ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിലെ യുക്തി
ഇബാദത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം സ്പഷ്ടമായി ഗ്രഹിച്ച ഒരാള്‍ മുസ്‌ലിംങ്ങള്‍ കഅ്ബയെയും ഹജറുല്‍ അസ്‌വദിനെയും ആരാധിക്കുന്നു എന്ന് പറയില്ല. മുസ്‌ലിങ്ങള്‍ ഖുര്‍ആനെയും സുന്നത്തിനെയും പിന്‍പറ്റി ഏകനായ അല്ലാഹുവിനെ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. വിഗ്രഹാരാധകരെയും അറേബ്യന്‍ മുശ്‌രിക്കുകളെയും കഅ്ബയില്‍ നിന്ന് തിരിച്ച് വിട്ട് നാഥന്‍ അവന്റെ ഗേഹത്തെ പരിശുദ്ധമാക്കി. അവരാകട്ടെ ഇസ്‌ലാമിന് മുമ്പ് ഈ ഗേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. സാക്ഷാല്‍ അല്ലാഹുവിനവര്‍ ഇബാദത്ത് ചെയ്തില്ല.
ഒരു വസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നത് അതിന്നുള്ള ആരാധനയാണല്ലോ. ഉപദ്രവങ്ങള്‍ തടുക്കാനും ആഗ്രഹങ്ങള്‍ സാധിക്കാനും വിഗ്രഹങ്ങള്‍ക്ക് അസാധാരണമായ കഴിവുണ്ടെന്ന വിശ്വാസത്തിലാണ് അവരുടെ വാക്കും പ്രവര്‍ത്തിയും. വിഗ്രഹങ്ങളെ ആരാധിക്കുന്നതിലും തൃപ്തിപ്പെടുത്തുന്നതിലും വീഴ്ചവരുത്തിയാലുള്ള ആപത്തുകളും പരീക്ഷണങ്ങളും അവരെ ഭയപ്പെടുത്തിയിരുന്നു. ഈ ശക്തിയും കഴിവും ആരാധിക്കപ്പെടുന്ന വസ്തുവിന്റെ കഴിവില്‍പെട്ടതാണെങ്കില്‍ ഉപകാരവും ഉപദ്രവവും ചെയ്യാനാകും. ഇനി ഉപകാരവും ഉപദ്രവവും ആരാധിക്കപ്പെടുന്ന വസ്തുവിന്റെ കഴിവില്‍ പെട്ടതല്ലെങ്കില്‍ ആ കഴിവുള്ള ശക്തിക്കും അവര്‍ക്കുമിടയിലുള്ള ഇടയാളരായാണ് വിഗ്രഹങ്ങളെത്തുന്നത്.
ഹജറുല്‍ അസ്‌വദ് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്ന ശക്തിയാണെന്ന് മുസ്‌ലിങ്ങള്‍ക്ക് വിശ്വാസമില്ല. അതൊരു ദൈവമല്ല. ആരാധിക്കപ്പെടുന്നുമില്ല. അതിനെ മുത്തുന്നവന് എന്തെങ്കിലും ഉപകാരം ചെയ്യാനോ അല്ലാഹുവില്‍ വല്ല സ്വാധീനം ഉണ്ടാക്കാനോ ആ ശിലക്ക് കഴിയില്ല. ജാഹിലിയ്യാ അറബികള്‍ നേരെ മറിച്ചായിരുന്നു. അവര്‍ക്ക് അതൊരു വിഗ്രഹമായിരുന്നു. ‘ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനല്ലാതെ ഞങ്ങളതിനെ ആരാധിക്കുന്നില്ല’ എന്നതായിരുന്നു അവരുടെ വാദം. ‘അവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണ്’ എന്നും അവര്‍ക്ക് അവയെ ആരാധിക്കാന്‍ ന്യായമുണ്ടായിരുന്നു.
ഹജറുല്‍ അസ്‌വദുമായി ബന്ധപ്പെട്ട് മുസ്‌ലിങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന രീതിയില്‍ രണ്ടാം ഖലീഫ ഉമര്‍(റ) ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ‘നീ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധ്യമല്ലാത്ത ഒരു കല്ല് മാത്രമാണെന്നെനിക്കറിയാം. അല്ലാഹുവിന്റെ പ്രവാചകന്‍ നിന്നെ ചുംബിക്കുന്നതായി കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല.’ ഉമര്‍(റ)ന്റെ ഈ വാക്കിനെ കുറിച്ച് ഖത്താബി പറയുന്നു: ‘അറിയപ്പെട്ടതോ ബുദ്ധിപരമോ ആയ കാരണങ്ങളില്‍ അധിഷ്ഠിതമല്ലെങ്കിലും സുന്നതിനെ പിന്‍പറ്റേണ്ടത് നിര്‍ബന്ധമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.’ ത്വബ്‌രി പറയുന്നു: ‘ഉമര്‍ ഇത് പറഞ്ഞ സന്ദര്‍ഭത്തില്‍ ആ ജനത വിഗ്രഹാരാധനയില്‍ നിന്ന് പുതുതായി ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു. ഹജറുല്‍ അസ്‌വദിനെ മുത്തുന്നത് ജാഹിലിയ്യാ അറബികള്‍ കല്ലിനെ ബഹുമാനിച്ചതു പോലെതന്നെയാണെന്ന് അവിവേകികള്‍ മനസ്സിലാക്കിയേക്കുമോയെന്ന് ഉമര്‍(റ) ഭയപ്പെട്ടു. കറുത്തകല്ലിന് ഒരുകഴിവും ശക്തിയും ഇല്ലെന്നും അതിനെ തൊട്ടുമുത്തുന്നത് റസൂലിന്റെ ഒരു ചര്യയെ പിന്‍പറ്റുക മാത്രമാണെന്നും ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഉമര്‍ അത് പറഞ്ഞത്.’
ഹജ്ജ് സീസണില്‍ എല്ലാ സ്വഹാബികളും ഉണ്ടായിരിക്കെ ഉമര്‍ പറഞ്ഞ ഈ വാക്കുകളെ ആരും തിരുത്തിയില്ല. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്നതും തൊടുന്നതും നബിയെ അനുസരിക്കലും അനുധാവനം ചെയ്യലുമാണ്. അല്ലാതെ അതിനെ ആരാധിക്കലല്ല.
മുശ്‌രികുകളോട് ആഭിമുഖ്യം പുലര്‍ത്താനും അവരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും വേണ്ടി നബി(സ) ശിര്‍ക്കിന്റെ ചില അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയാണ് ഹജറുല്‍ അസ്‌വദിലൂടെ ചെയ്തതെന്ന് ഒരു ആരോപണമുണ്ട്. എന്നാല്‍ ആ ശില ശിര്‍കിന്റെ അടയാളത്തില്‍ പെട്ടതല്ല. അത് ദൈവമല്ല. അവിശ്വാസികള്‍ സ്ഥാപിച്ചതുമല്ല, അതൊരു മൂര്‍ത്തിയുടെ പ്രതീകവുമല്ല. ഏകദൈവ വിശ്വാസികളുടെ നേതാവായ ഇബ്‌റാഹീമാണത് സ്ഥാപിച്ചത്. കഅ്ബയില്‍ അത് ത്വവഫിനുള്ള അടയാളം കൂടിയാണ്. ഈ ശിലയാണ് ത്വവഫുചെയ്യുന്നവര്‍ക്ക് ആശയക്കുഴപ്പമില്ലാതെ അവരുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നത്. ഇക്കാരണത്താല്‍ ഇത് അല്ലാഹുവിന്റെ ചിഹ്നത്തില്‍ ഒന്നായിത്തീര്‍ന്നു. അതിനാല്‍ കഅ്ബയെപോലെ ഹജറുല്‍ അസ്‌വദും ആദരിക്കപ്പെട്ടു. കഅ്ബ കല്ലുകൊണ്ടാണ് നിര്‍മിക്കപ്പെട്ടതെങ്കിലും അതിന്റെ അടിസ്ഥാന തത്വം ഇബാദത്താണ്. ഏറ്റക്കുറച്ചിലില്ലാതെ നിയമദാതാവിന്റെ വിധിവിലക്കുകളെ അഗീകരിക്കലും അനുഷ്ഠിക്കലുമാണതിന്റെ രീതി. ഇക്കാരണത്താല്‍ പൂര്‍വികരും പിന്‍മുറക്കാരും കഅ്ബയെ എല്ലാഭാഗത്തും മുത്തിയിട്ടില്ല.
ഇസ്‌ലാമിന്റെ ചിഹ്നങ്ങളായ ഖുര്‍ആന്‍ പോലുള്ളവയെ മുത്തുന്നതും ആരാധനയോട് സമമാണെന്ന് വാദിക്കുന്നവരെ കാണാം. എന്നാല്‍ ആരാധനയല്ലാതെ മതചിഹ്നങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും അവയെ ചുംബിക്കുന്ന പതിവ് എല്ലാ സമുദായങ്ങളിലും കാണാം. അതാരും നിഷേധിക്കുന്നില്ല. ഇതില്‍ യൂറോപ്യന്മാരാണ് മുമ്പില്‍. അവര്‍ അവരുടെ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും സ്മാരകങ്ങള്‍ കെട്ടിപ്പൊക്കുകയും അവക്ക് നല്ല വര്‍ണ്ണങ്ങളും അലങ്കാരങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നിനെയും അവര്‍ ആരാധിക്കുന്നില്ല. പിന്നീട് എന്തുകൊണ്ട് നാം ദുരുദ്ദേശ്യക്കാരുടെ വാദങ്ങളെ ഭയപ്പെടുന്നു. മതപരവും ചരിത്രപരവുമായ അടിസ്ഥാനങ്ങളോടെയാണ് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. മുസ്‌ലിംജൂതക്രിസ്ത്യന്‍ മതവിശ്വാസികളെല്ലാം ഒരുപോലെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഖലീലുല്ലാഹി ഇബ്‌റാഹീം(അ) ആണ് അത് അവിടെ സ്ഥാപിച്ചത്. ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ)യാണ് അതിനെ അതിന്റെ സ്ഥാനത്ത് പുനസ്ഥാപിച്ചത്. ശിര്‍ക്കിന്റെയും അധര്‍മത്തിന്റെയും ശക്തികള്‍ക്ക് ഈ ശിലയെ സ്പര്‍ഷിക്കാന്‍ പോലും അവസരം ലഭിച്ചിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇത് വിഗ്രഹാരാധയുടെ അവശിഷ്ടമാവുക!
‘ഹജറുല്‍ അസ്‌വദ് ഭൂമിയില്‍ അല്ലാഹുവിന്റെ കൈയ്യാകുന്നു’ എന്ന ദുര്‍ബലമായ ഹദീസിന്റെ അടിസ്ഥാനത്തില്‍ കഅ്ബയെ മുത്തല്‍ അല്ലാഹുവിനോട് ബൈഅത്ത് ചെയ്യലാണെന്ന് വാദിക്കുന്ന ചില സൂഫികളും ഉണ്ട്. മോഹം ജനിപ്പിക്കുന്നതും പ്രചോദനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ മതങ്ങളിലും സുപരിചിതമത്ര. അപ്രകാരമാണ് ഈ രിവായത്തും.
സൂഫികളുടെ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് മുഹല്ലബ് പറയുന്നു: ‘ഈ കല്ല് ഭൂമിയിലുള്ള അല്ലാഹുവിന്റെ കയ്യാണെന്നും അതുമുഖേന തന്റെ അടിമകളെ അവന്‍ ഹസ്തദാനം ചെയ്യുന്നു വെന്നും വാദിക്കുന്നവര്‍ക്കുള്ള മറുപടിയത്രെ ഉമര്‍(റ)ന്റെ വാക്കുകള്‍. അല്ലാഹുവിന് ഒരവയവത്തെ സങ്കല്‍പിക്കുകയോ?! മആദല്ലാ. കഅ്ബാലയത്തില്‍ കല്ലിന് സാക്ഷിയാവുന്നവരില്‍ ആരാണ് യുക്തിയും കാരണവും നോക്കാതെ ദൈവവിധിയെ അനുസരിക്കുന്നവന്‍ എന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടിയാണ് ചുംബിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുക നിയമമാക്കിയത്. അതാവട്ടെ ആദമിന് സുജൂദ്‌ചെയ്യാന്‍ ഇബ്‌ലീസിനോട് കല്‍പ്പിച്ച കഥയുമായി സാദൃശ്യമുള്ളതാണുതാനും.
മുഹിബ്ബു ത്വബ്‌രി പറയുന്നു: ‘എല്ലാ രാജാക്കന്മാരുടെയും അടുക്കല്‍ നിവേദക സംഘങ്ങള്‍ വന്നാല്‍ അവരുടെ വലതുകരം ചുംബിക്കല്‍ പതിവായിരുന്നു. അതേപോലെ ഒന്നാമതായി ഹാജിമാര്‍ കടന്നു വന്നപ്പോള്‍ അസ്‌വദിനെ ചുംബിക്കല്‍ അവര്‍ക്ക് സുന്നത്താക്കപ്പെടുകയാണുണ്ടായത്.’
എന്റെ മതത്തെകൊണ്ട് സത്യം. ഈ മഹത്തായ ശിലയെ വിലക്കെടുക്കാന്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ക്കും പണ്ഡിതര്‍ക്കും സാധിക്കുമെങ്കില്‍ അവര്‍ എന്ത് വില കൊടുക്കാനും തയ്യാറാകും. ഭൂമിയില്‍ ഒരൊറ്റ വസ്തുവിനും അവരിത്രമഹാത്മ്യം കല്‍പിക്കുന്നില്ല. അതെങ്ങാനും അവര്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍! അമൂല്യമായ വസ്തുവെന്ന നിലയിലും തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളുടെ പ്രധാന സ്ഥലത്തവര്‍ സ്ഥാപിക്കുമായിരുന്നു. തീര്‍ത്ഥാടകര്‍ കറുത്തശിലയെ കാണാനും ചുംബിക്കാനും ആഗ്രഹിക്കുന്നു. കാരണം അത് സ്ഥാപിച്ചതും പുനസ്ഥാപിച്ചതും മഹാന്മാരായ പ്രവാചകരാണെന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.