Back To Top

 സംസം: അന്നുമുതൽ ഇന്ന് വരെ

സംസം: അന്നുമുതൽ ഇന്ന് വരെ

Spread the love

പ്രവാചകൻ ഇസ്മാഈലിന്റെ ഇളം പാദങ്ങൾക്ക് ചുവടെ ഉത്ഭവമെടുത്ത തീർത്ഥ ജലം. കാലം കടന്ന് പോകും തോറും രൂപത്തിലും ഘടനയിലുമെല്ലാം നിരന്തരമായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സംസം കിണർ. തുടക്കം മുതൽ കാലാന്തരങ്ങളിൽ ഇന്ന് വരെ ഈ അനുഗ്രഹീതജലവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് ലേഖനത്തിലൂടെ.

സംസം ഇസ്ലാമിന് മുമ്പ്
റബ്ബിന്റെ ആജ്ഞപ്രകാരം പ്രവാചകൻ ഇബ്റാഹീം പത്നി ഹാജറിനേയും മകൻ ഇസ്മാഈലിനെയും മക്കാമരുഭൂവിൽ തനിച്ച് താമസിപ്പിച്ചു. വെള്ളം നിറച്ച തോൽപ്പാത്രമല്ലാതെ മറ്റൊന്നും അവരുടെ പക്കലുണ്ടായിരുന്നില്ല. ദാഹിക്കുമ്പോൾ ബീവി വെള്ളം കുടിക്കുകയും മകനെ മുലയൂട്ടുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞതോടെ കൊണ്ടുവന്ന ജലം തീർന്നു. ദാഹിച്ചു വലഞ്ഞ കുഞ്ഞ് വിശന്ന് കരഞ്ഞു. കണ്ണെത്താദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിയിൽ നിസ്സഹായായി ബീവി നിന്നു. ഗത്യന്തരമില്ലാതെ സമീപത്തുള്ള സ്വഫാ കുന്നിലേക്കും എതിർവശത്തുള്ള മർവയിലേക്കും അവർ വെള്ളമന്വേഷിച്ച് പാഞ്ഞ് കയറി. ഒരു തരിമ്പ് പ്രതീക്ഷ പോലും നൽകാതെ ശൂന്യമായ മരുഭൂമി ബീവിക്ക് മുന്നിൽ നീണ്ട് കിടന്നു. അപ്പോഴാണ് വിശന്ന് കാലിട്ടടിച്ച് കരയുന്ന മകന്റെ കുഞ്ഞിക്കാലിന് ചുവട്ടിൽ മാലാഖ ജിബ്രീൽ വഴി റബ്ബ് അത്ഭുതം നിറച്ച് വെച്ചത്. അവിടം ജലം ഉറവപൊട്ടിയൊഴുകി. പരന്നൊഴുകുന്ന വെള്ളത്തിൽ നിന്ന് ബീവിയും മകനും ദാഹംതീർത്തു, തോൽപാത്രം നിറച്ചു. നിലക്കാത്ത ഉറവയായി ആ തീർത്ഥജലം ഇന്നും നിലനിൽക്കുന്നു.

സ്ഥിരവാസത്തിന്റെ പ്രാരംഭം
ജുർഹൂം ഗോത്രക്കാർ ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. മക്കയുടെ മരുപ്രദേശത്തിലൂടെയാണ് യാത്ര. മക്കയുടെ താഴ്വാരങ്ങളിലവർ തമ്പടിച്ചു. ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷിയെ അപ്പോഴാണ് അവർ ശ്രദ്ധിച്ചത്. വെള്ളത്തിന്റെ ലക്ഷണമാണതന്ന് മനസ്സിലാക്കി ആ കച്ചവടസംഘം പക്ഷിയെ കണ്ട സ്ഥലത്തേക്ക് നീങ്ങി. അവിടെ അവർ ഹാജറാബീവിയെയും മകൻ ഇസ്മാഈലിനയും കണ്ടുമുട്ടി. സംസം ഉറവയുടെ അടുത്ത് കൂടാരം കെട്ടി പാർക്കുകയായിരുന്നു അവർ. ജുർഹൂം ഗോത്രക്കാർ ബീവിയുമായി സംസാരിച്ചു. അങ്ങനെ സംസമിന്റെ ഉടമസ്ഥാവകാശം നൽകില്ലെന്ന നിബന്ധനയോടെ ആ സംഘം അവിടെ സ്ഥിരതാമസമാക്കി.

അനന്തരം, ഇബ്റാഹീം നബിയും മകൻ ഇസ്മാഈലുമൊന്നിച്ച് കഅ്ബ പുതുക്കി പണിതു. കാലക്രമേണ മക്ക കേന്ദ്രീകരിച്ച് ജനവാസം പടർന്നുപന്തലിച്ചുകൊണ്ടിരുന്നു. കാലക്രമേണ ജുർഹൂം ഗോത്രം കഅ്ബയുടേയും സംസമിന്റെയും മേൽനോട്ടം നടത്തി. ഒടുവിൽ യമൻ ഗോത്രമായ ഖുസാഅയോട് ഏറ്റുമുട്ടി യുദ്ധത്തിൽ പരാജയപ്പെടുവോളം കാലം ആ മേൽനോട്ട ചുമതല ജുർഹൂമിന്റെതായിരുന്നു. യുദ്ധാന്തരം ജുർഹൂം ഗോത്രം മക്കയിൽ പുറന്തള്ളപ്പെട്ട് തുഹാമയിലേക്ക് ഒതുങ്ങി.

അഞ്ചാം നൂറ്റാണ്ടിൽ കുസ്വയ്യിബിന് കിലാബ്ന്റെ നേതൃത്വത്തിൽ ഖുസാഅ ഗോത്രത്തെ പിന്തള്ളി കിനാന ഗോത്രം അധികാരത്തിൽ വന്നു. അദ്ദേഹമാണ് ഖുറൈശികളെ മക്കയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് സംസം കിണർ പൂർണ്ണമായും നിലനിൽപ്പിന്റെ ഒരടയാളം പോലും ബാക്കി വെക്കാതെ മണ്ണിനടിയിലായി പോയിരുന്നു. നബി തങ്ങളുടെ പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ കാലഘട്ടം വരെ ഗതി മാറ്റമില്ലാതെ തുടർന്നു.അ കാലഘട്ടം വരെ മക്കാ നിവാസികൾ മറ്റിടങ്ങളിൽ എല്ലാം കിണർ കുഴിച്ചായിരുന്നു വെള്ളത്തിനുള്ള വക കണ്ടെത്തിയത്. കഅബു ബിനു ലുഅയ്യ് കുഴിച്ച യുസ്‌റ കിണർ, അറഫ കുന്നിന്റെ മറുവശത്തുമൊക്കെയായായി കിണറുകളുണ്ടായിരുന്നു.

ആനക്കലഹത്തെ തുടർന്ന് നബി(സ്വ)യുടെ പിതാമഹൻ അബ്ദുൽ മുത്വലിബിനുണ്ടായ സ്വപ്നദർശനത്തെ തുടർന്നാണ് സംസം കിണർ വീണ്ടും പുനർനിർമ്മിക്കപ്പെടുന്നത്. സംസം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയതോടെ വിശുദ്ധ കഅ്ബാലയം സന്ദർശിക്കുന്ന തീർത്ഥാടകരായ വിശ്വാസികളുടെ സുപ്രധാന ജലസ്രോതസ്സായി സംസം മാറി.

ഇസ്ലാമിന്റെ കടന്നുവരവോടെ അതിന്റെ മൂല്യവും പ്രാധാന്യവും വർധിച്ചു. അനവധി ഹദീസുകളിൽ സംസമിന്റ പ്രാധാന്യവും പവിത്രതയും വിവരിക്കുന്നതായി കണാനാവും. പ്രവാചകൻ പറയുന്നു: പനി നരകത്തിലെ തീനാളത്തിന്റെ ചൂടാണ്; സംസം കൊണ്ടതിനെ തണുപ്പിക്കുക. അന്ത്യനാളിൽ സംസമൊഴിച്ച് മറ്റെല്ലാ ജലസ്രോതസ്സുകളും അപ്രാപ്യമായിരിക്കുമെന്നും ഹദീസിൽ കാണാം.

രൂപവും ഘടനയും
ആദ്യകാലങ്ങളിൽ സംസം കിണറിൽ നിന്നും രണ്ട് സംഭരണികളാണുണ്ടായിരുന്നത്. ആദികാലങ്ങളിൽ കല്ലുകൊണ്ട് പടുത്ത സാധാരണ കിണറിന് രൂപമായിരുന്നു. ഹിജ്റ 145 അബ്ബാസി ഭരണാധികാരിയായ അബൂ ജാഫർ അൽ മൻസൂർ ആണ് പിന്നീട് താഴികക്കുടം കൊണ്ട് സംസം കിണർ പുതുക്കി പണിതത്. ആറു മുഴം നീളവും മൂന്നര മുഴം വീതിയും ആയിരുന്നു അന്ന് കിണറിന് ഉണ്ടായിരുന്നത്. അബ്ബാസിയ ഖലീഫ അബു ജാഫർ മാർബിളുകൾ പതിച്ച സംസം കിണർ പണിത ശേഷം ഖലീഫ മഹ്ദിയാണ് പിന്നീട് പുനർനിർമാണം നടത്തിയത്.

അദ്ദേഹം തേക്ക് കൊണ്ട് സംസം കിണറിന് മുകളിൽ വിശാലമായ താഴികക്കുടം നിർമ്മിച്ചു. ഒരേ സമയം ഒരുപാട് വിശ്വാസികൾക്ക് വെള്ളമെടുക്കാനാവുംവിധം സംസം കിണർ പിന്നീട് വിപുലപ്പെടുത്തി. ഹിജ്റ 160 ആയിരുന്നു അത്.

പിന്നീട്, ഹിജ്റ 220 അബ്ബാസിയ ഖലീഫ മുഅ്തസിമിന്റെ കാലത്താണ് സംസം കിണർ പുനർ നിർമ്മിക്കുന്നത്.

അതിനുശേഷവും വ്യത്യസ്ത ഭരണാധികാരികളുടെ കാലഘട്ടത്തിൽ സംസം കിണറടക്കം കഅ്ബയും ഹറം പള്ളിയും രൂപത്തിലും ഘടനയിലും യഥോചിതം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും പരിശുദ്ധി ചോരാതെ അന്ത്യനാൾ വരെ സ്രഷ്ടാവിന്റെ സംരക്ഷണത്തിൽ വിശ്വാസി സമൂഹത്തിന് വിശുദ്ധ നഗരമായി മക്ക ഉയർന്നുനിൽക്കും.

( അവലംബം- islamonline.net )

Prev Post

തിരിച്ചറിവിന്റെ താഴ് വരയിൽ

Next Post

മിനാ താഴ് വരയിൽ

post-bars

Related post

You cannot copy content of this page