒട്ടൊക്കെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

ജബലുന്നൂറിന്റെ താഴ്വരയിൽ ചെന്നിറങ്ങുമ്പോൾ പ്രഭാതസൂര്യന്റെ പൊൻ കിരണങ്ങൾ പൂർവദിക്കിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഞങ്ങൾക്കു മുമ്പേ നിരവധി പേർ മലകയറുന്നുണ്ടായിരുന്നു. അവരുടെ സാഹസിക ശ്രമം ദൂരെനിന്ന് നോക്കിക്കണ്ട സംഘത്തിലെ ചില സ്ത്രീകളും ദുർബലരും താഴ്വരയിൽത്തന്നെ വിശ്രമിച്ചു.

മലകയറാൻ തുടങ്ങിയതോടെ മനസ്സിൽ ആറാം നൂറ്റാണ്ടിലെ അറേബ്യ തെളിഞ്ഞു വന്നു. അധർമമാണ് അന്നവിടെ ആധിപത്യം നടത്തിയിരുന്നത്. മേധാവിത്വം മുഷ്കിനും മുഷ്ടിക്കുമായിരുന്നു. അക്രമവും അനീതിയും അരങ്ങു തകർത്തു. മദ്യവും മദിരാക്ഷിയും മനുഷ്യമസ്തിഷ്കങ്ങളെ മത്ത് പിടിപ്പിച്ചു. മനുഷ്യത്വം മരിക്കുകയും മനസ്സാക്ഷി മരവിക്കുകയും ചെയ്ത മനുഷ്യരായിരുന്നു എവിടെയും നീതിയും ന്യായവും മാനവും മര്യാദയും അവർക്ക് അജ്ഞാതമായിരുന്നു. മർദിതന്റെ വിലാപം കേൾക്കുന്ന കാതുകളോ അശരണരുടെ അവശതയകറ്റാൻ നീളുന്ന കൈകളോ കാണപ്പെട്ടിരുന്നില്ല. സർവോപരി അവരെ അടക്കിഭരിച്ചിരുന്നത് കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളു മായിരുന്നു. പ്രാർഥനകളും പ്രണാമങ്ങളുമർപ്പിച്ചിരുന്നത് പ്രതിമകളുടെയും പ്രതിഷ്ഠകളുടെയും മുമ്പിലാണ്. അവരുടെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് കല്ലിൻ കഷ്ണങ്ങളും മൺകൂനകളും മരപ്പലകകളുമായിരുന്നു. അവയ്ക്കവർ ഹുബ്ൽ, ലാത, ഉസ്സാ, മനാത പോലുള്ള പേരുകൾ നൽകി. അവയെ പ്രീതി പ്പെടുത്താനെന്നു പറഞ്ഞ് വിശുദ്ധ ദേവാലയത്തിനു ചുറ്റും നഗ്നരായി നൃത്ത മാടുകപോലും ചെയ്തു.

തന്റെ ജനത്തിന്റെ ഈ പതിതാവസ്ഥ, യുവാവായ മുഹമ്മദുൽ അമീനെ അത്യധികം അസ്വസ്ഥനാക്കി. മ്ലേച്ഛവൃത്തികളിൽ നിന്ന് വിട്ടുനിന്നതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ അകം ശാന്തമായില്ല. അചേതനമായ വിഗ്രഹങ്ങൾക്ക് ആരാധനകളർപ്പിക്കുന്ന അവരുടെ അധമാവസ്ഥയിൽ അദ്ദേഹത്തിനനുകമ്പ തോന്നി. ദിവ്യസന്ദേശം സ്വീകരിക്കാൻ സജ്ജമാക്കപ്പെട്ടു കൊണ്ടിരുന്ന ആ മനസ്സിനെ ജനം മൂക്കറ്റം മുങ്ങിനിൽക്കുന്ന അസത്യവും അധർമവും മഥിച്ചു കൊണ്ടിരുന്നത് സ്വാഭാവികം.

മുഹമ്മദിന് ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യവും അഭിനിവേശവുമുണ്ടായിരുന്നെങ്കിലും അവരുടെ ആരാധനാരീതികൾ അദ്ദേഹത്തെ ഒട്ടും ആകർഷിച്ചില്ല. അതിനാൽ, അവരിൽ നിന്നകന്നുനിന്ന് ധ്യാനത്തിലും പ്രാർഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ പഥ്യമായി തോന്നി. അങ്ങനെ പ്രിയപത്നി ഖദീജ എത്തിക്കുന്ന പരിമിതമായ ആഹാരം കൊണ്ട് തൃപ്തിയടഞ്ഞ് ജനത്തിന്റെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞുമാറി ചിന്തയിലും അന്വേഷണത്തിലും മുഴുകി രാപ്പകലുകൾ കഴിച്ചുകൂട്ടി. അദ്ദേഹം എന്തോ ഒന്ന് തേടുകയായിരുന്നു. എന്താണ് താൻ പരതുന്നതെന്ന് അദ്ദേഹത്തിനു തന്നെ അറിയുമായിരുന്നില്ല. എന്നാൽ, തന്റെ ജനതയുടെ പാത പിഴച്ചതാണെന്നതിൽ ഒട്ടും സംശമുണ്ടായിരുന്നില്ല.

അവസാനം അദ്ദേഹം ഏകാന്തവാസത്തിനും ധ്യാനത്തിനും ഒരു ഗുഹ കണ്ടെത്തി. ഇപ്പോൾ ഞങ്ങൾ കയറുന്ന മലയുടെ ഉച്ചിയിലാണത് ഓർത്തപ്പോൾ ശരീരം കോരിത്തരിച്ചു. നാഗരികതയുടെ ലോകത്തുനിന്ന് വളരെ അകന്ന വിനീതമായ ഒരിടമാണത്. നേരിയ പച്ചപ്പുപോലും കാണപ്പെടാത്ത നരച്ച കുന്നിൻ പുറം. ഈ മലയുടെ മുകളിലേക്കാണല്ലോ ഖദീജാബീവി ആഹാരവുമായി കയറിയിരുന്നതെന്ന കാര്യം വല്ലാത്ത വിസ്മയമുണർത്തി. ഒപ്പം ഭർതൃ സ്നേഹത്തിന്റെ മഹിതമാതൃകയായിരുന്ന അവരുടെ ധവളിമയാർന്ന വ്യക്തിത്വം മനസ്സിൽ തെളിഞ്ഞു വന്നു.

ഹിറാഗുഹയിലെ താമസത്തിനിടയിൽ മുഹമ്മദ് നബിക്ക് ചില സ്വപ്ന ദർശനങ്ങളുണ്ടായി. അവ പ്രപഞ്ചസ്രഷ്ടാവിനെ സംബന്ധിച്ച അവ്യക്തമെ ങ്കിലും അവികലമായ ധാരണ വളർത്തുന്നതായിരുന്നു. അത് അദ്ദേഹത്തിന്റെ ചിന്തക്ക് ദിശാബോധം നൽകി. അദ്ദേഹം ഉപാസനയിലും ഉപവാസത്തിലും മുഴുകി. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ചിന്തകളും സ്വപ്നദർശനത്തിലെ വസ്തുതകളും ഏതോ തലത്തിൽ സന്ധിക്കുന്നുണ്ടായിരുന്നു. അതിനാൽ, ധ്യാനത്തിന് കൂടുതൽ ആത്മസാന്നിധ്യം ലഭിച്ചു. ഏകാന്തതയോടുള്ള ആഭിമുഖ്യം വർധിക്കുകയും ചെയ്തു.

ഈ സ്മരണയിൽ മല കയറിയപ്പോൾ ശരീരത്തിന് അൽപവും ആയാസ മനുഭവപ്പെട്ടില്ല. ഇപ്പോൾ ഞങ്ങൾ ഹിറാഗുഹയുടെ മുഖത്താണ്. വാച്ചിലേക്കു നോക്കി. നടത്തം തുടങ്ങിയിട്ട് കൃത്യം നാൽപത്തഞ്ച് മിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ഗുഹയിലേക്ക് നോക്കി. അവിടെ തിക്കും തിരക്കും. ചിലർ നമസ്കരി ക്കുന്നു, ചിലർ പൊടിമണ്ണ് വാരിയെടുക്കുന്നു. അജ്ഞാതവും അന്ധവിശ്വാസവുമകറ്റാൻ ദിവ്യവെളിച്ചമുദിച്ച സ്ഥലത്തുപോലും അതിന്റെ അവകാശികളെന്നഭിമാനിക്കുന്നവർ അനാചാരങ്ങളിൽ വ്യാപൃതരാവുന്നത് കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി. ഈ ഗുഹയിൽ വെച്ച് നബിതിരുമേനിക്കവതീർണമായ വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ മനസ്സിലൂടെ കടന്നുപോയി. ലോകത്തിലേറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥത്തിന്റെ അവതരണാരംഭമായിരുന്നു അത്.

പുരുഷാന്തരങ്ങൾക്ക് പ്രകാശം പകരുന്ന പ്രഭാതം പൊട്ടിവിടർന്ന ഹിറാ ഗുഹയോട് വിടപറഞ്ഞ് കുന്നിറങ്ങിത്തുടങ്ങി. കയറുന്നതിനെക്കാൾ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യം മടക്കയാത്രക്കാണ്. തിരിച്ചു വരുമ്പോഴും മനസ്സുനിറയെ അതുവഴി പലതവണ കയറിയിറങ്ങിയ പ്രവാചകനെയും പ്രിയതമയെയും സംബന്ധിച്ച് സ്മരണകളായിരുന്നു. ധ്യാനത്തിന്റെയും സഹനത്തിന്റെയും വിജ്ഞാനത്തിന്റെയും പ്രതീകമായ ഈ പർവതത്തിൽനിന്ന് പ്രോദ്ഘാടനം ചെയ്യപ്പെട്ട ഉജ്ജ്വലമായ വിപ്ലവത്തിന്റെ ചേതോഹരമായ ഏടുകളും ഓർമകളി ലേക്ക് കടന്നുവന്നുകൊണ്ടിരുന്നു.

Prev Post

മാതാപിതാക്കൾക്കുവേണ്ടിയുള്ള മക്കളുടെ ഹജ്ജ്

Next Post

ഹജ്ജിന്റെയും ഉംറയുടെയും സാങ്കേതിക പദാവലികൾ

post-bars

Related post

You cannot copy content of this page