
മസ്ജിദുന്നബവി ചരിത്രത്തിലൂടെ
“ഈ ഒട്ടകത്തെ നയിക്കുന്നത് അല്ലാഹുവാണ്. അതെവിടെ നിൽക്കുന്നുവോ,അതായിരിക്കും എന്റെ താമസസ്ഥലം’ -നബിതിരുമേനിയെ തങ്ങളുടെ കൂടെ താമസിക്കാൻ ക്ഷണിച്ച് മദീനയിലെ പൗരപ്രമുഖരോട് അവിടന്ന് അരുൾ ചെയ്തു.
പ്രവാചകന്റെ ‘ഖസ് വാഅ്’ എന്ന ഒട്ടകം മുമ്പോട്ട് നീങ്ങി, അബൂഅയ്യൂബിൽ അൻസാരിയുടെ വീടിനടുത്ത്, ഒഴിഞ്ഞ ഒരിടത്ത് മുട്ടുകുത്തി. അംറിന്റെ പുത്രൻമാരായ സഹ് ലിനും സുഹൈലിനും അവകാശപ്പെട്ട സ്ഥലമിയിരുന്നു അത്. അനാഥരായ അവർ മആദുബ്നു അഫ്റാഇന്റെ സംരക്ഷണത്തിലായിരുന്നു. ആ തരിശുഭൂമി അബൂബക്ർ സ്വിദ്ദീഖിന്റെ സഹായത്തോടെ പത്ത് ദീനാർ നൽകി നബിതിരുമേനി വാങ്ങി. അവിടെ എഴുപത് മുഴം നീളവും അറുപത് മുഴം വീതിയുമുള്ള ഒരു പള്ളി പണിതു. ആദ്യഘട്ടത്തിൽ അതൊരു കെട്ടിടമൊന്നും ആയിരുന്നില്ല. പിന്നീട് മൂന്നുമുഴം ആഴത്തിൽ പാതകം കീറി അടിത്തറ നിർമിച്ചു. മൺകട്ടകൊണ്ട് ചുമർപടുത്തു. ഈത്തപ്പനത്തടികൾ ഉപയോഗിച്ച് തൂണും മേൽക്കൂടും നിർമിച്ചു. ഈത്തപ്പനയോലകൊണ്ടു മേഞ്ഞു. നിലത്ത് പരവതാനിയോ പായയോ ഉണ്ടായിരുന്നില്ല. വെറും മണ്ണായിരുന്നു. ഒരിക്കൽ മഴ പെയ്ത് പള്ളിക്കകത്ത് വെള്ളവും ചളിയും തളംകെട്ടിയപ്പോൾ അവിടെ ചരൽ വിരിക്കുകയാണുണ്ടായത്.
ഖൈബർ വിജയത്തിനുശേഷം ഹിജ്റ ഏഴാം വർഷം മുസ്ലിംകളുടെ അംഗ സംഖ്യ വർധിച്ചപ്പോൾ നബിതിരുമേനി പള്ളിയുടെ വിസ്തീർണം പതിനായിരം മുഴമായി വർധിപ്പിച്ചു. അന്ന് പള്ളിക്ക് മിനാരങ്ങളോ മിഹ്റാബോ ഉണ്ടായിരുന്നില്ല. ഒരു ഈത്തപ്പനത്തടിയിൽ കയറി നിന്നാണ് ഖുത്ബ നിർവഹിച്ചിരുന്നത്. ഹിജ്റ എട്ടാം വർഷത്തിലാണ് ആദ്യമായി മിമ്പർ സ്ഥാപിച്ചത്. അതിന് മൂന്നു പടികളുണ്ടായിരുന്നു. പ്രഥമ ഘട്ടത്തിൽ മസ്ജിദുന്നബവിക്ക് മൂന്നു വാതിലുകളാണുണ്ടായിരുന്നത്. ഖിബ് ല, ബൈത്തുൽ മുഖദ്ദസിൽനിന്ന് കഅ്ബയിലേക്ക് മാറ്റിയപ്പോൾ കഅ്ബയുടെ വശത്തേക്ക് ഒരു വാതിൽ വെക്കുകയും ബൈത്തുൽ മുഖദ്ദസിന്റെ ഭാഗത്തേക്കുള്ളത് അടയ്ക്കുകയും ചെയ്തു. മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്ത് പ്രവാചകപത്നിമാർക്ക് ഒറ്റമുറികളുള്ള വീടുകൾ പണിതു. ആദ്യത്തിൽ സൗദയും ആഇശയും മാത്രമായിരുന്നു ഭാര്യമാർ, പള്ളി യിൽനിന്ന് ഹസ്രത്ത് ആഇശയുടെ വീട്ടിലേക്ക് വാതിലുണ്ടായിരുന്നു. അവരുടെ താമസസ്ഥലത്തിന് പിറകിലായിരുന്നു പ്രവാചകപുത്രി ഫാത്വിമയുടെയും ജാമാതാവ് ഹസ്രത്ത് അലിയുടെയും വീട്.
നബിതിരുമേനിക്കുശേഷം ആദ്യമായി പള്ളി വികസിപ്പിച്ചത് ഉമറുൽ ഫാറൂഖാണ്. ഹിജ്റ പതിനേഴാമാണ്ടിലായിരുന്നു അത്. ചുമരുകൾ പൊളിച്ച് പുതുക്കിപ്പണിതു. അതോടെ വിസ്തീർണം പിന്നെയും വർധിച്ചു. പള്ളിയിൽ ആദ്യമായി പായവിരിച്ചത് ഉമറുൽ ഫാറൂഖിന്റെ കാലത്താണ്. മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാനും മസ്ജിദുന്നബവി വികസിപ്പിച്ചു. ഹിജ്റ ഇരുപത്തൊമ്പതാം കൊല്ലത്തിലായിരുന്നു അത്. അദ്ദേഹം ചുമരിന്റെ കല്ലുകൾ നന്നായി രൂപപ്പെടുത്തി. തൂണുകൾക്ക് ഇരുമ്പും ഈയവുമുപയോഗിച്ചു, മേൽ പുരക്ക് തേക്കും. ആദ്യമായി മിഹ്റാബ് സ്ഥാപിച്ചത് മൂന്നാം ഖലീഫയാണ്.
പിന്നീട് പള്ളി വികസിപ്പിച്ചത് ഉമവീ ഭരണാധികാരി വലീദുബ്നു അബ്ദിൽ മലികിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മദീനാ ഗവർണറായിരുന്ന ഉമറുബ്നു അബ്ദിൽ അസീസാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഹി 88-ലായിരുന്നു അത്. അന്ന് റോമിൽനിന്ന് മാർബിളും അത്യപൂർവമായ പരവതാനിയും കൊണ്ടുവരികയുണ്ടായി. റോമിൽനിന്നുതന്നെയുള്ള എൺപതോളം വിദഗ്ധജോലിക്കാരാണ് പള്ളി പുതുക്കിപ്പണിതത്. ആദ്യമായി മിനാരങ്ങളുണ്ടാക്കിയത് വലീദ് ആണ്. പള്ളി വികസിപ്പിച്ചപ്പോൾ നബിതിരുമേനിയുടെയും അബൂബക്ർ സ്വിദ്ദീഖിന്റെയും ഖബ്റുകൾ അതിനകത്തായി. അതുവരെ അവ പുറത്തായിരുന്നു.
അബ്ബാസിയാ ഭരണാധികാരി മഹ്ദിയുടെ കാലത്ത് മസ്ജിദുന്നബവിയുടെ വിസ്തീർണം 8,900 ചതുരശ്ര മീറ്ററായി വികസിപ്പിച്ചു. ഹി. 654-ൽ ഭീകരമായ ഭൂമികുലുക്കവും അഗ്നിപർവത സ്ഫോടനവുമുണ്ടായെങ്കിലും പള്ളിയും പരിസരവും വിപത്തിൽ നിന്നൊഴിവായി. പക്ഷേ, അതേവർഷം റമദാൻ ഒന്നിന് പള്ളി പൂർണമായും കത്തിനശിച്ചു. പള്ളിയിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്. വിവരമറിഞ്ഞ സുൽത്വാൻ നാസ്വിർ മുഹമ്മദ് ഖലാവൂൻ ഈ ജിപ്തിൽനിന്ന് ജോലിക്കാരെ അയച്ച് പള്ളി പുനർനിർമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഹി. 678-ലാണ് ആദ്യമായി നബിതിരുമേനിയുടെ ഖബറിനു മുകളിൽ ഖുബ്ബ സ്ഥാപിച്ചത്.
ഹി. 886-ലെ റമദാനിൽ ശക്തമായ ഇടിമിന്നൽ കാരണം പള്ളി വീണ്ടും അഗ്നിക്കിരയായി. ശംസുദ്ദീനുൽ ഖത്വീബ് ബാങ്ക് വിളിക്കാനായി മിനാരത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. അദ്ദേഹമുൾപ്പെടെ പത്തുപേർ ഈ ദുരന്തത്തിൽ മരണമടഞ്ഞു. ഈജിപ്ത് സുൽത്വാൻ അശ്റഫ് ഖായിബായിയാണ് പള്ളി പുനർനിർമിച്ചത്. ഹി. 890-ലായിരുന്നു ഇത്.
പിന്നീട് തുർക്കിയിലെ ഉസ്മാനിയാ ഖലീഫമാരുടെ കാലത്ത് മസ്ജിദുന്നബവിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സുലൈമാനുൽ ഖാനൂനി, മഹ്മൂദുഥ്ഥാനി, അബ്ദുൽ മജീദുൽ അവ്വൽ എന്നിവരെല്ലാം ഇതിൽ പങ്കുവഹിച്ചു. സുൽത്വാൻ അബ്ദുൽ മജീദിന്റെ കാലത്ത് പള്ളിയുടെ വിസ്തീർണം 10,303 ചതുരശ്രമീറ്ററായി വർധിച്ചു. നബിതിരുമേനിയുടെ ഖബറിനുമുകളിലുള്ള ഖുബ്ബക്ക് പച്ചനിറം നൽകിയത് മഹമൂദുസ്സാനിയുടെ ഭരണകാലത്താണ്.
സുഊദി ഭരണകൂടത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് 1926-ൽ ഹിജാസിന്റെ ഭരണമേറ്റു. അദ്ദേഹം മുന്നൂറ് മില്യൻ റിയാൽ മസ്ജിദു നബവിയുടെ വികസനത്തിന് നീക്കിവെച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് 1929-ൽ ആരംഭിച്ച വിപുലീകരണം മകൻ സുഊദിന്റെ കാലത്ത് 1953-ലാണ് പൂർത്തിയായത്. പിന്നീട് ഫൈസൽ രാജാവിന്റെ കാലത്ത് പള്ളിയുടെ ആറിരട്ടി വലുപ്പത്തിൽ അതിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ചു. ഹജ്ജിനും ഉംറക്കും എത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ വീണ്ടും വികസിപ്പിക്കേണ്ടിവന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണിത്.
മദിനാപള്ളിയുടെ നിലവിലുള്ള വിസ്തീർണം 2,57,000 പേർക്ക് നമസ്കരിക്കാൻ സൗകര്യപ്പെടുമാറ് 1,65,500 ച.മീറ്ററായി വർധിപ്പിച്ചിരിക്കുന്നു. ടെറസിൽ 90,000 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള മാർബിൾ പതിച്ച് മുറ്റവും കൂടി ഉപയോഗിച്ചാൽ ആറര ലക്ഷം പേർക്ക് ഒന്നിച്ചു നമസ്കരിക്കാം. മുറ്റമുൾപ്പെടെ മൂന്നുലക്ഷത്തി അയ്യായിരം ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
മസ്ജിദുന്നബവിക്ക് ഇപ്പോൾ പത്ത് മിനാരങ്ങളുണ്ട്. ഓരോന്നിനും 72 മീറ്ററാണ് ഉയരം. പുതിയ കെട്ടിടത്തിനടിയിൽ 73,500 ചതുരശ്ര മീറ്ററിൽ ഒരു തറ പണിതിട്ടുണ്ട്. പള്ളിയുടെ എയർകണ്ടീഷനാവശ്യമായ 143 യൂനിറ്റുകളും അവിടെയാണുള്ളത്.
പുതുതായി നിർമിച്ച കെട്ടിടത്തിൽ 27 സ്ഥലത്ത് 18 മീറ്റർ നീളവും വീതിയുമുള്ള തുറസ്സുണ്ടാക്കിയിട്ടുണ്ട്. വായു സഞ്ചാരത്തിനുവേണ്ടിയാണിത്. അവ മുകളിൽ കമ്പ്യൂട്ടറുപയോഗിച്ച് അടക്കാനും തുറക്കാനും കഴിയുന്ന ഖുബ്ബകൾ സ്ഥാപിച്ചിരിക്കുന്നു. ഓരോന്നിനും എൺപതു ടൺ ഭാരമുണ്ട്. അവയുടെ ഉൾഭാഗം വിലപിടിച്ച കല്ലുകൾ കൊണ്ടും മിനുസമുള്ള മരംകൊണ്ടും അലങ്കരിച്ചിരിക്കുന്നു. പുറംഭാഗം നിർമിച്ചത് സെറാമിക് ഉപയോഗിച്ചാണ്. കമ്പ്യൂട്ടറുപയോഗിച്ച് ഒരു മിനിറ്റുകൊണ്ട് തുറക്കാവുന്ന തുറസ്സ് കൈ ഉപയോഗിച്ചാണെങ്കിൽ മുപ്പതു മിനിറ്റ് വേണ്ടിവരും.
പള്ളിയുടെ മിനാരങ്ങൾക്ക് മുകളിലെ നാലര ടൺ വീതം തൂക്കമുള്ള ചന്ദ്രക്കലകൾ സ്വർണം പൂശിയ ഓടുകൊണ്ട് നിർമിച്ചവയാണ്. ഏഴു പ്രധാന കവാടങ്ങളുൾപ്പെടെ മസ്ജിദുന്നബവിക്ക് ഇപ്പോൾ എൺപതിലേറെ വാതിലുകളുണ്ട്. സ്ത്രീകൾക്ക് പള്ളിയുടെ പിൻഭാഗത്ത് പ്രത്യേകം വാതിലുകളുണ്ട്. മസ്ജിദുൽ ഹറാമിൽനിന്ന് വ്യത്യസ്തമായി ഇവിടെ സ്ത്രീകളുടെ ഇടം പ്രത്യേകം നിർണയിക്കുകയും മറ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
പള്ളിയിലെത്തുന്നവർക്ക് ശുദ്ധി വരുത്താനായി 6,800 ടാപ്പുകളും കുടിവെള്ളത്തിനായി 560 ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 2,500 ടോയ്ലറ്റുകളുമുണ്ട്. ഇവയൊക്കെ അണ്ടർഗ്രൗണ്ടിലാണ്. അണ്ടർഗ്രൗണ്ടിന് രണ്ടു തട്ടുകളുണ്ട്. ഏറ്റവും അടിയിലെ തട്ടിലേക്ക് ഇറങ്ങാനു കയറാനും വളരെ വേഗം സഞ്ചരിക്കുന്ന ഇലക്ട്രിക് കോണികളുണ്ട്. ഇപ്പോൾ പള്ളിയുടെ മുറ്റത്തുതന്നെ അംഗ ശുദ്ധിവരുത്താൻ സൗകര്യമുണ്ട്. 250 കൂറ്റൻ കുടകൾ സ്ഥാപിച്ച് മുറ്റം തണൽ വിരിക്കുകയും ചെയ്തിരിക്കുന്നു,
പള്ളിയുടെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തി മുന്നൂറിലേറെ ലൗഡ് സ്പീക്കറുകളുണ്ട്. ടെറസിൽ നമസ്കാരത്തിന് എല്ലാവിധ സൗകര്യവുമുണ്ട്. ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. മസ്ജിദുന്നബവിയുടെ മുകളിൽ കയറി ചുറ്റും കണ്ണോടിച്ചാൽ മദീനാ പട്ടണത്തിന്റെ ഏകദേശചിത്രം ലഭിക്കും.
മസ്ജിദുന്നബവി ഇസ്ലാമിക ശിൽപകലയുടെ ഉജ്ജ്വല മാതൃകയായി നില കൊള്ളുന്നു. മദീനയുടെ മാറിൽ തലയുയർത്തി നിൽക്കുന്ന വിശാലമായ ഈ പള്ളി നിർമാണവൈദഗ്ധ്യത്തിലും ഭംഗിയിലും പ്രൗഢിയിലും ലോകത്തിലെ മികച്ച കെട്ടിടങ്ങളിലൊന്ന്. എന്നാൽ, പ്രവാചക പാമ്പര്യത്തോട് ഇതെത മാത്രം പൊരുത്തപ്പെടുമെന്ന ചിന്തയും ചോദ്യവും ഒട്ടും അപ്രസക്തമല്ല.
മസ്ജിദുന്നബവിയിൽ സാമാന്യം സമ്പന്നമായ ഗ്രന്ഥാലയമുണ്ട്. അവിടെ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ഭേദപ്പെട്ട ശേഖരമുണ്ട്. ചില അമൂല്യഗ്രന്ഥങ്ങളു ടെ കൈയെഴുത്തു പ്രതികളും വിലപ്പെട്ട ചരിത്രരേഖകളും അക്കൂട്ടത്തിലുണ്ട്. താൽപര്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താൻ പാകത്തിൽ ഈ ഗ്രന്ഥാലയം സദാ തുറന്നു പ്രവർത്തിക്കുന്നു.