Back To Top

 ഹതീം / ഹിജ്ർ ഇസ്മാഈൽ

ഹതീം / ഹിജ്ർ ഇസ്മാഈൽ

Spread the love

കഅ്ബയോട് ചേ‍‌‌ർന്ന് കിടക്കുന്ന ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന പ്രദേശമാണ് ഹതീം എന്ന് പറയുന്നത്. ഇതിൻെറ ഒരു ഭാഗത്താണ് ഇബ്രാഹിം നബി (عليه السلام) ഇസ്മാഈലിനും (عليه السلام) മാതാവ് ഹജ്റയ്ക്കും (عليها السلام) താമസിക്കാനായി നിർമ്മിച്ച് നൽകിയ സ്ഥലമായതിനാൽ ഹതീമിൻെറ ഒരു ഭാഗം ‘ഹിജ്ർ ഇസ്മാഈൽ’ എന്നും അറിയപ്പെടുന്നു.

. നബി(സ)യുടെ പിതാമഹൻ അബ്ദുൾ മുത്തലിബ് കഅ്ബയുടെ അടുത്ത് ഏറെ നേരം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. ചിലപ്പോൾ കഅ്ബക്കരികിൽ അദ്ദേഹത്തിന് ഒരു കട്ടിലിട്ട് കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നു. അങ്ങനെ ഒരു രാത്രി, അദ്ദേഹം അവിടെ ഉറങ്ങുമ്പോൾ ഒരു നിഴൽ രൂപം സ്വപ്ന ദർശനത്തിൽ അടുക്കൽ വന്നു, ജുർഹൂം ഗോത്രത്തിന്റെ കാലം മുതൽ തൂർന്ന് എല്ലാ അടയാളങ്ങളും ഇല്ലാതായ സംസം കിണറിൻെറ സ്ഥാനം എവിടെയാണന്ന് മനസ്സിലാക്കിയാണ് സംസം കിണർ അബ്ദുൽ മുത്തലിബ് വീണ്ടെടുത്തത്.

. നബി(സ)ക്ക് 35 വയസ്സുള്ളപ്പോൾ, ഒരു മഹാ വെള്ളപ്പൊക്കം കഅബയ്ക്ക് സാരമായ കേടുപാടുകൾ വരുത്തി, അതിന് മുമ്പ് ഒരു തീപിടുത്തത്തിൽ വലിയ കേടുപാടുകളും പറ്റിയിരുന്നു. ഇങ്ങനെ തങ്ങളുടെ ആരാധനാലയത്തിന് കാര്യമായ ഭീഷണിയും ബലക്ഷയവുമുണ്ടന്ന് മനസ്സിലാക്കുയ ഖുറൈശികൾ കഅ്ബ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. അതിന്ന് പലിശയിലൂടെയും വേശ്യാവൃത്തിയിലൂടെയും കള്ളത്തരത്തിലൂടെയും മറ്റും നേടിയ സമ്പാധ്യങ്ങൾ ഉപയോഗിച്ച് അതിൻെറ വിശുദ്ധിയെ കളങ്കപ്പെടുത്തരുതന്നും അവർ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള തുറമുഖത്ത് ഒരു റോമൻ കപ്പൽ തകർന്നതായി അവർക്ക് വിവരം ലഭിച്ചു. ആ കപ്പലിന്റെ തടി വാങ്ങാൻ ഒരു സംഘം അങ്ങോട്ട് പോയി. കപ്പലിലെ യാത്രക്കാരിൽ ഒരാളായ ബാഖൂം എന്ന മരപ്പണിക്കാരനുമായി തിരിച്ചെത്തിയ സംഘം കഅ്ബയുടെ ചുമരുകൾ പുനർനിർമ്മിക്കുന്നതിനായി അദ്ദേഹവുമായി കരാറുണ്ടാക്കി. ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം ചുമതലകളാണ് നിർമാണത്തിനായി നൽകിയിരുന്നത്. അവരിലെ പ്രഭുക്കന്മാർ കല്ല് കഷണങ്ങൾ ശേഖരിച്ച് ഒരിടത്ത് കൂട്ടിയിട്ടു. കല്ല് ചുമക്കുന്നവരിൽ നബി(സ)യും അമ്മാവൻ അബ്ബാസും ഉണ്ടായിരുന്നു. സാമ്പത്തികമായ കണിശത കാരണം, കഅ്ബ പൂർണ്ണമായും പുനർനിർമ്മിക്കുന്നതിന് ആവശ്യമായ പണം ശേഖരിക്കാൻ ഗോത്രങ്ങൾക്ക് കഴിഞ്ഞില്ല. അതിനാൽ ഇബ്രാഹിം നബി (عليه السلام) സ്ഥാപിച്ച യഥാർത്ഥ അടിത്തറയുടെ അതിരുകൾ കാണിക്കുന്ന ഒരു ചെറിയ മതിൽ നിർമ്മിച്ചു. ഈ ചെറിയ മതിൽ കഅ്ബയുടെ വടക്കുഭാഗത്തുള്ള ഒരു പ്രദേശത്തെ വലയം ചെയ്തു നിർത്തി.

. ഇസ്മാഈലിന്റെയും (عليه السلام) മാതാവ് ഹജ്റയുടെയും (عليها السلام) ഖബറിടങ്ങൾ ഹിജ്ർ ഇസ്മാഈലിലാണന്ന് പറയുന്നന ചില പണ്ഡിതന്മാരുണ്ട്. എന്നാൽ മറ്റുള്ളവർ ഇതിനെ തള്ളിക്കളയുകയും ചെയ്യുന്നു.

. ആഇശ (رضي الله عنها) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: ഹതീം കഅ്ബയുടെ ഭാഗമാണോ എന്ന് പ്രവാചകൻ (ﷺ) യോട് ഞാൻ ചോദിച്ചപ്പോൾ അതെ എന്ന് പ്രവാചകൻ മറുപടി നൽകി. എന്തുകൊണ്ടാണ് കഅ്ബയുടെ ചുവരുകളിൽ ഇത് ഉൾപ്പെടുത്താതിരുന്നതെന്ന് വീണ്ടും ചോദിച്ചപ്പോൾ, നബി (സ) മറുപടി പറഞ്ഞു, ആഇശാ നിൻെറ ആളുകൾക്ക് (ഖുറൈശികൾക്ക്) അതിന്ന് മതിയായ ഫണ്ട് കിട്ടിയില്ല. [ബുഖാരി]

. ആഇശ (رضي الله عنها) പറയുന്നു: “കഅ്ബയ്ക്കുള്ളിൽ നമസ്‌കരിക്കണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, നബി (സ) എന്നെ കൈപിടിച്ച് ഹിജ്‌റിലേക്ക് (ഹതീം) കൊണ്ടുപോയി, ‘ഇവിടെ നമസ്‌കരിക്കൂ’ എന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു ഇതും കഅ്ബയുടെ ഭാഗമാണന്ന്.

. ഹതീമിന്റെ വശങ്ങളിലുള്ള മതിലിനോട് ചേർന്നുള്ള ഏകദേശം 3 മീറ്റർ സ്ഥലം യഥാർത്ഥത്തിൽ കഅബയുടെ ഭാഗമാണ്, ബാക്കിയുള്ളത് കഅബയ്ക്ക് പുറത്താണ്. എന്നിരുന്നാലും, ത്വവാഫ് ഹതീമിന്റെ പുറത്ത് തന്നെയാണ് നടത്തേണ്ടത്.

. മറ്റൊരു നിവേദനത്തിൽ നബി (ﷺ) പറഞ്ഞു: “ഓ ആഇശാ! നിൻെറ ആളുകൾക്ക് ജാഹിലിയ്യത്ത് ഇല്ലായിരുന്നുവെങ്കിൽ, ഞാൻ കഅ്ബ പൊളിച്ച് അതിന്റെ ചുവരുകൾക്കുള്ളിൽ ഈ ഭാഗം കൂടി ഉൾപ്പെടുത്തുമായിരുന്നു. കഅ്ബയുടെ ഉൾഭാഗം തറനിരപ്പിലേക്ക് താഴ്ത്തി രണ്ട് വാതിലുകളും ഉണ്ടാക്കുമായിരുന്നു, ഒന്ന് കിഴക്കെ ഭിത്തിയിലും മറ്റൊന്ന് പടിഞ്ഞാറെ ഭിത്തിയിലും. അങ്ങനെ അത് ഇബ്രാഹിമിന്റെ (عليه السلام) കെട്ടിടവും അടിത്തറയും അനുസരിച്ചാക്കുമായിരുന്നു. ഹിജ്റ 65-ൽ അബ്ദുല്ലാഹിബ്നു സുബൈർ (റ) നബി(സ)യുടെ ഈ ആഗ്രഹപ്രകാരം കഅ്ബ പുതുക്കി പണിതെന്നും കാണാം.

. കഅ്ബയുടെ മേൽക്കൂരയിൽ നിന്ന് ഹതീം പ്രദേശത്തേക്ക് വെള്ളം ഒഴുകുന്ന ഒരു വാട്ടർ ഔട്ട്‌ലെറ്റ് ഉണ്ട്. ഖുറൈശികളാണ് ഇത് ആദ്യമായി നിർമ്മിച്ചത്, ഇതിന് ‘മീസാബു റഹ്മത്ത് ‘ എന്നാണ് പറയുന്നത്.

Prev Post

റുക്നുൽ യമാനി

Next Post

ഉംറഃയിലെ അനുഷ്ഠാന കർമങ്ങൾ

post-bars

Related post

You cannot copy content of this page