Back To Top

 ഹജറുല്‍ അസ്‌വദും വിഗ്രഹാരാധനയും

ഹജറുല്‍ അസ്‌വദും വിഗ്രഹാരാധനയും

Spread the love

ഇസ്‌ലാമിനെ കുറിച്ച് ആശങ്കകളും തെറ്റിധാരണകളും ഉണ്ടാക്കുക എന്നതിന്റെ ഭാഗമായി ഓറിയന്റലിസ്റ്റുകള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ഒന്നാണ് മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നു എന്നുള്ളത്. ഇബ്‌റാഹീം നബിയുടെ മാര്‍ഗം അനുശാസിക്കുന്ന ഒന്നാണ് ഹജ്ജ്. ഇബ്‌റാഹീം നബി ഹജ്ജിന് വിളംബരം നടത്തിയത് മുതല്‍ അത് തുടര്‍ന്നു വരുന്നു. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു : ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.’ (അല്‍ഹജ്ജ് : 27)

ഇബ്‌റാഹീം(അ) ആയിരുന്നു ഹജ്ജിന് തുടക്കം കുറിച്ചത്. അദ്ദേഹം വിഗ്രഹങ്ങളെ ആരാധിച്ചു എന്ന ആരോപണം ഒരിക്കലും ഉന്നയിക്കാവതല്ല. കാരണം വിഗ്രഹങ്ങളെ തച്ചുതകര്‍ത്ത മഹാനാണ് അദ്ദേഹം. വക്രതയില്ലാത്ത തൗഹീദിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘ഏറ്റം ചൊവ്വായപാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.’

കഅബ ത്വവാഫ് ചെയ്യുന്നതും ഹജറുല്‍ അസ്‌വദ് ചുംബിക്കലും വിഗ്രഹാരാധനയുടെ ശേഷിപ്പുകളാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അതൊരിക്കലും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. ത്വവാഫ് ആരംഭിക്കുന്നത് ഹജറുല്‍ അസ്‌വദിന്റെ അടുത്ത് നിന്നാണ്. ധാരാളം പ്രതീകാത്മകമായ കാര്യങ്ങളുള്ള ഹജ്ജിലെ പ്രതീകാത്മകമായ ഒരു കര്‍മമാണ് അതിനെ ചുംബിക്കല്‍. അല്ലാഹുവിന്റെ കല്‍പന അനുസരിച്ച് മകനെ അറുക്കാനായി ഇബ്‌റാഹീം(അ) മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് തടസ്സം സൃഷ്ടിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ പ്രതീകാത്മകമായിട്ടാണ് ജംറകളില്‍ കല്ലേറ് നടത്തുന്നത്. അത്തരത്തിലുള്ള പ്രതീകാത്മകമായ ഒരു കര്‍മം മാത്രമാണ് ഹജറുല്‍ അസ്‌വദ് ചുംബിക്കലും.

ഒരാള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരാളില്‍ നിന്നും ലഭിക്കുന്ന കത്തിനെ അയാള്‍ ചുംബിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ കത്തിനെയല്ലല്ലോ അയാള്‍ ചുംബിക്കുന്നത്. തന്നെ സ്‌നേഹിക്കുന്ന തനിക്ക് ഏറെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരന്റെ വാക്കുകള്‍ക്കാണ് ആ ചുംബനം. ഹജറുല്‍ അസ്‌വദിന്റെ മുന്നില്‍ നിന്ന് മഹാനായ ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ‘അല്ലോയോ കല്ലേ, ഉപകാരമോ ഉപ്രദ്രവമോ ചെയ്യാന്‍ സാധിക്കാത്ത കേവലം ഒരു കല്ലാണ് നീ എന്ന് അറഞ്ഞ് തന്നെയാണ് നിന്നെ ചുംബിക്കുന്നത്. പ്രവാചകന്‍(സ) നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല.’

വസ്തുത ഇതൊക്കെയാണെങ്കിലും മുസ്‌ലിംകള്‍ ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്നുവെന്ന് ചില ഓറിയന്റലിസ്റ്റുകള്‍ പറയുന്നുണ്ട്. ജാഹിലിയാ കാലത്തെ ആളുകള്‍ ഹജ്ജില്‍ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ കടത്തി കൂട്ടിയിരുന്നു. എന്നാല്‍ ഇസ്‌ലാം വന്നപ്പോള്‍ അത്തരം ആചാരങ്ങളെയെല്ലാം ഇല്ലാതാക്കുകയായിരുന്നു. ‘ലബ്ബൈകല്ലാഹുമ്മ ലബ്ബൈക, ലബ്ബൈക ലാ ശരീക ലക ഇല്ലാ ശരീകന്‍ ഹുവ ലക തംലിക്ഹു വമാ മലക്’ (അല്ലാഹുവേ ഞങ്ങളിതാ നിന്റെ വിളിക്കുത്തരം ചെയ്തിരിക്കുന്നു, നിനക്കൊരു പങ്കാളിയുമില്ല, നിനക്ക് വേണ്ടിയുള്ള പങ്കാളിയൊഴികെ, നീയാണ് അതിനെയും അവ ഉടമപ്പെടുത്തിയതിനെയും ഉടമപ്പെടുത്തുന്നത്.) വിഗ്രഹങ്ങളെയായിരുന്നു ഈ പങ്കാളി കൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത്. ഇസ്‌ലാം വന്നപ്പോള്‍ അത് മായ്ച്ചു കളഞ്ഞ് ശുദ്ധീകരിച്ചു. നബി(സ) ഒരിക്കല്‍ പറഞ്ഞു : ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന അറഫയിലെ പ്രാര്‍ഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്‍മാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ വചനം ‘അല്ലാഹുവല്ലാതെ ഇലാഹില്ല, അവന്‍ ഏകന്‍ അവന് പങ്കാളികളില്ല, സര്‍വ ആധിപത്യവും സ്തുതിയും അവന് മാത്രമാണ്. എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് അവന്‍.’ ബഹുദൈവാരാധനയുടെ അംശങ്ങളൊന്നും കലരാത്ത ശുദ്ധമായ തൗഹീദിനെ സ്ഥിരപ്പെടുത്തലാണ് ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. എല്ലാ തരം ബഹുദൈവാരാധനയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കര്‍മമാണ് ഹജ്ജ് എന്നതിനെയാണ് ഇതെല്ലാം ശക്തിപ്പെടുത്തുന്നത്.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Prev Post

ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണ്ടതുണ്ടോ?

Next Post

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

post-bars

Related post

You cannot copy content of this page