
ഹജ്ജിന്റെയും ദുൽഹിജ്ജ മാസത്തിന്റെയും പ്രാധാന്യം
ഹിജ്റ കലണ്ടറിലെ അവസാന മാസമാണ് ദുൽഹജ്ജ്. ഇസ്‌ലാം സ്ഥാപിക്കപ്പെട്ട പഞ്ചസ്തംഭങ്ങളിൽ ഒടുവിലത്തേതായി ഗണിക്കപ്പെടുന്ന ഹജ്ജ് തന്നെയാണ് പന്ത്രണ്ടാം മാസത്തിന്റെ സവിശേഷത. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവെ ആരാധിക്കാൻ ഭൂമിയിൽ ഒന്നാമതായി സ്ഥാപിക്കപ്പെട്ട ദേവാലയമായ കഅ്ബാലയത്തിലേക്ക് വിശ്വാസി നടത്തുന്ന തീർത്ഥാടനമാണ് ഹജ്ജ്. ആരോഗ്യപരമോ സാമ്പത്തികമോ യാത്രാസംബന്ധമോ ആയ തടസ്സങ്ങളില്ലാത്ത ഓരോ മുസ്‌ലിമിനും ആയുസ്സിലൊരിക്കൽ നിർബന്ധമാണ് ഹജ്ജ്. കൂടുതൽ ചെയ്യാൻ സാധിച്ചാൽ അത് സുന്നത്താണ്. സാധ്യമായിട്ടും ഹജ്ജ് ഉപേക്ഷിച്ചവന്റെ വിശ്വാസം അപൂർണമാണ് . ” ഹജ്ജ് ചെയ്യാതെ മരിക്കുന്നവൻ ജൂതനോ ക്രിസ്ത്യാനിയോ ആയി മരിക്കട്ടെ ” (തിർമിദി) എന്ന് നബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹജ്ജ് നിർവഹിക്കേണ്ടതില്ല എന്ന് ബോധപൂർവം തീരുമാനിക്കുന്നവൻ നിഷേധിയാണ് എന്നാണ് പ്രമാണം.(ആലു ഇംറാൻ :97)
മറ്റെല്ലാ ആരാധനകളും വിശ്വാസികൾ തങ്ങളുടെ ജീവിതയിടങ്ങളിൽ നിർവഹിക്കുമ്പോൾ ഹജ്ജ് നിർവഹിക്കാൻ അതിനവസരം ലഭിച്ച ലോകത്തുടനീളമുള്ള വിശ്വാസികളുടെ പ്രതിനിധികൾ മക്ക പുണ്യഭൂമിയിൽ സംഗമിക്കുന്നു. ഹജ്ജ് മാസം പിറക്കുന്നതോടെ വിശ്വാസിലോകത്തിന്റെ മനസ്സ് അവിടേക്ക് കേന്ദ്രീകരിക്കുന്നു. ഹജ്ജിന്റെ സുപ്രധാന ദിനമായ അറഫാ ദിനത്തിൽ വിശ്വാസികളൊന്നടങ്കം വ്രതമനുഷ്ഠിച്ച് ഹാജിമാരോട് ഐക്യപ്പെടുന്നു. ബലി ദിനത്തിൽ ഹജ്ജിൽ പങ്കെടുക്കുന്നവരോടൊപ്പം ലോകത്തുടനീളമുള്ള വിശ്വാസി സമൂഹം ഒന്നടങ്കം ഈദുൽ അദ്ഹാ ആഘോഷിക്കുകയും ബലികർമം നിർവഹിക്കുകയും ചെയ്യുന്നു.
ദുൽഹിജ്ജ എട്ട് മുതൽ പതിമൂന്ന് വരെയാണ് ഹജ്ജ് ദിനങ്ങൾ.
ദുൽഹിജ്ജ എട്ട് യൗമുത്തർവിയ എന്നറിയപ്പെടുന്നു. അന്ന് ഹജ്ജിന്റെ നിയ്യത്ത് ചെയ്ത് തൽബിയത്ത് ചൊല്ലിക്കൊണ്ട് മിനായിൽ എത്തുക. നമസ്കാരങ്ങൾ ഖസ്വ്‌റാക്കി നിർവഹിച്ച് മിനയിൽ താമസിക്കുക.
ദുൽഹിജ്ജ ഒമ്പത് യൗമു അറഫ (അറഫാ ദിനം). സുബ്ഹ് നമസ്കരിച്ച് സൂര്യൻ ഉദിച്ച ശേഷം തൽബിയത്ത് ചൊല്ലിക്കൊണ്ട് അറഫയിലേക്ക് പോവുക. പറ്റുന്ന വർ അറഫയിലേക്കുള്ള വഴിയിൽ നമിറയിൽ ജമാഅത്തിൽ പങ്കെടുത്ത് ളുഹ്റും അസ്റും ജംഉം ഖസ്റുമായി നമസ്കരിക്കുക. ഇമാമിന്റെ ഖുത്ബ കേൾക്കുക. പറ്റാത്തവർ അറഫയിൽ ചെന്ന് നമസ്കരിക്കുക. ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മം അറഫാ സംഗമമാണ്. ” ഹജ്ജെന്നാൽ അറഫയാണ് ” എന്ന് നബി(സ). സൂര്യൻ അസ്തമിക്കും വരെ ഹാജിമാർ അറഫയിൽ ഉണ്ടാവണം. സൂര്യൻ അസ്തമിച്ചാൽ മുസ്തലിഫയിലേക്ക്. മഗ്‌രിബും ഇഷായും മുസ്തലിഫയിൽ ജംഉം ഖസ്റുമായി നിർവഹിക്കുക. രാത്രി മുസ്തലിഫയിലാണ് കഴിയേണ്ടത്.
ദുൽഹിജ്ജ പത്ത് യൗമുന്നഹ്ർ എന്നറിയപ്പെടുന്നു. ഹാജിമാർ സൂര്യോദയത്തിന് മുമ്പേ മിനായിലേക്ക് പോകണം. ജംറത്തുൽ അഖബയിൽ എത്തിയാൽ പിന്നെ തൽബിയത്ത് നിർത്താം. ശേഷം അവിടെ കല്ലെറിയുക. മൃഗബലി നടത്തുക. (ബലി അന്ന് തന്നെ നിർബന്ധമില്ല. 11, 12, 13 തിയ്യതികളിലായും ബലി നൽകാം. )
തല മുടി കളയുക.
ത്വവാഫ് ചെയ്യുക. ത്വവാഫുൽ ഇഫാദ. അതോടെ ഇഹ്റാമിൽ നിന്ന് ഒഴിവാകും.
സഅയ് നടത്തുക.
ഹാജിമാർ അന്ന് മിനയിൽ തന്നെ താമസിക്കുക.
ദുൽഹജ്ജ് പതിനൊന്ന്, പന്ത്രണ്ട് , പതിമൂന്ന് എന്നിവ അയ്യാമുത്തശ്‌രീഖ് എന്ന് വിളിക്കപ്പെടുന്നു. ഹജ്ജിന്റെ അവസാന ദിവസങ്ങളാണവ. മിനായിൽ താമസിച്ച് ളുഹ്റിനും അസ്തമയത്തിനും ഇടയിൽ മൂന്ന് ജംറകളിലും കല്ലെറിയുകയാണ് ഈ നാളുകളിൽ ചെയ്യേണ്ടത്.
അതു കഴിഞ്ഞ് വിടവാങ്ങൽ ത്വവാഫ് കൂടി നിർവഹിച്ച് മക്കവിട്ട് പോവുക.
ഹജ്ജ് സംബന്ധിച്ച് പ്രവാചക വചനങ്ങളിൽ കാണാൻ കഴിയുന്ന പരാമർശങ്ങൾ ചിന്തനീയമാണ്.
ജിഹാദിന് അനുമതി ചോദിച്ച വനിതകളോട് ‘പുണ്യപൂർണമായ ഹജ്ജാണ് ഏറ്റം വലിയ ധർമ സമര’മെന്ന് പ്രവാചകൻ മറുപടി നൽകി. എല്ലാ ദുർബലന്റെയും ധർമ്മ സമരമാണ് ഹജ്ജ്. ഹജ്ജ് ചെയ്യുന്നവർ അല്ലാഹുവിന്റെ യാത്രാ സംഘമാണ്.
അരുതായ്മകൾ സംഭവിക്കാതെ ഹജ്ജ് പൂർത്തീകരിക്കുന്ന ഹാജി മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധിയോടെയാണ് മടങ്ങുന്നത്. ഹജ്ജ് നിർവഹിച്ച ആൾക്ക് മുൻകഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടും. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വർഗമാണ്.
ഹജ്ജിന്റെ സുപ്രധാന ദിനങ്ങൾ ഉൾപ്പെടുന്ന ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങൾ ഏറ്റവും ശ്രേഷഠ നാളുകളാണെന്നും ആ നാളുകളിലെ സൽക്കർമങ്ങൾ അല്ലാഹുവിന് ഏറ്റം പ്രിയങ്കരമാണെന്നും ഖുർആനും പ്രവാചകനും(സ) പറഞ്ഞുതരുന്നുണ്ട്. ഖുർആനിലെ അൽഫജ്ർ അധ്യായത്തിലെ രണ്ടാം സൂക്തം ﻭَﻟَﻴَﺎﻝٍ ﻋَﺸْﺮٍ
(പത്ത് രാത്രികള്‍ തന്നെയാണെ സത്യം.) എന്നത് അത് സംബന്ധിച്ച പരാമർശമാണ്.
ഐഹികലോകത്തിലെ ദിനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനങ്ങളാണെന്ന് റസൂലുല്ലാഹ് പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും പ്രസിദ്ധമായ തിരുവചനം ഇതാണ് :
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ : مَا الْعَمَلُ فِي أَيَّامِ الْعَشْرِ أَفْضَلَ مِنَ الْعَمَلِ فِي هَذِهِ ”. قَالُوا وَلاَ الْجِهَادُ قَالَ ” وَلاَ الْجِهَادُ، إِلاَّ رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَىْءٍ
ഇബ്നു അബ്ബാസില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ക൪മ്മങ്ങളുമില്ല’. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ? നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല. എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്താലല്ലാതെ .(ബുഖാരി)
റമദാനിലെ അവസാന പത്തിലെ പകലുകളെക്കാൾ ദുൽഹജ്ജിലെ ആദ്യ പത്ത് പകലുകൾ ശ്രേഷഠമാണെന്ന് ഇബ്നു തൈമിയ്യ(റ) പറഞ്ഞതായി കാണാം.
രാവുകളിൽ മഹത്വമേറിയത് റമദാനിലെ അവസാന രാവുകൾ തന്നെയെന്ന് ഇബ്നുൽ ഖയ്യിമും രേഖപ്പെടുത്തിയിരിക്കുന്നു.
ഇത്രമേൽ മഹത്വമേറിയ പത്ത് ദിവസങ്ങളിൽ എന്ത് ചെയ്യണം എന്നത് പ്രധാനമാണ്.
റമദാനിലെ അതിവിശിഷ്ടമായ സമയത്തെ ഉപയോഗപ്പെടുത്തുന്ന പോലെ ഫർദായ ഇബാദത്തുകളിൽ കൂടുതൽ ജാഗ്രത കാണിച്ചും ഐഛിക കാര്യങ്ങൾ വർധിപ്പിച്ചും ഫലപ്രദമാക്കുക. ആ ദിവസങ്ങളിൽ നോമ്പെടുക്കാം , രാത്രി നമസ്കാരം നിർവഹിക്കാം, ഖുർആൻ പഠന പാരായണങ്ങളിൽ ഏർപ്പെടാം, ദിക്റ് ദുആകളിൽ മുഴുകാം. ജനസേവന പ്രവർത്തനങ്ങളിലും സജീവമാകാം.
അവയ്ക്ക് പ്രചോദിപ്പിക്കുന്ന ഒരു തിരുവചനമുണ്ട് :
റസൂല്‍ (സ) പറഞ്ഞതായി അബുഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ദുല്‍ഹജ്ജിലെ പത്തു ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് തന്നെ ഇബാദത്ത് ചെയ്യുന്നത് കൂടുതല്‍ ഇഷ്ടമായ വേറെ ദിവസങ്ങളില്ല. അവയില്‍ ഓരോ ദിവസത്തെ നോമ്പും ഒരു വര്‍ഷത്തെ നോമ്പിന് സമമാകുന്നു. അവയില്‍ നിര്‍വഹിക്കുന്ന ഓരോ രാത്രി നമസ്‌കാരവും ലൈലത്തുല്‍ ഖദ്‌റിലെ നമസ്‌കാരത്തിന് തുല്യവുമാണ്” (തിര്‍മിദി, ഇബ്‌നുമാജ, ബൈഹഖി).
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE