Back To Top

 മദീനാ സന്ദർശനം

മദീനാ സന്ദർശനം

Spread the love

മക്കയിൽനിന്ന് ഏകദേശം 430 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് മദീനഃ. സൗകര്യമനുസരിച്ച് ഉറക്കു മുമ്പോ ശേഷമോ അവിടെ സന്ദർശിക്കാം.

മസ്ജിദുന്നബവി, നബി(സ)യുടെയും അബൂബകറി (റ)ന്റെയും ഉമറി(റ)ന്റെയും ഖബറുകൾ, ബഖീഇലെ ഖബറിസ്ഥാൻ, ഉഹുദിലെ ശുഹദാക്കളുടെ ഖബ്റുകൾ, മസ്ജിദു ഖുബാഅ് എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ.

മസ്ജിദുന്നബവി
നബി(സ) മദീനയിലെത്തിയ ഉടനെ നിർമിച്ച പള്ളിയാണ് മസ്ജിദുന്നബവി. സാധാരണ പള്ളികളിലെ നമസ്കാരത്തെക്കാൾ ആയിരം ഇരട്ടി പ്രതിഫലമുള്ളതാണ് മസ്ജിദുന്നബവിയിലെ നമസ്കാരം.

മസ്ജിദുന്നബവിയിൽ പ്രവേശിക്കുന്നവർ വലതുകാൽ ആദ്യം വെച്ച് പ്രവേശിക്കലും

بسـم الله والصلاة والسلام على رسول الله، أعوذ بالله العظيم وبوجهه الكريم و سلطانه القديم من الشيطان الرجيم، اللهم افتح لى
أبواب رحمتك

എന്ന ദിക്റും ദുആയും ചെയ്യലും സുന്നത്താകുന്നു.
പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ “തഹിയ്യതുൽ മസ്ജിദാ’യി രണ്ട് റക്അത്ത് നമസ്കരിക്കേണ്ടതാണ്. മസ്ജിദുന്നബവിയിൽ ഇബാദത്തുകൾക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ. നബി (സ)യുടെ മിമ്പറിന്റെയും ആഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയു കയുണ്ടായി: “എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽ ഒരു തോപ്പാകുന്നു.

സൗകര്യം പോലെ അവിടെ ചെന്ന് നമസ്കാരം, ദിക്ർ, ദുആ, ഖുർആൻ പാരായണം എന്നിവ നിർവഹിക്കാവുന്നതാണ്. സ്ത്രീകൾക്ക് സുബ്ഹ്, ളുഹ്ർ, ഇശാ എന്നീ നമസ്കാരങ്ങൾക്കു ശേഷം അവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

നബി(സ)യുടെയും രണ്ട് ഖലീഫമാരുടെയും ഖബറുകൾ

ആഇശഃ(റ) താമസിച്ചിരുന്ന വീട്ടിലാണ് നബി(സ)യെയും അബൂബക്ർ സ്വിദ്ദീഖി(റ)നെയും ഉമറുൽ ഫാറൂ ഖി(റ)നെയും ഖബറടക്കം ചെയ്തിട്ടുള്ളത്. അവരുടെ ഖബ്ർ സന്ദർശനം പുണ്യ കർമമാകുന്നു. അത് സൗകര്യമനുസരിച്ച് എപ്പോഴും ആവാം. ഖിബ് ലയുടെ ഭാഗത്തു നിന്നാണ് സിയാറത്തിന് സൗകര്യമുള്ളത്. പുറത്തുനിന്ന് ഖബറുകൾ കാണുകയില്ല. ഖബറുകളുടെ അടയാളമായി പിച്ചള ജാലിയിൽ മൂന്ന് ദ്വാരമുണ്ട്. ഇടതു ഭാഗത്തുള്ള വലിയ ദ്വാരത്തിനു നേരെയാണ് നബി(സ)യുടെ ഖബറുള്ളത്. തൊട്ട് വലതുഭാഗത്തുള്ള ദ്വാരത്തിനു നേരെ അബൂ ബക്റി(റ)ന്റെയും മൂന്നാമത്തെ ദ്വാരത്തിനു നേരെ ഉമറി(റ)ന്റെയും ഖബറുകളാണ്. മൂന്ന് പേർക്കും സലാം പറയലാണ് അവരുടെ ഖബ്ർ സിയാറത്ത്. നബി(സ)യുടെ ഖബറിനു നേരെ തിരിഞ്ഞു കൊണ്ട്

السلام عليك يارسول الله ورحمته وبركاته
(അല്ലാഹുവിന്റെ ദൂതരേ, അങ്ങക്ക് അല്ലാഹുവിങ്കൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.) എന്നും
അബൂബക്റി(റ)ന്റെ ഖബറിനു നേരെ തിരിഞ്ഞ്

السلام عليك يا ابابكر الصديق
(അബൂബക്ർ സ്വിദ്ദീഖ്, താങ്കൾക്ക് രക്ഷയുണ്ടാവട്ടെ) എന്നും

ഉമറി(റ)ന്റെ ഖബറിനു നേരെ തിരിഞ്ഞ്
السلام عليك يا عمر بن الخطاب
(ഉമറുബ്നുൽ ഖത്ത്വാബേ, താങ്കൾക്ക് രക്ഷയുണ്ടാവട്ടെ) എന്നുമാണ് പറയേണ്ടത്.

ഖബറുകൾക്കരികെ ദീർഘ നേരം നിൽക്കുന്നതും ഉച്ചത്തിൽ പ്രാർഥിക്കുന്നതും ശരിയല്ല. പ്രാർഥിക്കാൻ ഉദ്ദേശിക്കുന്നവർ ഖിബ് ലക്കു നേരെ തിരിഞ്ഞുകൊണ്ട് ശബ്ദം താഴ്ത്തി അല്ലാഹുവോട് പ്രാർഥിക്കുകയാണ് വേണ്ടത്.

ബഖീഇലെ ഖബറിസ്ഥാൻ
മസ്ജിദുന്നബവിയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഖബറിസ്ഥാനാണ് ബഖീഅ്. ഖദീജഃ(റ) ഒഴികെയുള്ള പ്രവാചക പത്നിമാരുടെയും നബി(സ)യുടെ മക്കളുടെയും ഉസ്മാനി(റ)ന്റെയും ആയിരക്കണക്കിൽ മറ്റു സ്വഹാബിമാരുടെയും താബിഇകളുടെയും ഖബറുകൾ അവിടെയാണുള്ളത്.

ദീനിൽ പുണ്യകരമായ ഒരു കാര്യമാണ് ഖബർ സന്ദർശനം. നബി(സ) പലപ്പോഴും ബഖീഇലെ ഖബറുകൾ സന്ദർശിക്കാറുണ്ടായിരുന്നു. ബഖീഅ് സന്ദർശിക്കുന്നവർ നബി(സ) ചെയ്തിരുന്നതുപോലെ അവിടെ ഖബറടക്കം ചെയ്യപ്പെട്ടവർക്ക് സലാം പറയുകയും തങ്ങൾക്കും അവർക്കും പാപമോചനത്തിന് അല്ലാഹുവോട് പ്രാർഥിക്കുകയുമാണ് വേണ്ടത്. നബി(സ) ഖബ്ർ സന്ദർശനവേളയിൽ പറഞ്ഞിരുന്ന വ്യത്യസ്ത വാക്കുകൾ ഹദീസുകളിൽ വന്നിട്ടുണ്ട്.

السلام علیکم یا اهل القبور، يغفر الله لنا ولكم، انتم سلفنا ونحن بالاثر
(ഖബ്ർ നിവാസികളേ, നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ. അല്ലാഹു ഞങ്ങൾക്കും നിങ്ങൾക്കും പൊറുത്തുതരട്ടെ. നിങ്ങൾ ഞങ്ങൾക്കു മുമ്പിൽ പോയവരാണ്. ഞങ്ങൾ പിന്നിൽ വരുന്നുണ്ട്) എന്നോ

السلام عليكم دار قوم مؤمنين، وانا ان شاء الله بكم لاحقون
(സത്യവിശ്വാസികളുടെ ഭവനങ്ങളേ, നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ. അല്ലാഹു ഉദ്ദേശിക്കുമ്പോൾ ഞങ്ങളും നിങ്ങളുടെ കൂടെ വന്നു ചേരുന്നതാണ്.) എന്നോ പറഞ്ഞാൽ മതി. ഈ രണ്ട് രൂപവും നബി(സ)യിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. സുബ്ഹ്, അസ്വ് ർ നമസ്കാരങ്ങൾക്ക് ശേഷം പുരുഷന്മാർക്ക് ബഖീഇന്നകത്തേക്ക് പ്രവേശനാനുമതി യുണ്ട്.

ഉഹുദിലെ ശുഹദാക്കളുടെ ഖബറുകൾ
ഉഹുദു യുദ്ധത്തിൽ രക്തസാക്ഷികളായ എഴുപത് സ്വഹാബിമാരെ ഖബറടക്കം ചെയ്തിട്ടുള്ളത് ഉഹുദു മലയുടെ താഴെ യുദ്ധം നടന്ന സ്ഥലത്താണ്. ഖബറുകളെല്ലാം ഒരു മതിൽക്കെട്ടിനകത്താണുള്ളത്. ശുഹദാക്കളുടെ ഖബ്ർ സന്ദർശിക്കുന്നവർ മുമ്പ് പറഞ്ഞതുപോലെ അവർക്ക് സലാം പറയുകയും തങ്ങൾക്കും അവർക്കും വേണ്ടി പ്രാർഥിക്കുകയുമാണ് വേണ്ടത്.

മസ്ജിദു ഖുബാ
മസ്ജിദുന്നബവിയിൽനിന്ന് ഏകദേശം നാല് കിലോ മീറ്റർ ദൂരത്ത് തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പള്ളിയാണ് മസ്ജിദു ഖുബാ. നബി(സ) ഹിജ്റ വേളയിൽ നാല് ദിവസം ഇറങ്ങിത്താമസിച്ച് നിർമിച്ച പള്ളിയാണത്.

മസ്ജിദുന്നബവിയുടെ നിർമാണ ശേഷവും നബി (സ) മസ്ജിദു ഖുബാ സന്ദർശിക്കുകയും അതിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു. “ആരെങ്കിലും തന്റെ വീട്ടിൽ വെച്ച് വുദൂഅ് ചെയ്ത് മസ്ജിദു ഖുബായിൽ പോയി രണ്ട് റക്അത്ത് നമസ്കരിക്കുക യാണെങ്കിൽ അവന്ന് ഒരു ഉംറക്ക് സമാനമായ പ്രതിഫലം ലഭിക്കുന്നതാണെ”ന്ന് നബി(സ) പ്രസ്താവിച്ചതായി ഒരു ഹദീസിൽ വന്നിട്ടുണ്ട്. സൗകര്യപ്പെടുമെങ്കിൽ മസ്ജിദു ഖുബായിലേക്ക് ശനിയാഴ്ച പോകുന്നതാണ് ഉത്തമം.

സന്ദർശിക്കുന്നവർ ഇതര പള്ളികളിൽ പ്രവേശിക്കുമ്പോൾ ചെയ്യുന്നതുപോലെ വലതുകാൽ ആദ്യം വെച്ച് പ്രവേശിക്കുകയും സുന്നത്തായ ദിക്റും ദുആയും ചെയ്യുകയും പള്ളിക്കുള്ളിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയുമാണ് വേണ്ടത്.

***
സന്ദർശിക്കൽ സുന്നത്തായ ഈ അഞ്ച് സ്ഥലങ്ങൾ കൂടാതെ, ഖൻദഖ് യുദ്ധം നടന്ന സ്ഥലം, ഒരേ നമസ്കാരം രണ്ട് ഖിബ് ലയിലേക്ക് തിരിഞ്ഞ് നിർവഹിച്ച മസ്ജിദുൽ ഖിബ് ലതൈൻ, നബി(സ) ആദ്യമായി ജുമുഅഃ നമസ്കരിച്ച സ്ഥലത്ത് നിർമിക്കപ്പെട്ട മസ്ജിദുൽ ജുമുഅഃ, നബി(സ) പെരുന്നാൾ നമസ്കാരവും മഴക്കുവേണ്ടിയുള്ള നമസ്കാരവും നിർവഹിച്ചിരുന്ന മൈതാനിയിൽ നിർമിക്കപ്പെട്ട മസ്ജിദുൽ ഗമാമഃ മുതലായ സ്ഥലങ്ങളും പലരും സന്ദർശിക്കാറുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ചില സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങൾ കാണുക എന്നതിൽ കവിഞ്ഞ് അവിടം സന്ദർശിക്കുന്നതിനോ അവിടങ്ങളിലെ പള്ളികളിൽ നമസ്കരിക്കുന്നതിനോ പ്രത്യേക പുണ്യമൊന്നുമില്ല.

 

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Prev Post

ഉംറഃയിലെ അനുഷ്ഠാന കർമങ്ങൾ

Next Post

ദാറുന്നദ്‌വ (അസംബ്ലി ഹൗസ്)

post-bars

Related post

You cannot copy content of this page