ബലിയറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നഖവും മുടിയും വെട്ടുന്നതിന്റെ വിധി
ഉദുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളില്‍ മുടിയും നഖവും വെട്ടുന്നത് അനുവദനീയമാണോ?
മറുപടി: ഹമ്പലി മദ്ഹബ് പ്രകാരം ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളില്‍ മുടിയോ നഖമോ വെട്ടുന്നത് ഉദുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് അനുവദനീയമല്ല. ദുല്‍ഹജ്ജ് മാസപ്പിറവിയോടെ നഖവും മുടിയും താടിയും വെട്ടുകയോ വടിക്കുകയോ ചെയ്യുന്നതില്‍ നിന്നവര്‍ വിട്ടുനില്‍ക്കണം. ഹജ്ജിന് വേണ്ടി ഇഹ്‌റാം ചെയ്തവരോടുള്ള ഐക്യപ്പെടലിന്റെ ഭാഗമാണിത്. വിശുദ്ധ ഭൂമിയില്‍ ചെന്ന് ഹജ്ജും ഉംറയും സാധിക്കാത്ത ഒരാള്‍ തന്റെ സ്വന്തം നാട്ടില്‍ നിന്നുകൊണ്ട് താടിയും മുടിയും നഖവും വെട്ടുന്നതില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് മക്കയിലുള്ള ഹാജിമാരോട് ഐക്യദാര്‍ഢ്യപ്പെടുകയാണ് ചെയ്യുന്നത്. ഭാര്യ-ഭര്‍തൃ ബന്ധം, സുഗന്ധം ഉപയോഗിക്കല്‍ പോലെ ഇഹ്‌റാമില്‍ നിഷിദ്ധമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നവര്‍ വിട്ടുനില്‍ക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് ഇഹ്‌റാമിലുള്ളവരോട് മാത്രമാണ്.
ഉദുഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ മുടിയോ നഖമോ മുറിക്കുന്നത് അനഭിലഷണീയമാണെന്നതാണ് പ്രബലമായ അഭിപ്രായം. ഇതിന് വിരുദ്ധമായി ആരെങ്കിലും നഖം മുറിക്കുകയോ മുടി വെട്ടുകയോ ചെയ്താല്‍ അതിന് പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതില്ല, അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ മതി. മുടിയും നഖവും വെട്ടാതിരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിക്കും. അത്തരക്കാര്‍ മുടി വെട്ടുകയോ നഖം മുറിക്കുകയോ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.