കുട്ടികളുടെ ഹജ്ജ്
മറ്റു ഇബാദത്തുകൾ പോലെ തന്നെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും ഹജ്ജ് നിർബന്ധമില്ല. എന്നാൽ കുട്ടികൾ ഹജ്ജ് ചെയ്താൽ അതു സാധുവാകും. പിന്നീട് പ്രായപൂർത്തിയായ ശേഷം കഴിവുണ്ടങ്കിൽ വീണ്ടും ഹജ്ജ് ചെയ്യൽ അവർക്കു നിർബന്ധമാണ്. ഹജ്ജിന്റെ ബാധ്യത കുട്ടിക്കാലത്തെ ഹജ്ജ് കൊണ്ടു തീരുന്നില്ലെന്ന് സാരം.
അടിമക്കും ഹജ്ജ് നിർബന്ധമില്ലെങ്കിലും അടിമയുടെയും ഹജ്ജ് സാധുവാണ്. സ്വതന്ത്രനായശേഷം കഴിവുണ്ടായാൽ അവനും വീണ്ടും ഹജ്ജ് നിർവ്വഹിക്കൽ നിർബന്ധമാണ്. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.
أيما صبي حج ثم بلغ الحنث فعليه أن يحج حجة أخرى أيما عبد حج ثم أعتق فعليه أن يحج حجة أخرى (الطبراني) (ഏതൊരു കുട്ടിയും ഹജ്ജ് നിർവ്വഹിക്കുകയും പ്രായപൂർത്തിയെ ത്തുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജ് കൂടി നിർവ്വഹിക്കണം. ഏതൊരു അടിമയും ഹജ്ജ് നിർവ്വഹിക്കുകയും പിന്നെ മോചിതനാവുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജ് കൂടി നിർവ്വഹിക്കണം.)
കുട്ടി വിവേകപ്രായമെത്തിയവനെങ്കിൽ സ്വയം തന്നെ ഇഹ്റാമിൽ പ്രവേശിച്ച് ഹജ്ജിന്റെ കർമങ്ങൾ നിർവ്വഹിക്കയാണ് വേണ്ടത്. വിവേക പ്രായമെത്തിയിട്ടില്ലെങ്കിൽ അവന് വേണ്ടി ഇഹ്റാമിൽ ഏർപ്പെടേണ്ടതും തൽബിയത്ത് ചൊല്ലേണ്ടതും അവനെയും കൊണ്ട് ത്വവാഫും സഅയും നടത്തേണ്ടതും അറഫയിൽ നിൽക്കേണ്ടതും കല്ലെറിയേണ്ടതുമൊക്കെ രക്ഷാകർത്താവാണ്. അറഫയിൽ നിൽക്കും മുമ്പ് കുട്ടിക്ക് പ്രായം തിക യുകയോ, അടിമമോചിതനാവുകയോ ചെയ്താൽ അപ്പോൾ നിർവ്വഹി ച്ചുകൊണ്ടിരിക്കുന്ന ഹജ്ജ് മുഖേനതന്നെ നിർബന്ധ ബാധ്യത തീരും.