Back To Top

 ഏറ്റവും വിശുദ്ധമായ സ്ഥലം മക്കയാണ്, ഭൂമിയുടെ മധ്യവും

ഏറ്റവും വിശുദ്ധമായ സ്ഥലം മക്കയാണ്, ഭൂമിയുടെ മധ്യവും

Spread the love

ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലം മക്കയാണ്. ഖുർആനിൽ ഈ പ്രദേശം ബക്ക, ഉമ്മുൽ ഖുറാ, അൽബലദുൻ അമീൻ, ഖർയ, അൽബലദ് എന്നീ പേരുകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലാണ് മക്ക. നാലായിരം കൊല്ലം മുമ്പ് ഇബ്റാഹീം നബിയുടെ ആഗമനകാലത്ത് അവിടം ജലശൂന്യമായിരുന്നു. അതിനാൽ ഫലശൂന്യവും. അക്കാരണങ്ങളാൽത്തന്നെ ജനശൂന്യവും. പിന്നീട് അവിടം അവിസ്മരണീയങ്ങളായ അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

മക്കയുടെ വിശുദ്ധിക്ക് അതിന്റെ ഉൽപത്തിയോളം പഴക്കമുണ്ട്. ആ നഗരം ഇസ്ലാമിന്റെ വരുതിയിൽ വന്ന നാൾ നബിതരുമേനി പ്രഖ്യാപിച്ചു: “അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ തന്നെ ഈ നാടിന്റെ പാവനമാക്കിയിരിക്കുന്നു. അതിനാൽ, ഇത് അന്ത്യദിനംവരെ അവ്വിധം പാവനമായിരിക്കും.” (ബുഖാരി, മുസ്ലിം)

പ്രവാചകന് ഏറ്റവും പ്രിയപ്പെട്ട പ്രദേശം മക്കയായിരുന്നു. അവിടുന്ന് മക്കയെ സംബോധന ചെയ്തുകൊണ്ടിങ്ങനെ പറഞ്ഞു: “എത്ര വിശുദ്ധമായ നാടാണ് നീ, എനിക്ക് നിന്നോട് എന്തൊരു സ്നേഹമാണ്, എന്റെ ജനത നിന്നിൽ നിന്നും എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ മറ്റൊരു നാട്ടിൽ ഞാൻ താമസമാക്കുമായിരുന്നില്ല.” (തിർമിദി)

ഏവർക്കും തീർത്തും നിർഭയമായ ഈ ആദരണീയ സ്ഥലം (ഹറം) നിർണിതമാണ്. അതിന്റെ കിഴക്കെ അതിർത്തി മസ്ജിദുൽ ഹറാമിൽ നിന്ന്
പത്തൊമ്പത് കിലോമീറ്റർ ദൂരെ അറഫയോട് ചേർന്നുകിടക്കുന്ന നമിറ താഴ്വരയാണ്. വടക്കേ അതിർത്തി പന്ത്രണ്ട് കിലോമീറ്റർ അകലെ ജാദയും, ത്വാഇഫ് റോഡിലെ നഖ്ലാ താഴ്വരയിൽ ജിഅ്റാനയുടെ ഭാഗത്താണ് ഈ സ്ഥലം. തെക്കെ അതിർത്തി പതിനൊന്ന് കിലോമീറ്റർ ദൂരെ യമനിലേക്കുള്ള വഴിയിലെ ഇളാഅത് ലബൻ ആണ്. പടിഞ്ഞാറ് ശുമൈസിയും. മസ്ജിദുൽ ഹറാമിൽ നിന്ന് അവിടേക്കുള്ള ദൂരം ഇരുപത് കിലോമീറ്ററാണ്. മക്കാനിവാസികൾ ഉംറ നിർവഹിക്കാനായി ഇഹ്റാമിൽ പ്രവേശിക്കാറുള്ള തൻഈം’ മസ്ജിദുൽ ഹറാമിൽനിന്ന് ഏഴു കിലോമീറ്റർ ദൂരെ വടക്കുപടിഞ്ഞാറെ അതിർത്തിയിലാണ്. നബിതിരുമേനിയോടൊന്നിച്ച് ഹജ്ജിനെത്തിയ ആഇശ (റ) ആർത്തവം കാരണം ഉംറ നിർവഹിച്ചരുന്നില്ല. അതിനാൽ, ഹജ്ജ് പൂർത്തീകരിച്ചശേഷം നബിതിരുമേനിയുടെ അനുവാദവും നിർദേശവുമനുസരിച്ച് ഉംറ നിർവഹിച്ചു. അപ്പോൾ ഇഹ്റാമിൽ പ്രവേശിച്ചത് തൻഈമിൽ വെച്ചായിരുന്നു. അവിടെ ഇപ്പോൾ “മസ്ജിദ് ആഇശ’ എന്ന പേരിലൊരു പള്ളിയുണ്ട്. 1990-ൽ സുഊദി സർക്കാർ അത് പുനർനിർമിക്കുകയുണ്ടായി.

പാവനമായ മക്ക പർവതങ്ങളാൽ ചുറ്റപ്പെട്ട പട്ടണമാണ്. മൂന്നു പ്രവേശന കവാടങ്ങളാണ് ഈ പട്ടണത്തിനുള്ളത്. മുഅല്ലയും മിസ് ഫലയും ശുബൈകയും. അവിടത്തെ പഴയ കെട്ടിടങ്ങളെല്ലാം 1699 മുതൽ 1924 വരെ നിലനിന്ന ഉസ്മാനിയാ ഭരണകാലത്ത് നിർമിക്കപ്പെട്ടവയാണ്. അതിനാൽ, അറേബ്യൻ, പേർഷ്യൻ, സിറിയൻ, തുർക്കി സംസ്കാരങ്ങളുടെ സംഗമം അവയുടെ ശിൽപ വിദ്യയിൽ നിറഞ്ഞുനിൽക്കുന്നു. പൗരാണികതയുടെ സവിശേഷമായ സൗന്ദര്യവും അവക്കുണ്ട്.

ഹി: 40-ൽ മക്കാനഗരിയുടെ വിസിതീർണം 16.4 ഹെക്ടറായിരുന്നു. ഹി 169-ൽ അത് 40 ഹെക്ടറായി വർധിച്ചു. ഹി: 1403-ൽ 5525 ഹെക്ടറും 1408-ൽ 5900 ഹെക്ടറുമായി വികസിച്ചു.

മക്കയിലെ ശബീക്ക, ശാമിയ, ഖറാറ, ശഅബ് ആമിർ, സൂഖുല്ലൈൽ പോലുള്ള കോളനികളിൽ ജനസാന്ദ്രത ഹെക്ടറിന് നാനൂറിനും അറുനൂറിനുമിടയിലാണ്. ഹി: 1390-നു ശേഷം മക്കാനഗരം വമ്പിച്ച വികാസം നേടുകയുണ്ടായി. ജല വിതരണം, ഗതാഗതം, നഗര ശുചീകരണം, ചികിത്സാരംഗം പോലുള്ളവയിൽ ലോകത്തിലെ പരിഷ്കൃത നഗരങ്ങളോട് കിടപിടിക്കാൻ മക്കക്ക് കഴിഞ്ഞു.

ഭൂമിയുടെ മധ്യം മക്കയാണെന്ന് ഭൂസർവേ പ്രൊഫസർ ഡോക്ടർ ഹുസൈൻ കമാലുദ്ദീൻ സമർഥിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മുസ്ലിമിനും എളുപ്പത്തിൽ ഖിബ് ലയുടെ സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുക്കാനായി നടത്തിയ പഠനം, മക്ക കേന്ദ്രമാക്കി ഒരു വൃത്തം വരച്ചാൽ അത് എല്ലാ ഭൂഖണ്ഡങ്ങളെയും സ്പർശിക്കുമെന്ന പുതിയ അറിവു നേടാനിടയാക്കി. ആദ്യം ഭൂപടത്തിൽ ഓരോ പ്രദേശത്തുനിന്നും ഖിബ് ലയിലേക്കുള്ള ദിശയും ആറ് ഭൂഖണ്ഡങ്ങളിൽനിന്ന് അതിലേക്കുള്ള ദൂരവും നിർണയിച്ചു. തുടർന്ന് ഭൂമധ്യരേഖയും അക്ഷാംശ-രേഖാംശ രേഖകളും പരിശോധിച്ചു. അതോടെ ഈ രേഖകളുടെ കേന്ദ്രബിന്ദു മക്കയാണന്ന് ബോധ്യമായി. മക്ക കേന്ദ്രമാക്കി വരയ്ക്കു ഒരു വൃത്തം എല്ലാ ഭൂഖണ്ഡങ്ങളുടെയും അതിരുകളെ സ്പർശിച്ച് കടന്നുപോകുന്നു. അല്ലാഹുവിന്റെ ഭവനം ഭൂമിക്ക് മധ്യത്തിൽ തന്നെ ആയിരിക്കണമല്ലോ.

നിനവുകളിൽ നഗരപിതാവ്
നഗരങ്ങളുടെ മാതാവാണ് മക്ക. വിശുദ്ധ ഖുർആൻ അങ്ങനെയാണതിനെ വിശേഷിപ്പിച്ചത്. ഭൂമിയിലെ അതിന്റെ കിടപ്പും ചരിത്രവസ്തുതകളും ഖുർആനിക പ്രയോഗത്തെ അന്വർഥമാക്കുന്നു.

നാൽപത്തൊന്ന് നൂറ്റാണ്ടുകൾ പിന്നിട്ട നഗര നിർമിതിക്ക് നിമിത്തമായ പൂർവ പിതാവിന്റെ പ്രാർഥനയുടെ പ്രതിധ്വനി കാതുകളിൽ വന്നലയ്ക്കുന്നു. “നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! ഇതിലെ നിവാസികളിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വശ്വസിച്ചവർക്ക് നീ നാനാവിധ ഫലങ്ങൾ ആഹാരമായി നൽകേണമേ,” അല്ലാഹുവിന്റെ മറുപടി ഉടനെയുണ്ടായി: “അവിശ്വാസികൾക്കും ഞാൻ ഈ ലോകത്തെ ക്ഷണിക ജീവിതത്തിലെ വിഭവങ്ങൾ നൽകുന്നതാണ്. എന്നാൽ, ഒടുവിൽ അവരെ നരകത്തിലേക്ക് തള്ളിവിടും. അത് നന്നെ ചീത്ത സങ്കേതം തന്നെ.’ (അൽബഖറ: 126)

മക്കയെ ഭൂമിയുടെ മുത്തും മാണിക്യവുമാക്കി മാറ്റിയ മുഹമ്മദ് നബിയുടെ നിയോഗത്തിനു പിന്നിൽ പോലും പൂർവപിതാവ് ഇബ്റാഹീം പ്രവാചകന്റെ പ്രാർഥനയുണ്ടല്ലോ: “ഞങ്ങളുടെ നാഥാ, നീ ഈ ജനതയിൽ അവരിൽനിന്നു തന്നെയുള്ള ദൂതനെ നിയോഗിക്കേണമേ! അദ്ദേഹം അവരെ നിന്റെ വചനങ്ങൾ കേൾപ്പിക്കും. ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കും. അവരുടെ ജീവിതത്ത സംസ്കരിക്കുകയും ചെയ്യും. നീ സർവശക്തനും യുക്തിജ്ഞനുമാണല്ലോ. (അൽബഖറ: 129) ”

യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടത്തിലെ ഊർ പട്ടണത്തിലാണ് ഇബ്റാഹീം പ്രവാചകൻ പിറന്നത്. ഉൽപത്തി പുസ്തകമനുസരിച്ച് അദ്ദേഹത്തിന്റെ പേർ അബ്റാം’ എന്നാണ്. പ്രാചീന അറബി ഭാഷയിൽ ആ പദത്തിനർഥം “ഉന്നതാഭിലാഷമുള്ളവൻ’ എന്നാണ്. ആ മഹൽ ജീവിതത്തിന് ചേർന്ന പേരുതന്നെ.

പുസ്തകപുറങ്ങളിൽ പതിഞ്ഞുകിടക്കുന്ന നഗരപിതാവന്റെ നാട് മനസ്സിൽ തെളിഞ്ഞുവന്നു. ബാബിലോണിലെ ഊർ പട്ടണം. അയ്യായിരം ദേവൻമാരുള്ള ദേശം. ഓരോ പട്ടണത്തിനും പ്രത്യേക ദേവൻ; ഊർ പട്ടണത്തിന്റെ കുലദൈവം നന്നാർ (ചന്ദ്രദേവൻ), തൊട്ടടുത്ത ലർസ നഗരത്തിലേത് ശമ്മാസ് (സൂര്യദേ വൻ), ഊർപട്ടണത്തിലെ കുന്നിൻ മുകളിൽ നന്നാറിന്റെ ക്ഷേത്രം; തൊട്ടടുത്ത് നന്നാറിന്റെ ദേവി നിൻഗലിന്റെ ക്ഷേത്രവും. വിഗ്രഹപൂജയിൽ വ്യാപൃതരായ രണ്ടര ലക്ഷത്തിലേറെ ജനം; അവരോ മൂന്നു വർഗം. വരേണ്യ വിഭാഗം അമേലു. അധികാരം കൈയാളിയിരുന്നതും ഉന്നത ഉദ്യോഗങ്ങൾ വഹിച്ചിരുന്നതും അവരാണ്. കാർഷിക വൃത്തിയിലും വ്യാപാരത്തിലും വ്യാപൃതരായ മുഷ്കന്നുകൾ. അടിമകളായ അർദുകൾ.

ഇബ്റാഹീം നബി അമേലു വർഗക്കാരനായിരുന്നു. രാജാവിന്റെ പാർശ്വ വർത്തിയും വിഗ്രഹശിൽപിയുമായ ആസറിന്റെ പുത്രൻ. അദ്ദേഹം അവരെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിച്ചു. വിഗ്രഹാരാധന വർജിക്കണമെന്നുപദേശിച്ചു. എന്നാൽ, പിതാവിനുപോലും പുത്രന്റെ നിലപാട് പഥ്യമായില്ല. അദ്ദേഹവും സമൂഹവും ഇബ്റാഹീം നബിയെ നിരാകരിച്ചു. കഠിനമായി എതിർത്തു. അവരുടെ ജീവിതം ക്ഷേത്രങ്ങളുമായും അവയിലെ പ്രതിഷ്ഠകളുമായും കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നുവല്ലോ. എതിർപ്പിന് നേതൃത്വം നൽകിയത് പൂജാരിമാരുൾപ്പെടുന്ന വരേണ്യവർഗമാണ്. അവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള മത-സാമൂഹിക ഘടന വളരെയേറെ സുഖകരവും സൗകര്യപ്രദവുമാണ്. രാജ്യത്തെ സമ്പത്തിന്റെ സിംഹഭാഗവും ക്ഷേത്രങ്ങളുടെ വകയായിരുന്നു. അവയിലെ വരുമാനമെല്ലാം ഒഴുകിയെത്തിയിരുന്നത് ഉപരി വർഗത്തിന്റെ കൈകളിൽ. ഇബ്റാഹീം പ്രവാചകന്റെ പ്രബോധനം ആ സാമൂഹിക ഘടനയെ തകിടം മറിക്കുമെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ, ശത്രുതക്കടിസ്ഥാനം പൂർവികരിലൂടെ പരിചയിച്ചു പോന്ന പാരമ്പര്യങ്ങളും ശീലിച്ചുവന്ന ശൈലികളും ആചരിച്ചുവന്ന ചര്യകളും കൈയൊഴിയാനുള്ള വിമുഖത മാത്രമായിരുന്നില്ല; മറിച്ച്, തങ്ങൾക്ക് പ്രത്യേകാവകാശങ്ങളും പരിഗണനകളും ഉറപ്പുവരുത്തിയ ചൂഷണ വ്യവസ്ഥ തകരുമെന്ന ഭീതി കൂടിയായിരുന്നു. ഇന്ത്യയിലെ ദേവദാസിമാരെപ്പോലെത്തന്നെ പുരോഹിതൻമാരുടെയും പ്രമാണിമാരുടെയും കാമകേളികൾക്ക് കളമൊരുക്കിയിരുന്ന, ദേവന്മാർക്ക് സമർപ്പിക്കപ്പെട്ട കന്യകമാർ ആയിരക്കണക്കിനായിരുന്നു. ഊർനഗരത്തിൽ പാമീറിൽനിന്നും നീലഗിരിയിൽനിന്നുമെല്ലാം ചരക്കുകൾ ഇറക്കുമതി ചെയ്യപെടുമായിരുന്നു. വിഖ്യാതമായ വ്യാപാര കേന്ദ്രമായതിനാൽ ക്ഷേത്രങ്ങളിൽ കണക്കറ്റ് കാണിക്കകൾ കിട്ടിയിരുന്നു. ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ ദൈവദൂതനെ നിഷേധിച്ചു. ബഹുജനം അവരോടൊപ്പം ചേർന്നു. വിശക്കാ തെയും വിയർക്കാതെയും വിലസുന്ന വരേണ്യവർഗത്തിന്റെ അടിമകളും ആജ്ഞാനുവർത്തികളുമായിരുന്നു അവർ.

ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളിൽ പലതും സൂര്യ-ചന്ദ്ര നക്ഷത്രാദിഗോളങ്ങളുടേതായിരുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യാനാ വാത്ത അവയുടെ നിസ്സഹായതയും ദൗർബല്യവും ഇബ്റാഹീം തന്റെ ജനതക്ക് വിവരിച്ചുകൊടുത്തു. അവ പ്രതിനിധീകരിക്കുന്ന സാക്ഷാൽ ഗോളങ്ങളെ ആരാധിക്കുന്നതുപോലും അർഥശൂന്യമെന്ന് ബോധ്യപ്പെടുത്തി. നിശിതമായ ബുദ്ധിക്കും നിസ്തുലമായ നിസ്വാർഥക്കും കീർത്തികേട്ട അദ്ദേഹം തികഞ്ഞ യുക്തിബോധത്തോടെയാണ് അവരെ സമീപിച്ചത്. എന്നിട്ടും ഭൗതികാസക്തിക്കടിമപ്പെട്ട മേലാളവർഗം അദ്ദേഹത്തിന്റെ ഗുണകാംക്ഷാപൂർണമായ ഉപദേശങ്ങൾ നിരാകരിച്ചു. അവരുടെ ആരാധനകൾ പോലും ഐഹികനേട്ടങ്ങൾ ലക്ഷ്യം വെച്ചായിരുന്നു; ചരിത്രത്തിലെ മറ്റെല്ലാ ബഹുദൈവവിശ്വാസികളെയും പോലെ. മതത്തെ കച്ചവടച്ചരക്കാക്കിയ അവരുടെ ആജ്ഞാനുവർത്തികളായ അടിമകൾക്കാണെങ്കിൽ സ്വന്തമായ വിശ്വാസവീക്ഷണങ്ങളോ വികാര വിചാരങ്ങളോ ഉണ്ടായിരുന്നില്ല.

എന്തൊരു ധീരനായ വിപ്ലവകാരിയായിരുന്നു ഇബ്റാഹീം പ്രവാചകൻ, നിരവധി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തിലേക്ക് അദ്ദേഹം കോടാ ലിയുമായി കടന്നുചെന്നു. അവിടെയുണ്ടായിരുന്ന ദൈവങ്ങളെ ആഞ്ഞുവെട്ടി. അവ തകർന്ന് കഷ്ണങ്ങളായി ചിതറി. വലിയ വിഗ്രഹത്തെ വെറുതെ വിട്ടു. അതിന്റെ കഴുത്തിൽ മഴു തൂക്കിയിടുകയും ചെയ്തു. ഇതൊക്കെയും തന്റെ ജനതയെ ബോധവത്കരിക്കാനായിരുന്നു. സത്യമവർക്ക് ബോധ്യമാവുകയും ചെയ്തു. പക്ഷേ, അവരതംഗീകരിച്ചില്ല. പ്രമാണിവർഗം പൊതുജനത്തിന്റെ മതവികാരമുണർത്തി അവരെ പ്രകോപിതരാക്കുകയാണുണ്ടായത്.

ഇബ്റാഹീം നബി ഏകനായിരുന്നു. അദ്ദേഹത്തന്റെ ശബ്ദം ഒറ്റപ്പെട്ടതും. എന്നിട്ടുമത് ഒരു നാടിനെയാകെ ഇളക്കിമറിച്ചു. പുരോഹിതൻമാരുടെ ഉറക്കംകെടുത്തി. ഭരണാധികാരികളെ അശാന്തരാക്കി. ഒരൊറ്റയാളുടെ ഒറ്റപ്പെട്ട ശബ്ദം ഒരു രാജ്യത്തെ മുഴുവനും പിടിച്ചുകുലുക്കിയതെന്തുകൊണ്ട് ? പ്രധാന കാരണം, അദ്ദേഹം വിളിച്ചുപറഞ്ഞ വിപ്ലവ വാക്യത്തിന്റെ പ്രത്യേകതതന്നെ. തൗഹീദാ(ഏകദൈവ വിശ്വാസം)യിരുന്നുവല്ലോ അത്. ജനജീവിതത്തെയും രാജ്യഘടനയെയും അടിമുടി മാറ്റിമറിക്കുന്ന മാസ്മരിക ശക്തി! അതിനാൽ, നിലവിലുള്ള വ്യവസ്ഥയുടെ കാവൽക്കാരനായ നംറൂദ് ഉൾപ്പെടെ അദ്ദേഹത്തിനെതിരെ രംഗത്തിറങ്ങി. അവർ ഇബ്റാഹീമിനെ കരിച്ചുകളയാൻ അഗ്നികു മൊരുക്കി. ഏകദൈവത്വത്തിന്റെ തെളിനീർ വറ്റിച്ചുകളയാമെന്നായിരുന്നു നംറൂദിന്റെയും കൂട്ടാളികളുടെയും കണക്കുകൂട്ടൽ. സത്യനിഷേധത്തിന്റെ കേന്ദ്രത്തിൽ നിന്നുയർന്ന വിശ്വാസ ജ്വാല കെടുത്തിക്കളയാമെന്നും. അങ്ങനെ ഇബ് റാഹീമിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദർശത്തെയും ചാരമാക്കി മാറ്റാമെന്ന പ്രതീക്ഷയോടെ അവരദ്ദേഹത്തെ തീക്കുണ്ഡത്തിലേക്കെറിഞ്ഞു.

അതിനുമുമ്പ് പത്തു ദിവസം അവരദ്ദേഹത്തെ തടവിലിട്ടിരുന്നുവെന്ന് തൽമൂദിലുണ്ട്. എന്നാൽ, അവരുടെ വ്യാമോഹം വെണ്ണീറായി മാറുകയായിരുന്നു. ഏകദൈവ വിശ്വാസത്തിന്റെ ജ്വലിക്കുന്ന പ്രകാശഗോപുരത്തെ കരിച്ചുകളയാൻ നംറൂദന്റെ തീക്കനലുകൾക്ക് കഴിഞ്ഞില്ല. അദ്ദേഹം പോറലൊന്നും പറ്റാതെ പുഞ്ചിരി തൂകി പുറത്തുവന്നു. വിഗ്രഹ നിർമാതാവിന്റെ വിഗ്രഹഭഞ്ജകനായ മകൻ നിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും തീ കെടുത്തുന്ന, തൗഹീദിന്റെ തീയായിത്തീർന്നു. നേരത്തെ ബാബേൽ ഗോപുരം പണിത് ദൈവത്തെ അമ്പെയ്യാൻ ഒരുമ്പെട്ട് തന്റെ തന്നെ കൊട്ടാരത്തിനടിയിലൊടുങ്ങിയ നംറൂദിന്റെ പിൻഗാമി നിന്ദ്യനായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെത്തി. ഇബ്റാഹീം പ്രവാചകൻ സത്യപ്രബോധനത്തിനു പറ്റിയ പുതിയ ഇടം പരതി പുറപ്പെട്ടു. തന്നെ കഠിനമായെതിർത്ത് വീട്ടുകാരോടും നാട്ടുകാരോടും വിടപറഞ്ഞു. ഇറാഖ് മുതൽ ഈജിപ്ത് വരെയും സിറിയ, ഫലസ്തീൻ തൊട്ട് അറേബ്യൻ മരുഭൂമിയുടെ വിവിധ പ്രദേശങ്ങൾ വരെയും ചുറ്റിത്തിരിഞ്ഞു. സ്വാർഥതയുടെയും കൈയൂക്കിന്റെയും നീതിശാസ്ത്രം, കെട്ടവിശ്വാസങ്ങളുടെ കരുത്തിൽ ജനങ്ങളെ ഭരിക്കുന്നതിനെതിരെ നിലകൊണ്ടു. അജ്ഞതക്കും മർദനത്തിനു മെതിരെ പൊരുതി. വിഗ്രഹാരാധനയുടെ വ്യർഥതയും വിപത്തും വിളംബരം ചെയ്തു. ഇബ്റാഹീം നബിയെ സംബന്ധിച്ചിടത്തോളം ദിവ്യസന്ദേശങ്ങളുമായി അജ്ഞാത ദേശങ്ങളിലൂടെയുള്ള ഈ അലഞ്ഞുതിരിയൽ സ്വന്തം സത്ത കണ്ടെത്താനുള്ള തീർഥയാത്ര കൂടിയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് ഹാജറാബീവിയെ ലഭിച്ചത്. ഈജിപ്തിലെ രാജാവ് ഹാജറയെ അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. ഇബ്റാഹീം നബി ഹാജറയെയും അവരിലുണ്ടായ കൊച്ചുമകനെയും കൂട്ടി യാത്ര തുടർന്നു. പുതിയ പുറപ്പാട് അവരെ താമസിപ്പിക്കാൻ തീരുമാനിക്കപ്പെട്ട ശാന്തിതീരം തേടിയായിരുന്നു. ശിർക്കി(ബഹുദൈവത്വം)ന്റെ ശൈത്വാൻ പിടികൂടാത്ത, കുഫ്റിന്റെ (സത്യനിഷേധം) കറയും ചേറും പുരളാത്ത താഴ്വരയായിരുന്നു ലക്ഷ്യം. ഏകദൈവോപാസനക്ക് ഏറ്റവും പറ്റിയ ഇടം തേടിയുള്ള ആ നീണ്ട യാത്ര മക്കാപട്ടണത്തിന്റെ പിറവിക്ക് നിമിത്തമായി. കഴിഞ്ഞ നിരവധി നൂറ്റാണ്ടുകളിലെ എണ്ണമറ്റ ജനകോടികളുടെ തീർഥയാത്രക്ക് കാരണമായതും മറ്റൊന്നല്ല.

Prev Post

റസൂലി (സ) ന്റെ പേരിൽ ബലി അറുക്കാമോ?

Next Post

ഹജറുൽ അസ് വദും ശിലാപൂജയും

post-bars

Related post

You cannot copy content of this page