Back To Top

 ഹജ്ജ് മനുഷ്യ സമത്വം പരിശീലിപ്പിക്കുന്ന വിധം

ഹജ്ജ് മനുഷ്യ സമത്വം പരിശീലിപ്പിക്കുന്ന വിധം

Spread the love

“ഇബ്രാഹീമാവുക!” എന്നാണ് പരിശുദ്ധ ഹജ്ജ് കർമം നമ്മോട് പറയുന്നത്. മനുഷ്യരെ വിഭജിച്ചു ഭരിക്കുന്ന ഭരണകൂട – പൗരോഹിത്യ കൂട്ടുകെട്ടിനെതിരെ വിപ്ലവത്തിൻ്റെ ആദിരൂപമായി അഗ്നിയിൽ കിടന്ന മഹാപ്രവാചകനായിരുന്നല്ലോ ഇബ്രാഹിം (അ).

മനുഷ്യമനസ്സിനെ സമൂഹ മനസ്സിനോട് കൂട്ടിച്ചേർക്കുന്ന അതുല്യ തീർത്ഥാടനമാണ് ഹജ്ജ്. വർഷം തോറും ലോകത്തിൻ്റെ വിദൂര കേന്ദ്രങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു മനുഷ്യർ, കറുത്തവരും വെളുത്തവരും വർഗ / വർണ/ രാഷ്ട്ര/ ഭാഷാ ഭേദമന്യേ ദൈവ വിളിക്കുത്തരം നൽകി മണ്ണും വിണ്ണും താണ്ടി മക്കയിലേക്ക് കുതിക്കുന്നു. വിശ്വാസത്തിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന അനേകശ്ശതം താൽപര്യങ്ങളെ, കൃത്രിമ ദൈവങ്ങളെ ചുവടു മാന്തി നശിപ്പിക്കുക മാത്രമല്ല ഹജ്ജ് ചെയ്യുന്നത്. സാമൂഹിക / രാഷ്ട്രീയ / സാമ്പത്തിക രംഗങ്ങളിൽ ചൂഷണത്തിൻ്റെ ദുർനീരൊഴുക്കിക്കഴിയുന്ന അധികാരിവർഗത്തിനെതിരെ സമരവീര്യം ഉണർത്താനും ഹജ്ജ് പറയുന്നു. ഹജ്ജിൻ്റെ വിപ്ലവകരമായ ഈ പരിവർത്തനോർജ്ജത്തെ അനുഭവ വേദ്യമാക്കണം ഹാജി എന്ന ദൈവത്തിൻ്റെ ഓരോ അതിഥിയും! മനസ്സിൻ്റെ ഉള്ളറകളിൽ എല്ലാവിധ ഐത്തങ്ങൾക്കുമെതിരെ മനുഷ്യസമത്വത്തിൻ്റെ ചിന്താ പ്രക്ഷുബ്ധത സൃഷ്ടിക്കുകയാണ് ഹജ്ജ്!

ഇബ്രാഹിമിനെപ്പോലെ അനശ്വരതയിലേക്ക് സഞ്ചരിക്കാനാണ് ഹജ്ജ് ആവശ്യപ്പെടുന്നത്. അതിന് ആദ്യം നിങ്ങൾ അവസാനിപ്പിക്കേണ്ടത് ചൂഷണങ്ങളാണ്. അസമത്വങ്ങളാണ്. വിവേചനങ്ങളാണ്. അല്ലാഹുവിങ്കലേക്കെത്താൻ മനുഷ്യരിലൂടെയല്ലാതെ വഴിയില്ല. കോളനി ജനത, കിഴക്കൻ, അടിമ, മർദ്ദിതൻ, ചൂഷിതൻ, ദുർബലൻ, ദരിദ്രൻ, ദു:ഖിതൻ… ഇവ്വിധ മുതലാളിത്ത മുദ്രകളിൽ നിന്നെല്ലാം ഊരിച്ചാടുന്ന ഇസ് ലാമിൻ്റെ വിമോചന പരതയാണ് ഹജ്ജ് പകരേണ്ടത്.

ഹജ്ജിൽ രണ്ടു കഷ്ണം വസ്ത്രമേ ധരിക്കാവൂ. പാവപ്പെടവൻ്റെ വേഷവിധാനം! വസ്ത്രം നിങ്ങളെ അഹങ്കാരിയാക്കിയിരുന്നു. വിനയാന്വിതനാവണമെങ്കിൽ ഈ ആഢ്യഅധികാര വേഷം ഉപേക്ഷിച്ചേ പറ്റൂ. ഇപ്പോൾ കടലിലെ ജലത്തുള്ളിയാണു നിങ്ങൾ.. മനുഷ്യർ തീർത്ത ജാതിവിവേചനങ്ങളുടെ ചങ്ങലകൾ അറുത്തു മാറ്റി തൊട്ടുകൂടായ്മയുടെ അതിരുകൾ മറികടന്ന് ശ്വേത വർണ വിശുദ്ധിയുടെ സ്നേഹ പ്രവാഹത്തിൽ അലിയുകയാണു നിങ്ങൾ!

ഹജ്ജ് കർമങ്ങളുടെ ദാർശനിക വശം നിങ്ങളൊന്ന് പരിശോധിക്കൂ: ത്വവാഫിൽ (കഅബയെ ചുറ്റൽ) നിങ്ങൾ ദൈവത്തെ പ്രണയിക്കുന്ന ചിത്രശലഭമാണ്! സഅ് യിൽ (കുഞ്ഞിന് ജലം തേടിയുള്ള ഹാജറയുടെ ഓട്ടം അനുസ്മരിക്കൽ) ആഹാരം തേടുന്ന പരുന്തും! മശ്അറിൽ (മരുഭൂമിയിലെ രാപ്പാർക്കൽ) നിങ്ങൾക്ക് തിരിച്ചറിവിൻ്റെ വെളിച്ചം ലഭിക്കും! അറഫയിൽ (എല്ലാവരും ചേർന്നു നിൽക്കുന്നിടം) മനുഷ്യരാശി ഒരൊറ്റ ദൈവത്തിൻ്റെ സൃഷ്ടികളാണെന്നതിൻ്റെ സാക്ഷിയാകും നിങ്ങൾ! തുടർന്ന് മിനായിൽ (കല്ലേറ് എന്ന പ്രതീകം ) അധർമങ്ങൾക്കും അനീതികൾക്കുമെതിരെ ധർമ പക്ഷ ഐക്യം വിളംബരം ചെയ്യുന്നു. ഉദുഹിയ്യത്തിൽ (മൃഗബലി ) സ്വാർത്ഥം ബലിയറുത്തും അവശ ജനലക്ഷണങ്ങളെ തീറ്റിയും നിങ്ങൾ വിപ്ലവം തീർക്കുന്നു..! ഏറ്റവും ഒടുവിൽ സ്വന്തം ഗർവ്വിൻ്റെ മറ്റൊരു ചിഹ്നമായ തലമുടി മുറിക്കാനാണ് ദൈവം ആവശ്യപ്പെടുന്നത്..!

ആരാധനയുടെ പുതിയ വിശ്ലേഷണ മാർഗങ്ങളിലൂടെ മനുഷ്യത്വ വിരുദ്ധമായതെല്ലാം വെട്ടിമാറ്റി നിങ്ങളിലെ മനുഷ്യനെ കൂടുതൽ തെളീക്കുകയും കരുത്തുറ്റതാക്കുകയുമാണ് ഹജ്ജ്!

ഭരണകൂട വംശീയ ഡംഭിന് കീഴടങ്ങാത്ത ഇബ്രാഹീമീ പാതയുടെ അതുല്യതയാണ് ഹജ്ജ് നൽകുന്ന ഊർജ്ജ പ്രവാഹങ്ങളിലെ മൗലികത!

അതെ! മനുഷ്യരെ ഭയപ്പെടാതെ ദൈവത്തെ മാത്രം ഭയപ്പെടുന്ന ഈമാൻ എന്ന അംന്! (അകത്ത് ശാന്തി പകരുന്ന, ഇബ്രാഹിമിൻ്റെ ഊതിക്കാച്ചിയ ആദർശ ദാർഢ്യത! ) പരമാവധി സ്വന്തത്തിലേക്ക് ആവാഹിക്കുന്നതാണ് ജീവനുള്ള ഹജ്ജ്!

(അവലംബം: ഡോ: അലി ശരീഅത്തിയുടെ ഹജ്ജ് എന്ന വിഖ്യാത കൃതി. മൊഴിമാറ്റം: കലീം. പ്രസാധനം: ഐ.പി.എച്ച്)

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Prev Post

ഹജ്ജ്: ആരാധനയും ജീവിതവും

post-bars

Related post

You cannot copy content of this page