സ്മരണകളുണർത്തുന്ന ചരിത്ര സാക്ഷ്യങ്ങൾ
ഇസ്ലാമിക ചരിത്രത്തിലെ അനേകം അനശ്വര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നിരവധി സ്ഥലങ്ങൾ മദീനയിലും പരിസരത്തുമുണ്ട്. എല്ലാം കാണണമെന്ന് തീരുമാനത്തിന് ഞങ്ങൾക്ക് വഴികാട്ടികളായി മദീനാ യൂണിവേഴ്സിറ്റി വിദ്യാർഥികളുണ്ടായിരുന്നു. ആദ്യം പോയത് ഉഹുദ് യുദ്ധ ത്തിന്റെ ഓർമകളുണർത്തുന്ന താഴ്വരയിലേക്കാണ്.
മദീനയുടെ വടക്കുഭാഗത്ത് മസ്ജിദുന്നബവിയിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയുള്ള പർവതനിരയാണ് ഉഹുദ്. ചെറുതും വലുതുമായ ഗിരിശൃഗങ്ങളും താഴ്വരകളും ഉൾപ്പെട്ട ഉഹുദിന് എട്ടു കിലോമീറ്റർ നീളമുണ്ട്. കിഴക്ക് രണ്ടു കിലോമീറ്ററും പടിഞ്ഞാറ് മൂന്നു കിലോമീറ്ററും വീതിയും. നബിതിരുമേനി ആ മലയുടെ നേരെ നോക്കി പറഞ്ഞു: “നമ്മെ സ്നേഹിക്കുന്ന മലയാണ് ഉഹുദ് നാം അതിനെയും സ്നേഹിക്കുന്നു.“
ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന ഉഹുദ് മലയുടെ താഴ്വരയിൽ ചവിട്ടിയപ്പോൾ രോമാഞ്ചജനകവും ശോകാർദ്രവുമായ ഓർമകൾ ഓടിയെത്തി. ഇവിടെ വെച്ചാണ് നബിതുരുമേനിയെ ലക്ഷ്യം വെച്ച് നിരവധി കുന്തങ്ങൾ ചീറിപ്പാഞ്ഞു വന്നത്. സ്വന്തം ജീവൻ സമർപ്പിക്കാൻ സന്നദ്ധരായ ഏതാനും സഹാബികൾ പ്രവാചകന് ചുറ്റും നിന്ന് പ്രതിരോധിച്ച കഥ അത്യധികം ആവേശദായകമത്രെ. നബിതിരുമേനിയുടെ കഴുത്തിനുനേരെ ചീറിവന്ന വാൾ കൈകൊണ്ടു തടുത്തവരും പ്രവാചകന്നരികെ പുറംതിരിഞ്ഞുനിന്ന് പുറത്ത് പ്രതിയോഗികളുടെ അമ്പ് ഏറ്റുവാങ്ങിയവരും അവരിലുണ്ട്. ഉജ്ജ്വലമായ അനേകം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച രണഭൂമി. പ്രവാചകന്റെ പിതൃവ്യനും പ്രതിയോഗികളുടെ പേടിസ്വപ്നവുമായിരുന്ന ഹസ്രത്ത് ഹംസ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഇവിടെ വരുന്ന ആർക്കും ഓർക്കാതിരിക്കാൻ സാധ്യമല്ല. നബിതിരുമേനിയുടെ മുഖത്ത് മുറിവുപറ്റി നിണകണങ്ങൾ ഇറ്റിവീണതും രണ്ടു പല്ലുകൾ പൊഴിഞ്ഞു വീണതും ഇവിടെയാണ്. അബൂസുഫ്യാന്റെ ഭാര്യ ഹിന്ദ്, ധീരസേനാനി ഹംസ യുടെ മാറ് പിളർന്ന് കരളെടുത്ത് ചവച്ചുതുപ്പുകപോലും ചെയ്തു. ഖുറൈശികൾ പല മൃതദേഹങ്ങളുടെയും കാതും മൂക്കും അരിഞ്ഞെടുത്ത് അരിശം തീർത്തു. സഹയാത്രികർക്ക് ഈ സംഭവങ്ങളെല്ലാം വിവരിച്ചു കൊടുത്തപ്പോൾ കണ്ണുകൾ നിറയുകയും ശബ്ദമിടറുകയും ചെയ്തത് സ്വാഭാവികം.
പ്രവാചകന്റെ വാളുമായി ശത്രുക്കളെ നേരിട്ട് അബൂദുജാനയുടെ കഥ! മൃതദേഹം കുത്തിക്കീറിക്കൊണ്ടിരുന്ന ഹിന്ദിനെ അദ്ദേഹം വധിക്കാതിരുന്നത് നബിതിരുമേനിയുടെ വാൾ ഒരു സ്ത്രീയുടെ രക്തം കൊണ്ട് അശുദ്ധമാക്കരുതെന്ന് കരുതിയാണ്. എഴുപതോളം വെട്ടേറ്റ് വീണ് പിടഞ്ഞുമരിച്ച അനസിന്റെ കിടിലം കൊള്ളിക്കുന്ന സ്മരണകൾക്കും, ഉമ്മുഅമ്മാറയെപ്പോലുള്ള ധീരവ നിതകളുടെ വീരകൃത്യങ്ങൾക്കും ഈ പോർക്കളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഉഹുദ് യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലിംകൾ വ്യക്തമായ വിജയം നേടിയതായിരുന്നു. കുന്നിൻപുറത്ത് കാവൽ നിർത്തിയിരുന്ന വില്ലാളികൾ തി രുമേനിയുടെ അനുമതി കാക്കാതെ സ്ഥലം വിട്ടു. ആ അവസരമുപയോഗിച്ച് ഖാലിദുബ്നുൽ വലീദിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട മിന്നലാക്രമണം നടത്തി. അത് മുസ്ലിംകൾക്ക് കടുത്ത നാശനഷ്ടങ്ങളേൽപിച്ചു. എഴുപത് പേർ രക്തസാക്ഷികളായി. ഏറെപേരെയും മറവുചെയ്തത് ഇവിടെത്തന്നെയാണ്. ഹംസയുടെയും സഹോദരീപുത്രൻ അബ്ദുല്ലാഹിബ്നു ജഹ്ശിന്റെയും മൃതദേ ഹങ്ങൾ ഒരിടത്താണ് മറവുചെയ്തത്. മറ്റു ഖബറുകൾ അൽപം അകലെയാണ്. ഇപ്പോൾ ഖബറുകളെല്ലാം മതിൽക്കെട്ടിനകത്താണ്. ഞങ്ങൾ അവിടെ ചെന്നു നിന്ന് സലാം ചൊല്ലി പ്രാർഥിച്ചു.
രക്തസാക്ഷികളുടെ അന്ത്യവിശ്രമസ്ഥാനത്തിന് തെക്കുഭാഗത്താണ് അബ്ദു ല്ലാഹിബ്നു ജുബൈറിന്റെ നേതൃത്വത്തിൽ വില്ലാളികളെ കാവൽ നിർത്തിയിരുന്ന ‘ജബലുഅയ്നി’ എന്ന കുന്ന്. ‘ജബലുർറുമാത്’ എന്ന പേരിലാണ് പിന്നീടത് അറിയപ്പെടുന്നത്. അത് ഇന്നുള്ളതിലേറെ വലുതായിരുന്നു.
ഉസ്മാന്റെ കിണർ
ഉഹുദിനോട് വിട പറഞ്ഞ ഞങ്ങളുടെ വാഹനം ചെന്നു നിന്നത് ഉസ്മാനുബ്നു അഫ്ഫാന്റെ ഉദാരതയുടെ പ്രതീകമായ ‘ബിഅറു ഉസ്മാന്റെ മുമ്പിലാണ്. പ്രവാചകന്റെ കാലത്ത് മദീനാ നിവാസികളനുഭവിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നം ജലക്ഷാമമായിരുന്നു. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാതെ അവർ പ്രയാസപ്പെട്ടു. അവിടെ ഉണ്ടായിരുന്ന കിണർ യഹൂദന്റെ ഉടമസ്ഥതയിലായിരുന്നു. വലിയ വില നൽകിയാണ് മുസ്ലിംകൾക്ക് അയാളിൽനിന്ന് വെള്ളം വാങ്ങിയിരുന്നത്. നബിതിരുമേനിയുടെ ഇംഗിതം മനസ്സിലാക്കി ഉസ്മാനുബ്നു അഫ്ഫാൻ ബിഅറുറുമ എന്ന പേരിലറിയപ്പെടുന്ന ആ കിണർ വാങ്ങാനായി യഹൂദനെ സമീപിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പന്തീരായിരം ദിർഹം നൽകിയാൽ പാതി അവകാശം തരാമെന്ന് സമ്മതിച്ചു. ഉടനെ ഉസ്മാനുബ്നു അഫ് ഫാൻ അതു വാങ്ങി. അദ്ദേഹത്തിന് വെള്ളമെടുക്കാൻ അവകാശപ്പെട്ട ഒന്നിടവിട്ട ദിവസങ്ങളിൽ മദീനാ നിവാസികൾ അതുപയോഗിച്ചു. അതോടെ അയാളുടെ ജലവ്യാപാരം മുടങ്ങി. അതിനാൽ അവശേഷിക്കുന്ന പാതി അവകാശവും വിൽക്കാൻ സന്നദ്ധനായി. എണ്ണായിരം ദിർഹം നൽകി അതും ഉസ്മാനുബ്നു അഫ്ഫാൻ വാങ്ങി സമൂഹത്തിന് സംഭാവന ചെയ്തു.
കിണർ ഉൾപ്പെടുന്ന പ്രദേശം ഭദ്രമായി വളച്ചുകെട്ടുകയും അവിടേക്ക് പ്രവേശനം വിലക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, ഞങ്ങൾ വാഹന ത്തിൽനിന്നിറങ്ങിയില്ല. ഇത്തിരിനേരം അവിടെ നിർത്തി കിണറിന്റെ കഥ അനുസ്മരിച്ച് മുന്നോട്ട് നീങ്ങി.
മസ്ജിദുൽ ഖിബ് ലതൈൻ
മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് അഞ്ചു കിലോമീറ്ററോളം അകലെ ഹർറതുൽ വബ്റ’ എന്ന കുന്നിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് അഖീഖുസ്സുഗ്റാ താഴ്വരക്കഭിമുഖമായാണ് മസ്ജിദുൽ ഖിബ് ലതൈനി സ്ഥിതിചെയ്യുന്നത്. ഇതിന് രണ്ടു മിഹ്റാബുകളുണ്ട്. ഒന്ന് തെക്കുഭാഗത്തുള്ള വിശുദ്ധ കഅ്ബയെ അഭിമുഖീകരിച്ചും രണ്ടാമത്തേത് വടക്കുഭാഗത്തുള്ള ബൈതുൽ മുഖദ്ദസിനെ അഭിമുഖീകരിച്ചുമാണ്. കഅ്ബയെ അഭിമുഖീകരിക്കുന്നത് ഉൾഭാഗത്തും മറ്റേത് പുറംഭാഗത്തുമാണ്. ഉൾഭാഗത്തെ മിഹ്റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. ഇത് അടുത്തകാലത്ത് ഫഹദ് രാജാവ് വികസിപ്പിക്കുകയും പുതുക്കി പണിയുകയും ചെയ്തിരിക്കുന്നു. നമസ്കാര സൗകര്യം സ്ത്രീകൾക്ക് താഴെ തട്ടിലും പുരുഷൻമാർക്ക് മുകളിലെ തട്ടിലുമാണ്.
ഹി. രണ്ടാം വർഷം ശഅ്ബാൻ പതിനഞ്ചു വരെ ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നബിതിരുമേനിയും അനുചരരും നമസ്കരിച്ചിരുന്നത്. പിന്നീട് അൽബഖറ അധ്യായത്തിലെ 144-ാം വാക്യത്തിലൂടെ ഖിബ് ല കഅ്ബയായി അല്ലാഹു നിശ്ചയിച്ചു. ഈ മാറ്റമുണ്ടായ ശേഷം മസ്ജിദുന്നബവിയിൽ നബിയോടൊന്നിച്ച് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്കരിച്ചവരിലൊരാൾ ഇപ്പോഴത്തെ മസ്ജിദുൽ ഖിബ് ലതൈനിയുടെ അടുത്തെത്തിയപ്പോൾ അവിടം ഒരു സംഘം നമസ്കാരത്തിലായിരുന്നു. അവർ ബൈതുൽ മുഖദ്ദസിന്റെ നേരെയാണ് തിരിഞ്ഞിരുന്നത്. അദ്ദേഹമെത്തിയപ്പോൾ അവർ റുകൂഇലായിരുന്നു. അദ്ദേഹം അവരെ ഖിബ് ല മാറിയ വിവരമറിയിക്കുകയും നമസ്കാരത്തിൽത്തന്നെ അവർ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിൽക്കുകയും ചെയ്തു. അങ്ങനെയാണ് രണ്ട് ഖിബ് ലകളുള്ള പള്ളി എന്ന അർഥത്തിൽ ഇതിന് മസ്ജിദുൽ ഖിബ് ലതൈൻ’ എന്ന പേരു ലഭിച്ചത്.
മഹത്തായ ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ച ഇടമെന്നതിലുപരി ഈ പള്ളിക്ക് പ്രത്യേക പ്രാധാന്യമോ പുണ്യമോ ഇല്ല. മറ്റേത് പള്ളിയിലുമെ ന്നപോലെ ഇവിടെയും പ്രാർഥനയോടെ പ്രവേശിക്കുകയും തഹിയ്യത് നമസ് കരിക്കുകയും വേണം.
ഖൻദഖിലേക്ക്
ഞങ്ങളുടെ അടുത്ത ലക്ഷ്യം ഖൻദഖ് ആയിരുന്നു. ഉഹുദിൽനിന്ന് ഏറെയൊന്നും ദൂരെയല്ല ഇത്. ഹി. അഞ്ചാം വർഷം ഖുറൈശികളും സഖ്യസേനകളും യഹൂദ ഗോത്രങ്ങളുടെ സഹായത്തോടെ മദീനയെ ആക്രമിച്ച് നശിപ്പിക്കാൻ സർവവിധ സന്നാഹങ്ങളോടെ കുതിച്ചെത്തി. അവർ പതിനായിരത്തോളമുണ്ടായിരുന്നു. മുസ്ലിം പക്ഷത്ത് മൂവായിരം സൈനികരെ ഉണ്ടായിരുന്നുള്ളൂ. ശത്രുവിഭാഗത്തിന്റെ കരുത്തുകാരണം മുസ്ലിംകൾ കഠിനമായി പരീക്ഷിക്കപ്പെടുകയും കിടുകിടാ വിറപ്പിക്കപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ ശത്രുസേന മദീനയിലേക്ക് പ്രവേശിക്കാനിടയുള്ള ഭാഗത്ത് പേർഷ്യക്കാരനായ സൽമാന്റെ നിർദേശം സ്വീകരിച്ച് വലിയൊരു കിടങ്ങു കുഴിച്ചു. രണ്ടേകാൽ കിലോമീറ്റർ നീളവും നാലുമീറ്റർ വീതിയും മൂന്നു മീറ്ററിലേറെ ആഴവുമുള്ള കിടങ്ങു കുഴിക്കാൻ ഏഴുദിവസമെടുത്തു. നബിതിരുമേനിയും മറ്റുള്ളവരോടൊപ്പം അതിൽ പങ്കുചേർന്നു. അവരെപ്പോലെ മണ്ണുവെട്ടുകയും അത് തലയിൽ ചുമക്കുകയും ചെയ്തു. വിശപ്പിന്റെ കാഠിന്യത്താൽ അദ്ദേഹം വയറ്റത്ത് കല്ല് വെച്ചുകെട്ടുക പോലും ചെയ്തു.
കിടങ്ങു മുറിച്ചുകടക്കാൻ ശത്രുക്കൾക്ക് സാധിച്ചില്ല. ഉപരോധം നീണ്ടു പോകവേ ഖത്ഫാൻ സൈന്യത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നുഐമു ബ്നു മസ്ഊദ് രഹസ്യമായി ഇസ്ലാം ആശ്ലേഷിച്ചു. നബിതിരുമേനി നിർദേശിച്ചതനുസരിച്ച് ശത്രുസഖ്യത്തിൽ വിള്ളലുണ്ടാക്കുന്നതിലും അവരെ ഭിന്നിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അതോടൊപ്പം ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും അവരുടെ തമ്പുകൾ തകരുകയും ചെയ്തു. അങ്ങനെ, പ്രവാചകനെയും അനുയായികളെയും പരാജയപ്പെടുത്താമെന്ന ശത്രുക്കളുടെ പ്രതീക്ഷ നിലംപൊത്തി. അവർ വളരെ രഹസ്യമായി പിരിഞ്ഞുപോയി. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം വിശ്വാസികൾക്കു വന്നുകിട്ടിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. ഖൻദഖ്, അഹ്സാബ് എന്നീ പേരുകളിലറിയപ്പെടുന്ന ഈ സംഭവം ഇസ്ലാമിക സമൂഹത്തിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
കിടങ്ങിന്റെ ഒരടയാളം പോലും ഇപ്പോഴിവിടെ ബാക്കിനിൽക്കുന്നില്ല. എന്നാൽ, പിൽക്കാലത്ത് ഇവിടെ ആറു ചെറിയ പള്ളികൾ നിർമിക്കപ്പെടുകയു ണ്ടായി. സിലഅ് മലയുടെ താഴ്വരയിലാണ് ഇവയുള്ളത്. അബൂബക്ർ, ഉമറുൽ ഫാറൂഖ്, അലിയ്യുബ്നു അബീത്വാലിബ്, സൽമാനുൽ ഫാരിസി, ഫാത്വിമതുസ്സുഹ്റാ എന്നിവരുടെ നാമധേയത്തിലാണ് അഞ്ചു പള്ളികൾ, ആപേക്ഷികമായി ഉയർന്ന സ്ഥലത്താണ് മസ്ജിദുൽ ഫത്ഹ്’ സ്ഥിതിചെയ്യുന്നത്. ഉമറുബ്നു അബ്ദിൽ അസീസാണ് ഇത് നിർമിച്ചത്. പിന്നീട് പലരുമത് പുതുക്കിപ്പണിതു. ഏറ്റവുമവസാനം നിർമാണം നടന്നത് ഹി. 1411-ലാണ്. നബിരുമേനി തമ്പടിച്ച് താമസിച്ചിരുന്ന സ്ഥലത്താണ് മസ്ജിദുൽ ഫത്ഹ് എന്ന് വിശ്വസിക്കപ്പെടുന്നു. അവിടുന്ന് അല്ലാഹുവോട് പ്രാർഥിച്ചതും അല്ലാഹു വിജയത്തെ സംബന്ധിച്ച സുവാർത്ത അറിയിച്ചതും അവിടെ വെച്ചാണ്.
കിടങ്ങു കുഴിച്ചുകൊണ്ടിരിക്കെയാണ് നബിതിരുമേനി സിറിയയും പേർഷ്യയും യമനും ഇസ്ലാമിൽ വരുമെന്നു പ്രവചിച്ചത്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ സംഭവത്തിന് സാക്ഷ്യം വഹിച്ച ഇടം.
മസ്ജിദുൽ ജുമുഅ
മദീനാ നഗരത്തിന് തെക്ക് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ മെയിൻ റോഡിന് കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന മസ്ജിദുൽ ജുമുഅയും ഞങ്ങൾ സന്ദർശിച്ചു. ഹിജ്റ വേളയിൽ നബിതിരുമേനി ഖുബായിൽ തങ്ങിയശേഷം യാത്ര പുറപ്പെട്ടത് വെള്ളിയാഴ്ചയാണ്. വഴിയിൽ വെച്ച് സമയമായപ്പോൾ ജുമുഅ നമസ്കരിച്ചു. ഇസ്ലാമിലെ ആ പ്രഥമ ജുമുഅ നടന്നിടത്ത് നിർമിച്ച പള്ളിയാണിത്.
നബിതിരുമേനി പെരുന്നാൾ നമസ്കാരവും മഴക്കുവേണ്ടിയുള്ള പ്രാർഥയും നിർവഹിച്ചിരുന്ന സ്ഥലത്ത് നിർമിച്ച പള്ളി മസ്ജിദുൽ ഗമാമ, മസ്ജിദുൽ മുസ്വല്ല എന്നീ പേരുകളിലറിയപ്പെടുന്നു. ഇവിടെ വെച്ചാണ് പ്രവാചകൻ നജ്ജാശി രാജാവിന്റെ മയ്യിത്ത് നമസ്കരിച്ചത്. ഇപ്പോൾ മദീനയിലെ ഏറെ തിരക്കേറിയതും മനോഹരവുമായ പ്രദേശമാണിത്.
മസ്ജിദു ഖുബാ
മദീനാ പട്ടണത്തിന്റെ തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ഠമായ ഗ്രാമമാണ് ഖുബാ. മസ്ജിദുന്നബവിയിൽനിന്ന് നാലു കിലോമീറ്റർ ദൂരെയാ ണിത്. ഹിജ്റ വേളയിൽ നബിതിരുമേനി ആദ്യമിറങ്ങിയത് ഇവിടെയാണ്. റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ചയായിരുന്നു അത്. അവിടെനിന്ന് യാത്ര തിരിച്ചത് വെള്ളിയാഴ്ചയും. അതിനിടെ അവിടെ ഒരു പള്ളി പണിതു. ഇസ്ലാമിക ചരിത്രത്തിലെ ഈ പ്രഥമ പള്ളിയെ ഭക്തിയിൽ പടുത്തുയർത്തപ്പെട്ട മസ്ജിദ് (മസ്ജിദുത്തഖ്വാ) എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിരിക്കുന്നു.
മസ്ജിദുൽ ഖുബാ ആദ്യമായി വികസിപ്പിച്ചത് ഉസ്മാനുബ്നു അഫ്ഫാനാണ്. പിന്നീട് ഉമവി ഭരണകാലത്ത് മദീനാ ഗവർണറായിരുന്ന ഉമറുബ്നു അബ്ദിൽ അസീസ് വീണ്ടുമത് പുതുക്കിപ്പണിതു. ഇതിന്റെ ചരിത്രത്തിലെ ഒമ്പതാമത്തെയും ഏറ്റവും ബൃഹത്തുമായ വിപുലീകരണവും പുനർനിർമാണവും നടത്തിയത് ഫഹദ് രാജാവാണ്. 1984-ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇപ്പോഴിതിന്റെ വിസ്തീർണം 23,000 ചതുരശ്രമീറ്ററാണ്. പതിനയ്യായിരത്തോളം പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. നാലു മിനാരങ്ങളും അമ്പത്തഞ്ച് ചെറിയ ഖുബ്ബകളും മൂന്നു വലിയ ഖുബ്ബകളും ഇതിനുണ്ട്.
മസ്ജിദുൽ ഖുബായിൽ നമസ്കരിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മറ്റു പള്ളികളിൽ ചെയ്തപോലെ ഇവിടെയും രണ്ട് റക്അത്ത് തഹിയ്യത്ത് നമസ് കരിച്ചു. അന്ന് അസ്വ് ർ നമസ്കാരം നിർവഹിച്ചതും ഇവിടെ വെച്ചായിരുന്നു. മദീനാ സന്ദർശനവേളയിൽ മസ്ജിദുന്നബവിയിലല്ലാതെ നിർവഹിച്ച ഏക നിർബന്ധ നമസ്കാരവും അതുതന്നെ. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഖുബാ സന്ദർശനം ഒരിക്കൽക്കൂടി ഹിജ്റയുടെ സ്മരണകളുണർത്തുന്നതായിരുന്നു. ഈ യാത്രയിൽ ഓരോ സ്ഥലത്തെത്തുമ്പോഴും അതിന്റെ ചരിത്രപരമായ പ്രാധാന്യവും അതിൽനിന്ന് ഉൾക്കൊള്ളേണ്ട പാഠവും വിശദമായി വിവരിച്ചു കൊണ്ടിരുന്നു. അത് സംഭവങ്ങൾ ഓർക്കാനും സഹയാത്രികരെ ഓർമിപ്പിക്കാനും ഏറെ സഹായകമായി.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE