സ്വഫ
മസ്ജിദുൽ ഹറാമിനുള്ളിലെ ഒരു ചെറിയ കുന്നാണ് സ്വഫ. ( جبل صفا എന്ന് അറബിയിൽ പറയും). ഹാജറ (عليها السلام) തന്റെ കൈകുഞ്ഞിന് കുടിവെള്ളമന്വോഷിച്ച് കയറിയിറങ്ങിയ കുന്നാണിത്. അതിനെ അനുകരിക്കാൻ തീർത്ഥാടകർ സഅ് യ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
. സൂറതുൽ ബഖറയിൽ സ്വഫ, മർവ കുന്നുകളെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്: “തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പെട്ടവയാണ്.” [2:158].
. അബ്ദുല്ല ബിനു അബ്ബാസ് (رضي الله عنه) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങിനെ കാണാം: സൂറ ശുഅറയിലെ ” നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക” [26:214] എന്ന സൂക്തം അവതരിപ്പിച്ചപ്പോൾ നബി (ﷺ) സ്വഫാ കുന്നിൽ കയറിയാണ് ആ ഉത്തരവാദിത്തം നിർവ്വഹിച്ചത് എന്ന്.
. സഫാ പർവതത്തിൽ കയറിയ ശേഷം പ്രവാചകൻ വിളിച്ചുപറഞ്ഞു: “യാ സബാഹാ!” ( സഹായത്തിനായോ വലിയ ഒരപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാനോ ആയി അറബികൾ സാധാരണ നടത്താറുള്ള ഒരു പ്രയോഗം). ഇത് കേട്ട് പരിസരവാസികളായ മക്കയിലെ ജനങ്ങൾ അദ്ദേഹത്തിന് ചുറ്റും കൂടി. അപ്പോൾ നബി(സ) അവരോട് പറഞ്ഞു: “ഈ കുന്നിന്റെ മറുകരയിലെ താഴ്‌വരയിൽ നിങ്ങളെ ആക്രമിക്കാൻ കുതിരപ്പടയാളികൾ മുന്നോട്ട് വരുന്നുണ്ടന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങളെന്നെ വിശ്വസിക്കുമോ?” “അതെ”, എന്നവർ മറുപടി പറഞ്ഞു, “ഞങ്ങൾ താങ്കളെ എപ്പോഴും സത്യസന്ധനായിട്ടാണ് കണ്ടിട്ടുള്ളത്.” നബി(സ) പറഞ്ഞു: എങ്കിൽ “വരാനിരിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് വ്യക്തമായ താക്കീതുകാരനാണ്.” എന്ന് നിങ്ങൾ അറിയണം.
. ഈ മുഖവുരക്കിന് ശേഷം പ്രവാചകൻ പ്രഖ്യാപിച്ചു, അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും നിങ്ങൾ ഓരോരുത്തരും സ്വയം പ്രഖ്യാപിച്ച് സ്വന്തത്തെ രക്ഷിക്കണമെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ ബഹുദൈവാരാധനയെ മുറുകെ പിടിച്ച് അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ സന്ദേശത്തെ നിരസിക്കുകയും ചെയ്താൽ, കഠിന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രവാചകൻ അവരെ ഉദ്ബോധിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അബൂലഹബ് (അമ്മാവൻ) പറഞ്ഞു: “മുഹമ്മദേ, നീ നശിച്ചുപോകട്ടെ! ഇതിനാണോ നീ ഞങ്ങളെ വിളിച്ച്കൂട്ടിയത്? “. എന്ന് ആക്രോഷിച്ച് കൊണ്ട് അബൂലഹബ് അവിടുന്ന് പിന്തിരിഞ്ഞു. അപ്പോഴാണ് ‘സൂറ അൽ-ലഹബ്’ (അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ. !) എന്ന് തുടങ്ങുന്ന സൂക്തങ്ങൾ അവതരിച്ചത്.
. മക്കം ഫതഹിന് ശേഷം നബി(സ) ഹജറുൽ അസ്‌വദിൽ നിന്ന് ത്വവാഫ് ചെയ്യാൻ തുടങ്ങി. ത്വവാഫ് പൂർത്തിയാക്കിയ ശേഷം പ്രവാചകൻ (ﷺ) സ്വഫ കുന്നിൽ കയറി, കഅബയുടെ നേർക്ക് അഭിമുഖമായി നിന്നു, അല്ലാഹുവിനെ സ്തുതിച്ചതിന് ശേഷം അദ്ദേഹം ദീർഘമായി ദുആ ചെയ്യാൻ തുടങ്ങി. അതിന് ശേഷം മക്കാ നിവാസികളോടായി പ്രഖ്യാപിച്ചു: ” അബൂസുഫ് യാന്റെ വീട്ടിൽ പ്രവേശിക്കുന്നവർക്കെല്ലാം പൊതുമാപ്പുണ്ട്, അദ്ദേഹത്തിന്റെ വീടിന്റെ വാതിൽ അടയ്ക്കുന്നവർക്കും പൊതുമാപ്പുണ്ട്”.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp