Back To Top

 കഅ്ബയെ അലങ്കരിക്കുന്ന കിസ് വ

കഅ്ബയെ അലങ്കരിക്കുന്ന കിസ് വ

Spread the love

മക്കയിൽ സ്ഥിതി ചെയ്യുന്ന  കഅ്ബ ശരീഫിനെ ആവരണം ചെയ്യാനുപയോഗിക്കുന്ന, ചിത്രങ്ങളാൽ സമ്പുഷ്ടമായ, മനോഹരമായ പുടവയാണ് കിസ് വ. ഇസ്ലാമിക പാരമ്പര്യമനുസരിച്ച് എല്ലാ വർഷവും ദുൽഹിജ്ജ മാസത്തിൽ കിസ് വ നവീകരിക്കപ്പെടാറുണ്ട്. വർഷംന്തോറും മുടങ്ങാതെ അനുവർത്തിച്ച് പോരുന്ന ഈ കർമ്മത്തിന് ഇസ്ലാമിൽ വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് വരുന്ന മുസ്ലീംകളുടെ വിശ്വാസത്തിന്റേയും ആത്മസമർപ്പണത്തിന്റേയും തെളിവാണീ കർമ്മമെന്ന് നിസ്സംശയം പറയാം.

കഅ്ബയെ പൂർണ്ണമായും മറയ്ക്കുന്ന പുതപ്പെന്നാണ് ഈ അറബ് പദത്തിന്റെ ഭാഷാർഥം. ഉന്നത ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന പട്ടിൽ നിന്നും നെയ്തെടുത്ത കിസ് വയിൽ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും നൂലുകളിൽ പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. 658 ചതുരശ്ര മീറ്റർ വിസ്താരത്തിൽ വ്യാപിച്ച് കിടക്കുന്ന കിസ് വയുടെ നിർമ്മാണം, 137 തൊഴിലാളികൾ എട്ടു മാസക്കാലയളവ് കൊണ്ടാണ് പൂർത്തീകരിക്കാറുള്ളത്. 670 കിലോഗ്രാം ഭാരംവരുന്ന ഈ ആവരണത്തിൽ 15കിലോഗ്രാം സ്വർണ്ണ നൂൽ അടങ്ങിയിട്ടുണ്ടത്രേ. മുസ്ലിം സംസ്കാരത്തിൽ ഏറെ പ്രാധ്യാനമർഹിക്കുന്ന കിസ് വ കഅബയുടെ ദിവ്യത്വത്തിന്റേയും ആദരവിന്റേയും പ്രതീകമാണ്.

കിസ് വയുടെ പ്രാധാന്യം
ഹജ്ജ് തീർഥാടനത്തിനിടെ അനവധി വിശ്വാസികളാണ് ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെടുന്ന കഅ്ബ സന്ദർശിക്കുന്നത്. നിർമ്മാണാനന്തരം നിരവധി അവസരങ്ങളിൽ തകർക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്ത കഅ്ബ ഇന്നും ആദരണീയ ഭവനമായി നിലകൊള്ളുന്നു. ഏറെ മഹത്വം കൽപ്പിക്കപ്പെടുന്ന കഅ്ബയെ അനാവരണം ചെയ്യുന്നുവെന്ന കാരണത്താൽ കിസ് വയും സാർഥകമാണ്. പരിശുദ്ധ കഅ്ബക്ക് നൽകപ്പെടുന്ന സംപൂജ്യതയുടെ സുപ്രധാന ഭാഗമാണ് കിസ് വ. എല്ലാ വർഷവും കിസ് വയുടെ അടിഭാഗത്തു നിന്ന് മൂന്ന് മീറ്ററോളം ഉയർത്തപ്പെടാറുണ്ട്. പകരം വെള്ളത്തുണി സ്ഥാനം പിടിക്കുകയും ചെയ്യും. പുതിയ ഹജ്ജ് കാലത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി മുടക്കം കൂടാതെ നടക്കാറുള്ള ഈ പ്രക്രിയ, കഅ്ബാ പ്രദിക്ഷിണത്തിനിടെ വിശ്വാസികൾ കിസ് വയിൽ സ്പർശിക്കാതിരിക്കാനാണത്രേ.

നവീകരണാനന്തരം പഴയ കിസ് വകൾക്ക് എന്ത് സംഭവിക്കുന്നു?
പഴയതിന് മുകളിലായി പുതിയ കിസ് വകൾ സ്ഥാനം പിടിക്കാറായിരുന്നു ആദ്യ കാലങ്ങളിലുള്ള പതിവ്. എന്നാൽ കാലക്രമേണ ഇത് മാറിവന്നു. നിലവിലെ ആചാരമനുസരിച്ച് കാലപ്പഴക്കം സംഭവിച്ച കിസ് വകളിലെ ഖുർആൻ സൂക്തങ്ങൾ അടങ്ങിയിട്ടുള്ള ഭാഗങ്ങൾ വിവിധ സംഘടനകൾക്കും സന്ദർശനത്തിനെത്തുന്ന മുസ്ലിം വിശിഷ്ടവ്യക്തികൾക്കും കൈമാറപ്പെടുന്നുണ്ട്.

കിസ് വാ ചരിതം
കിസ് വ അലങ്കരിക്കാതെ നഗ്നനമായി നിലകൊണ്ട കഅബയുടെ തുടക്ക കാലം മുതൽ ഇന്ന് വരെയുള്ള ചരിത്രം ഏറെ ദൈർഘ്യമേറിയതും സങ്കീർണ്ണവുമാണ്. കിസ് വാ ചരിത്രത്തിന്റെ സുപ്രധാന നാൾവഴികളാണ് ചുവടെ നൽകിയിട്ടുള്ളത്.

ഉത്ഭവം
ഹിംയർ രാജവംശത്തിലെ തുബ്ബ അബു കറാബ് അസദിന്റെ ഭരണകാലം വരെ കഅബയിൽ കിസ് വ പുതപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് അധിക മുസ്ലിംകളും വിശ്വസിക്കുന്നത്. ചരിത്രത്തിലാദ്യമായി കിസ് വ അണിയിച്ച തുബ്ബ രാജാവിന് ശേഷം വന്ന അദ്ദേഹത്തിന്റെ പിൻതലമുറ കഅബ ആവരണം ചെയ്യുന്നത് മതധർമ്മമായി കണ്ടു പോന്നു.

മുഹമ്മദ് നബിയുടെ കാലത്തുണ്ടായ മാറ്റങ്ങൾ
ഖുറൈഷികളുടെ വിലക്ക് കാരണം എ.ഡി 630വരെ മുഹമ്മദ് നബിയും മക്കാമുസ്ലിംകളും കിസ് വ അണിയിക്കുന്നതിൽ തത്പരരായിരുന്നില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
മുസ്ലിംകൾ മക്ക കീഴടക്കിയ ശേഷവും ഇൗ പതിവ് തുടർന്നു. ആരാധനാനുഷ്ടാനങ്ങൾക്കിടെ അവിചാരിതമായി ഒരു സ്ത്രീ കാരണം തീപിടിച്ചതോടെയാണ് പ്രവാചകൻ ആദ്യമായി കിസ് വ അണിയിച്ചത്. യമനിൽ നിന്ന് കൊണ്ടുവന്ന തുണിയായിരുന്നു അന്ന് ഉപയോഗിച്ചത്.

കിസ് വ മറ്റു ഭരണാധികാരികൾക്ക് കീഴിൽ
ഖലീഫമാരുടെ ഭരണകാലത്ത് കിസ് വ ചടങ്ങ് ഭംഗിയായി നടത്തേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയായിരുന്നു. അക്കാലത്ത് വ്യത്യസ്ത ഡിസൈനുകളിൽ ലോക ശ്രദ്ധ പിടിച്ച് പറ്റിയ ഇൗജിപ്തിനായിരുന്നു കിസ് വ രൂപകൽപ്പന ചെയ്യേണ്ട ഉത്തരവാദിത്വം.
കിസ് വ നെയ്യുന്നതിനായി ഏറ്റവും മികച്ച ശിൽപ്പികളെ കണ്ടെത്തുന്നതിൽ ഉസ്മാനി ഭരണാധികാരികൾ അത്യധികം ശ്രദ്ധ ചെലുത്തിയിരുന്നു. അക്കാലത്ത് കറുത്ത പട്ടിൽ നെയ്തെടുത്ത കിസ് വ പിന്നീട് നിറവ്യത്യാസമില്ലാതെ തുടർന്നുപോന്നു.
ഹിജ്റ 160ൽ അബ്ബാസി ഭരണാധികാരിയായ അൽ മഹ്ദി പഴയ കിസ് വകൾ കഅബയിൽ നിന്ന് നീക്കം ചെയ്ത് ഏക പാളിയുള്ള തുണി വിരിക്കുന്ന ആചാരത്തിന് തുടക്കം കുറിച്ചു.

കിസ് വ നിർമ്മാണം
ഇസ്ലാമിക സംസ്കാരത്തിൽ ഏറെ പ്രാമുഖ്യം നൽകപ്പെടുന്ന കിസ് വയുടെ അതിവിദഗ്ധമായ നിർമ്മാണം അഞ്ച് ഘട്ടങ്ങളിലായി ഭാഗിക്കപ്പെട്ടിരിക്കുന്നു.

1.ചായം പൂശൽ- സോപ്പ് മിശ്രിതമടങ്ങിയ ചൂടു വെള്ളത്തിൽ 24 മണിക്കൂർ നേരത്തേക്ക് കിസ് വത്തുണി കുതിർത്തി വെക്കും. പട്ട് വെള്ളനിറത്തിലേക്ക് മാറുന്നതോടെ കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളാൽ ചായം പൂശപ്പെടും.

2.നെയ്ത്ത്- ആദ്യകാലത്ത് മനുഷ്യ കരങ്ങളാൽ മാത്രം തുന്നപ്പെട്ടിരുന്ന കിസ് വയിൽ ഇന്ന് ആവിശ്യത്തിനനുസരിച്ച് യാന്ത്രിക സഹായം തേടാറുണ്ട്.

3.പ്രിന്റിംങ്ങ്- നിർമ്മാണ പ്രക്രിയയുടെ മൂന്നാം ഘട്ടത്തിൽ കിസ് വയിൽ പ്രദർശിതമാകുന്ന ഡിസൈനുകളും കാലിഗ്രഫി എഴുത്തുകളും സസൂക്ഷം പ്രിന്റ് ചെയ്യപ്പെടുന്നു.

4.ചിത്രാലങ്കാരം- കിസ് വ നിർമ്മാണത്തിൽ ഏറെ സമയം ആവിശ്യപ്പെടുന്നതും ശ്രമകരവുമായ ദൗത്യമാണ് കിസ് വയിലെ ചിത്രാലങ്കാരം. സ്വർണ്ണത്തിന്റേയും, വെളളിയുടേയും നൂലുകളാൽ തുന്നിച്ചേർക്കപ്പെടുന്ന ഡിസൈനുകളും കാലിഗ്രഫികളും ഈ അവസരത്തിലാണ് അതിന്റെ ഭാഗവാക്കാകുന്നത്.

5.സജ്ജീകരണം- കിസ് വയുടെ അരികുകൾ ഏകോപിപ്പിച്ച് കൃത്യ സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കുന്ന ഈ പ്രവൃത്തിയാണ് ഏറ്റവും ഒടുവിലത്തേത്.

കിസ് വയെ കുറിച്ചുള്ള യാഥാർഥ്യങ്ങൾ
ഓരോ വർഷവും ചെറു കഷ്ണങ്ങളിലായി മുറിക്കപ്പെടുന്ന കിസ് വയുടെ കഷ്ണങ്ങൾ വിശിഷ്ട വ്യക്തികൾക്കായി കൈമാറുന്നതാണ് പതിവ്. അതിൽ ചിലത് ഹജ്ജ് തീർഥാടകർക്കും നൽകാറുണ്ടത്രേ.

658 മീറ്റർ നീളത്തിലുള്ള തുണി ഏകദേശം 47 കഷ്ണങ്ങളാൽ തുന്നിച്ചേർക്കപ്പെട്ടതാണ്. ആവിശ്യാനുസരണം പതിനേഴ് മില്യൺ സൗദി റിയാൽ വരെ കിസ് വയുടെ വില ഉയർന്നേക്കാം.

ഈജിപ്ത്, യമൻ, ഇറാഖ്, ബഗ്ദാദ് തുടങ്ങി വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നാണ് കിസ് വയുടെ തുണി ഇറക്കുമതി ചെയ്യപ്പെടുന്നത്.
മുമ്പ് ദുൽഹിജ്ജ പത്തിന് നടക്കാറുള്ള കിസ് വ ചടങ്ങ് ഇപ്പോൾ ദുൽഹിജ്ജ ഒമ്പതിനാണ് സംഘടിപ്പിക്കപ്പെടാറുള്ളത്.

പാവനമായ കിസ് വയുടെ നിർമ്മാണപ്രകിയയുടെ രൂപമാണിത്. മസ്ജിദുൽ ഹറമിലെ ഭക്തിനിർഭരമായ കാഴ്ചകളിലൊന്നാണിത്. ഇസ്ലാമിക പാരമ്പര്യം വലിയ പ്രാധാന്യം കൽപ്പിക്കുന്ന കിസ് വയുടെ സർവ്വ പ്രവർത്തനങ്ങൾക്കും മതപരിവേഷം നൽകപ്പെടാറുമുണ്ട്. കിസ് വയുടെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും നെയ്ത്ത് രീതിയും തീർഥാടകരെ തീർത്തും വിസ്മയിപ്പിക്കാറുണ്ട്.

വിവ- ആമിർ 

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Prev Post

സ്വഫാമർവകൾക്കിടയിലുള്ള ഓട്ടത്തിന്റെ വിധി

Next Post

അല്ലാഹുവിന്റെ അതിഥികളോട്

post-bars

Related post

You cannot copy content of this page