Back To Top

 ഖിറാൻ, തമത്തുഅ്, ഇഫ് റാദ്- ഇതിൽ ഏതാണ് ഉത്തമം?

ഖിറാൻ, തമത്തുഅ്, ഇഫ് റാദ്- ഇതിൽ ഏതാണ് ഉത്തമം?

Spread the love

ഈ മൂന്നിനങ്ങളിൽ ഉത്തമമേതെന്ന കാര്യത്തിൽ പണ്ഡിതൻമാർക്ക് ഭിന്നാഭിപ്രായമുണ്ട്.( നബിയുടെ ഹജ്ജ് ഈ മൂന്നിൽ ഏതായിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭിന്നത. അവിടന്ന് ബലിമൃഗത്തെ കൊണ്ടു വന്നിരുന്നതിനാൽ തിരുമേനിയുടേത് ഖിറാൻ ആയിരുന്നുവെന്നാണ് ശരി. )

ശാഫിഈകളുടെ അഭിപ്രായത്തിൽ ഇഫ് റാദും തമത്തുഉമാണ് ഖിറാനെക്കാൾ ഉത്തമം. കാരണം,ഇഹ്റാദിലും തമത്തുഇലും രണ്ടുകർമങ്ങളും (ഹജ്ജും ഉംറയും) അതിന്റെ പൂർണമായ രൂപത്തിൽ അനുഷ്ഠിക്കുന്നുണ്ട്. ഖിറാനിൽ ഹജ്ജിന്റെ കർമങ്ങൾ മാത്രമേയുള്ളു.
തമത്തുഅ്, ഇഫ് റാദ് എന്നിവയെക്കുറിച്ച് രണ്ടഭിപ്രായങ്ങളുണ്ട്. ഒന്ന് തമത്തുഅ് ആണ് ഉത്തമമെന്നും മറ്റൊന്ന് ഇഫ്റാദാണ് ഉത്തമമെന്നും.
ഹനഫികളുടെ പക്ഷം: തമത്തുഅ്, ഇഫ്റാദ് ,എന്നിവയേക്കാൾ ഉത്തമം ഖിറാൻ, ആണ്. ഇഫ് റാദിനേക്കാൾ ഉത്തമം തമത്തുഉം.
മാലികികളുടെ വീക്ഷണത്തിൽ ഇഫ്റാദാണ് തമത്തുഅ് , ഖിറാൻ, എന്നിവയേക്കാൾ ഉത്തമം.

ഖിറാൻ, ഇഫറാദ് എന്നിവയേക്കാൾ തമത്തുഅ് ഉത്തമമാണെന്ന പക്ഷക്കാരാണ് ഹമ്പലികൾ.
ജനങ്ങൾക്ക് പ്രയാസം കുറഞ്ഞതും എളുപ്പമുള്ളതും ഇതാണ്. തിരുമേനി ആഗ്രഹിച്ചിരുന്നതും തന്റെ സഖാക്കളോട് ഉപദേശിച്ചിരുന്നതും ഇതുതന്നെ. അത്വാഇൽ നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ജാബിർ (റ) പറയുന്നത് ഞാൻ കേട്ടു. ഞങ്ങൾ നബിയുടെ സ്വഹാബികൾ ഹജ്ജ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ഇഹ്റാമിൽ പ്രവേശിച്ചു. അങ്ങനെ ദുൽഹിജ്ജഃ 4-ാം ദിവസം പ്രഭാതത്തിൽ നബി (സ) വന്നപ്പോൾ അവിടന്ന് ഞങ്ങളോട് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ കല്പിച്ചു. അവിടന്ന് പറഞ്ഞു: “നിങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ഭാര്യമാരെ പ്രാപിക്കുകയും ചെയ്യുക. തിരുമേനി അവരെ നിർബന്ധിച്ചില്ലെങ്കിലും സ്ത്രീകളെ അനുവദനീയമാക്കിക്കൊടുത്തു. ”

അപ്പോൾ ഞങ്ങൾ പറഞ്ഞു: “നമ്മുടെയും അറഫയുടെയും ഇടയിൽ അഞ്ചുദിവസം മാത്രമുണ്ടായിരിക്കേ തിരുമേനി നമ്മോട് സ്ത്രീകളെ പ്രാപിക്കാൻ പറഞ്ഞിരിക്കയാണ്. അങ്ങനെയായാൽ ഇന്ദ്രിയം ഇറ്റി വീണുകൊണ്ട് അറഫയിലേക്ക് പോകേണ്ടിവരും.“

ഇതറിഞ്ഞപ്പോൾ തിരുമേനി ഞങ്ങൾക്കിടയിൽ എഴുന്നേറ്റുനിന്നു. അവിടന്നു പറഞ്ഞു: “ഞാൻ നിങ്ങളേക്കാൾ കൂടുതൽ അല്ലാഹുവിനോട് ഭക്തിയുള്ളവനും കൂടുതൽ സത്യസന്ധനും കൂടുതൽ പുണ്യം ചെയ്യുന്നവനുമാണെന്നു നിങ്ങൾക്കറിയാം. എന്റെ കയ്യിൽ ബലിമൃഗം ഉണ്ടായിരുന്നില്ലെങ്കിൽപ്പോലും ഞാനും ഇഹ്റാമിൽ നിന്ന് ഒഴിവാകുമായിരുന്നു. ഇപ്പോൾ വ്യക്തമായ കാര്യം ആദ്യം വ്യക്തമായിരുന്നുവെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരില്ലായിരുന്നു. അതിനാൽ നിങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുക. ഇത് കേട്ടപ്പോൾ ഞങ്ങൾ അതനുസരിക്കുകയും ഒഴിവാകുകയും ചെയ്തു.

നിരുപാധികമായ ഇഹ്റാം

ഇഹ്റാമിന്റെ ഈ മൂന്നിനങ്ങളെക്കുറിച്ചൊന്നുമറിയാത്ത അല്ലാഹു നിർബന്ധമാക്കിയത് അനുഷ്ഠിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രത്യേക നിർണയമൊന്നും കൂടാതെ മൊത്തത്തിൽ ഇഹ്റാം ചെയ്യുകയാണുണ്ടായതെങ്കിൽ അതനുവദനീയവും ഇഹ്റാം സാധുവുമാണ്.

പണ്ഡിതന്മാർ പറഞ്ഞു: ഒരാൾ ജനങ്ങൾ ചെയ്യുന്നപോലെ ചൊല്ലി ഇഹ്റാമിൽ കർമമുദ്ദേശിച്ചുകൊണ്ട് തൽബിയത്ത് പ്രവേശിച്ചു. തമത്തുഅ് എന്നോ ഖിറാൻ എന്നോ ഇഫ് റാദ് എന്നോ പ്രത്യേകമായി പറയുകയോ ഉദ്ദേശിക്കുകയോ ചെയ്തില്ല. എന്നാലും അവന്റെ ഹജ്ജ് സാധുവാകും. അവൻ മുന്നിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി.

ഹറമിലുള്ളവർക്ക് ഇഫ്റാദ് മാത്രം

ഇബ്നു അബ്ബാസ് ഹജ്ജിലെ തമത്തുഇനെക്കുറിച്ചു ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഹജ്ജത്തുൽ വിദാഇൽ തിരുമേനിയുടെ ഭാര്യമാരും മുഹാജിറുകളും അൻസ്വാരികളും ഞങ്ങളുമെല്ലാം ഇഹ്റാമിൽ പ്രവേശിച്ചു. അങ്ങനെ ഞങ്ങൾ മക്കയിൽ വന്നപ്പോൾ നബി (സ) പറഞ്ഞു: ബലിമൃഗം കൊണ്ട് വരാത്തവർ ഹജ്ജിനുവേണ്ടി ഇഹ്റാം ചെയ്തത് ഉംറയാക്കി മാറ്റിക്കൊള്ളട്ടെ. അങ്ങനെ ഞങ്ങൾ കഅ്ബയെയും സ്വഫാ-മർവയെയും പ്രദക്ഷിണം വെക്കുകയും പിന്നീട് ഭാര്യമാരെ സമീപിക്കുകയും സാധാരണ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ആരെങ്കിലും ബലിമൃഗത്തെ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് അതിന്റെ സ്ഥാനത്തെത്തുന്നതുവരെ അവന് ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ പാടില്ല. പിന്നീട് തർവിയത്തിന്റെ ദിവസം (ദുൽഹജ്ജ് എട്ട്) സായാഹ്നത്തിൽ ഹജ്ജിന് ഇഹ്റാം ചെയ്യാൻ കല്പിച്ചു; അതിന്റെ കർമങ്ങളിൽ നിന്ന് ഒഴിവായാൽ മടങ്ങിവന്ന് കഅ്ബയെയും സ്വഫാ-മർവയെയും പ്രദക്ഷിണം വെക്കുവാനും. അതോടെ ഹജ്ജ് പൂർത്തിയായി. പിന്നീട് ഞങ്ങൾ ബലികൊടുക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:
فمن تمتع بالعمرة إلى الحج فما استيسرمن الهدي فمن لم يجد فصيام ثلاثة أيام في الحج وسبعة إذا رجعتم
(ആരെങ്കിലും ഉംറ ചെയ്തുകൊണ്ട് ഹജ്ജുവരെ തമത്തുഅ് സ്വീകരിച്ചാൽ അവൻ സൗകര്യപ്രദമായ ബലി കൊടുക്കണം. അത് ലഭിക്കാത്തവൻ ഹജ്ജിൽ മൂന്നു നോമ്പും നാട്ടിൽ മടങ്ങിയെത്തിയാൽ ഏഴു നോമ്പും അനുഷ്ഠിക്കണം.)

“ബലി കൊടുക്കുന്നത് ആടായാലും മതിയാവുന്നതാണ്.

“അങ്ങനെ ഒരു വർഷം തന്നെ ഹജ്ജ്, ഉംറ എന്നി രണ്ടു കാര്യങ്ങൾ അവർ ഒരുമിച്ചു ചെയ്തു. കാരണം,
അല്ലാഹു തൻ്റെ ഗ്രന്ഥത്തിലൂടെയും തിരുമേനി തൻ്റെ ചര്യയിലൂടെയും മക്കക്കാരല്ലാത്ത എല്ലാ ജനകൾക്കുമത് അനുവദിച്ചിട്ടുണ്ട് .അല്ലാഹു പറയുന്നു :
ذلك لمن لم يكن اهله حاضري المسجد الحرام (അത് കുടുംബം മസ്ജിദുൽ ഹറാമിൽ (ഹറമിൽ) ഇല്ലാത്തവർക്കാണ്.)

“ശവ്വാൽ, ദുൽഖഅദ്, ദുൽഹജ്ജ് എന്നിവയാണ് അല്ലാഹു പറഞ്ഞ ഹജ്ജു മാസങ്ങൾ. ഈ മാസങ്ങളിൽ ആരെങ്കിലും തമത്തുഅ് സ്വീകരിക്കുകയാണെങ്കിൽ അവൻ ബലി കൊടുക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്യണം.” (ബുഖാരി)

1. ഹറമിൽ താമസിക്കുന്നവർക്ക് തമത്തുഓ ഖിറാനോ പാടില്ലെന്ന് ഈ ഹദീസ് തെളിയിക്കുന്നു.(മാലിക്, ശാഫിഈ, അഹ്മദ് എന്നിവരുടെ അഭിപ്രായത്തിൽ മക്കക്കാർക്ക് തമത്തുഉം ഖിറാനും ആവുന്നതിന് വിരോധമില്ല; കറാഹത്ത് പോലുമില്ല.) അവർ ഹജ്ജും, ഉംറയും വേറെ വേറെ (ഇഫ് റാദ്) തന്നെ അനുഷ്ഠിക്കണം. ഇതാണ് ഇബ്നു അബ്ബാസിന്റെയും അബൂഹനീഫയുടെയും അഭിപ്രായം. “മസ്ജിദുൽ ഹറാമിൽ കുടുംബമില്ലാത്തവർക്കാണത്. എന്ന ഖുർആൻ സൂക്തമാണതിന്നവർക്ക് തെളിവ്. മസ്ജിദുൽ ഹറാമിൽ ഹാജറുള്ളവർ എന്നു പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന കാര്യത്തിൽ പണ്ഡിതൻമാർ വ്യത്യസ്താഭിപ്രായക്കാരാണ്.

മാലിക് പറഞ്ഞു: മക്കക്കാർ തന്നെയാണ് അതിന്റെ ഉദ്ദേശ്യം. അഅ് റജിന്റെ അഭിപ്രായവും ഇത് തന്നെ. ത്വഹാവി മുൻഗണന നൽകിയിരിക്കുന്നതും അതിന്നാണ്.

“ഹറമുകാർ’ എന്നാണ് അതിന്റെ താൽ പര്യമെന്നത് ഇബ്നു അബ്ബാസിന്റെയും താഊസിന്റെയും മറ്റൊരു വിഭാഗത്തിന്റെയും അഭിമതം. അതാണു സ്പഷ്ടമായതെന്ന് ഇബ്നുഹജറും പറയുന്നു. എന്നാൽ, മസ്ജിദുൽ ഹറാമിൽ നിന്ന് ചുരുക്കി നമസ്കരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ദൂരത്ത് സ്ഥിതി ചെയ്യുന്നവർ എന്നാണ് ശാഫിഈ നല്കിയിരിക്കുന്ന വ്യാഖ്യാനം. ഇബ്നുജരീറും ആ വീക്ഷണക്കാരനാണ്.

ഹനഫികളുടെ വീക്ഷണത്തിൽ ഇഹ്റാമിൽ പ്രവേശിക്കുന്നതിന് നിർണയിച്ചിട്ടുള്ള സ്ഥാനങ്ങളിലോ അതിനുള്ളിലോ താമസിക്കുന്നവർ എന്നാണ തിന്റെ ഉദ്ദേശ്യം.

2. ഹദീസനുസരിച്ച് തമത്തുഅ് സ്വീകരിക്കുന്നവൻ ആദ്യം ഉംറക്ക് വേണ്ടി കഅ്ബയെ പ്രദക്ഷിണം വെക്കുകയും സ്വഫാ മർവകൾക്കിടയിൽ ഓടുകയും ചെയ്യേണ്ടതുണ്ട്. പ്രാരംഭത്തിലുള്ള ത്വവാഫുൽ ഖുദൂമി’ന് പകരം ഇത് മതിയാകും. പിന്നീട് അറഫയിൽ നിന്നതിന് ശേഷം അവസാനത്തെ ത്വവാഫുൽ ഇഫാദ ചെയ്താൽ മതി. അതിനുശേഷം സ്വഫാ-മർവകൾക്കിടയിൽ ഓടുകയും ചെയ്യുക.

എന്നാൽ ഖിറാൻ സ്വീകരിച്ചവന് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായമനുസരിച്ച് ഹജ്ജിന്റെ കർമങ്ങൾ തന്നെ മതിയാവുന്നതാണ്. ഇഫ്റാദ് സ്വീകരിച്ചവനെപ്പോലെ ഹജ്ജിനും ഉംറക്കും കൂടി അവൻ ഒരോട്ടവും ഒരു ത്വവാഫും ചെയ്താൽ മതി.

1. ജാബിറി (റ)ൽ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: “നബി (സ) ഹജ്ജും ഉംറയും ഒരുമിച്ച് (ഖിറാൻ ചെയ്തു. അവ രണ്ടിനും കൂടി ഒരു ത്വവാഫേ അവിടന്നു ചെയ്തുള്ളൂ.” (തിർമിദി)

2. ഇബ്നു ഉമറിൽ നിന്നു നിവേദനം. പ്രവാചകൻ പറഞ്ഞു: “ഹജ്ജിനും ഉംറക്കും കൂടി ആരെങ്കിലും ഇഹ്റാം ചെയ്യുകയാണെങ്കിൽ അവനു ഒരു തവാഫും ഒരു സഅ് യും (സ്വഫാ-മർവകൾക്കിടയിലെ ഓട്ടം.) മതിയാവും” (തിർമിദി.) അവ രണ്ടിൽ നിന്നും ഒഴിവാകുന്നതുവരെ അവൻ ഇഹ്റാമിൽ നിന്നു ഒഴിവാകുകയില്ല’ എന്നുകൂടിയുണ്ട് ദാറഖുത്ത്നിയുടെ റിപ്പോർട്ടിൽ. ”

3. നബി (സ) ആഇശ (റ) യോട് പറഞ്ഞു: കഅ്ബയുടെയും സ്വഫാ-മർവകൾക്കിടയിലെയും നിന്റെ ഒരു ത്വവാഫ് നിന്റെ ഹജ്ജിനും ഉംറക്കും മതിയാവുന്നതാണ്. (മുസ്ലിം)

എന്നാൽ അബൂഹനീഫയുടെ അഭിപ്രായത്തിൽ രണ്ടു ത്വവാഫും രണ്ട് സഅ് യും കൂടിയേതീരൂ. പക്ഷേ, തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രബലമായത് ആദ്യാഭിപ്രായമാണ്.

4. തമത്തുഓ ഖിറാനോ സ്വീകരിക്കുന്നവർ ബലി കൊടുക്കണമെന്ന് ഹദീസിൽ വന്നിരിക്കുന്നു. ഇത് ചുരുങ്ങിയത് ഒരാടെങ്കിലുമായിരിക്കണം. അതിനു കഴിയാത്തവർ ഹജ്ജിൽ മൂന്നുനോമ്പും നാട്ടിൽ മടങ്ങിയെത്തിയാൽ ഏഴു നോമ്പും അനുഷ്ഠിക്കണം. ഈ മൂന്ന് നോമ്പ് അറഫാദിവസത്തിനുമുമ്പായി ദുൽഹജ്ജിൽ അനുഷ്ഠിക്കുന്നതാണ് ഉത്തമം.

ശവ്വാൽ ആദ്യം മുതൽ തന്നെ അതനുഷ്ഠിക്കാമെന്ന പക്ഷക്കാരുമുണ്ട് പണ്ഡിതൻമാരിൽ. ത്വാഊസും മുജാഹിദും അതിൽപ്പെടുന്നു. ഇബ്നുഉമറിന്റെ അഭിപ്രായത്തിൽ അതനുഷ്ഠിക്കേണ്ടത് തർവിയത്ത് ദിവസവും അതിന്റെ തലേദിവസവും അറഫാദിവസവുമാണ്.

പെരുന്നാളിനു മുമ്പായി അതു മുഴുവനായോ ചിലതോ അനുഷ്ഠിച്ചില്ലെങ്കിൽ അവന്ന് അതു അയ്യാമുത്തശ്‌രീഖിൽ അനുഷ്ഠിക്കാം. ആഇശയുടെയും ഇബ്നു ഉമറിന്റെയും തെളിവ്: വാക്കുകളാണതിനു “ബലിയറുക്കാൻ സാധ്യമാകാത്തവർക്കല്ലാതെ അയ്യാമുത്തശ്‌രീഖിൽ നോമ്പനുഷ്ഠിക്കാൻ ഇളവുനൽകപ്പെട്ടിട്ടില്ല.” (ബുഖാരി)

ഹജ്ജ്കാലത്ത് ഈ മൂന്ന് നോമ്പുകൾ അനുഷ്ഠിക്കാൻ സാധ്യമാകാതെ വന്നാൽ പിന്നീട് അതു നോറ്റു വീട്ടണം. ബാക്കിയുള്ള ഏഴു നോമ്പുകളെക്കുറിച്ച്, അത് നാട്ടിൽ വന്ന ശേഷമാണ് അനുഷ്ഠിക്കേണ്ടതെന്നും, അതല്ല, കേമ്പിൽ മടങ്ങിയെത്തിയാൽ തന്നെ അനുഷ്ഠിക്കാമെന്നും അഭിപ്രായങ്ങളുണ്ട്. രണ്ടാമത്തെ അഭിപ്രായമനുസരിച്ച് വഴിയിൽ വെച്ച് അനുഷ്ഠിച്ചാൽ അത് സാധുവാകും. മുജാഹിദും അത്വാഉം ഈ പക്ഷക്കാരാണ്. ഈ പത്തു നോമ്പുകൾ തുടർച്ചയായിത്തന്നെ ചെയ്തുകൊള്ളണമെന്നില്ല.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Prev Post

ഇഹ്റാമിന്റെ ഇനങ്ങൾ

Next Post

തൽബിയത്ത്, രൂപം, പ്രാധാന്യം

post-bars

Related post

You cannot copy content of this page