കഅ്ബയുടെ ശാസ്ത്ര വിശകലനം
ഹജ്ജിനായി മക്ക സന്ദര്‍ശിച്ച ഒരാള്‍ ഹറം പള്ളിക്ക് ചുറ്റും പറക്കുന്ന പ്രാവുകളെ ശ്രദ്ധിച്ചു. അവയില്‍ കഅ്ബയെ വലയം വെച്ച് പറക്കുന്നവയുമുണ്ടായിരുന്നു. ജനങ്ങള്‍ കഅ്ബയെ ചുറ്റുന്ന പോലെതന്നെ വിപരീത ഘടികാര ദിശയിലാണ് അവ പറക്കുന്നതെന്നും അദ്ദേഹം ശ്രദ്ധിച്ചു. ജനങ്ങളെ പിന്‍പറ്റുകയാണ് പക്ഷികള്‍ ചെയ്യുന്നതെന്ന് ഒരാള്‍ പറഞ്ഞു. അതിനിടെ ഒരാള്‍ മറ്റൊരത്ഭുതം ശ്രദ്ധിച്ചു. പക്ഷികളൊന്നും കഅ്ബയുടെ മുകളിലൂടെ പറക്കുന്നില്ല. ആകാശത്ത് സ്വതന്ത്രമായി പറക്കാനുള്ള കഴിവ് അല്ലാഹു പക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. ‘ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.'(24:41). പക്ഷെ കഅ്ബക്ക് മുകളിലൂടെ ഇവയൊന്നും പറക്കുന്നില്ല. നമസ്‌കാരവും സ്തുതിയും പഠിപ്പിക്കപ്പെട്ട പോലെ അവക്ക് ത്വവാഫും പഠിപ്പിക്കപ്പെട്ടതാണോ?
ഹജ്ജിന് ഇടയിലെ ത്വവാഫും ചെയ്യേണ്ടത് കഅ്ബയുടെ ചുറ്റും ഇതുപോലെ വിപരീത ഘടികാര ദിശയുലാണെന്ന് ഞാനോര്‍ത്തു. ആറ്റങ്ങള്‍ക്കുള്ളില്‍ ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്നതും ഇതേ ദിശയിലാണ്. ഇവയെല്ലാം സഞ്ചരിക്കുന്നത് ഇടത്തുനിന്ന് വലത്തോട്ട് വിപരീത ഘടികാര ദിശയിലാണ്. ഇത് വെറുതെ നടക്കുന്നതാവില്ലെന്ന് എനിക്ക് തോന്നി. പ്രപഞ്ചത്തിലെ ഒരു അത്ഭുതമാണ് കഅ്ബ. കഅ്ബയുടെ ശാസ്ത്രീയമായ പ്രത്യേകതകള്‍ ഇക്കാലത്ത് ധാരാളമായി തെളിയിക്കപ്പെട്ടതാണ്. ഭൂമിശാസ്ത്രപരമായും ഗോളശാസ്ത്രപരമായും മറ്റ് വ്യത്യസ്ത തലങ്ങളിലും കഅ്ബയുടെ ശ്രേഷ്ടത വെളിവാക്കപ്പെട്ടിട്ടുണ്ട്.
സ്ഥലത്തിന്റെ പരിശുദ്ധി
അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.’ (3:96) ഇവിടെ ഈ സൂക്തത്തില്‍ ‘വെച്ചു’ (വളഅ) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലം അല്ലാഹു തെരെഞ്ഞെടുത്തു എന്നാണ് ഈ വാക്കുപയോഗിച്ചതില്‍ നമുക്ക് മനസ്സിലാകുന്നത്. ‘ബൈത്തുല്‍ മഅ്മൂറിന്’ താഴെ കഅ്ബയെ വെക്കാന്‍ അല്ലാഹു മലക്കുകളെ ചുമതലപ്പെടുത്തുകയായിരുന്നു. ബൈത്തുല്‍ മഅ്മൂര്‍ എന്നത് കഅ്ബക്ക് മുകളില്‍ ആകാശത്ത് സ്ഥിതിചെയ്യുന്ന പ്രത്യേക സ്ഥലമാണ്. മലക്കുകള്‍ അതിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഇതാണ് ഇതിനെകുറിച്ച് വന്ന ഏറ്റവും വിശ്വസ്തമായ വ്യാഖ്യാനം.
ഇബ്‌റാഹീം(അ)യും ഇസ്മാഈല്‍ (അ)യും കഅ്ബ പുനര്‍നിര്‍മിച്ചപ്പോള്‍ അവര്‍ക്ക് സ്ഥലം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്രമില്ലായിരുന്നു. അല്ലാഹു നിശ്ചയിച്ച സ്ഥലത്തെ ശുദ്ധീകരിക്കുകയായിരുന്നു അവരെ ഏല്‍പിച്ച ഒരു ചുമതല. ‘ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും നാം കല്‍പിച്ചു.’ (2:125) രണ്ടാമത്തെ കടമ അല്ലാഹു നിശ്ചയിച്ച സ്ഥലത്ത് കഅ്ബയുടെ രൂപം ഉണ്ടാക്കുക എന്നതായിരുന്നു. അല്ലാഹു പറയുന്നു: ‘ഓര്‍ക്കുക: ഇബ്‌റാഹീമും ഇസ്മാഈലും ആ മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര്‍ പ്രാര്‍ഥിച്ചു: ‘ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ’. (2:127)
കഅ്ബ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അല്ലാഹു വാദി ബക്കയാക്കാന്‍ തെരെഞ്ഞെടുത്തതായിരുന്നു. അതുവരെ മക്ക എന്നത് ദരിദ്രമായ ഒരു സ്ഥലമായിരുന്നു. കൃഷിയോ, വെള്ളമോ ഇല്ലാത്ത വരണ്ട ഭൂമിയായിരുന്നു അത്. അല്ലാഹുവിനല്ലാതെ അറിയുകയോ കണ്ടെത്താനാവുകയോ ചെയ്യാത്ത വിജനമായൊരു സ്ഥലം. അതുകൊണ്ട് അല്ലാഹു കഅ്ബയുടെ സ്ഥാനത്തെക്കുറിച്ച് ഇബ്‌റാഹീ(അ)മിന്റെ മനസ്സില്‍ വ്യക്തമായ മാര്‍ഗദര്‍ശനം നല്‍കി. അതുകൊണ്ട് അല്ലാഹു ഇബ്‌റാഹീമിനെക്കുറിച്ച് ‘ഋജുമാനസന്‍’ (ഹനീഫന്‍ മുസ്‌ലിമന്‍) എന്ന് പ്രയോഗിച്ചു. അദ്ദേഹത്തിന്റെ ഒരു ഭാര്യയെയും മകനെയും അവിടെ പാര്‍പ്പിക്കാനും അല്ലാഹു അദ്ദേഹത്തോട് കല്‍പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഋജുവായ മനസ്സിന് മക്കയുടെ ശ്രേഷ്ടതയെക്കുറിച്ച് സത്യബോധനം നല്‍കി. അദ്ദേഹം പ്രാര്‍ത്ഥിച്ചു: ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.’ (14:37)
ഇബ്‌റാഹീം(അ) ഭാര്യയെയും മകനെയും മരുഭൂമിയില്‍ ഉപേക്ഷിച്ച് പോരുമ്പോള്‍ അദ്ദേഹത്തോട് ഭാര്യ ചോദിച്ചു: അല്ലാഹുവാണോ താങ്കളോടിതു കല്‍പിച്ചത്? ഇബ്‌റാഹീം അതെയെന്നുത്തരം പറഞ്ഞു. അപ്പോള്‍ ഭാര്യ പറഞ്ഞു: എന്നാല്‍ ഞങ്ങള്‍ നഷ്ടപ്പെട്ടവരാകില്ല. (ബുഖാരി) പിന്നീട് സംസം വെള്ളം പൊട്ടിയൊഴുകി ആ ഭൂമിയുടെ പരിശുദ്ധത തെളിഞ്ഞു. അങ്ങിനെ ആ പ്രദേശം ജനനിബിഢടമായി.
കുറച്ചുകാലത്തിന് ശേഷം ഇസ്മാഈല്‍ വളര്‍ന്ന് യുവാവായപ്പോള്‍, പിതാവ് മകനെ കൂട്ടി കഅ്ബയുടെ നിര്‍മാണം തുടങ്ങി. കഅ്ബ കെട്ടി ഉയര്‍ത്തിയപ്പോള്‍ അതിന്റെ മുകളിലേക്കുള്ള കല്ല് ഉയര്‍ത്താന്‍ ഇബ്‌റാഹീമിന് സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം ഒരു ഉയര്‍ന്ന സ്ഥലത്ത് കയറിനിന്ന് മകന് കല്ല് പിടിച്ച്‌കൊടുത്തു. ആ സ്ഥലമാണ് പിന്നീട് ‘മഖാമു ഇബ്‌റാഹീം’ എന്ന് അറിയപ്പെട്ടത്. അവര്‍ അതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അല്ലാഹു ജനങ്ങളെ ഹജ്ജിന് വേണ്ടി വിളിക്കാന്‍ ആവശ്യപ്പെട്ടു. ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.’
ഇബ്‌റാഹീമിനും ഇസ്മാഈലിനും ശേഷം ഓരോ കാലങ്ങളിലും മക്കയുടെയും കഅ്ബയുടെയും പ്രശസ്തി ഉയര്‍ത്തുന്ന സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അതിലൊന്ന് ആനക്കലഹ സംഭവമാണ്. യമനിലെ അബ്‌റഹത്ത് കഅ്ബ തകര്‍ത്ത് അതിന് പകരം ഹജ്ജ് തീര്‍ത്ഥാടനം സ്വന്‍ആഇല്‍ അദ്ദേഹം നിര്‍മിച്ച ചര്‍ച്ചിലേക്കാക്കാന്‍ തീരുമാനിച്ചു. ആ ഉദ്ദേശം വെച്ച് അബ്‌റഹത്ത് മക്കയിലെത്തി. അപ്പോള്‍ മക്കയിലെ പൗരപ്രമുഖനായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പിതാമഹന്‍ പറഞ്ഞു: ഈ ഭവനത്തിനൊരു നാഥനുണ്ട്. അതിന്റെ സംരക്ഷണം അവന്‍ നോക്കും. എന്നിട്ട് അദ്ദേഹം കഅ്ബയെ സംരക്ഷിക്കാന്‍ അതിന്റെ റബ്ബിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹു അതിന് ഉത്തരം നല്‍കി. അല്ലാഹു അവന്റെ സൈന്യത്തെ അയച്ച് അബ്‌റഹത്തിനെയും സംഘത്തെയും നാമാവശേഷമാക്കി. അല്ലാഹു പറയുന്നു: ‘ആനക്കാരെ നിന്റെ നാഥന്‍ ചെയ്തതെങ്ങനെയെന്ന് നീ കണ്ടില്ലേ? അവരുടെ കുതന്ത്രം അവന്‍ പാഴാക്കിയില്ലേ? അവരുടെ നേരെ അവന്‍ പക്ഷിക്കൂട്ടങ്ങളെ അയച്ചു. ചുട്ടെടുത്ത കല്ലുകള്‍കൊണ്ട് ആ പറവകള്‍ അവരെ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അല്ലാഹു അവരെ ചവച്ചരച്ച കച്ചിത്തുരുമ്പുപോലെയാക്കി.’ (105:15) അങ്ങനെ കഅ്ബയുടെ പരിശുദ്ധി കാലങ്ങളായി നിലനിന്നു.
സ്ഥലത്തിന്റെ അമാനുഷികത
ഈജിപ്തുകാരായ രണ്ട് പണ്ഡിതര്‍ മക്ക സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂശാസ്ത്രപരമായ പ്രാധാന്യം കണ്ടെത്തിയിരുന്നു. ഡോ. മുസ്‌ലിം നൗഫല്‍, ഡോ. യഹ്‌യാ വസീരി എന്നീ ഗവേഷകരാണ് മക്കയുടെ സ്ഥാനവുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ഭൂമിയുടെ കരഭാഗങ്ങളുടെ മധ്യമാണ് മക്കയെന്നാണ് അവര്‍ കണ്ടെത്തിയത്. മക്കയില്‍ നിന്ന് കരഭാഗത്തെ എല്ലാ വശത്തുമുള്ള അറ്റങ്ങളിലേക്ക് ഏകദേശം സമദൂരമാണ്. രണ്ടോ മൂന്നോ ശതമാനം മാത്രമാണ് ഇവയുടെ ദൂര വ്യത്യാസം. എല്ലാ ഉപഭൂഖണ്ഡങ്ങളിലേക്കും സമദൂരമാണുള്ളത്.
താഴെ കൊടുത്ത രീതിയിലാണ് കരമാര്‍ഗം വിവിധ അറ്റങ്ങളിലേക്കുള്ള ദൂരം.
മക്കയില്‍ നിന്ന് കിഴക്കെ അറ്റത്തുള്ള ഇന്തോനേഷ്യയിലെ ജാവയിലേക്കുള്ള ദൂരം 8275 കിലോമീറ്ററാണ്.
തെക്കെ അറ്റത്തുള്ള ആഫ്രിക്കയിലെ കേപ്ടൗണിലേക്ക് 6560 കി.മിയാണ് ഉള്ളത്.
റഷ്യയുടെ കിഴക്കെ അറ്റത്തുള്ള സഖാലീന്‍ ദ്വീപിലേക്ക് 9040 കി.മിയാണ് മക്കയില്‍ നിന്ന് ദൂരം.
ചൈനയുടെ കിഴക്കെ അറ്റത്തേക്കുള്ള ദൂരം: 8220 കി.മി
വടക്ക് കിഴക്കന്‍ ഭാഗത്തെ അറ്റത്തുള്ള ക്യൂഷൂ പട്ടണത്തിലേക്കുള്ള ദൂരം: 8790 കി.മി
ഏഷ്യയുടെ തെക്കു കിഴക്കെ അറ്റത്തേക്കുള്ള ദൂരം: 8570 കിമി
വന്‍കടലുകളുടെ ഇടയിലുള്ള പ്രദേശങ്ങളിലേക്കും ദൂരം ഇതുപോലെത്തന്നെയാണ്.
മക്കയും ന്യൂസിലാന്റിലെ വെല്ലിംട്ടണും തമ്മിലുള്ള ദൂരവ്യത്യാസം: 13040 കി.മി
തെക്കെ അമേരിക്കയുടെ അറ്റത്തേക്കുള്ള ദൂരം: 13012 കി.മി
വടക്കെ അമേരിക്കയിലെ കനേഡിയന്‍ വിക്ടോറിയയിലേക്കുള്ള ദൂരം: 13600 കി.മി
കടലിനക്കരെയുള്ള രണ്ട് അമേരിക്കയിലേക്കും ആസ്‌ത്രേലിയയിലേക്കും ഏകദേശം 13000 കി.മി വീതമാണുള്ളത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍
കഅ്ബ നിലനില്‍ക്കുന്ന മക്കാപ്രദേശത്തിനും ചില പ്രത്യേകതകളുണ്ട്. അവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്.
ഭൂമിയുടെ സൃഷ്ടിപ്പിന്റെ തുടക്കത്തില്‍ അതൊരു വലിയ പിണ്ഡമായിരുന്നു. പിന്നീടത് പൊട്ടിപിളര്‍ന്ന് അവക്കിടയില്‍ ജലം നിറഞ്ഞു. മഹാസമുദ്രങ്ങളില്‍ നിലകൊള്ളുന്ന ഈ ഭൂഖണ്ഡങ്ങള്‍ പരസ്പരം അകന്ന് വിശാലമായിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് ഏഷ്യന്‍ ഭൂകണ്ഡത്തിനും ആഫ്രിക്കന്‍ ഭൂകണ്ഡത്തിനും ഇടയിലുള്ള ചെങ്കടലിന്റെ 1969ലെ സ്ഥാനത്തില്‍നിന്ന് രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസം കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വികാസത്തിന്റെ കേന്ദ്രം കഅ്ബയുടെ പ്രദേശമാണ്.
ഭൂഗോളത്തിന്റെ 71 ശതമാനവും വെള്ളമാണ്. ബാക്കിയുള്ള 29 ശതമാനമാണ് കരയുള്ളത്. എന്നാല്‍ തെക്കെ അര്‍ധഗോളത്തില്‍ 90 ശതമാനത്തോളം വെള്ളമാണ്. ബാക്കി മാത്രമാണ് കരയുള്ളത്. പ്രധാന മഹാസമുദ്രങ്ങളെല്ലാം ഈ അര്‍ധഗോളത്തിലാണ്. അതുകൊണ്ടുതന്നെ ഭൂപ്രദേശങ്ങളുടെ സാന്ദ്രത ഈ ഭാഗങ്ങളില്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. മരുഭൂമിയിലെയും കടലിലെയും പര്‍വ്വതങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ വലിയ വ്യത്യാസമുണ്ടായിരിക്കും. ഈ സാന്ദ്രതാ വ്യത്യാസങ്ങളുടെ കേന്ദ്രവും ഏകദേശം മക്കാമേഖലയാണ്.
ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലേക്ക്
ബൈതുല്‍ മുഖദ്ദസ് നിര്‍മിച്ചത് ഇബ്‌റാഹീ(അ)മിന്റെ പൗത്രന്‍ യഅ്ഖൂബ് (അ) ആണെന്നതില്‍ ഏകദേശം ചരിത്രകാരന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു. കഅ്ബക്കും ബൈതുല്‍ മുഖദ്ദസിനുമിടയില്‍ കാലവ്യത്യാസം 40 വര്‍ഷമായിരുന്നു. അബൂദര്‍(റ) ഒരിക്കല്‍ നബി(സ)യോട് ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യ പള്ളിയേതാണെന്ന് ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു: മസ്ജിദുല്‍ ഹറം. പിന്നീടേതാണ്? പ്രവാചകന്‍ പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ. അവക്കിടയില്‍ എത്രകൊല്ലത്തിന്റെ വ്യത്യാസമുണ്ട്? നബി പറഞ്ഞു: നാല്‍പത് വര്‍ഷം.(ബുഖാരി)
ഇസ്‌ലാമില്‍ നമസ്‌കാരം നിയമമാക്കപ്പെട്ടപ്പോള്‍ ഖിബ്‌ലയായി അഖ്‌സ നിശ്ചയിക്കപ്പെട്ടു. കഅ്ബയെക്കാള്‍ ബിംബങ്ങള്‍ കുറവുള്ള സ്ഥലമെന്നതാണ് അഖ്‌സയെ ഖിബ്‌ലയാക്കാന്‍ കാരണം. അല്ലാഹു പറയുന്നു: ‘എനിക്കുശേഷം നിങ്ങള്‍ ആരെയാണ് വഴിപ്പെടുകയെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അങ്ങയുടെ ദൈവത്തെ തന്നെയാണ് വഴിപ്പെടുക. അങ്ങയുടെ പിതാവായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരാകും.’ (അല്‍ ബഖറ: 133)
അല്ലാഹു മസ്ജിദുല്‍ അഖ്‌സയുടെ ഭൂപ്രദേശത്തെ വളരെ പരിശുദ്ധവും അനുഗ്രഹീതവുമായ സ്ഥലമെന്നാണ് വിശേഷിപ്പിച്ചത്. ‘തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.’ (ഇസ്‌റാഅ് 1) ഇസ്‌ലാമിന്റെ ഈ പ്രദേശവുമായുള്ള ബന്ധം സൂചിപ്പിക്കാനും അതിനെ ആദരിക്കാനുമാണ് അല്ലാഹു ആദ്യ ഖിബ്‌ലയായി അഖ്‌സയെ തീരുമാനിച്ചത്.
തുടര്‍ച്ചയായി പ്രവാചകന്‍മാര്‍ വന്ന് അല്ലാഹുവിന്റെ ഏകത്വത്തെ പരിശുദ്ധപ്പെടുത്തിയ പ്രദേശമെന്ന നിലയിലും ഈ പ്രദേശത്തിന് അനുഗ്രഹം ലഭിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്‌റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.’ (മര്‍യം:58)
പുന്നീട് മൂസാ(അ)യുടെ സമൂഹം അക്രമിയായ ഫറോവയില്‍ നിന്ന് അഭയം തേടി ഈ പരിശുദ്ധ പ്രദേശത്തെത്തിയതോടെ അത് വീണ്ടും അനുഗ്രഹിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ‘ഓര്‍ക്കുക: നാം നിങ്ങളോടു പറഞ്ഞു: ‘നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുക.
അവിടെനിന്ന് ആവശ്യമുള്ളത്ര വിശിഷ്ട വിഭവങ്ങള്‍ തിന്നുകൊള്ളുക. എന്നാല്‍ നഗരകവാടം കടക്കുന്നത് വണക്കത്തോടെയാവണം. പാപമോചനവചനം ഉരുവിട്ടുകൊണ്ടും. എങ്കില്‍ നാം നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തുതരും. സുകൃതികള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരും.’ (അല്‍ ബഖറ: 58) പിന്നീട് ദാവൂദും സുലൈമാനും സകരീയ്യയും യഹ്‌യയും അവിടെ പ്രബോധനം നടത്തി. അവസാനം പരിശുദ്ധമണ്ണില്‍ ഈസാ നബി ആഗതനായി.
ഇങ്ങിനെ വളരെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതുകൊണ്ടാണ് അഖ്‌സയെ ആദ്യ ഖിബ്‌ലയായി നിശ്ചയിക്കപ്പെട്ടത്. പിന്നീട് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെടുകയും വിജയം സമാഗതമാവുകയും കഅ്ബയില്‍ നിന്ന് ബിംബങ്ങള്‍ നീക്കപ്പെടാനുള്ള സമയം അടുക്കുകയും ചെയ്തപ്പോള്‍ കഅ്ബയെ വീണ്ടും അല്ലാഹു ഖിബ്‌ലയാക്കി നിശ്ചയിച്ചു. അല്ലാഹു പറയുന്നു: ‘നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.’ (അല്‍ ബഖറ: 144)
- ജുമൈല്‍ കൊടിഞ്ഞി