Back To Top

 മക്കയുടെ മാതാവ്
Spread the love

മക്കയിലെത്തുന്ന ആർക്കാണ് അതിന്റെ മാതാവ് ഹാജറാബീവിയെ ഓർക്കാതിരിക്കാൻ കഴിയുക? അവരാണ് ലോ​കത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീ. ഏറ്റവുമധികം അനുസ്മരിക്കപ്പെടുന്നതും അനുകരിക്കപ്പെടുന്നതും അവർ തന്നെ.

കാഴ്ചക്കാരിൽ കൗതുകമുണർത്തുമാറ് സുന്ദരിയായിരുന്നില്ലത്രെ ഹാജറ. കറുത്ത് ഭംഗികേടില്ലാത്ത ഭാഗ്യവതിയായ ഒരടിമ. അവരോടൊപ്പം ഇബ്റാഹീം കിടക്ക പങ്കിടുന്നതിൽ ഭാര്യയായ സാറക്ക് ഒരു പ്രയാസവും തോന്നിയില്ല. അത്രക്ക് വിനീതയും സുശീലയുമായിരുന്നു ഹാജറ.

ഇബ്റാഹീം പ്രവാചകന്റെ പ്രിയപത്നി സാറ സാധരണഗതിയിൽ പ്രസവിക്കുന്ന പ്രായം പിന്നിട്ടു. എന്നിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ കഴിഞ്ഞി ല്ലെന്നത് അവരെ അത്യധികം അലോസരപ്പെടുത്തി. അതിനാൽ, ഹാജറയിൽ ഭർത്താവിന് ഒരു കുട്ടിയുണ്ടായാൽ തനിക്കും അതൊരനുഗ്രഹമായിരിക്കുമെന്ന് കരുതി ഇബ്റാഹീം നബിയോട് അവരെ സഹധർമിണിയായി സ്വീകരിക്കാനാവശ്യപ്പെട്ടു. “സാറാ അബ്രഹാമിനോട് പ്രസവിക്കാൻ ദൈവം എനിക്കു വരം നൽകിയിട്ടില്ല. അങ്ങ് എന്റെ ദാസിയെ സമീപിച്ചാലും. ഒരുപക്ഷേ അവളിലൂടെ എനിക്ക് കുട്ടികളെ കിട്ടിയേക്കാം” (ഉൽപത്തി 16:2,3). അങ്ങനെ ഇബ്റാഹീം പ്രവാചകൻ ഹാജറയെ ജീവിത പങ്കാളിയായി സ്വീകരിച്ചു. അവരിൽ അദ്ദേഹ ത്തിന് ഒരു കുഞ്ഞ് ജനിച്ചു യിശ്മായേൽ. “ദൈവം വിളികേട്ടവൻ’ എന്നാണ് ആ പേരിന്റെ അർഥം. ഇബ്റാഹീം നബിയുടെയും സാറയുടെയും ഹാജറയു ടെയും വിളിക്ക് അല്ലാഹുവിന്റെ ഉത്തരമായിരുന്നു ഇസ്മാഈൽ.

തീർച്ചയായും സാറയുടെ ഉദാരത ഉദാത്തമായിരുന്നു; സമ്മാനം വളരെ മൂല്യവത്തും. പരമ സാത്വികനും മനുഷ്യസ്നേഹിയുമായ ഇബ്റാഹീം പ്രവാ ചകന് അത് അനൽപമായ ആശ്വാസമേകി.

എന്നാൽ, ഹാജറ ജന്മംനൽകിയ ഇസ്മാഈൽ, പിതാവിന്റെ പുത്രവാത്സല്യം തൃപ്തിപ്പെടുത്തി, അദ്ദേഹത്തിന്റെ പരിലാളനയിൽ സ്വകാര്യതയിലൊതുങ്ങേണ്ടവനായിരുന്നില്ല. ചരിത്രം സൃഷ്ടിക്കാൻ പിറന്ന പൈതലായിരുന്നു. ഒരു ജനതക്ക് ജൻമം നൽകാനുള്ള ജനനം. “യിശ്മായേലിനെക്കുറിച്ചും നാം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിച്ച് അത്യധികം സന്താന സൗഭാഗ്യമുള്ളവനാക്കും. അവൻ പന്ത്രണ്ട് പ്രഭുക്കൻമാരെ ജനിപ്പിക്കും. ഞാൻ അവനെ വലിയൊരു ജനതയാക്കും.” (ഉൽപത്തി 17:20,21)

പുതിയ ജനതയും സംസ്കാരവും പിറക്കുന്നത് പലായനത്തിലൂടെയാണ്. അതിനാൽ, ഹാജറ, ഹിജ്റ പോവേണ്ടതുണ്ടായിരുന്നു. സാറയുടെ അപ്രതീക്ഷിതമായ ഗർഭധാരണവും പ്രസവവും അതിനു നിമിത്തമാവുകയായിരുന്നു.

ഒരുദിവസം ഇബ്റാഹീം നബി ഹാജറയെയും കൊച്ചുകുട്ടിയെയും കൂട്ടി വീടുവിട്ടിറങ്ങി. നിരവധി നാളുകളിലെ നിരന്തര യാത്രക്കുശേഷം അവർ നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട വന്ധ്യമായ ഒരു താഴ്വരയിലെത്തിപ്പെട്ടു. മുപ്പതു ദിവസത്തെ ഒട്ടകയാത്രയുടെ ദൂരമാണവർ താണ്ടിയത്. ഇര തേടുന്ന പറവകൾ പോലും പാറിപ്പറക്കാൻ മടിക്കുമാറ് തപ്തമായിരുന്നു ആ താഴ്വര. ചുറ്റും പാറക്കല്ലുകൾ നിറഞ്ഞ, ചത്ത കുന്നിൻ ചെരിവുകൾ. അത് എന്തും കരിച്ചുകളയുന്ന സൂര്യന്റെ ചുവട്ടിലായിരുന്നു. നദിപോലും തിരിച്ചുവിട്ടാൽ വറ്റിപ്പോകുന്ന ഊഷരമായ മരുഭൂമി. ഭീകരമായ ഒരുതരം മൂകത അവിടെ തളം കെട്ടിക്കിടന്നിരുന്നു. ഇബ്റാഹീം നബിയും കുടുംബവും കടന്നുവരുമ്പോൾ മക്ക അതിരുകളില്ലാത്ത വിശാലവും വന്യവുമായ താഴ്വരയായിരുന്നു. അവിടെ ആരുമില്ല. പുല്ലുപോലുമില്ല. ജീവന്റെ തുടിപ്പുപോലും അനുഭവിച്ചിരുന്നില്ല. നാൽപത്തൊന്ന് നൂറ്റാണ്ട് മുമ്പത്തെ മക്കയുടെ ഭീതിജന്യമായ മുഖമാണിത്. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയം പിടക്കുന്നു.

അവിടെയെത്തിയ ഇബ്റാഹീം നബിയും ഹാജറയും ഒരു ‘സർഹാ’ മരത്തിന്റെ ചുവട്ടിൽ പാറക്കല്ലിൽ ഇത്തിരിനേരമിരുന്നു. കുഞ്ഞ് മാതാവിന്റെ മടിയിലായിരുന്നു. ദൈവങ്ങളായിരിക്കുന്നവരുടെയും ദൈവങ്ങളെ ഉണ്ടാക്കുന്ന വരുടെയും വ്യവസ്ഥയെ തകർക്കാൻ നിയുക്തനായ ആ ദൈവദൂതൻ അൽപ സമയത്തെ വിശ്രമത്തിനുശേഷം എഴുന്നേറ്റു. തമ്പുരാക്കൻമാരുടെ ദൈവങ്ങളെ തല്ലിയുടച്ച ആ വിപ്ലവകാരിക്ക് യാത്രാമൊഴി പറയാനുള്ള കരുത്തുണ്ടായിരുന്നില്ല. അദ്ദേഹവും മനുഷ്യനായിരുന്നുവല്ലോ. പുത്രവത്സലനായ പിതാവ്. ആധ്യാത്മികതയും വിപ്ലവാത്മകതയും അദ്ദേഹത്തിൽ മേളിച്ചിരുന്നുവെന്നത് ശരിയാണ്. എങ്കിലും മാനവിക വികാരങ്ങളിൽനിന്ന് മുക്തനായിരുന്നില്ല. ഇബ്റാഹീം നബി തിരിച്ചുപോവുകയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബലിയുടെ ആരംഭം. വേർപാടിന്റെ രണ്ടാം നൊമ്പരം. ആദ്യ വേർപാട് നാടിനോടും വീടിനോടുമായിരുന്നുവല്ലോ. പിതാവിനോടും ജനതയോടുമുള്ള വിട!

താഴ്വരയിൽ താനും പിഞ്ചു പൈതലും തനിച്ചാവുകയാണെന്ന തിക്ത സത്യം ഹാജറയെ തളർത്തി. നടന്നു നീങ്ങുന്ന പ്രിയതമന്റെ പിന്നാലെ ചെന്ന് അവർ ചോദിച്ചു: “ഞങ്ങളെ ഇവിടെ തനിച്ചാക്കി അങ്ങ് പോവുകയാണോ?’

മറുപടി പറയാനുള്ള കരുത്ത് കാലം കണ്ട ഏറ്റവും ധീരനായ ആ വിപ്ലവകാരിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ ചോദ്യം ആവർത്തിക്കപ്പെട്ടു. മൂന്നാം തവണയാണ് മറുപടി ഉണ്ടായത്.

“അതെ ഹാജറാ’ -ഇബ്റാഹീംനബി നിരുദ്ധകണ്ഠനായി. ഒന്നു നിർത്തിയശേഷം അദ്ദേഹം തുടർന്നു. പക്ഷേ നിങ്ങളിവിടെ തനിച്ചല്ല. നിങ്ങളോടൊപ്പം അല്ലാഹുവുണ്ട്. അപ്പോഴും അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. പ്രിയതമയുടെയും പിഞ്ചോമനയുടെയും മുഖം കാണാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിരഹത്തിന്റെ വിഹ്വലതയിൽ വിവർണമായ മുഖം സഹധർമിണിയെ തളർത്തരുതല്ലോ. “അല്ലാഹുവിന്റെ ആജ്ഞയനുസരിച്ചാണോ ഞങ്ങളെ ഇവിടെ കൊണ്ടുവന്നാക്കിയത്?’ ഹാജറ അന്വേഷിച്ചു. “അതെ, ആ പ്രവാചക ശ്രേഷ്ഠൻ പ്രതിവചിച്ചു.

“എങ്കിൽ അങ്ങ് പൊയ്ക്കൊള്ളുക. ഞങ്ങളെ അവൻ രക്ഷിക്കും. ഭരമേൽപിക്കാനേറ്റം അർഹൻ അവനാണല്ലോ’ -ഹാജറ മൊഴിഞ്ഞു. പരമാവധി ധൈര്യം സംഭരിച്ചിട്ടും അവരുടെ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു. കവിളിലൂടെ കിനിഞ്ഞിറങ്ങിയ കണ്ണീർക്കണങ്ങൾ തുടച്ച് പ്രിയതമൻ മുന്നിൽ നിന്ന് മറയുന്നതുവരെ നോക്കിനിന്നു. ഇബ്റാഹീം പ്രവാചകൻ അൽപം മാറിനിന്ന് മനമുരുകി പ്രാർഥിച്ചു: “നാഥാ, ഇതിനെ നീ സമാധാനത്തിന്റെ നാടാക്കേണമേ! എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയിൽ നിന്നകറ്റേണമേ! നാഥാ, ഈ വിഗ്രഹങ്ങൾ വളരെയാളുകളെ വഴികേടിലാക്കിയിരിക്കുന്നു. എന്റെ മാർഗത്തിൽ ചരിക്കുന്നവനാരോ അവൻ എന്റേതാകുന്നു. ആരെങ്കിലും എനിക്കെതിരായ മാർഗം സ്വീകരിക്കുകയാണെങ്കിൽ, നിശ്ചയം നീ മാപ്പരുളുന്നവനും ദയാപരനു മല്ലോ. നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാൻ കൃഷിയില്ലാത്ത ഈ താഴ്വരയിൽ, നിന്റെ ആദരണീയ ഗൃഹത്തിനടുക്കൽ പാർപ്പിച്ചിരിക്കുന്നു. നാഥാ, അവരവിടെ നമസ്കാരം മുറപ്രകാരം നിലനിർത്തുന്നതിനാകുന്നു ഞാനിത് ചെയ്തത്. അതിനാൽ, നീ ജനഹൃദയങ്ങളിൽ അവരോട് അനുഭാവ മുണ്ടാക്കേണമേ! അവർക്കാഹരിക്കാൻ ഫലങ്ങൾ നൽകേണമേ! അവർ നന്ദി യുള്ളവരായേക്കാം.” (ഇബ്റാഹീം: 35-37)

ഹാജറ പിഞ്ചുപൈതലിനോടൊപ്പം താഴ്വരയിൽ തനിച്ചായി. അവരുടെ വശം ആകെയുണ്ടായിരുന്നത് ഒരു തോൽസഞ്ചിയിൽ അൽപം വെള്ളവും ഇത്തിരി കാരക്കയും മാത്രം. അവ തീർന്നാലെന്തു ചെയ്യും? ഞങ്ങളെ വല്ല ഹിംസ്ര ജന്തുക്കളും പിടിച്ചാലോ? കൊള്ളസംഘം കടന്നാക്രമിച്ചാലോ? ഇങ്ങനെ പേടിപ്പെടുത്തുന്ന ഒരുപാട് ചോദ്യങ്ങളുടെ മുമ്പിൽ ഭൗതികമായ ഉത്തരം കണ്ടെത്താനാവാതെ ഹാജറ തളർന്നുറങ്ങി, കൂടെ കുഞ്ഞും.

അടിമപ്പെണ്ണിന്റെ വ്യാകുലതക്ക് പറ്റിയ ഇടമായിരുന്നു മക്ക. അവരുടെ ചുടു നിശ്വാസവും മരുഭൂമിയുടെ വിലാപവും ഒത്തുചേരുകയായിരുന്നു. പ്രമാണി വർഗത്താൽ എന്നും എവിടെയും പരിത്യക്തമായ വർഗത്തിന്റെ പ്രതിനിധി യായിരുന്നു അവർ. മനുഷ്യന്റെ മേൽ മനുഷ്യൻ അടിച്ചേൽപിച്ച അടിമത്ത വ്യവസ്ഥയുടെ ക്രൂരത പേറുന്നവരുടെ പ്രതിനിധി. കഷ്ടപ്പാടുകൾക്ക് നടുവിൽ കണ്ണീരുമായി കഴിയുന്ന പരകോടികളെയാണവർ പ്രതിനിധീകരിച്ചത്. എന്നാലവർ പ്രവാചകന്മാരുടെ മാതാവാകണമെന്നായിരുന്നു ദൈവവിധി; അനശ്വരമായ ഒരു സംസ്കാരത്തിന്റെയും പരിശുദ്ധമായ മക്കാ പട്ടണത്തിന്റെയും മാതാവാകണമെന്ന്.

ഉറക്കിൽ നിന്നുണർന്ന ഹാജറയുടെ ചുറ്റും കത്തുന്ന വെയിൽ തിളങ്ങുന്ന തീക്ഷ പ്രകാശം, ഭീകരനിശ്ശബ്ദത! ഒരു പ്രാണിയുടെ ഉച്ഛ്വാസം പോലു മില്ലാത്ത ശ്മശാന മൂകത. ഏതു ധീരനെയും പേടിപ്പെടുത്തുന്ന ഏകാന്തത. പറവയില്ല, മൃഗമില്ല, ഇരതേടി വരുന്ന ഇഴജീവികൾ പോലുമില്ല. ‘സർഹാ’യുടെ ചുവട്ടിൽ പാറക്കല്ലു ചാരിയിരുന്ന ഹാജറ ഏറെ വ്യാകുലയും വിഹ്വലയുമായി. ജീവനുള്ള എന്തിനെയെങ്കിലും കാണാനുള്ള അവരുടെ മോഹം എത്ര തീവ മായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇരവിന്റെ വരവോടെ ഹാജറയുടെ അകം അസ്വസ്ഥമായെങ്കിലും അവർ പതറിയില്ല. ഏകാകിയായിരുന്നിട്ടും തികഞ്ഞ നിരാലംബതയിലും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം അവർക്ക് കരുത്തു പകർന്നു. രാത്രി കടന്നു പോയി. വീണ്ടും ഒരു പകൽ. പിന്നെയും രാത്രി. അങ്ങനെ രണ്ട് പകലും രണ്ട് രാവും പിന്നിട്ടു. യുഗദൈർഘ്യമുള്ള രാപ്പകലുകൾ. മൂന്നാം പകൽ പാതിയായപ്പോഴേക്കും തോൽ പാത്രത്തിലെ വെള്ളം തീർന്നു. കത്തുന്ന വെയിലിന്റെ പൊള്ളൽ. കുഞ്ഞ് ദാഹിച്ചു കരയാൻ തുടങ്ങി. മാതാവിന്റെ മനമുരുകി. കുഞ്ഞ് കരഞ്ഞുകരഞ്ഞ് തളർന്നു. ഇസ്മാഈലിന്റെ കരച്ചിൽ മനുഷ്യകുലത്തിന്റെ കരച്ചിലായിരുന്നു. കഷ്ടപ്പെടുന്നവന്റെ കരച്ചിൽ. വിശക്കുന്നവന്റെ അന്നത്തിനായുള്ള അലമുറ; ദാഹിക്കുന്നവന്റെ വെള്ളത്തിനുവേണ്ടിയുള്ള തേങ്ങൽ. പരിത്യക്തരുടെ പ്രതിധിയുടെ രോദനം. ഇസ്മാഈലിന്റെ കരച്ചിൽ മരുഭൂമി യുടെ വന്യതയിൽ ലയിച്ചു.

കുഞ്ഞിന്റെ മുഖത്തേക്ക് നോക്കാനുള്ള കരുത്ത് ഹാജറക്കുണ്ടായിരുന്നില്ല. അവർ അല്ലാഹുവെ വിളിച്ച് പ്രാർഥിച്ചു; തീവ്ര നിരാശയുടെ നിമിഷത്തിലും പ്രതീക്ഷയോടെ: “ദയാപരനായ ദൈവമേ! കൃപ നിറഞ്ഞവനേ, നീ കരുണ കാണിക്കേണമേ“.

ഹാജറയുടെ പ്രതീക്ഷ തറയിൽ വീണ പളുങ്കുപാത്രം പോലെ പൊട്ടിച്ചിതറുകയായിരുന്നു. അവർ ഏറെ പരിഭ്രാന്തയായി. എന്നിട്ടും അടങ്ങിയിരുന്നില്ല. ആരെയും പഴിച്ചില്ല. വിധിയെ ശപിച്ചതുമില്ല. ഏതോ ഒരുൾപ്രേരണയാൽ മകനെ നിലത്തുകിടത്തി അടുത്തുണ്ടായിരുന്ന സ്വഫാ മലയുടെ മുകളിലേക്ക് ഓടിക്കയറി. അബൂഖുബൈസ് മലയോടു ചേർന്നുള്ള കുന്നാണ് സ്വഫാ. കുഞ്ഞിനെ കിടത്തിയതിന്റെ കിഴക്കുഭാഗത്ത്. ഹാജറ ബീവി കുന്നിൻ മുകളിൽനിന്ന് ചുറ്റും കണ്ണോടിച്ചു. അവിടെയെങ്ങാനും വല്ല നീരുറവയുമുണ്ടോ എന്നറിയാൻ. നിരാശയായിരുന്നു ഫലം. താഴോട്ടുതന്നെ ഓടിയിറങ്ങി. മറുഭാഗത്ത് 395 മീറ്റർ അകലെയുള്ള മർവാകുന്നിന്റെ മുകളിലേക്ക് ഓടിക്കയറി. അവിടെയും ഒരു തുള്ളി വെള്ളമോ ആൾപാർപ്പിന്റെ അടയാളമോ പറവകളുടെ സാന്നിധ്യമോ കാണാൻ കഴിഞ്ഞില്ല. വീണ്ടും സ്വഫായുടെ മുകളിലേക്കുതന്നെ. അങ്ങനെ തണ്ണീർ തേടി സ്വഫാ-മർവ താഴ്വരകൾക്കിടയിൽ പരിഭ്രാന്തയായി ഓടി നടന്നു. വിശക്കുന്നവന്റെയും ദാഹിക്കുന്നവന്റെയും നെട്ടോട്ടം. പൊന്നോമനക്ക് ദാഹജലത്തിനായി പാടുപെടുന്ന ഒരുമ്മയുടെ വെപ്രാളംപൂണ്ട പാച്ചിൽ.

അത് മനുഷ്യചരിത്രത്തിലെ മഹാസംഭവമായിരുന്നു. ഒരു കറുത്ത അടിമ പ്പെണ്ണ് തന്റെ മകന് ദാഹജലം തേടി നടത്തിയ ഓട്ടം ദൈവം തനിക്കുള്ള തന്റെ ദാസിയുടെ അതിശ്രേഷ്ഠമായ ഇബാദത്താ(വഴക്കം)യി അംഗീകരിച്ചു. അതിന്റെ അനുകരണവും ആവർത്തനവും അതിപ്രധാനമായ ആരാധനാകർമമായി നിശ്ചയിച്ചു. അങ്ങനെ വെള്ളമെന്ന ഭൗതിക പദാർഥം പരതിയുള്ള പാച്ചിൽ മനുഷ്യരാശിക്കുള്ള മതകർമമായി മാറി. ഒരു പെണ്ണിന്റെ ഓട്ടം കാലത്തിന്റെ ഓട്ടമായി എന്നുമെന്നും പിന്തുടരപ്പെടുന്ന മനുഷ്യരാശിയുടെ പാച്ചിലായി. അവരുടെ കുതിപ്പും കിതപ്പും വേദനയും വേവലാതിയും ചരിത്രം ഏറ്റുവാങ്ങി തലമുറകൾക്ക് നൽകുകയായിരുന്നു. ഏവരാലും അവഗണിക്കപ്പെടുന്ന കറുത്ത ഒരടിമപ്പെണ്ണിന്റെ പാദം പതിഞ്ഞതിനാൽ സ്വഫാ-മർവാ കുന്നുകൾ ദൈവിക ചിഹ്നങ്ങളായി. “നിശ്ചയം, സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പ്പെട്ടതാണ്” (അൽബഖറ: 158). അവരെ അനുകരിച്ച് ആ കുന്നുകൾ കയറുന്നത് അല്ലാഹുവിനുള്ള ആരാധനയും. വരേണ്യവർഗം അവഗണിക്കുന്നവർക്ക് പ്രപഞ്ചനാഥൻ നൽകുന്ന പരിഗണന അപാരം തന്നെ!

ഹാജറാബീവി മനംതകർന്ന്, ശരീരം തളർന്ന് കുട്ടിയെ കിടത്തിയേടത്തേക്ക് മടങ്ങി. തന്റെ കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുമോയെന്നുപോലും ഹാജറ ശങ്കിച്ചു. എന്നാൽ, കുഞ്ഞിന്റെ അടുത്തെത്തിയ അവർ ആശ്ചര്യഭരിതയായി. സന്തോഷം കൊണ്ട് തുള്ളിച്ചാടി. പിഞ്ചുമകൻ ഇസ്മാഈൽ കാലിട്ടടിച്ചിടത്തു നിന്ന് വെള്ളം പൊട്ടിയൊഴുകുന്നു. മരുഭൂമിയുടെ മാറ് തെളിനീര് ചുരത്തുന്നു. സ്നേഹവും സമർപ്പണവും സൃഷ്ടിച്ച് മഹാദ്ഭുതം! വയറ് നിറയെ കുടിച്ചാൽ ദാഹശമനത്തോടൊപ്പം ആത്മനിർവൃതി കൂടി നൽകുന്ന തീർഥജലം! അതു കണ്ട് ഹാജറയുടെ കണ്ണുകളും കൃതജ്ഞതയാൽ കവിഞ്ഞൊഴുകി. മറ്റൊരു ഭാഷയിൽ, അവരുടെ ഹൃദയമുരുകി കണ്ണിലൂടെ ഒഴുകിയപ്പോൾ അത് അടിച്ച മർത്തപ്പെടുന്നവരുടെയും അധഃസ്ഥിത വിഭാഗത്തിന്റെയും കണ്ണീരായി മാറുകയും മരുഭൂമി അതാവാഹിച്ച് തെളിനീരായി ചുരത്തുകയുമായിരുന്നുവല്ലോ. ഹാജറ കണ്ണീർ നിയന്ത്രിച്ചു. വെള്ളം തടഞ്ഞുനിർത്തി. എന്നിട്ടും ഒഴുകിയപ്പോൾ വിളിച്ചു പറഞ്ഞു: ‘സംസം’ -അടങ്ങൂ. അങ്ങനെ ആ മാതാവ് തന്റെ കുഞ്ഞിനെ മതിവരുവോളം കുടിപ്പിച്ചു. അവരും കുടിച്ചു.

അന്ന് ഹാജറക്കും കൊച്ചുകുഞ്ഞിനും ദാഹജലമായും പിൽക്കാലക്കാർക്ക് തീർഥജലമായും മാറിയ മരുഭൂമിയിലെ അദ്ഭുതകരമായ ആ ജലപ്രവാഹത്തിന് സംസം എന്ന് പേര് ലഭിച്ചത് അങ്ങനെയാണ്. സംസം കുടിച്ച് ഇസ്മാഈൽ വളർന്നു. വെള്ളമുണ്ടായതോടെ പറവകളെത്തി. മനുഷ്യരെത്തി. കച്ചവട സംഘങ്ങളെത്തി. അങ്ങനെ ജനവാസമാരംഭിച്ചു. ആദ്യം പാർപ്പാരംഭിച്ചത് ജുർഹൂം ഗോത്രമാണ്. വൈകാതെ മക്ക വിഖ്യാതമായ നഗരമായി. മനുഷ്യചരിത്രത്തിലെ ഏറെ തിരക്കേറിയ, രാപ്പകൽ ഭേദമില്ലാത്ത പട്ടണം. അത് മനുഷ്യരുടെ ഏറ്റവും ഗംഭീരവും വിശുദ്ധവുമായ ഒത്തുകൂടലിന്റെ ഇടമായി. മുഴുവൻ മനുഷ്യരെയും വർഗ-വർണ-ദേശ-ഭാഷാ ഭേദമില്ലാതെ ഒരൊറ്റ ബിന്ദുവിൽ ബന്ധിപ്പിക്കുന്ന വിശുദ്ധ ദേശം.

Prev Post

ഹജറുൽ അസ് വദും ശിലാപൂജയും

Next Post

കഅ്ബയും ഹജ്ജും പ്രതിനിധീകരിക്കുന്നത്

post-bars

Related post

You cannot copy content of this page