Back To Top

 ത്വവാഫിന്റെ ഇനങ്ങൾ

ത്വവാഫിന്റെ ഇനങ്ങൾ

Spread the love

1. ത്വവാഫുൽ ഖുദൂം 2. ത്വവാഫുൽ ഇഫാദ 3. ത്വവാഫുൽ വിദാഅ് 4. ത്വവാഫുത്തത്വവുഅ് അഥവാ സു ന്നത്തായ ത്വവാഫ്. ഹജ്ജ് ചെയ്യുന്നവൻ മക്കയിലുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി കൂടുതലായി സുന്നത്തായ ത്വവാഫ് ചെയ്യുകയും മസ്ജിദുൽ ഹറാമിൽ കൂടുതലായി നമസ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റു പള്ളികളെ അപേക്ഷിച്ച് മസ്ജിദുൽ ഹറാമിൽ നിന്നുള്ള നമസ്കാരം ലക്ഷം മടങ്ങ് ഉത്തമമത്രെ.

സുന്നത്തായ ത്വവാഫിൽ ധൃതിയിൽ നടക്കുകയോ മേൽവസ്ത്രം ചുമലിലൂടെ എതിരായി ബന്ധിക്കുകയോ ചെയ്യേണ്ടതില്ല. മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമ്പോഴെല്ലാം അതിനു ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടാണ് അതിനെ അഭിവാദ്യം ചെയ്യേണ്ടത്. എന്നാൽ മറ്റു പള്ളികളുടെ അവസ്ഥ ഇതല്ല; രണ്ടു റക്അത്ത് നമസ്കാരമാണ് അവയിൽ ഉപഹാരമായി ചെയ്യേണ്ടത്. ഈ ത്വവാഫിനു ചില നിബന്ധനകളും മര്യാദകളുമുണ്ട്. അവയാണ് താഴെ വിവരിക്കുന്നത്.

ത്വവാഫിന്റെ നിബന്ധനകൾ
1. ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽനിന്നും മുക്തമായിരിക്കുക. ( ഹനഫികളുടെ വീക്ഷണത്തിൽ ത്വവാഫിന് ശുദ്ധി ഒരനിവാര്യ നിബന്ധനയല്ല. ബലി നിർബന്ധമാകുന്ന വാജിബ് മാത്രമാണ്. ഒരാൾ ചെറിയ അശുദ്ധിയോടുകൂടിയാണ് ത്വവാഫ് ചെയ്തതെങ്കിൽ ത്വവാഫ് സാധുവാകും. പക്ഷേ, ഒരാടിനെ ബലി കൊടുക്കണം. വലിയ അശുദ്ധിയോടുകൂടിയാണെങ്കിലും ത്വവാഫ് സാധുവാകും. അപ്പോൾ പക്ഷേ, ബലി കൊടുക്കേണ്ടത് ഒരൊട്ടകത്തെയാണ്. മക്കയിലായിരിക്കെത്തന്നെ മറ്റൊരിക്കൽ അത് മടക്കുകയും വേണം. എന്നാൽ, ശരീരവും വസ്ത്രവും മാലിന്യ മുക്തമായി രിക്കുക എന്നത് അവരുടെ വീക്ഷണത്തിൽ സുന്നത്ത് മാത്രമാണ്.)

ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്ന ഹദീസാണിതിനു തെളിവ്. നബി (സ) പറഞ്ഞു: “ത്വവാഫ് നമസ്കാരമാണ്……… പക്ഷേ, അതിൽ സംസാരിക്കാൻ അല്ലാഹു അനുവാദം നല്കിയിരിക്കുന്നു. അതിനാൽ, ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ ഉത്തമമായതു മാത്രം സംസാരിക്കട്ടെ.” (തിർമിദി, ദാറഖുത്നി) 16

ആഇശ (റ) യിൽ നിന്നുദ്ധരിക്കുന്നു: “നബി (സ) അവരുടെ അരികിൽ വന്നു. അവർ അപ്പോൾ കരഞ്ഞുകൊണ്ടിരിക്കയായിരുന്നു. തിരുമേനി ചോദിച്ചു. “നീ ഋതുമതിയായിരിക്കുന്നോ?’ അവർ പറഞ്ഞു: ‘അതെ.’ നബി (സ) പറഞ്ഞു: “മനുഷ്യരായ എല്ലാ സ്ത്രീകൾക്കും അല്ലാഹു നിയമമാക്കിയ ഒരു കാര്യമാണത്. അതിനാൽ ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതെല്ലാം നീയും ചെയ്തുകൊള്ളുക. എന്നാൽ കുളിക്കുന്നതുവരെ ത്വവാഫ് മാത്രം ചെയ്യരുത്.”(മുസ്ലിം) ആഇശ (റ) തന്നെ പറയുന്നു: നബി (സ) മക്കയിൽ വന്നപ്പോൾ ആദ്യമായി ചെയ്തത് വുദുചെയ്ത്
കഅ്ബയെ ത്വവാഫ് ചെയ്യുകയായിരുന്നു. (ബുഖാരി, മുസ്ലിം)

എന്നാൽ മൂത്രവാർച്ച, നില്ക്കാത്ത രക്തസ്രാവം തുടങ്ങി നീക്കാൻ സാധിക്കാത്ത മാലിന്യമുള്ളവർ അങ്ങനെത്തന്നെ ത്വവാഫ് ചെയ്താൽ മതി. അതിനവർ പ്രായശ്ചിത്തമൊന്നും നൽകേണ്ടതില്ലെന്നാണ് ഏകകണ്ഠമായ പണ്ഡിത മതം. ഇമാം മാലിക് ഉദ്ധരിക്കുന്നു: ഇബ്നു ഉമറി(റ)ന്റെ അരികിൽ വന്നു ഒരു സ്ത്രീ ഇങ്ങനെ ഫത് വ ചോദിച്ചു: “ഞാൻ കഅ്ബയെ ത്വവാഫ് ചെയ്യാൻ ഉദ്ദേശിച്ചു വന്നു. പള്ളിയുടെ വാതിലിന് അടുത്തെത്തിയപ്പോൾ രക്തവാർച്ച തുടങ്ങി. അപ്പോൾ ഞാൻ മടങ്ങിപ്പോയി. അങ്ങനെ രക്തവാർച്ച നിലച്ചപ്പോൾ വീണ്ടും വന്നു. പള്ളിയുടെ വാതിലിനരികിലെത്തിയപ്പോൾ വീണ്ടും രക്തവാർച്ച. ഞാൻ മടങ്ങി. നിലച്ചപ്പോൾ വീണ്ടും വന്നു. പള്ളിയുടെ വാതില്ക്കലെത്തിയപ്പോൾ വീണ്ടും രക്തം!

ഇബ്നുഉമർ (റ) പറഞ്ഞു: “അതൊരു പൈശാചി കബാധയാണ്. അതിനാൽ, കുളിച്ച് രക്തം വരുന്ന ഭാഗം തുണികൊണ്ട് ബന്ധിച്ച് നീ ത്വവാഫ് ചെയ്തു കൊള്ളുക.

2. ഔറത്ത് മറയ്ക്കുക. ( ഹനഫികളുടെ അഭിപ്രായത്തിൽ ഇത് വാജിബാണ്. നഗ്നനായി ഒരാൾ ത്വവാഫ് ചെയ്താൽ ത്വവാഫ് സാധുവാകും. ) അബൂഹുറയ്റ(റ)യുടെ ഹദീസാണ് അതിനു തെളിവ്. അദ്ദേഹം പറഞ്ഞു: “ഹജ്ജതുൽ വിദാഇനുമുമ്പ് നബി (സ) അബൂബ ക്റി(റ)നെ അമീറാക്കി ഹജ്ജിനു നിയോഗിച്ച വർഷം നഹറിന്റെ ദിവസത്തിൽ ഇങ്ങനെ വിളിച്ചുപറയാൻ ഒരു സംഘത്തോടൊപ്പം എന്നെ നിയോഗിച്ചു. ഈ വർഷത്തിനുശേഷം ബഹുദൈവ വിശ്വാസികൾ ഹജ്ജ് ചെയ്യുവാൻ പാടില്ല. കഅ്ബക്ക് ചുറ്റും നഗ്നരായി ത്വവാഫ് ചെയ്യാനും പാടില്ല.” (ബുഖാരി, മുസ്ലിം)

3. ഏഴു പ്രദക്ഷിണം പൂർത്തിയാക്കുക. ഒരു തവണ ഒരടിയെങ്കിലും പൂർത്തിയാക്കാതിരുന്നാൽ അതൊരു ത്വവാഫായി ഗണിക്കുന്നതല്ല. എണ്ണം സംശയം തോന്നിയാൽ ചുരുങ്ങിയത് സ്വീകരിച്ച് ബാക്കിയുള്ളത് പൂർത്തിയാക്കി ഏഴെണ്ണം ഉറപ്പുവരുത്തണം. ത്വവാഫിൽ നിന്ന് വിരമിച്ച ശേഷമാണ് സംശയം തോന്നിയതെങ്കിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

4. പ്രദക്ഷിണം ഹജറുൽ അസ് വദിന്റെ ചാരത്ത് നിന്ന് ആരംഭിച്ച് അവിടെത്തന്നെ അവസാനിപ്പിക്കുക.

5. കഅ്ബ, പ്രദക്ഷിണം വെക്കുന്നവന്റെ ഇടഭാഗത്തായിരിക്കുക. കഅ്ബയെ തന്റെ വലത് ഭാഗത്താക്കി പ്രദക്ഷിണം ചെയ്താൽ ത്വവാഫ് സാധുവാകയില്ല. ജാബിറിന്റെ ഹദീസാണ് തെളിവ്. അദ്ദേഹം പറഞ്ഞു: “നബി തിരുമേനി മക്കയിൽ വന്നപ്പോൾ ഹജറുൽ അസ് വദിന്റെ അരികിൽ വരികയും അതിനെ തൊട്ടു ചുംബിക്കുകയും തന്റെ വലതുഭാഗത്തേക്ക് മുന്നുപ്രാവശ്യം ധൃതിയിൽ നടക്കുകയും നാലു പ്രാവശ്യം സാവധാനത്തിൽ നടക്കുകയും ചെയ്തു.

6. പ്രദക്ഷിണം കഅ്ബാ മന്ദിരത്തിന്റെ പുറത്തായിരിക്കുക. അതിന്റെ ഹിജ്റിലൂടെ ( ഹിജ്ർ ഇസ്മാഈലാണ് ഇവിടെ ഹിജ്റ് എന്നു പറഞ്ഞത്. കഅ്ബയുടെ വടക്കുഭാഗത്തുള്ള ഇതിനെ വലയം ചെയ്തുകൊണ്ട് അർധവൃത്താകൃതിയിലുള്ള ഒരു ചുമരുണ്ട്. അത് മുഴുവൻ കഅ്ബയിൽ പെട്ടതല്ല. ഏകദേശം മൂന്നു മീറ്ററോളം മാത്രമേ കഅ്ബയിൽപെടുകയുള്ളൂ. ) നടന്നാൽ ത്വവാഫ് സാധുവാകയില്ല. ഹിജ്റും അടിത്തറയുമെ ല്ലാം കഅ്ബയിൽ പെട്ടതാണ്. കഅ്ബയെ പ്രദക്ഷിണം വെയ്ക്കാനാണ് അല്ലാഹു കല്പിച്ചിരിക്കുന്നത്. കഅ്ബയിൽ പ്രദക്ഷിണം വയ്ക്കാനല്ല. സാധ്യമാണങ്കിൽ കഅ്ബയുടെ ഏറ്റവും അടുത്തുകൂടി പ്രദക്ഷിണം വെയ്ക്കുന്നതാണ് സുന്നത്ത്.

7. തുടർച്ചയായ പ്രദക്ഷിണം. മാലികിന്റെയും അഹ്മദിന്റെയും അഭിപ്രായത്തിൽ അവയ്ക്കിടയിൽ കാരണം കൂടാതെ ചെറിയ വിടവുണ്ടാവുന്നതിനു വിരോധമില്ല; കാരണത്തോടുകൂടിയാണെങ്കിൽ വലിയ വിടവുണ്ടാകുന്നതിനും. എന്നാൽ പ്രദക്ഷിണം തുടർച്ചയാവുന്നത് സുന്നത്താണെന്ന് ശാഫിഈകളുടെയും ഹനഫികളുടെയും അഭിമതം.

സഈദുബ്നുമൻസൂർ ഹമീദുബ്നു സൈദിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: “അബ്ദുല്ലാഹിബ്നു ഉമർ (റ) കഅ്ബയെ മൂന്നുപ്രാവശ്യം പ്രദ ക്ഷിണം വെച്ചശേഷം ഇരുന്നു വിശ്രമിക്കുകയും അദ്ദേഹത്തിന്റെ പരിചാരകൻ വീശിക്കൊടുക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. അതിനുശേഷം അദ്ദേഹം ബാക്കിയുള്ള ത്വവാഫുകൾ പൂർത്തിയാക്കി.

ത്വവാഫിനിടയിൽ ചെറിയ അശുദ്ധിയുണ്ടാവുകയാണെങ്കിൽ, ഹനഫികളുടെയും ശാഫിഈകളുടെയും അഭിപ്രായത്തിൽ വുദു ചെയ്തശേഷം ശേഷിച്ച ത്വവാഫുകൾ പൂർത്തിയാക്കിയാൽ മതി. ഇടവേള ദീർഘിച്ചാലും വിരോധമില്ല.

ഇബ്നുഉമർ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ നമസ്കാരത്തിന് വിളിക്കപ്പെടുകയും അങ്ങനെ നമസ്കാരം നിർവഹിച്ചശേഷം ബാക്കി ത്വവാഫുകൾ പൂർത്തി യാക്കുകയും ചെയ്തതായി അദ്ദേഹത്തിൽ നിന്നുദ്ധരിക്കപ്പെടുന്നുണ്ട്. ത്വവാഫിന്നിടയിൽ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച്, അവൻ നമസ്കാരം കഴിഞ്ഞശേഷം ബാക്കി ത്വവാഫുകൾ പൂർത്തിയാക്കിയാൽ മതി എന്ന് അത്വാഅ് പറഞ്ഞതായി അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കപ്പെടുന്നുണ്ട്.

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Prev Post

ത്വവാഫ്

Next Post

ത്വവാഫിന്റെ സുന്നത്തുകൾ

post-bars

Related post

You cannot copy content of this page