
രക്തത്തിന്റെ പവിത്രത
മനുഷ്യ ചരിത്രത്തില്‍ ആദ്യമായി നടന്ന കൊലപാതകത്തെ കുറിച്ച് സൂറത്തുല്‍ മാഇദയില്‍ ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ആദമിന്റെ മകന്‍ ഖാബീല്‍ സഹോദരന്‍ ഹാബീലിനെ അസൂയയും വിദ്വേഷവും മൂത്ത് അന്യായമായി കൊലപ്പെടുത്തി. ഖുര്‍ആന്‍ വിവരിക്കുന്നു: ‘നീ അവര്‍ക്ക് ആദമിന്റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’ (അല്‍മാഇദ : 27)
ഖാബീല്‍ തന്റെ സഹോദരനെതിരെ വധഭീഷണി മുഴക്കിയിട്ട് പോലും ഹാബീല്‍ അവന്‍ തന്റെ നാഥനിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയില്‍ അനുകമ്പ കാണിക്കുകയാണ് ചെയ്തത്. ഭീഷണി പ്രകാരം തന്നെ വധിക്കുന്നതിനായി കൈകള്‍ നീട്ടിയാലും ഞാനപ്രകാരം ചെയ്യില്ലെന്ന മറുപടിയാണ് ഹാബീല്‍ സഹോദരന് നല്‍കുന്നത്. ദൈവഭയത്താല്‍ സ്വന്തം കൈകളെ നിയന്ത്രിക്കുകയാണ് ചെയ്യുകയെന്നും ഹാബീല്‍ വ്യക്തമാക്കുന്നു. ‘എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.’ (5: 28)
സഹോദരന്‍ ചെയ്യാനുദ്ദേശിക്കുന്ന കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിഞ്ഞേക്കുമെന്ന പ്രതീക്ഷയില്‍ അവനെ ഉപദേശിക്കുന്നതും ഗുണദോഷിക്കുന്നതുമാണ് പിന്നെ കാണുന്നത്. വളരെ അനുകമ്പയോടെ ആത്മാര്‍ഥമായുള്ള ഗുണദോഷിക്കലാണത്. അക്രമവും പകയും വിദ്വേഷവും അസൂയയുമെല്ലാം ഹൃദയത്തിന്റെ അന്ധതയാണ്, സത്യത്തിനത് മറയിടുന്നു. സത്യം കേള്‍ക്കുന്നതില്‍ നിന്നത് ചെവികളെ ബധിരമാക്കുന്നു. പിശാച് തെറ്റ് ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഒന്നാമത്തെ ശത്രുവായ പിശാച് തന്നെയാണ് അതിന് പ്രേരിപ്പിക്കുന്നത്. അത് സംഭവിക്കുന്നത് വരെ അതിനെ പിശാച് നിസ്സാരവല്‍കരിച്ചു കാണിക്കുകയും ചെയ്യും. അത് സംഭവിക്കുന്നതോടെ പിശാച് അവനെ കൈവെടിഞ്ഞ് വിട്ടുകളയുകയും ചെയ്യും. ഖാബീലിനും ആ നഷ്ടബോധം ഉണ്ടാകുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു.’ (5 : 30)
ചെയ്ത അപരാധത്തില്‍ കാബീല്‍ ഖേദിച്ചു. മ്ലേച്ഛമായ അക്കാര്യം ചെയ്ത ശേഷമുള്ള ഖേദം യാതൊരു ഫലവും ഉണ്ടാക്കില്ല. കാരണം, അമ്പ് കൈവിട്ട് പോയിരിക്കുന്നു. സഹോദരന്‍ കൊല്ലപ്പെടുകയും ചെയ്തു. ആ ജീവിതം തിരിച്ചു കൊടുക്കാന്‍ അവന് കഴിയില്ല. പരിഭ്രാന്തനായ ഹാബീല്‍ സഹോദരന്റെ ദേഹവും വഹിച്ച് വളരെ ദൂരം നടന്നു. അതെന്ത് ചെയ്യുമെന്ന് ചിന്തിക്കുകയായിരുന്നു അവന്‍. തന്റെ തെറ്റിന്റെ ഗൗരവം അവന്‍ തിരിച്ചറിഞ്ഞിരുന്നു. വല്ലാത്ത ഒരു പ്രതിസന്ധിയില്‍ പെട്ട അവസ്ഥയായിരുന്നു ഖാബീലിന്. അപ്പോഴാണ് അല്ലാഹു അവിടേക്ക് ഒരു കാക്കയെ അയച്ചത്. സഹോദരനെ എങ്ങനെ മറമാടണമെന്ന് കാക്ക മണ്ണില്‍ മാന്തി കാണിച്ചു കൊടുത്തു. ‘അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു.’ (5 : 31)
അന്നുമുതല്‍ ചരിത്രത്തില്‍ നടക്കുന്ന ഓരോ കൊലപാതത്തിന്റെയും ഒരു വിഹിതം ഖാബീലിന്റെ മേലുണ്ടാകുമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ഒരു മോശമായ ചര്യ കാണിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതാണ്. അവന്റെ ഭാരം മാത്രമല്ല ആ പ്രവര്‍ത്തി അന്ത്യദിനം വരെ ആരൊക്കെ ചെയ്തുവോ അതിന്റെയെല്ലാം ഭാരം അവന്റെ മുതുകിലുണ്ടാവും. അല്ലാഹു പറയുന്നു: ‘അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.’ (5 :32)
മേല്‍ പറഞ്ഞ വിധി അതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ ബനൂ ഇസ്രായീല്യര്‍ക്ക് മാത്രമുള്ളതാണെങ്കിലും നമുക്കും ബാധകമായ കാര്യമാണത്. ഈ ലോകം തന്നെ ഇല്ലാതാകുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണ് അല്ലാഹുവിന്റെ പക്കല്‍ ഒരു വിശ്വാസിയെ വധിക്കുന്നതെന്ന് (നസാഇ) പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്. ഒന്നു ചിന്തിച്ചു നോക്കു സഹോദരാ.. ഈ ലോകം അതിലെ മുഴുവന്‍ സമ്പത്തും, കൃഷിയിടങ്ങളും, ഫാക്ടറികളും, കെട്ടിടങ്ങളുമെല്ലാം അടക്കം ഇല്ലാതാകുന്നത് ഒരു വിശ്വാസിയെ വധിക്കുന്നതിനേക്കാള്‍ നിസ്സാരമാണ് അല്ലാഹുവിന്റെ അടുത്ത്.
മുആവിയ(റ) പ്രവാചകന്‍(സ) യില്‍ നിന്ന് കേട്ടതായി ഉദ്ധരിക്കുന്നു: ‘എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തേക്കാം, ഒരാള്‍ ഒരു വിശ്വാസിയെ ബോധപൂര്‍വം വധിക്കുന്നതും അല്ലെങ്കില്‍ ഒരാള്‍ നിഷേധിയായി മരിക്കുന്നതും ഒഴികെ.’ (നസാഇ) പരലോകത്ത് ആദ്യമായി വിധികല്‍പ്പിക്കപ്പെടുക രക്തത്തെ കുറിച്ചായിരിക്കുമെന്നത് എത്രത്തോളമാണ് അതിന്റെ ഗൗരവമെന്ന് വ്യക്തമാക്കുന്നു. നബി(സ) പറയുന്നു: ‘ഒരു അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. ആദ്യമായി ജനങ്ങള്‍ക്കിടിയില്‍ വിധി കല്‍പ്പിക്കപ്പെടുക രക്തത്തെ കുറിച്ചായിരിക്കും.’ (ബുഖാരി) ജനങ്ങളില്‍ അല്ലാഹു ഏറ്റവുമധികം വെറുക്കുന്നവരാണ് കൊലയാളി. അല്ലാഹു ഏറ്റവുമധികം വെറുക്കുന്ന മൂന്നു വിഭാഗത്തിലൊരു വിഭാഗമാണ് അവര്‍. നബി(സ) പറയുന്നു: ‘അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് മൂന്ന് വിഭാഗത്തോടാണ്. ഹറമിലെ നിഷേധി, ജാഹിലിയത്തിന്റെ ചര്യകളെ ഇസ്‌ലാമില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവന്‍, അന്യായമായി ഒരാളുടെ രക്തം ചിന്തുന്നവന്‍. (ബുഖാരി)
കാരുണ്യവാനായ നമ്മുടെ പ്രവാചകന്‍ രക്തം ചിന്തുന്നത് വിലക്കിയിട്ടുണ്ട്. ‘എനിക്ക് ശേഷം പരസ്പരം പിരടിക്ക് വെട്ടുന്ന നിഷേധികളായി നിങ്ങള്‍ മാറരുത്.’ അപ്രകാരം ഏഴ് വന്‍പാപങ്ങളുടെ കൂട്ടത്തിലും കൊലപാതകത്തെ എണ്ണുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. കൊലപാതകികള്‍ക്ക് പരലോകത്ത് ലഭിക്കുന്ന ശിക്ഷ അതിഭയാനകമാണെന്ന് ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
കൊല്ലപ്പെട്ടവന്‍ ഇഹലോകത്ത് അക്രമത്തിനിരയായവനാണ്. അക്രമി അവനെ ചവിട്ടിയരച്ചിട്ടുണ്ടാവാം. കാരണം ഇഹലോകത്ത് അവന് ശക്തിയുണ്ടായിരുന്നു, വലിയ തറവാട്ടുകാരനായിരുന്നു, പണവും സ്വാധീനവുമുണ്ടായിരുന്നു, ആയുധവും അവന്റെ പക്കലായിരുന്നു. ഇച്ഛകള്‍ക്ക് വിധേയനായ ന്യായാധിപന്‍ അവന്റെ പക്ഷം ചേര്‍ന്നിട്ടുണ്ടാവാം. അവന്റെ സമൂഹത്തിലെ സ്ഥാനവും മാനവും കൊല്ലപ്പെട്ടവന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കാം. എന്നാല്‍ പരലോകത്ത് ഇതായിരിക്കില്ല അവസ്ഥ. അവിടെ അല്ലാഹുവിന്റെ വിധിയാണ്. ഇഹലോകത്ത് അക്രമിയും അഹങ്കാരിയുമായിരുന്നവന്റെ ദുരന്തമാണന്ന്. അല്ലാഹുവിന്റെ വാക്കല്ലാതെ മറ്റൊരു വാക്കവിടെയുണ്ടാവില്ല. കള്ളസാക്ഷികള്‍ക്കും മാധ്യമങ്ങള്‍ക്കോ സത്യത്തെ അന്ന് വളച്ചൊടിക്കാനാവില്ല. അവയുടെയെല്ലാം നാവുകള്‍ക്ക് അല്ലാഹു വിലങ്ങുകള്‍ അണിയിച്ചിട്ടുണ്ടാവും.
അല്ലാഹു പവിത്രമാക്കിയ ഒന്നിനെ നിന്ദിക്കാനെങ്ങനെ അവര്‍ക്ക് സാധിക്കുന്നു? അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.’ (17 : 70) ഏറ്റവും ഉന്നതമായ രൂപത്തിലാണ് അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നത്. അവനെ വധിക്കുന്നത് നിഷിദ്ധമാക്കി. അവന്റെ ജീവനും രക്തവും പവിത്രമാക്കി. അവനെ വധിക്കുന്നത് വലിയ പാപമായി നിശ്ചയിച്ചു. മനുഷ്യജീവന്‍ ഹനിക്കുന്നവര്‍ക്ക് ശക്തമായ പരലോക ശിക്ഷയെ കുറിച്ച് മുന്നറിയിപ്പും നല്‍കി. ‘ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്.’ (4 : 93) ഇമാം സഅദി പറയുന്നത് കാണുക: ഒരാളെ ബോധപൂര്‍വം വധിക്കുന്നയാള്‍ക്കുള്ള ഭീഷണി ഇവിടെ വിവരിച്ചിരിക്കുന്നു. ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഭീഷണിയാണത്. മനസ്സുകളെയത് പിളര്‍ത്തുകയും ബുദ്ധിയുള്ളവരെ അസ്വസ്ഥപ്പെടുത്തുകയും ചെയ്യും. കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ ഇത്രത്തോളമോ ഇതിനേക്കാള്‍ ശക്തമായതോ ആയ ഭീഷണി മറ്റൊന്നിനും പറഞ്ഞിട്ടില്ല. അതിനുള്ള ശിക്ഷ നരകമാണെന്ന പ്രഖ്യാപനമാണത്. ഏറ്റവും വലിയ ശിക്ഷയാണത്, വ്യക്തമായ നിന്ദ്യതയാണത്. എല്ലാ വിജയങ്ങളും നേട്ടങ്ങളും നഷ്ടപ്പെടുത്തുന്നതാണത്. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നകറ്റുന്ന എല്ലാ കാരണങ്ങളില്‍ നിന്നും അവന്‍ നമ്മെ സംരക്ഷിച്ചു നിര്‍ത്തട്ടെ.
സഹോദരന്റെ രക്തത്തെ പവിത്രമായി കാണുന്നവരെ അല്ലാഹു അവന്റെ ശ്രേഷ്ഠരായ അടിമകളുടെ കൂട്ടത്തിലാണ് എണ്ണിയിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.’ (25 : 6870) അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനോടാണ് ഇവിടെ കൊലപാതകത്തെ ഈ ആയത്തില്‍ ചേര്‍ത്ത് പറഞ്ഞിരിക്കുന്നത്. മഹാ അപരാധമായ ശിര്‍ക്ക് പോലെ തന്നെ ഗൗരവേറിയ കുറ്റകൃത്യമാണിതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
വിവ : അഹ്മദ് നസീഫ്