കഅ്ബയുടെ താക്കോല്‍
ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കും വേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാഷിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അദ്ദേഹമായിരുന്നു അന്ന് താക്കോല്‍ സൂക്ഷിച്ചിരുന്നത്. പിന്നീട് യഥാക്രമം അബ്ദുദ്ദാറിന്റെ മകന്‍ ഉസ്മാന്റെ മക്കളായ അബ്ദുല്‍ ഉസ്സ, ശേഷം അയാളുടെ മകന്‍ അബൂത്വല്‍ഹയും ശേഷം അദ്ദേഹത്തിന്റെ മകന്‍ ഉസ്മാനും ഈ സ്ഥാനം ഏറ്റെടുത്തു. മക്കാവിജയദിനത്തില്‍ നബി(സ) ഉസ്മാനുബ്‌നു ത്വല്‍ഹയില്‍ നിന്ന് താക്കോല്‍ വാങ്ങിയാണ് കഅ്ബ തുറന്നത്. കഅ്ബയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ നബി(സ)യുടെ കയ്യിലായിരുന്നു ആ താക്കോല്‍. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അലി ബ്നു അബീത്വാലിബ് കഅ്ബയുടെ സൂക്ഷിപ്പുകാരനായി ഒരാളെ നിശ്ചയിക്കാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടുവെന്നും, അപ്പോള്‍ നബി(സ) ഉസ്മാനുബ്‌നു ത്വല്‍ഹയെ വിളിച്ചു താക്കോല്‍ അദ്ദേഹത്തെ ഏല്‍പിച്ചുവെന്നും കാണാം. തുടര്‍ന്ന് പ്രവാചകൻ പറഞ്ഞു: ‘ഇത് നിങ്ങള്‍ എന്നെന്നേക്കുമായി സൂക്ഷിക്കുക. അക്രമി മാത്രമേ നിങ്ങളില്‍ നിന്ന് ഇത് പിടിച്ചുവാങ്ങുകയുള്ളൂ.’ ഉസ്മാന്‍ മദീനയിലേക്ക് പോയപ്പോള്‍ പിതൃസഹോദര പുത്രനായ ശയ്ബ ബ്‌നു ഉസ്മാനെ കഅ്ബയുടെ താക്കോല്‍ ഏല്‍പിച്ചു. പിന്നീട് ഉസ്മാന്റെ പുത്രന്‍ ത്വല്‍ഹയും അയാളുടെ മകനായ മസാഫിഹും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായി. അതുപോലെ അവരുടെ പിതൃസഹോദര പുത്രന്മാരും ഇവരോടെപ്പമുണ്ടായിരുന്നു.
കഅ്ബാലയത്തിന്റെ സൂക്ഷിപ്പുകാരന് ‘സാദിന്‍’ എന്നു പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്. ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ പരമ്പരാഗതമായി തുടര്‍ന്നുവന്നതാണീ അവകാശം. പുരാതനകാലത്ത് കഅ്ബയുടെ പരിപാലകന്‍ മക്കയുടെ ഭരണാധികാരി കൂടിയായിരുന്നു. മക്കാനിവാസികളും ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരും കഅ്ബയുടെ സാദിന്റെ പരമാധികാരം അംഗീകരിച്ചിരുന്നു. പില്‍ക്കാലത്ത് ഈ അധികാരങ്ങളും അവകാശങ്ങളും മക്കയിലെ വിവിധ കുടുംബങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. കഅ്ബയുടെ സാദിന്‍ താക്കോല്‍ സൂക്ഷിപ്പുകാരനും പരിപാലകനും മാത്രമായി.