ഇബ്‌നു മുബാറകിന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജ്
ഒരിക്കല്‍ പ്രമുഖ സൂഫിവര്യന്‍ അബ്ദുല്ലാഹിബ്‌നു മുബാറക് ഹജ്ജിനായി പുറപ്പെട്ടു. കുതിരപ്പുറത്തായിരുന്നു യാത്ര. നഗരത്തില്‍ നിന്ന് ഒരല്‍പം പിന്നിട്ടപ്പോള്‍ വഴിയുടെ ഓരത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. പെണ്‍കുട്ടി ഒരു ചത്ത പക്ഷിയെ തന്റെ സഞ്ചിയിലാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട അദ്ദേഹം കുതിരയെ നിറുത്തി താഴെ ഇറങ്ങി. ആ പെണ്‍കുട്ടിയുടെ അടുത്തെത്തി ചോദിച്ചു : ‘അല്ല മോളേ, ഈ ചത്ത പക്ഷിയെ കൊണ്ട് പോയി നീ എന്ത് ചെയ്യാനാണ്?’ ഇത് കേട്ട പെണ്‍കുട്ടി കരയാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു : ‘ഞങ്ങളുടെ പിതാവ് ജീവിച്ചിരിപ്പില്ല. ചില അക്രമികള്‍ അദ്ദേഹത്തെ കൊന്ന് കളഞ്ഞു. ഞങ്ങളുടെ മുഴുവന്‍ സമ്പത്തും ആ ദ്രോഹികള്‍ കൊള്ളചെയ്തു.’ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍ തുടര്‍ന്നു, ‘ഇപ്പോള്‍ ഞാനും എന്റെ കൊച്ചനുജനും മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് വീട്ടില്‍ വിശപ്പകറ്റാന്‍ ഒന്നുമില്ല. അങ്ങിനെ സഹികെട്ട് വീടിന് വെളിയിലിറങ്ങിയതാണ് ഞാന്‍. വല്ലതും കിട്ടുമോ എന്ന് തിരയുന്നതിനിടയില്‍ ചത്തുകിടക്കുന്ന ഈ പക്ഷിയെ ഞാന്‍ കണ്ടു. എന്റെ കുഞ്ഞനുജന്‍ വീട്ടില്‍ വിശന്ന് വാവിട്ട് നിലവിളിക്കുകയാണ്. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. ഈ ശവം കൊണ്ടെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കണമെന്ന് ഞാന്‍ കൊതിച്ചു. ഈ പക്ഷിയുടെ മാംസം വേവിച്ച് ഞാന്‍ അവന്റെ വിശപ്പകറ്റും. അവന്റെ വയറ് നിറഞ്ഞാല്‍ അവന് സമാധാനത്തോടെ ഉറങ്ങാമല്ലോ.’ ഇതും പറഞ്ഞ് പെണ്‍കുട്ടി വീണ്ടും കരയാന്‍ തുടങ്ങി.
ഈ കദനകഥ കേട്ട് അബ്ദുല്ലാഹിബ്‌നു മുബാറകിന്റെ ഉള്ളലിഞ്ഞു. ആ പെണ്‍കുട്ടിയെ വിറകൈകളാല്‍ ചേര്‍ത്തു നിര്‍ത്തി അദ്ദേഹവും കരയാന്‍ തുടങ്ങി. കരച്ചില്‍ ഒരു വിലാപമായി മാറി. ഒരല്‍പം കഴിഞ്ഞ് ഹജ്ജിനായി കരുതിവെച്ച മുഴുവന്‍ തുകയും അദ്ദേഹം തന്റെ സഞ്ചിയില്‍ നിന്ന് പുറത്തെടുത്ത് ആ പെണ്‍കുട്ടിയുടെ കയ്യില്‍ വെച്ച് കൊടുത്ത് പറഞ്ഞു : ‘ഈ പണവുമായി മോള് വീട്ടിലേക്ക് ചെല്ലുക. നിന്റെ കുഞ്ഞനുജന് ആവശ്യമായതൊക്കെ വാങ്ങുക. എപ്പോഴും അല്ലാഹുവിനോട് നന്ദി കാണിക്കുക.’
ഇതും പറഞ്ഞ് ഇബ്‌നു മുബാറക് വന്ന വഴിയെ തിരിച്ച് നാട്ടിലേക്ക് മടങ്ങി. പട്ടണത്തിലെത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ നോക്കി ചോദിച്ചു : ‘അല്ല, താങ്കള്‍ ഹജ്ജിന് പുറപ്പെട്ടതല്ലേ, എന്തേ ഇത്ര പെട്ടന്ന് തിരിച്ചെത്തി?’
‘അല്ലാഹു ഈ വര്‍ഷം എന്റെ ഹജ്ജ് സ്വീകരിച്ചിരിക്കുന്നു.’ എന്നാണ് അദ്ദേഹമതിന് മറുപടി നല്‍കിയത്.