സ്വഫാ മർവകൾക്കിടയിൽ ഓട്ടം (സഅ് യ് )
ബുഖാരി ഇബ്നുഅബ്ബാസിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഇബ്റാഹീം (അ) ഹാജറയെയും അവരുടെ മുലകുടിക്കുന്ന സന്താനമായ ഇസ്മാഈലിനെയും കൂട്ടി വന്നു അവരെ കഅ്ബയുടെ അടുത്ത് താമസിപ്പിച്ചു. അതായത്, സംസമിനു മുകളിൽ ഒരു മരക്കൂട്ടത്തിനടുത്ത്. അന്ന് മക്ക വിജനമായിരുന്നു. വെള്ളമുണ്ടായിരുന്നില്ല. കാരക്കയുള്ള ഒരു തോൽ പാത്രവും വെള്ളമുള്ള മറ്റൊരു പാത്രവും അദ്ദേഹം അവരുടെ അടുത്തു വെച്ചു. പിന്നീട് ഇബ്റാഹീം തിരിഞ്ഞുനടന്നു. അപ്പോൾ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ട് ഇസ്മാഈലിന്റെ ഉമ്മ ചോദിച്ചു: “ഓ, ഇബ്റാഹീം! ഞങ്ങളെ ആരുമില്ലാത്ത ഈ ചരിവിൽ വിട്ടേച്ചുകൊണ്ട് എവിടെപ്പോകുന്നു? “ഇതവർ പല തവണ ആവർത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹം തിരി ഞ്ഞുനോക്കിയില്ല. അവർ ചോദിച്ചു: “അല്ലാഹുവാണോ ഇതിനു കല്പിച്ചത്?’ അദ്ദേഹം പറഞ്ഞു: അതെ. അവർ പറഞ്ഞു: എങ്കിൽ അവൻ ഞങ്ങളെ നിരാധാരമാക്കുകയില്ല.
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കൂടിയുണ്ട്; അവർ ചോദിച്ചു: “ആരിലേക്കാണ് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിലേക്ക്. അവർ പറഞ്ഞു: “എങ്കിൽ ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു പിന്നീടവർ മടങ്ങിപ്പോന്നു.
അങ്ങനെ ഇബ്റാഹീം നടന്നുവന്ന് സനിയ്യത്തിൽ അവർ കാണാത്ത സ്ഥലത്തെത്തിയപ്പോൾ കഅ്ബ യുടെ ഭാഗത്തേക്ക് മുഖം തിരിച്ചുകൊണ്ട് കെെ ഉയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു: “നാഥാ, എന്റെ സന്തതികളെ നിന്റെ ആദരണീയ ഭവനത്തിൽ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയിൽ താമസിപ്പിച്ചിരിക്കയാണ് ഞാൻ. അവർ നമസ്കാരം നിർവഹിക്കുന്നതിനു വേണ്ടിയാണിത്. അതിനാൽ, ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് ആകർഷിക്കുമാറാക്കണം. ഫലങ്ങൾ അവർക്ക് ആഹാരമായി നൽകുകയും വേണം. അവർ നന്ദി ചെയ്യുന്നതിനുവേണ്ടി.
ഇസ്മാഈലിന്റെ മാതാവ് മരച്ചുവട്ടിൽ ഇരുന്നു. തന്റെ മകനെ പാർശ്വത്തിൽ വെച്ചു മുലകുടിക്കാൻ സൗകര്യം ചെയ്തുകൊടുത്തു. അങ്ങനെ മുലപ്പാൽ മുഴുവൻ തീർന്നെങ്കിലും കുട്ടിക്ക് വിശപ്പടങ്ങിയില്ല. പിന്നീട് അവൻ കിടന്ന് പിടയുന്നതാണ് അവർ കണ്ടത്. അത് കാണാൻ സാധിക്കാത്തതിനാൽ അവർ എഴുന്നേറ്റ് സ്വഫയുടെ മുകളിൽ പോയി അതാണ് അവരോട് ഏറ്റവും അടുത്ത കുന്ന്. പിന്നീട് ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് താഴ്വരയിലേക്ക് നോക്കി. ആരെയും കണ്ടില്ല. അപ്പോൾ സ്വഫയിൽ നിന്നിറങ്ങി -താഴ്വരയിൽ വന്നു. അവിടെ വെച്ചവർ തട്ടം തലമാറ്റി ധരിച്ചു.
ഒരു മനുഷ്യന് ആവുന്നത്ര ധൃതിയിൽ ഹാജറ താഴ്വരയിലൂടെ ഓടി മർവയിലെത്തി. അവിടെനിന്ന് ആരെയെങ്കിലും കാണുന്നുണ്ടോ എന്നു വീക്ഷിച്ചു. ആരെയും കണ്ടില്ല. ഇങ്ങനെ ഏഴുപ്രാവശ്യം ആവർത്തിച്ചു. ഇബ്നുഅബ്ബാസ് പറയുന്നു: നബി(സ) പറഞ്ഞു: “അതാണ് ജനങ്ങളുടെ സഅ് യ്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0