Back To Top

 വിസ്മയകരമായ കിസ് വ നിർമ്മാണം

വിസ്മയകരമായ കിസ് വ നിർമ്മാണം

Spread the love

ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളിൽ പ്രാധാനപ്പെട്ട അഞ്ച് നേരത്തെ നമസ്കാരം ലോകത്തിലെ ബില്ല്യൺ കണക്കിന് മുസ്‌ലിംകൾ നിർവ്വഹിക്കുന്നത് മക്കയിലേക്ക് അഭിമുഖമായിട്ടാണ്. മക്കയിലെ വിശുദ്ധ മസ്ജിദിലെ കഅബയാണ് അവരുടെ പ്രാർത്ഥനയുടെ ആത്മീയ കേന്ദ്രം. പ്രവാചകൻ ഇബ്രാഹിമും മകൻ ഇസ്മാഈലും നിർമ്മിച്ച പഴയ ആരാധനാലയത്തിന്റെ ശേഷിപ്പായ കറുത്ത കല്ല് അടങ്ങിയ പ്ലെയിൻ ക്യൂബിക്കൽ ആകൃതിയിലുള്ള കെട്ടിടമാണ് കഅബ. ഇസ്ലാമിലെ മറ്റൊരു പ്രധാന സ്തംഭമായ ഹജ്ജ് നിർവഹിക്കാനും ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തിലധികം മുസ്ലീങ്ങൾ ആഗതരാവുന്നതും ഈ വിശുദ്ധകേന്ദ്രത്തെ ലക്ഷ്യമാക്കിയാണ്.

എന്നാൽ കേവലം കഅ്ബയും കല്ലും മുസ്ലീങ്ങളുടെ ആരാധനാ വസ്തുക്കളല്ല. അല്ലാഹുവിന് സമർപ്പിക്കപ്പെട്ട സങ്കേതത്തെയും ഇസ്ലാമിക ലോകത്തിന്റെ ആത്മീയ ഹൃദയത്തെയുമാണ് അവ പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലുടനീളം, കഅബയുടെയും അതിനെ ചുറ്റി നിർമ്മിച്ച വിശുദ്ധ മസ്ജിദിന്റെയും സേവനം മഹത്തായ ബഹുമതിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 1924-ൽ അബ്ദുൽ അസീസ് ഇബ്‌ൻ അബ്ദുൽ റഹ്മാൻ അൽ-സഊദ് രാജാവ് മക്കയിലേക്ക് തന്റെ സംരക്ഷണം വ്യാപിപ്പിച്ചതുമുതൽ ഇത് സജീവമാണ്. 1932-ൽ അദ്ദേഹം സൗദി അറേബ്യ എന്ന ആധുനിക രാജ്യം സ്ഥാപിച്ചപ്പോൾ കൂടുതൽ മുസ്ലീങ്ങൾക്ക് മക്കയിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ അദ്ദേഹം നടപ്പാക്കി . കഅബയെ വലയം ചെയ്യുന്ന വിശുദ്ധ മസ്ജിദിന്റെയും മദീനയിലെ പ്രവാചകന്റെ പള്ളിയുടെയും വിപുലീകരണത്തിനായുള്ള വലിയ പദ്ധതികൾ അദ്ദേഹം ആരംഭിക്കുകയും തീർഥാടകർക്ക് ആരോഗ്യ സംരക്ഷണം, ഗതാഗതം, പാർപ്പിട സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്തു. അക്കാലത്ത്, 48,000 വിശ്വാസികളെയാണ് വിശുദ്ധ ഭവനത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ ഫഹദ് ഇബ്‌നു അബ്ദുൽ അസീസ് രാജാവ് 1985-ൽ ആരംഭിച്ച ഏറ്റവും പുതിയ വിപുലീകരണ പദ്ധതി പൂർത്തീകരിച്ചതിന് ശേഷം, ഇപ്പോൾ ഒരേസമയം ഒരു ദശലക്ഷത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്.

മുഹമ്മദ് നബി(സ)യുടെ മരണശേഷം ഏഴാം നൂറ്റാണ്ടിൽ രണ്ടാം ഖലീഫയായ ഉമർ ഇബ്നു അൽ-ഖത്താബാണ് വിശുദ്ധ മസ്ജിദ് ആദ്യമായി വിപുലീകരിച്ചത്. കഅ്ബയ്ക്ക് ചുറ്റും അന്നുവരെ താഴ്ന്ന മതിലുകളാൽ ചുറ്റപ്പെട്ടതും മേൽക്കൂരയില്ലാത്തതുമായ ആദ്യത്തെ ഘടന ഖലീഫ നിർമ്മിച്ചു. കഅബയെ പരമ്പരാഗതമായി കിസ്‌വ (ആവരണം) മൂടിയിരുന്നു. പ്രവാചകൻ മുഹമ്മദ് (സ) തന്നെ ഒരു കിസ്‌വ ഉണ്ടാക്കുകയും കഅ്ബയെ തുടയ്ക്കാൻ സഹായിക്കുകയും ചെയ്ത പാരമ്പര്യം പിന്നീടുള്ള ഖലീഫമാരും നിലനിർത്തി. പിന്നീട് മുസ്ലീം നേതാക്കൾ എല്ലാ വർഷവും തീർത്ഥാടന വേളയിൽ കഅബയ്ക്ക് ഒരു പുതിയ ആവരണം തയ്യാറാക്കി മക്കയിലേക്ക് അയയ്ക്കാനുള്ള ധനവിനിയോഗം (endowment) സ്ഥാപിക്കുകയും സമീപ നൂറ്റാണ്ടുകളിൽ വരെ ഈജിപ്തിൽ നിർമ്മിച്ച കിസ്‌വ പ്രത്യേക ഒട്ടക യാത്രാസംഘത്തിൽ മക്കയിലേക്ക് അയക്കുകയും ചെയ്തിരുന്നു.

1927-ൽ, അബ്ദുൽ അസീസ് രാജാവ് സൗദി അറേബ്യയിൽ കിസ്‌വ നിർമ്മിക്കുന്നതിന് മാത്രമായി ആദ്യത്തെ വർക്ക്‌ഷോപ്പ് സ്ഥാപിച്ചു. മക്കയിലെ ഒരു ചെറിയ കെട്ടിടത്തിൽ സ്ഥിതി ചെയ്ത ഈ വർക്ക്ഷോപ്പിൽ കിസ്‌വ നിർമ്മിക്കാൻ 16 കരകൗശല വിദഗ്ധരെ നിയമിക്കുകയും ചെയ്തു. പുതിയതും വലുതുമായ ഒരു ഫാക്ടറി 1962-ൽ സ്ഥാപിക്കുകയും പിന്നീട് 1977-ൽ വിപുലീകരിക്കുകയും ചെയ്തു. ഈ ഫാക്ടറിയിൽ നിലവിൽ 240-ലധികം കരകൗശല വിദഗ്ധരും സാങ്കേതിക വിദഗ്ധരും ജോലി ചെയ്യുന്നുണ്ട്.

കഅബയുടെ നാല് വശത്തുമായി മൂടുപടത്തിന്റെ മുകൾ ഭാഗത്ത് മൂന്ന് അടി വീതിയുള്ള ലിഖിതങ്ങളുള്ള കറുത്ത വസ്തുക്കൾ കൊണ്ടാണ് പാരമ്പരാഗതമായി കിസ്‌വ നിർമ്മിക്കുന്നത്.’ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദുൻ റസൂലുള്ള ” ‘ എന്ന മഹത് വാക്യമാണ് സ്വർണ്ണ നൂലിലുള്ള പ്രധാന ലിഖിതത്തിലുള്ളത്. ഖുർആനിലെ സൂക്തങ്ങളടങ്ങുന്ന മറ്റ് ലിഖിതങ്ങങ്ങളും കാണാവുന്നതാണ്.

മക്കയിലെ ഖിസ് വ നിർമ്മാണശാലയിൽ എല്ലാ വർഷവും കഅബയ്ക്കായി രണ്ട് ഖിസ് വകളാണ് നിർമ്മിക്കുന്നത്. കഅബയെ പൊതിയാൻ വേണ്ടി നിർമ്മിക്കുന്ന ഒന്നിന് പുറമെ ആവശ്യഘട്ടങ്ങളിൽ ബാക്കപ്പായി ഉപയോഗിക്കാനാണ് ഒന്നുകൂടി നിർമ്മിക്കുന്നത്. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇതിന്റെ നിർമ്മാണപ്രക്രിയ ഒരു വർഷം നീണ്ടു നിൽക്കുന്നതാണ്.

കിസ്‌വയുടെ പുറം പാളി മുഴുവൻ ശുദ്ധമായ പട്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ആവരണത്തിനും 1,795 പൗണ്ട് സിൽക്ക് നൂൽ ആവശ്യമാണ്. യഥാർത്ഥ നിറത്തിൽ വർക്ക്ഷോപ്പിൽ എത്തുന്ന നൂലുകൾ ചായം പൂശുകയും അതിനുശേഷം അത് സ്പൂൾ ചെയ്ത് നെയ്തെടുക്കാൻ തയ്യാറാക്കുകയുമാണ് രീതി. കിസ്‌വയുടെ ഈ പുറം പാളി പൂർണ്ണമായും കൈകൊണ്ട് നെയ്യുന്നത് കൊണ്ട് തന്നെ ഈ പ്രക്രിയയ്ക്ക് ക്ഷമയും ഗുണനിലവാരത്തിൽ കൃത്യമായ ശ്രദ്ധയും ആവശ്യമാണ്. കിസ്‌വയ്ക്കുള്ള പാനലുകൾ പൂർത്തിയായിക്കഴിഞ്ഞാൽ, അവ ഒരുമിച്ച് തുന്നിച്ചേർത്ത് ഒരു കഷണം ആവരണം ചെയ്യുന്നു. ആവരണത്തിന്റെ ഭാരവും വലിപ്പവും 2,158 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതിനാൽ ബലത്തിനായി ഒരു ബാക്കിംഗ് മെറ്റീരിയൽ ആവശ്യമാണ്. ഈ ബാക്കിംഗ് മെറ്റീരിയലും സിൽക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആധുനിക മെക്കാനിക്കൽ നെയ്ത്ത് തറികളിലാണ് ഇവ നിർമ്മിക്കുന്നത്.

1989-90 കാലഘട്ടത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ നടത്തിയ സഞ്ചാരങ്ങളിൽ “സൗദി അറേബ്യ: ഇന്നലെയും ഇന്നും” എന്ന പ്രദർശനം സന്ദർശിക്കുന്നവരുടെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്ന് സൗദി അറേബ്യൻ കരകൗശല വിദഗ്ധർ കിസ്‌വയിൽ ജോലി ചെയ്തിരുന്ന വിഭാഗമാണ്.

കറുത്ത പുറം ആവരണം പൂർത്തിയാവുന്നതോടെ ലിഖിതങ്ങളുടെ കെട്ടുകളുടെ നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇവ ഏകദേശം 3.2 അടി ഉയരവും കിസ്‌വയുടെ മുകൾ ഭാഗത്തിന് ചുറ്റും 157 അടി നീളവുമുള്ളതാണ്. ലിഖിതങ്ങളുടെ വാചകം വ്യത്യാസപ്പെടുന്നില്ലെങ്കിലും വിദഗ്ദരായ കലാകാരന്മാരുടെയും കാലിഗ്രാഫർമാരുടെയും നിർദ്ദേശമനുസരിച്ച് ഡിസൈനും എഴുത്തുരീതിയും മാറ്റത്തിന് വിധേയമാണ്. ലിഖിതങ്ങളുടെ രൂപകല്പന അംഗീകരിച്ചുകഴിഞ്ഞാൽ, കലാകാരന്മാർ വലിയ ഡ്രാഫ്റ്റിംഗ് പേപ്പറുകളിൽ അവ അതേ വലുപ്പത്തിൽ വരയ്ക്കുന്നു. ഈ പാറ്റേണുകൾ പിന്നീട് ലിഖിതനൂലുകൾ നെയ്യുന്ന മെഷീനുകളിലേക്ക് മാറ്റുന്നു.

സിൽക്ക് ബാൻഡ് നെയ്ത ശേഷം, അത് കൈകൊണ്ട് എംബ്രോയ്ഡറി ചെയ്യാൻ തയ്യാറാക്കും. തുടക്കത്തിൽ, കരകൗശല വിദഗ്ധർ പാനലുകളുടെ ഉപരിതലത്തിൽ നിന്ന് കാൽ ഇഞ്ച് ഉയരത്തിൽ നിൽക്കുന്ന മഞ്ഞ സിൽക്ക് നൂലുകൾ ഉപയോഗിച്ച് മുഴുവൻ ബാൻഡിലും അറബി ലിഖിതങ്ങൾ എംബ്രോയിഡറി ചെയ്യുന്നു. സ്വർണ്ണം പൂശിയ വെള്ളി നൂൽ രണ്ടാം തവണയും ലിഖിതങ്ങൾ എംബ്രോയ്ഡർ ചെയ്യുന്നതോടെ കാലിഗ്രാഫി ദൂരെ നിന്ന് വ്യക്തമാകാൻ കഴിയുന്ന ഉയർന്നതും തിളങ്ങുന്നതുമായ രൂപത്തിലേക്ക് മാറുന്നു.നിർമ്മാണ പ്രവർത്തനത്തിൽ ഏറ്റവും സങ്കീർണ്ണവും സമയദൈർഘ്യമേറിയതുമായ ഈ പ്രക്രിയ പൂർണ്ണമായും കരകൗശല വിദഗ്ധരാണ് ചെയ്യുന്നത്. ബാൻഡുകൾ ആവരണത്തിൽ തുന്നിച്ചേർത്തുകഴിഞ്ഞാൽ, കിസ്‌വ വർക്ക്‌ഷോപ്പിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

എല്ലാവർഷവും നടക്കുന്ന ഹജ്ജ് തീർഥാടനവേളയിൽ ദുൽഹിജ്ജ മാസത്തിലെ ഒമ്പതാം തീയതിയാണ് പുതിയ കിസ്‌വ കഅബയിൽ സ്ഥാപിക്കുന്നത്. ഇത് ചെയ്യുന്നതിനുമുമ്പ്,കഅബ കഴുകുകയും താൽക്കാലികമായി ഒരു വെളുത്ത കവറിൽ പൊതിയുകയും ചെയ്യുന്നു. പുതിയ കിസ്‌വ നിലവിൽ വന്നുകഴിഞ്ഞാൽ ഒഴിവാക്കിയ കിസ്‌വ മുറിച്ചു തീർഥാടകർക്കിടയിൽ വിതരണം ചെയ്യും.
കഅ്ബയുടെ ഉൾഭാഗത്തിന് പച്ച നിറത്തിലുള്ള കർട്ടനും മദീനയിലെ പള്ളിയിലെ പ്രവാചകന്റെ മുറിക്ക് കടും ചുവപ്പ് നിറമുള്ള കിസ്‌വയും ഈ വർക്ക്‌ഷോപ്പിലാണ് നിർമ്മിക്കുന്നത്. ഇവയെല്ലാം പൂർണ്ണമായും കൈകൊണ്ട് നെയ്തതാണ്.

കഅ്ബയുടെ സ്വർണ്ണ വാതിലിനെ മൂടുന്ന മനോഹരമായ തിരശ്ശീലയും ഈ വർക്ക്ഷോപ്പിൽ കൈകൊണ്ട് തന്നെ നിർമ്മിക്കുന്നതാണ്. 23 അടി ഉയരവും 13.1 അടി വീതിയുമുള്ള ഇതിന്റെ ഉപരിതലം മുഴുവൻ സ്വർണ്ണം പൂശിയ വെള്ളി നൂലിൽ ഖുർആനിലെ വാക്യങ്ങൾ കൊണ്ട് ആവരണം ചെയ്യാറുണ്ട്. കഅ്ബയുടെ വാതിൽ മറയ്ക്കുന്ന തിരശ്ശീലയുടെ മികച്ച പ്രവർത്തനവും മനോഹാരിതയും ഒരുവർഷം ദൈർഘ്യമുള്ള കിസ്വ്വ നിർമ്മാണതൊഴിലാളികളുടെ അർപ്പണബോധത്തെയും സമർപ്പണത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

ഇതിനു പുറമെ,’ലാ ഇലാഹ ഇല്ലള്ളാഹു മുഹമ്മദുൻ റസൂലുള്ള’ എന്ന ലിഖിതമുൾക്കൊള്ളുന്ന സൗദി അറേബ്യയുടെ പതാകകളും ഖുർആനിക സൂക്തങ്ങൾ എംബ്രോയിഡറി ചെയ്ത പ്രത്യേക ഗിഫ്റ്റുകളും നിർമ്മിക്കുന്നത് ഈ കിസ് വ നിർമ്മാണശാലയിൽ നിന്നാണ്.

അണിയറയിൽ പ്രവർത്തിച്ച കരകൗശല വിദഗ്ധരുടെയും കൈ തൊഴിലാളികളുടെയും നിർമാണങ്ങളുടെ മാതൃകകൾ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള സൗദി അറേബ്യൻ എംബസികളിലും കാണാനാവും.അവിടെ കിസ്‌വയുടെ ചില ഭാഗങ്ങൾ വളരെ പ്രാമുഖ്യം നൽകി പ്രദർശിപ്പിച്ചിട്ടുണ്ട്.ഈ കലാസൃഷ്ടികൾ നിർമ്മിച്ച കലാകാരന്മാരോടും സൗദി അറേബ്യയിലെ മൊത്തത്തിലുള്ള ജനങ്ങളോടും അവർ പ്രതിനിധീകരിക്കുന്ന സ്നേഹത്തിനും അർപ്പണബോധത്തിനുമുള്ള അഭിനന്ദനമായാണ് ഇതിനെ പ്രദർശിപ്പിക്കുന്നത്.

 

അവലംബം- islamonline.net

Prev Post

നബിയുടെ നഗരിയിൽ നിർവൃതിയോടെ

Next Post

സൗർ ഗുഹ

post-bars

Related post

You cannot copy content of this page