സൗർ ഗുഹ
മക്കാനിവാസികളെ നേർവഴിയിലേക്ക് നയിക്കാൻ നീണ്ട പതിമൂന്നാണ്ടു കലാണ് നബി തിരുമേനി ത്യാഗമനുഷ്ഠിച്ചത്. അവരിൽ സുമനസ്സുകളൊക്കെ സന്മാർഗം സ്വീകരിച്ചു. ഇനിയും അവിടെ അധ്വാനിക്കുന്നത് വ്യർഥമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ പ്രചോദനത്തിന്റെയോ ഫലമല്ല ഹിജ്റ. സുദൃഢമായ തീരുമാനത്തിന്റെയും വ്യക്തമായ ആസൂത്രണത്തിന്റെയും ഫലമായിരുന്നു അത്. ഐതിഹാസി കമായ ആ സംഭവത്തിൽ സൗർ ഗുഹക്കുള്ള സ്ഥാനം സുവിദിതമാണ്. സൗർ സംഭവത്തിന്റെ സാക്ഷ്യസ്ഥാനമെന്ന നിലയിൽ അവിടം കാണാൻ കൊതിക്കുക സ്വാഭാവികമാണല്ലോ. നബിതിരുമേനിയും സഹയാത്രികൻ അബൂബക്ർ സിദ്ദീഖും മൂന്നു ദിവസം താമസിച്ച് സൗർ ഗുഹ കാണാൻ ഞങ്ങൾ പുറപ്പെട്ടു. ഹിറാഗുഹയുടെതിനെ അപേക്ഷിച്ച് വഴി ദീർഘവും ദുർഘടവുമാണ്.
മക്കയുടെ മൂന്നു കിലോമീറ്റർ തെക്കാണ് സൗർ പർവതം. അബ്ദുമനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതു കൊണ്ടാണ് ആ പ്രദേശത്തിന് പ്രസ്തുത പേർ ലഭിച്ചത്. സൗറിലേക്കുള്ള പാതയുടെ ഇരുഭാഗത്തും പർവതങ്ങളാണ്.
സൗർ മലയുടെ മുകളിൽ ഭീമാകാരമായ ഒരു പാറയുണ്ട്. അകം പൊള്ളയായതിനാൽ അവിടം സാമാന്യം വിശാലമായ ഗുഹയാണ്. അതിന് കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങൾ. പടിഞ്ഞാറുഭാഗത്തെ കവാടത്തിലൂടെയാണ് നബിതിരുമേനിയും അബൂബക്ർ സിദ്ദീഖും ഗുഹയിൽ പ്രവേശിച്ചത്. പ്രയാസത്തോടെയാണെങ്കിലും ഒരാൾക്ക് കുനിഞ്ഞു അകത്ത് പ്രവേശിക്കാൻ സാധിക്കുന്ന വിസ്താരമുണ്ട് ഗുഹാമുഖത്തിന്. സമുദ്രനിരപ്പിൽ നിന്ന് 759 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.
പ്രവാചകൻ ഇസ്ലാമിക പ്രസ്ഥാനത്തിന് വേരുറപ്പിക്കാൻ പറ്റിയ പുതിയ ഇടം തേടുകയായിരുന്നു. അവിടുന്ന് സദാ പ്രാർഥിച്ചുകൊണ്ടിരുന്നു: ‘നാഥാ, നീ ഞങ്ങളെ എങ്ങോട്ടുകൊണ്ടുപോയാലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ. നിന്നിൽ നിന്നുള്ള ഒരധികാരശക്തിയെ എനിക്കു നീ കനിഞ്ഞേകണമേ.’
പ്രാർഥനയും പ്രവർത്തനവും സമന്വയിച്ച സമുജ്ജ്വല സംരംഭമാണ് പ്രസ്ഥാനത്തിന്റെ പൂർണവിജയത്തിന് പ്രാർഥിച്ചുകൊണ്ടിരിക്കെ പ്രവാചകൻ അതിനാവശ്യമായ ആസൂത്രണം അതിവിദഗ്ധമായി നിർവഹിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ഹിജ്റ യാഥാർഥ്യമായത്.
താനും അനുയായികളും യഥ് രിബിലെത്തിയാൽ സുരക്ഷിതരായിരിക്കുമെന്ന് നബി ഉറപ്പുവരുത്തി. തങ്ങളെ സ്വയം സംരക്ഷിക്കുന്നതുപോലെ പ്രവാചകനെയും സംരക്ഷിക്കുമെന്ന് അവിടത്തുകാരിൽനിന്ന് അദ്ദേഹം അഖബയിൽ വെച്ച് കരാർ വാങ്ങി. നിശ്ശബ്ദ നിശീഥിനിയിൽ മിനാ താഴ്വരയിൽ നബിയുമായി അനുസരണ പ്രതിജ്ഞ ചെയ്തവർ 77 പേരായിരുന്നു. 75 പുരുഷന്മാരും രണ്ട് സ്ത്രീകളും. കരാർ അല്ലാഹുവെ സാക്ഷ്യപ്പെടുത്തിയായിരുന്നു. അതിലെ വ്യവസ്ഥകളോ കണിശവും ഖണ്ഡിതവും. അങ്ങനെ യഥ് രിബിൽ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം അവിടുന്ന് അനുയായികളോട് അവിടേക്ക് ഹിജ്റ പോകാൻ നിർദേശിച്ചു. യാത്ര പരമാവധി രഹസ്യമായും ഒറ്റയായും വേണമെന്ന് നിഷ്കർഷിച്ചു. അതോടെ മക്കക്ക് പരിചിതമായ പല മുഖങ്ങളും അവിടെ കാണാതായി.
വിശ്വാസികളുടെ നിരന്തരമായ തിരോധാനം ഖുറൈശികളെ സന്തോഷിപ്പിക്കുകയല്ല; ആശങ്കാകുലരാക്കുകയാണ് ചെയ്തത്. മക്കയിലെ തങ്ങളുടെ ശത്രുക്കളില്ലാതാവുകയാണെന്ന ആശ്വാസത്തെ അതിജീവിക്കുന്നതായിരുന്നു നാടുവിടുന്ന മുസ്ലിംകൾ നേടിയേക്കാവുന്ന വിജയത്തെക്കുറിച്ച ഭീതി. അതിനാൽ, ഓരോ മുസ്ലിമിന്റെയും വിട അവരെ വേട്ടയാടിക്കൊണ്ടിരുന്നു. വിശ്വാസികൾ നാടുവിടുകയാണ്. വീടിനോടും വീട്ടുകാരോടും വിടപറയുകയാണ്. തങ്ങൾക്ക് അസഹ്യമായ ആദർശത്തിനാണവർ മറ്റെന്തിനെക്കാളും പ്രാമുഖ്യം കൽപിക്കുന്നതെന്ന ചിന്ത ഖുറൈശിനേതാക്കളെ അത്യധികം അലോസരപ്പെടുത്തി. എന്തു വേണമെന്നവർ കൂടിയാലോചിച്ചു. പ്രവാചകന്റെ കഥകഴിക്കുകയല്ലാതെ പരിഹാരമില്ലെന്ന നിഗമനത്തിലാണവരെത്തിയത്. കൂട്ടായി ആ ക്രൂരകൃത്യം നിർവഹിക്കണമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.
നബി അല്ലാഹുവിന്റെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു. അനുയായികളുടെ സുരക്ഷിതമായ യാത്രക്ക് മേൽനോട്ടം വഹിക്കേണ്ടതുണ്ടായിരുന്നു. അവസാനം ദൈവകൽപന കിട്ടിയപ്പോൾ അവിടുന്ന് അബൂബക്ർ സ്വിദ്ദീഖിനോട് യാത്രക്കുള്ള വാഹനം സജ്ജീകരിക്കാൻ ആവശ്യപ്പെട്ടു. ഹിജ്റയിൽ നബി തിരുമേനിയുടെ സഹയാത്രികനാകാൻ ഭാഗ്യം സിദ്ധിച്ചത് അദ്ദേഹത്തിനാണ്.
ഹിജ്റയിൽ പ്രവാചകൻ മനുഷ്യകഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി. സാധ്യമാവുന്നത്ര ഭൗതിക സംവിധനങ്ങളൊരുക്കി, സഹയാത്രികൻ വാഹനങ്ങൾ സജ്ജീകരിച്ചു. വീടു വളഞ്ഞ് കൊല്ലാൻ കാത്തിരുന്നവർ തങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രവാചകനെ വധിക്കാൻ പരക്കം പായാതിരിക്കില്ലല്ലോ. അവരുടെ ശ്രദ്ധയിൽ പെടാതിരിക്കാനായി യഥ് രിബിന്റെ ഭാഗത്തേക്ക് പോയില്ല. പകരം അവരുടെ പ്രതീക്ഷക്ക് അന്യമായ തെക്കുഭാഗത്തേക്കാണ് പോയത്. എതിരാളികൾ അന്വേഷണം അവസാനിപ്പിക്കുന്നതുവരെ മലമുകളിലെ ഗുഹയിൽ ഒളിച്ചിരുന്നു. അവിടം കാണാനാണിപ്പോൾ ഞങ്ങൾ സൗർ മല കയറുന്നത്. ഓരോ അടി വെക്കുമ്പോഴും പ്രവാചകൻ പതിനാല് നൂറ്റാണ്ടുമുമ്പ് ഈ വഴി താണ്ടിക്കടന്നപ്പോൾ എത്ര പ്രയാസപ്പെട്ടിരിക്കുമെന്ന ചിന്ത മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.
ഗുഹാവാസത്തിനിടയിൽ ഭക്ഷണം വേണമല്ലോ. അത് അമാനുഷമാർഗത്തിലൂടെ അല്ലാഹു നൽകട്ടെയെന്ന് കരുതുകയോ നൽകുമെന്ന് ആശ്വസിക്കുകയോ ആയിരുന്നില്ല പ്രവാചകൻ. മറിച്ച്, അതെത്തിക്കാൻ സഹയാത്രികൻ സിദ്ദീഖിന്റെ മകൾ അസ്മാഇനെ ചുമതലപ്പെടുത്തുകയായിരുന്നു. കുടിക്കാനാവശ്യമായ പാനീയം മഴയിലൂടെ കിട്ടട്ടെയെന്ന് കരുതി കാത്തിരുന്നില്ല. പാൽ കറന്നു കുടിക്കാനായി ആടുകളെ അതുവഴി കൊണ്ടുവരാൻ അബൂബക്ർ സിദ്ദീഖിന്റെ ഇടയൻ ആമിറിനോടാവശ്യപ്പെട്ടു. ശത്രുക്കളുടെ ശ്രമങ്ങളും ഗൂഢാലോചനകളും മനസ്സിലാക്കാൻ ദിവ്യബോധനത്തെ അവലംബിക്കാതെ, രഹസ്യമായി അതന്വേഷിച്ച് അറിയാനും വിവരമെത്തിക്കാനും അബ്ദുല്ലാഹിബ്നു അബൂബകറിനെ ചുമതലപ്പെടുത്തി. ഗുഹയിലേക്ക് വരുകയും പോവുകയും ചെയ്യുമ്പോഴുണ്ടാകുന്ന അടയാളം മായ്ച്ചുകളയാൻ മരുഭൂമിയിലെ കാറ്റിന് കാത്തിരിക്കാതെ നബിതന്നെ പരിഹാരം കണ്ടു. ആമിറിനോട് എല്ലാദിവസവും വൈകുന്നേരം അതുവഴി ആടുകളെ തെളിച്ചുകൊണ്ടുപോകാൻ കൽപിച്ചു. അവസാനം മൂന്നുനാളത്തെ താമസത്തിനു ശേഷം യാത്രയാരംഭിച്ചപ്പോൾ യഥ് രിബിലേക്കുള്ള പതിവു പാത ഉപേക്ഷിച്ച് പുതിയ വഴി തേടുകയായിരുന്നു. അപ്പോൾ വഴി കാട്ടിയായി സ്വീകരിച്ചതോ അബ്ദുല്ലാഹിബ്നു ഉറൈഖിദ് എന്ന ബഹുദൈവ വിശ്വാസിയെയും.
അങ്ങനെ ഞങ്ങൾ ഓരോരുത്തരായി ഗുഹയ്ക്കകത്ത് പ്രവേശിച്ചു. ഗുഹയ്ക്കകത്ത് കന്നപ്പോൾ കാലുകൾ കോരിത്തരിച്ചു. അല്ലാഹുവിന്റെ അന്ത്യദൂതൻ മൂന്നുനാൾ കഴിച്ചുകൂട്ടിയത് ഇവിടെയാണല്ലോ… അവിടെ അദ്ദേഹവും സഹയാത്രികൻ സ്വിദ്ദീഖുമായി നടന്ന സംഭാഷണം വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. അവരെ അന്വേഷിച്ച് ശത്രുക്കൾ ഗുഹാമുഖത്ത് എത്തിയപ്പോൾ അബൂബക്ർ അസ്വസ്ഥനായി. തങ്ങളെ അവർ കണ്ടെത്തുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പേടി. സ്വന്തം അന്ത്യത്തെക്കാളേറെ പ്രവാചകന് വല്ലതും സംഭവിക്കുമോ എന്ന ഉത്കണ്ഠ. അത്യന്തം വികാരനിർഭരമായ ആ സംഭവം ഖുർആൻ ഇങ്ങനെ അവതരിപ്പിക്കുന്നു: “സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കിയ സന്ദർഭത്തിൽ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാൾ മാത്രമായിരുന്നപ്പോൾ, അവരിരുവരും ആ ഗുഹയിലായിരുന്ന പ്പോൾ, അദ്ദേഹം തന്റെ കൂട്ടുകാരനോടു പറഞ്ഞു: “ദുഃഖിക്കാതിരിക്കുക. അല്ലാഹു നമ്മോടൊപ്പമുണ്ട്. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് മനഃസമാധാനം നൽകി. (അത്തൗബ: 40)
ഇതേ ഗുഹ അബൂബകറിന്റെ അതിരുകളില്ലാത്ത പ്രവാചക സ്നേഹത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. എവിടെയെങ്കിലും വല്ല മാളവുമുണ്ടോ, വിഷ ജന്തുക്കളുണ്ടോ എന്ന് പരിശോധിക്കാനായി ആദ്യം ഗുഹയിൽ പ്രവേശിച്ചത് അദ്ദേഹമാണ്. എല്ലാം ഓർത്തുകൊണ്ടിരുന്നപ്പോൾ മനസ്സ് കിടിലം കൊള്ളുകയായിരുന്നു.