Back To Top

 തൽബിയത്ത്, രൂപം, പ്രാധാന്യം

തൽബിയത്ത്, രൂപം, പ്രാധാന്യം

Spread the love

തൽബിയത്ത് നിയമമാക്കിയിരിക്കുന്നുവെന്ന കാര്യത്തിൽ പണ്ഡിതൻമാർക്ക് അഭിപ്രായാന്തരമില്ല. ഉമ്മുസലമ (റ)യിൽനിന്ന് നിവേദനം, അവർ പറഞ്ഞു. നബി (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു “മുഹമ്മദിന്റെ കുടുംബമേ, നിങ്ങളിൽ ആരെങ്കിലും ഹജ്ജ് ചെയ്യുകയാണെങ്കിൽ, തന്റെ ഹജ്ജിൽ അവർ ഉച്ചത്തിൽ തൽബിയത്ത് ചൊല്ലട്ടെ. (അഹമദ്, ഇബ്നുഹിബ്ബാൻ)

എന്നാൽ തൽബിയത്തിന്റെ വിധി, സമയം, അത് പിന്തിച്ചവന്റെ അവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അവർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. ശാഫിഈ അഹ്മദ് എന്നിവരുടെ വീക്ഷണത്തിൽ അത് സുന്നത്താണ്. ഇഹ്റാമിനോടൊന്നിച്ചുതന്നെ അതനുഷ്ഠിക്കുന്നതാണ് അഭികാമ്യം. ഇനി അവൻ തൽബിയത്ത് ചൊല്ലാതെ കർമങ്ങൾ അനുഷ്ഠിക്കണമെന്ന് കരുതുകമാത്രം ചെയ്താൽ അവന്റെ ഹജ്ജ് സാധുവാകും. അതിന്റെ പേരിൽ അവൻ പ്രായശ്ചിത്തമൊന്നും നല്കേണ്ടതില്ല. കാരണം, അവരുടെ വീക്ഷണത്തിൽ നിയ്യത്ത് മാത്രം മതി ഹജ്ജ് സാധുവാകാൻ.

ഹനഫികളുടെ പക്ഷം തൽബിയത്തും- അല്ലെങ്കിൽ അതേ അർത്ഥത്തിലുള്ള അതിന്റെ സ്ഥാനത്ത് നിൽക്കുന്ന തസ്ബീഹുപോലുള്ളത്- ബലിമൃഗത്തെ കൊണ്ടുവരലും ഇഹ്റാമിന്റെ നിബന്ധനകളിൽപെട്ടതാണെന്നാണ്. ഒരാൾ തൽബിയത്തോ തസ്ബീഹോ ചൊല്ലാതെയും ബലിമൃഗത്തെ കൂടാതെയും ഇഹ്റാം ചെയ്താൽ അത് സാധുവാകുകയില്ല. ഹജ്ജിന്റെ ഒരു കർമവും നിയ്യത്തും കൂടിച്ചേർന്നതാണ് ഇഹ്റാം എന്ന ചിന്താഗതിയിൽ അധിഷ്ഠിതമാണ് ഈ അഭിപ്രായം. അതിനാൽ, ഇഹ്റാം ഉദ്ദേശിച്ചുകൊണ്ട് ഹജ്ജിന്റെ കർമങ്ങളിലൊന്നനുഷ്ഠിക്കുകയും അതോടൊപ്പം തസ്ബീഹ് ചൊല്ലുകയോ തൽബിയത്ത് ചൊല്ലുകയോ തൽബിയത്ത് ചൊല്ലാതെ ബലിമൃഗത്തെ കൊണ്ടു വരുകയോ ചെയ്താൽ ഇഹ്റാം സാധുവായി. പക്ഷേ, തൽബിയത്ത് ഉപേക്ഷിച്ചതിന് അവൻ ബലി കൊടുക്കേണ്ടതുണ്ട്.

ഉപേക്ഷിക്കുകയോ ഇഹ്റാമിനോടൊപ്പം അനുഷ്ഠിക്കാതിരിക്കുകയോ ചെയ്താൽ ബലികൊടുക്കേണ്ടിവരുന്ന നിർബന്ധ കർമമാണ് തൽബിയത്ത് എന്നത് ഇമാം മാലികിന്റേതായി അഭിപ്രായപ്പെടുന്ന വിശ്രുതാഭിപ്രായം.

തൽബിയത്തിന്റെ രൂപം

മാലിക്, ഇബ്നുഉമറിൽ നിന്നുദ്ധരിക്കുന്നു. നബി (സ) യുടെ തൽബിയത്ത് ഇങ്ങനെയായിരുന്നു.
لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك،لاشريك لك

നാഫിഅ് പറയുന്നു. ഇബ്നുഉമർ ഇതിൽ താഴെ പറയുന്ന വാക്യങ്ങൾ കൂടി വർധിപ്പിച്ചിരുന്നു.
لبَّيكَ اللَّهمَّ لبَّيكَ، لبَّيكَ وسَعْدَيكَ والخيرُ في يَدَيكَ، لبَّيكَ والرَّغْباءُ إليكَ والعَملُ

തൽബിയത്ത് നബി (സ) ചൊല്ലിയതിൽ പരിമിതപ്പെടുത്തുന്നതാണ് സുന്നത്തെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. അതിൽ വർധനവ് വരുത്തുന്നതിൽ അവർക്ക് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. വർധിപ്പിക്കുന്നതിന് വിരോധമില്ലെന്നാണ് ഭൂരിപക്ഷ മതം. ഇബ്നുഉമർ അങ്ങനെ ചെയ്തിട്ടുണ്ട്. ബൈഹഖിയും അബൂദാവൂദും ഉദ്ധരിക്കുന്നതനുസരിച്ച്, തിരുമേനി കേൾക്കെ സ്വഹാബികളും അങ്ങനെ ചെയ്തിട്ടുണ്ട്. നബി (സ) അവരെ തടഞ്ഞിട്ടില്ല.

എന്നാൽ നബി (സ) ചൊല്ലിയതിനേക്കാൾ കൂടുതലാക്കുന്നത് മാലികും അബൂയൂസുഫും ഇഷ്ടപ്പെടുന്നില്ല.

തൽബിയത്തിന്റെ പ്രാധാന്യം

1. ജാബിറി (റ)ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: “ഇഹ്റാമിൽ പ്രവേശിക്കുന്നവൻ പൂർവാഹ്നം മുതൽ സൂര്യാസ്തമയം വരെ തൽബിയത്തു ചൊല്ലിയാൽ തന്റെ മാതാവ് പ്രസവിച്ചപ്പോഴെന്നപോലെ അവന്റെ പാപങ്ങളെല്ലാം മാഞ്ഞു പോവുന്നതാണ്.” (ഇബ്നുമാജ)

2. അബൂഹുറയ്റയിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഉച്ചത്തിൽ തൽബിയത്ത് ചൊല്ലുന്നവൻ തൽബിയത്ത് ചൊല്ലുന്നതോടെ സന്തോഷവാർത്ത നല്കപ്പെടാതിരിക്കയില്ല. ആരോ ചോദിച്ചു. “അല്ലാഹുവിന്റെ പ്രവാചകരേ, സ്വർഗം ലഭിക്കുമെന്നാണോ സന്തോഷവാരത്ത’ തിരുമേനി പറഞ്ഞു. “അതെ.” (ത്വബ്റാനി, സബ്നു മൻസൂർ)

3. സബ്നു സഅ്ദിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ഒരു മുസ്ലിം തൽബിയത്ത് ചൊല്ലുമ്പോൾ അവന്റെ ഇടഭാഗത്തുനിന്നും വലഭാഗത്തു നിന്നുമായി കല്ലും മരവും ചരക്കല്ലുകളും, ഭൂമി അവിടെനിന്നും ഇവിടെനിന്നും പൊട്ടിപ്പൊളിയുന്നതു വരെ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കും. (തിർമി ദി, ഇബ്നുമാജ, ബൈഹഖി, ഹാകിം)

തൽബിയത്ത് ഉച്ചത്തിൽ

1. സൈദുബ്നു ഖാലിദിൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: ജിബരീൽ എന്റെ അടുത്തുവന്ന് ഇങ്ങനെ പറയുകയുണ്ടായി. താങ്കളുടെ സഖാക്കളോട് ശബ്ദമുയർത്തി തർബിയത്ത് ചൊല്ലാൻ കല്പിക്കുക. കാരണം, ഹജ്ജിന്റെ അടയാളങ്ങളിൽപ്പെട്ടതാണത്. – ഇബ്നുമാജ, അഹ്മദ്, സൈമ, ഹാകിം- ഇതിന്റെ പരമ്പര സ്വഹീഹാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.

2. അബൂബക് റി(റ)ൽ നിന്നു നിവേദനം: ഏത് ഹജ്ജാണ് കൂടുതൽ ശ്രേഷഠമായതെന്ന് നബി (സ) ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: ഉച്ചത്തിൽ തബിയത്ത് ചൊല്ലുന്നതും ബലിയറുക്കുന്നതും, (തിർമിദി, ഇബ്നുമാജ )

3.അബൂഹാസിമിൽ നിന്നുദ്ധരിക്കുന്നു. നബി – (സ)യുടെ സ്വഹാബികൾ ഇഹ്റാം ചെയ്താൽ ശബ്‌ദം പരുപരുത്തതായിട്ടല്ലാതെ മക്കയിലെത്തുമായിരുന്നില്ല .

ഈ ഹദിസുകളുടെ അടിസ്ഥാനത്തിൽ ശബ്ദമുയർത്തി തൽബിയത്ത് ചൊല്ലുന്നത് സുന്നത്താണന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടിരിക്കുന്നു. മാലിക് പറഞ്ഞു: തൽബിയത്ത് ജുമുഅത്ത് നമസ്കരിക്കുന്ന പള്ളികളിൽ വെച്ച് ഉച്ചത്തിൽത്തന്നെ ചൊല്ലാവതല്ല. മറിച്ച്, അവിടങ്ങളിൽ തന്നെയും തന്റെ അടുത്തുള്ളവനെയും മാത്രമേ കേൾപ്പിക്കാൻ പാടുള്ളൂ. എന്നാൽ മിനയിലെ പള്ളിയും മസ്ജിദുൽ ഹറമും ഇതിന്നപവാദമാണ്. അവിടങ്ങളിൽ ഉച്ചത്തിൽത്തന്നെ ചൊല്ലാം. ഇത് പക്ഷേ, പുരുഷൻമാർക്ക് മാത്രമാണ്. സ്ത്രീകൾ തങ്ങളെയും തൊട്ടടുത്തുള്ളവരെയും മാത്രമേ കേൾപ്പിക്കാൻ പാടുള്ളൂ. അതിലധികമാവുന്നത് കറാഹത്താണ്. അത്വാഅ് പറയുന്നു; പുരുഷൻമാർ അവരുടെ ശബ്ദമുയർത്തണം. എന്നാൽ സ്ത്രീകൾ തങ്ങളെ മാത്രമേ കേൾപ്പിക്കാവൂ. ശബ്ദമുയർത്തരുത്.

സുന്നത്തുള്ള സ്ഥലങ്ങൾ

താഴെ പറയുന്ന സ്ഥലങ്ങളിൽ തൽബിയത്ത് സുന്നത്താണ്. വാഹനം കയറുമ്പോൾ, ഇറങ്ങുമ്പോൾ, ഉയർന്ന സ്ഥലങ്ങളിലേക്ക് കയറുമ്പോൾ, താഴ്ഭാഗങ്ങളിലേക്ക് ഇറങ്ങുമ്പോൾ, യാത്രാസംഘങ്ങളെ കണ്ടുമുട്ടുമ്പോൾ, എല്ലാ നമസ്കാരങ്ങളുടെയും അവസാനത്തിൽ, പാതിരാവുകളിൽ
ശാഫിഈ പറഞ്ഞു: നമ്മുടെ അഭിപ്രായത്തിൽ എല്ലാ സമയങ്ങളിലും തൽബിയത്ത് സുന്നത്താണ്.

സമയം

ഇഹ്റാമിൽ പ്രവേശിക്കുന്നവൻ ഇഹ്റാമിന്റെ സമയം മുതൽ ബലിദിവസം ജംറത്തുൽ അഖബയിൽ ആദ്യത്തെ കല്ലെറിയുന്നതുവരെ തൽബിയത്ത് ചൊല്ലണം. കാരണം, നബി (സ) ജംറയിലെത്തുന്നതുവരെ തർബിയത്ത് ചൊല്ലിക്കൊണ്ടിരുന്നുവെന്ന് ബുഖാരി, മുസ്ലിം തുടങ്ങിയവർ ഉദ്ധരിച്ചിട്ടുണ്ട്. സൗരി, ഹനഫികൾ, ശാഫിഈ എന്നിവരുടെയും ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം ഇതു തന്നെ.

എന്നാൽ അഹ്മദ്, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായത്തിൽ എല്ലാ ജംറകളിലും എറിയുന്നതുവരെ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യണം. മാലിക് പറഞ്ഞു: ഹജ്ജിൽ അറഫാദിവസം സൂര്യാസ്തമയം വരെ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യണം എന്നാൽ ഉംറയിൽ ഹജറുൽ അസ് വദിനെ തൊട്ടുമുത്തുന്നതുവരെയാണ് ചൊല്ലേണ്ടത്.

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: നബി (സ) ഉംറയിൽ ഹജറുൽ അസ് വദിനെ തൊട്ടുമുത്തിയാൽ തൽബിയത്ത് നിർത്തിയിരുന്നു. തിർമിദി. അദ്ദേഹം പറഞ്ഞു: ഈ ഹദീസ് ഹസനും സ്വഹീഹുമാണ്. കൂടുതൽ പണ്ഡിതൻമാർ പ്രാവർത്തികമായി അംഗീകരിച്ചതും ഇതുതന്നെ.

നബിയുടെ പേരിൽ സ്വലാത്ത്

ഖാസിമുബ്നു മുഹമ്മദുബ്നു അബീബക്കർ പറയുന്നു: ഒരാൾ തൽബിയത്തിൽ നിന്ന് വിരമിച്ചാൽ നബി (സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത്. സുന്നത്താണ്. നബി(സ) തൽബിയത്തിൽ നിന്നും വിരമിച്ചാൽ അല്ലാഹുവിനോട് പാപമോചനത്തിനും അവന്റെ സംതൃപ്തിക്കും വേണ്ടി പ്രാർത്ഥിക്കുകയും ജനങ്ങളിൽനിന്ന് അല്ലാഹുവിൽ അഭയംതേടുകയും ചെയ്തിരുന്നു. (ത്വബ്റാനി)

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Prev Post

ഖിറാൻ, തമത്തുഅ്, ഇഫ് റാദ്- ഇതിൽ ഏതാണ് ഉത്തമം?

Next Post

ഹജ്ജ്- ഉംറ: ഇഹ്റാമിൽ അനുവദനീയമായ കാര്യങ്ങൾ

post-bars

Related post

You cannot copy content of this page