ബലിയുടെ പൊരുളറിയുന്നവർ
ഇബ്റാഹീം നബിക്ക് പ്രായമേറെയായിട്ടും സന്താനങ്ങളുണ്ടായില്ല. അത് അദ്ദേഹത്തെ അത്യധികം അലോസരപ്പെടുത്തി. അതിനാൽ, ഒരനന്തര വനുവേണ്ടി അല്ലാഹുവോനടർഥിച്ചു. അദ്ദേഹത്തിന്റെ അധരങ്ങൾ അനേകതവണ മന്ത്രിച്ചു: “നാഥാ, എനിക്കു നീ സദ് വൃത്തനായ സന്താനത്തെ സമ്മാനിക്കേണമേ.”
കരുണാമയനായ അല്ലാഹു ഇബ്റാഹീം നബിയോട് കരുണ കാണിച്ചു. പ്രിയതമ ഹാജറ ഗർഭിണിയായി. അവർ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. അദ്ദേഹം ആ കുട്ടിക്ക് ഇസ്മാഈൽ എന്ന് പേരിട്ടു. വന്ധ്യയെന്ന് കരുതിയിരുന്ന സാറയും പ്രസവിച്ചു. അങ്ങനെ ഇബ്റാഹീം നബി ഒന്നിലേറെ മക്കളുടെ പിതാവായി.
ഇബ്റാഹീം നബിക്ക് ഏറെ പ്രിയപ്പെട്ട പുത്രനായിരുന്നു ഇസ്മാഈൽ. അവൻ വളർന്നു വലുതായി കൂടെ നടക്കാറായപ്പോൾ അവനെ ബലിയർപ്പിക്ക ണമെന്ന് അല്ലാഹു ആജ്ഞാപിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് കടുത്ത പരീക്ഷണമായിരുന്നു. ജീവിത സായാഹ്നത്തിൽ ലഭിച്ച സന്താനത്തെ സ്വന്തം കൈകൊണ്ട് അറുക്കുക. സ്വാഭാവികമായും അദ്ദേഹത്തിന്റെ അകം ലോകത്തിലെ ഏറ്റവും തീക്ഷ്ണമായ സമരവേദിയായി മാറി. ഒരുഭാഗത്ത് മകനോടുള്ള അതിരുകവിഞ്ഞ സ്നേഹം. മറു ഭാഗത്ത് അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കാനുള്ള അദമ്യമായ ആഗ്രഹം.
നിരവരധി പതിറ്റാണ്ടുകൾ സത്യപാതയിൽ ധീരമായി പൊരുതിയ ഇബ്റാഹീം നബി ഈ പരീക്ഷണത്തിലും വിജയം വരിച്ചു. സ്വന്തത്തെക്കാളും സ്വകീയ താൽപര്യങ്ങളെക്കാളും അല്ലാഹുവിന് സ്ഥാനം കൽപിച്ചു. പ്രവാചക ദൗത്യ പൂർത്തീകരണത്തിനായി പുത്രവാത്സല്യം അവഗണിച്ചു. അങ്ങനെ വികാരം വിശ്വാസത്തിന് വഴിമാറി. സ്വന്തത്തോടുള്ള സമരത്തിൽ വൻ വിജയം നേടി. ഇസ്മാഈൽ, ഒരു പുത്രനെന്നതിലുപരി മുഴുജീവിതത്തിന്റെയും പ്രതീക്ഷയായിരുന്നിട്ടും ബലിക്കു സന്നദ്ധനായി.
ഒരു പിതാവിന് ഉറങ്ങിക്കിടക്കുന്ന മകനെ വെട്ടിക്കൊല്ലാൻ കഴിഞ്ഞേക്കാം; ഭക്ഷണത്തിൽ വിഷം കലർത്തി വധിക്കാൻ സാധിച്ചേക്കാം; പിന്നിൽനിന്ന് അറിയാതെ കുത്തിക്കൊല്ലാൻ ആയേക്കാം. എന്നാൽ, താൻ അതിയായി സ്നേഹിക്കുന്ന, തന്നെ ഗാഢമായി സ്നേഹിക്കുന്ന പുത്രനെ വിളിച്ചു വരുത്തി സ്വകരങ്ങൾകൊണ്ട് അറുക്കാൻ അനുവാദം ആരായുക അത്യന്തം അസഹ്യം തന്നെ. ഇബ്റാഹീം നബിയെപ്പോലെ ഇച്ഛാശക്തിയുടെ പ്രതിരൂപമായ ഒരാൾക്കല്ലാതെ അതു സാധ്യമല്ല. അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു: “പ്രിയ മോനേ, നിന്നെ ബലിയറുക്കണമെന്ന് ഞാൻ നിർദേശിക്കപ്പെട്ടിരിക്കുന്നു. നിന്റെ അഭിപ്രായം അറിയിക്കുക.
“ഉപ്പാ, താങ്കൾ ശാസന ശിരസാവഹിച്ചാലും. ദൈവാനുഗ്രഹത്താൽ താങ്കൾക്കെന്നെ ക്ഷമാലുവായി കാണാം” -മകൻ ഇസ്മാഈൽ മൊഴിഞ്ഞു.
ചരിത്രത്തിൽ അതിനു മുമ്പോ ശേഷമോ ഇതുപോലൊരു സംഭാഷണത്തന് ലോകം സാക്ഷ്യം വഹിച്ചിട്ടില്ല. അത് അക്ഷരാർഥത്തിൽ അത്യസാധാരണവും അവിശ്വസനീയവുമായിരുന്നു.
ഇബ്റാഹീം നബി മകനെ മർവാ മലഞ്ചെരുവിലേക്ക് കൊണ്ടുപോയി. ശൂന്യത ചൂളംകുത്തുന്ന വിജനതയിൽ ചരിച്ചു കിടത്തി. (ഇത് മിനായിലാണെന്നും അഭിപ്രായമുണ്ട്. കത്തി മൂർച്ച കൂട്ടി ബലിക്കൊരുങ്ങി. പുത്രന്റെ കഴുത്തിലത് വെച്ചപ്പോൾ അല്ലാഹു അവരുടെ അർപ്പണ സന്നദ്ധതയെ അംഗീകരിച്ചാദരിച്ചു. കുട്ടിയെ ബലികൊടുക്കേണ്ടതില്ലെന്ന് ഇബ്റാഹീം നബിയോട് കൽപിച്ചു. പകരം ഒരാടിനെ ബലിക്കായി നൽകുകയും ചെയ്തു.
നാലായിരത്തിലേറെ വർഷം മുമ്പ് നടന്ന ഈ ഐതിഹാസിക സംഭവത്തിന്റെ പ്രതീകാത്മകമായ ആവർത്തനമാണ് ഹജ്ജിലെ ബലി. നരബലി നിർത്തലാക്കിയതിന്റെ അനുസ്മരണം കൂടിയാണത്. ദൈവത്തിനു വേണ്ടി പുത്രബലി പാടില്ലെന്ന് അല്ലാഹു അനുശാസിച്ചിരിക്കുന്നു. പകരം മൃഗത്തെ അറുക്കാം. അത് അല്ലാഹുവിനുള്ള ശ്രേഷ്ഠമായ ആരാധന. അതോടൊപ്പം അവന്റെ അടിമകൾക്ക് ആഹാരവും. രക്തവും മാംസവും ദൈവത്തിന് സമർപ്പിക്കുന്ന കർമമല്ല ബലി; മറിച്ച്, അവനോടുള്ള ഭക്തി പ്രകടനമാണ്. അവന്റെ ദാസന്മാർക്ക് ഭക്ഷണവും. “അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.” (അൽഹജ്ജ്: 37)
ഹജ്ജ് മാസങ്ങളിൽ ഉംറ നിർവഹിച്ച് അതേ വർഷം ഹജ്ജ് ചെയ്യുന്നവരും ഹജ്ജും ഉംറയും ഒന്നിച്ച് നിർവഹിക്കുന്നവരും ബലിനൽകൽ നിർബന്ധമാണ്. എന്നാൽ, ഹജ്ജ് മാത്രം നിർവഹിക്കുന്നവർക്ക് അത് നിർബന്ധമില്ല.
ഇബ്റാഹീം നബി ചെയ്തതുപോലെ തനിക്കേറെ പ്രിയമുള്ളത് പ്രപഞ്ച നാഥന് സമർപ്പിക്കാൻ സന്നദ്ധനാണെന്ന തീർഥാടകന്റെ പ്രഖ്യാപനമാണ് ബലി. എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് പുത്രന്മാരാവണമെന്നില്ല. പലർക്കുമത് പലതായിരിക്കും. പണം, പദവി, പ്രതാപം, പ്രശസ്തി, പെണ്ണ്, പൊന്ന്, ദേശം, ഭാഷ, കുലം, കുടുംബം, അന്തസ്സ്, അധികാരം അങ്ങനെ പലതും. അതോടൊപ്പം മനസ്സിൽ സമുന്നത സ്ഥാനമുള്ളവക്കായി സകലതും സമർപ്പിക്കാൻ സർവരും സന്നദ്ധരായിരിക്കും. പണം പരമപ്രധാനമായി കാണുന്നവർ അത് സമ്പാദിക്കാനും സംരക്ഷിക്കാനും എന്തും ചെയ്യുന്നു. മാതാപിതാക്കളെ പുറം തള്ളുന്നു. ഭാര്യയെയും കുട്ടികളെയും കൈയൊഴിക്കുന്നു. മഹത്തായ മുഴു വൻ മൂല്യങ്ങളെയും നിരാകരിക്കുന്നു. ഇത്തരം പണപൂജകർ ധനമുണ്ടാക്കാൻ ഏതു മേച്ഛമാർഗവുമവലംബിക്കാൻ അൽപവും അറപ്പില്ലാത്തവരായിരിക്കും, ധനനഷ്ടമവർക്ക് എതിരാളികളുടെ വെട്ടും കുത്തും തല്ലും കൊല്ലുമെല്ലാം ഏറ്റു വാങ്ങുന്നതിനെക്കാൾ അസഹ്യമായിരിക്കും. അതിനാൽ, അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം എറ്റവും വലിയ ത്യാഗം സമ്പത്തിന്റെ സമർപ്പണമാണ്. അല്ലാഹുവിനുള്ള യഥാർഥമായ വഴങ്ങലും വണങ്ങലും അതുതന്നെ. തങ്ങൾ ക്കേറെ പ്രിയങ്കരമായത് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് അർപ്പിക്കാനൊരുക്കമാണെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനമാണ് ബലി. പ്രത്യക്ഷത്തിൽ അതൊരു ജീവൻ ഹനിക്കലാണ്. എന്നാൽ, അതിന്റെ ആന്തരാർഥമോ, അതിമഹത്തരം. പ്രകൃഷ്ട ലക്ഷ്യങ്ങൾ പ്രാപിക്കാൻ പ്രിയപ്പെട്ടതൊക്കെ നൽകാൻ മടിക്കില്ലെന്ന പ്രഖ്യാപനത്തോടൊപ്പം ഏറെ പ്രയാസകരമായത് ചെയ്യാൻ ഒരുക്കമാണെന്ന പ്രതിജ്ഞയും അതുൾക്കൊള്ളുന്നു. പക്ഷേ, ഇതറിയുന്നവർ വിരളം. ബലി നടത്തുന്നവരിൽ പലരും അതിന്റെ ആത്മാവിനെ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. അതിനാലവരുടെ കൃത്യം നിരർഥകമായി ഭവിക്കുന്നു. മാംസക്കച്ചവടക്കാരന്റെ കശാപ്പും ഭക്തന്റെ ബലിയും തമ്മിലുള്ള അന്തരമിവിടെ നേർത്തുവരികയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. അതിനാൽ, ബലി മഹിതവും മതപരവുമാകുന്നത് അതിന്റെ ചൈതന്യം വിശ്വാസിയുടെ ചേതനയിൽ അലിഞ്ഞു ചേരുമ്പോഴാണ്. ഏറെക്കാലത്തെ നിരന്തര പ്രാർഥനക്കു പിറകെ ലഭിച്ച പുത്രന്റെ കഴുത്തിൽ ദൈവശാസനക്കു വഴങ്ങി കത്തിവെക്കാനൊരുങ്ങിയ ഇബ്റാഹീം നബിയുടെ സമർപ്പണ സന്നദ്ധതയാണ് ബലിയുടെ ആന്തരിക വികാരമായി വർത്തിക്കേണ്ടത്.
പെരുന്നാൾ ദിനം കല്ലേറു കഴിഞ്ഞ ഉടനെയാണ് ബലി നിർവഹിക്കേണ്ടത്. ദുൽഹജ്ജ് 13-ന് വൈകുന്നേരത്തിനുമുമ്പ് നിർവഹിച്ചാലും മതി. ആട്, മാട്, ഒട്ടകം പോലുള്ളവയെ ബലി അറുക്കാവുന്നതാണ്. ആടാണെങ്കിൽ ഒരാൾ ഒന്നിനെ ബലി നൽകണം. മാടോ ഒട്ടകമോ ആണെങ്കിൽ ഏഴു പേർക്ക് ഒന്ന് മതിയാവുന്നതാണ്.
മിനായിൽ ആദ്യകാലത്ത് ബലി നടത്താൻ പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സൗകര്യമുള്ളിടത്ത് നടത്തുകയായിരുന്നു പതിവ്. പിന്നീട് സുഊദി ഭരണകൂടം അതിന് പ്രത്യേകം സ്ഥലം നിശ്ചയിച്ചു. വില കൊടുത്താൽ ബലി മൃഗത്തെ ലഭിക്കാനും അറവിനും സൗകര്യം ചെയ്തു. എന്നാൽ അന്നൊക്കെ ബലിമാംസത്തിന്റെ സിംഹഭാഗവും പാഴാവുകയായിരുന്നു. കരിച്ചും കുഴിച്ചു മൂടിയും നശിപ്പിക്കുകയായിരുന്നു. അതിനാൽ, മാംസം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ഇസ്ലാമിക പണ്ഡിതന്മാർ വിശദമായി പഠിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഹി 1402-ൽ മിനായിലെ അൽമുആസിമിൽ പതിനഞ്ചുകോടി റിയാൽ ചെലവഴിച്ച് അറവുശാല സ്ഥാപിച്ചു. അടിനടുത്തുള്ള ആലയിൽ 1,20,000 ബലിമൃഗങ്ങളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ബലിയറുക്കാനും മാംസം ശുദ്ധീകരിച്ച് ശീതീകരിക്കാനും പ്രത്യേക സൗകര്യമുണ്ട്. ശീതീകരണമുറിയിൽ ഒരുലക്ഷം മൃഗത്തിന്റെ മാംസം ഉൾക്കൊള്ളും. 1403-ൽത്തന്നെ ഓട്ടോമാറ്റിക്ക് അറവുശാല പ്രവർത്തനമാരംഭിച്ചു. ആ വർഷം 63000 ആടുകളുടെ മാംസം ശീതീകരിച്ച് ലോകമെങ്ങുമുള്ള ദുരിതമനുഭവിക്കുന്നവർക്ക് അയച്ചുകൊടുത്തു. 1410-ൽ അഞ്ചുലക്ഷം മൃഗങ്ങളുടെ മാംസം 23 രാജ്യങ്ങളിലെ ദരിദ്രർക്ക് എത്തിച്ചു.
ഹി. 1410 മുതൽ ബലിമൃഗങ്ങളെ അറുക്കുന്ന ഉത്തരവാദിത്വം ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് ഏറ്റെടുത്തു. ബാങ്ക് നേരിട്ടാണ് മൃഗങ്ങളെ വാങ്ങുന്നത്. അവ മതപരവും മറ്റുമായ ഉപാധികൾ പൂർത്തീകരിക്കപ്പെട്ടവയാണെന്ന് ഉറപ്പു വരുത്താൻ കണിശത പുലർത്തുന്നു. ബലികർമം ഭംഗിയായും കൃത്യമായും നിർവഹിക്കാൻ ഏഴുനൂറിലേറെ ബാങ്ക് ഉദ്യോഗസ്ഥരുണ്ട്. ആറായിരം കശാപ്പുകാരും മുവ്വായിരം സഹായികളും രണ്ടായിരത്തോളം മറ്റു ജോലിക്കാരുമുണ്ട്. അൽറാജി മണി എക്സേഞ്ച് വഴി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് വിതരണം ചെയ്യുന്ന കൂപ്പൺ വാങ്ങുന്നതോടെ തീർഥാടകന്റെ ബലി ബാധ്യത പൂർത്തീകരിക്കപ്പെടുന്നു. വൗച്ചറിൽ ഉരുവിന്റെ വിലയും അറവ്, ശീതീകരണം, കയറ്റുമതി തുടങ്ങിയവയുടെ ചെലവുകളും വ്യക്തമായി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഇത്തരം കൂപ്പണുകൾ സുഊദി അറേബ്യയുടെ പ്രമുഖ പട്ടണങ്ങളിൽ നിന്നും ഹറമിന്റെ പരിസരത്തു നിന്നും അറഫ, മിനാ എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്നു. ഇങ്ങനെ കൂപ്പൺ വാങ്ങുന്നവർക്ക് കല്ലേറും മുടിയെടുക്കലും പൂർത്തിയാക്കി ഇഹ്റാമിൽ നിന്ന് പ്രാഥമികമായി വിരമിക്കാവുന്നതാണ്. ത്വവാഫും സഅയും നിർവഹിച്ചാൽ പൂർണമായും വിരമിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കഷ്ടപ്പെടുന്ന വിശ്വാസികൾക്ക് ബലിമാംസം എത്തിക്കുന്നതിൽ, ഐ.ഡി.ബി ജാഗ്രത പുലർത്തുന്നു. അറവ് നിരീക്ഷിക്കാൻ മുപ്പത് അംഗങ്ങളുള്ള സംഘങ്ങൾക്ക് ഓരോ പ്രതിനിധിയെ നിയോഗിക്കാൻ അനുവാദമുണ്ട്.
ഈ സംവിധനത്തിനും പുറമെ സ്വയം അറവു നിർവഹിക്കാനാഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാനും സകര്യമുണ്ട്. നബി തിരുമേനി സ്വകരം കൊണ്ട് 63 ഒട്ടകങ്ങളെ ബലിയർപ്പിച്ചിരുന്നുവെന്ന കാര്യം പ്രസ്താവ്യമാണ്. പ്രവാചകൻ തനിക്കും അനുചരന്മാർക്കും വേണ്ടിയാണ് അങ്ങനെ ചെയ്തത്. ബാക്കി ബലി മൃഗങ്ങളെ അറുക്കാൻ ഹ. അലിയെ ചുമതലപ്പെടുത്തി.
ദുൽഹജ്ജ് പത്തിന് അസ് ർ നമസ്കാരം മസ്ജിദുൽ ഹറാമിൽ വെച്ച് നിർവഹിച്ചശേഷം ഞങ്ങൾ മിനായിലേക്ക് മടങ്ങി. മിബിനുമുമ്പായി അവിടെ എത്തുകയും ചെയ്തു. ഇനി നിർബന്ധമായും നിർവഹിക്കാനുള്ള ബാധ്യത പതിനൊന്നിനും പന്ത്രണ്ടിനും മൂന്നു ജംറകളിൽ ഏഴുവീതം കല്ലെറിയലാണ്. പന്ത്രണ്ടിന് രാത്രി മിനായിൽ താമസിച്ച് പതിമൂന്നിന് ജംറകളിൽ കല്ലെറിയുന്നത് നല്ലതാണ്. നബി അങ്ങനെ ചെയ്തിരുന്നു. 49 കല്ലുകളാണ് ആകെ എറിയുക. പതിമൂന്നിനുകൂടി എറിയുന്നവർ 70 കല്ലുകളെറിയുന്നു. ഈ ദിനങ്ങൾ അയ്യാമുത്തശ് രീഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മിനായിലെ താമസക്കാലത്ത് തീർഥാടകർ ഖുർആൻ പാരായണത്തിലും കീർത്തനങ്ങളിലും പ്രാർഥനകളിലും വ്യാപൃതരാവുന്നു. ഈ ദിനങ്ങളിൽ ഞങ്ങൾ പ്രവാചകചര്യയനുസരിച്ച് ദുഹ്റും അസറും ഇശാഉം ഖസ്റാക്കി രണ്ടു റക്അത്തുവീതമാണ് നമസ്കരിച്ചത്. എന്നാൽ, ജംഅ് ആക്കാവതല്ല. പന്ത്രണ്ടിന് ഏതാണ്ടെല്ലാവരും ഏറ് നിർവഹിച്ച് മക്കയിലേക്ക് മടങ്ങുന്നതിനാൽ മൂന്നു മണിവരെ നല്ല തിരിക്കായിരുന്നു. ഹജ്ജിലെ ഏറ്റവും പ്രയാസമേറിയതും സാഹസികവുമായ കൃത്യം ഏറുതന്നെ. അതിനാൽ സ്ത്രീകൾക്കും വൃദ്ധന്മാർക്കും മറ്റുള്ളവരെ എറിയാൻ ചുമതലപ്പെടുത്താവുന്നതാണ്.
ദുൽഹജ്ജ് പതിനൊന്നിന് മൂന്നുമണിക്കാണ് ഞങ്ങളുടെ സംഘം എറിയാൻ പോയത്. താമസസ്ഥലത്തുനിന്ന് ഏതാനും മിനിറ്റ് പടിഞ്ഞാറോട്ട് നടന്നാൽ “ജംറതുൽ ഊലായിലെത്താം. ഇതിന് ജംറതുസ്സുഗ്റാ’ (ചെറിയ ജംറ) എന്നും പേരുണ്ട്. വഴി ജനനിബിഡമായിരുന്നതിനാൽ അഞ്ചു മിനിറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരം പിന്നിടാൻ അരമണിക്കൂറോളം വേണ്ടി വന്നു. സംഘം ഒന്നിച്ചു നീങ്ങിയെങ്കിലും തിരക്കു കാരണം കൂട്ടം തെറ്റി. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പ്രകാരം കല്ലേറിനുശേഷം നിശ്ചിത സ്ഥലത്ത് വീണ്ടും ഒത്തുചേർന്നു. ജംറതുൽ വുസ്ത്വാ’യിൽ കല്ലെറിയാനായി മുന്നോട്ടു നീങ്ങി. അവിടെ വെച്ചു കൂട്ടം തെറ്റി. പുനഃസമാഗമത്തിനുശേഷം പെരുന്നാൾ ദിവസം കല്ലെറിഞ്ഞ ജംറതുൽ അഖബാ’യുടെ അടുത്തേക്ക് പോയി. അവിടെയും ഏറ് പൂർത്തിയാക്കി പുറത്തു വന്നപ്പോഴേക്കും ചെരിപ്പ് നഷ്ടപ്പെട്ടിരുന്നു. അതവിടെ സർവസാധാരണമാണ്.
ഞങ്ങളുടെ സംഘം പെരുന്നാൾ ദിവസത്തെ ഏറിനാവശ്യമായ കല്ല് മാത്രമേ മുസ്ദലിഫയിൽ നിന്നെടുത്തിരുന്നുള്ളൂ. മറ്റ് ദിവസങ്ങളിലേക്കാവശ്യമായ കല്ല് ശേഖരിച്ചത് മിനായിൽനിന്നു തന്നെയാണ്. ലക്ഷക്കണക്കിന് ഹാജിമാർക്കാവശ്യമായ കല്ല് ഓരോ വർഷവും അവിടെനിന്ന് നിഷ്പ്രയാസം ലഭിക്കുന്നു.
മനുഷ്യനെ വഴിപിഴപ്പിക്കുന്ന ചെറുതും വലുതുമായ എല്ലാതരം പിശാചുക്കളെയും എറിഞ്ഞോടിച്ച് പരിശുദ്ധി നേടിയാണ് തീർഥാടകർ മിനായോട് വിടപറയേണ്ടത്. തന്നെ സത്യപാതയിൽനിന്ന് തെറ്റിക്കുന്ന ദുശ്ശക്തിയോടെതിരിട്ട് തേൽപ്പിച്ചിട്ടുണ്ടെന്നും മനസ്സിൽ ശൈത്വാൻ ബാക്കിനിൽക്കുന്നില്ലെന്നും ബോധ്യം വരുത്താൻ പ്രത്യേകം നിഷ്കർഷ പുലർത്തണം. ബലിയിലൂടെ പ്രകടിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണത്തിൽ നിന്നും അനുസരണത്തിൽനിന്നും തെറ്റിക്കാനിനി പിശാചിനെ അനുവദിക്കില്ലെന്ന തീരുമാനവും ഹാജിയിൽ നിന്നുണ്ടാവണം. അപ്പോഴാണ് തീർഥാടകൻ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ വിശുദ്ധനായി മാറുക.
കല്ലേറ് പൂർത്തീകരിച്ച് പിശാചിനെ പരാജയപ്പെടുത്തിയ ഹാജി മിനായോട് യാത്ര പറയും മുമ്പേ താൻ തോൽപിച്ച് പിശാച് പിന്നീട് തിരിച്ചുവരാതിരിക്കാനായി ഖുർആനിലെ അവസാനത്തെ രണ്ടു അധ്യായങ്ങൾ പാരായണം ചെയ്ത് അല്ലാഹുവിൽ അഭയം തേടുന്നു.
ദുൽഹജ്ജ് പതിമൂന്ന് അസ്വറ് നമസ്കാരാനന്തരം ഞങ്ങൾ മിനായോട് വിട പറഞ്ഞു. സ്ത്രീകളും വൃദ്ധരും ബസ്സിലും ഞങ്ങൾ കാൽനടയുമായാണ് മക്കയിലേക്ക് മടങ്ങിയത്. നടന്നുവന്നവർ മക്കയിലെത്തി മണിക്കൂറുകൾ കഴിഞ്ഞാണ് ബസ്സിൽ പുറപ്പെട്ടവർ എത്തിയത്. ഹജ്ജിലെ കർമങ്ങൾ പ്രയാസങ്ങളില്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞതിലെ സംതൃപ്തിയും അതിന് അനുഗ്രഹിച്ച അല്ലാ ഹുവിനോടുള്ള നന്ദിയും എല്ലാവരുടെയും വാക്കിലും നോക്കിലും മുഖത്തും നിറഞ്ഞുനിന്നു.