മക്കയും മദീനയും തമ്മിലുള്ള ആത്മീയ ദൂരമെത്രയാണ്?
മക്കയും മദീനയും തമ്മിലുള്ള ദൂരം ഏകദേശം 400 കി.മീ വരും. ചെറിയ വാഹനമാണെങ്കിൽ നാല് മണിക്കൂറും, ബസാണെങ്കിൽ ആറ് മണിക്കൂറും വേണ്ടിവരും. ഹറമൈൻ എക്സ്പ്രസ് ട്രെയിൻ ഓടിതുടങ്ങിയതിന് ശേഷം രണ്ട് മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ രണ്ട് വിശുദ്ധ സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തിൽ നിന്ന് മാറി, പ്രദേശത്തെ നിവാസികൾ തമ്മിലുള്ള ആത്മീയ ദൂരം വളരെ അടുത്താണ്. മുഴുവൻ ശ്രദ്ധയോടെ കാരുണ്യവാന്റെ അതിഥികളുടെ സേവനം ഏറ്റെടുത്ത സൗദിയിലെ വിവേകപൂർണമായ നേതൃത്വത്തിന്റെ താൽപര്യങ്ങളെ പൂർത്തീകരിച്ച്, ഇരു ഹറമുകളെയും സന്ദർശകരെയും ഹജ്ജും ഉംറയും നിർവഹിക്കാൻ വരുന്നവരെയും പരിചരിക്കുന്നതിൽ അവരുടെ ശ്രമങ്ങൾ എല്ലാവിധ സന്‌ഹേത്തോടെയും നിഷ്‌കളങ്കതയോടെയും ഒന്നിക്കുന്നു. ആരാധന നിർവഹിക്കാൻ വരുന്നവർക്ക് എല്ലാവിധ സൗകര്യത്തോടെയും അത് നിർവഹിക്കാൻ വേണ്ടിയാണത്. മദീനയെക്കാൾ കൂടുതൽ ശ്രേഷ്ഠതയും മഹത്വവും തങ്ങൾക്കാണെന്ന് പറയാൻ ചില മക്കക്കാരും, മക്കയെക്കാൾ കൂടുതൽ ശ്രേഷ്ഠതയും മഹത്വവും തങ്ങൾക്കാണെന്ന് പറയാൻ ചില മദീനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും, ഈ രണ്ട് ദേശങ്ങളിലെയും നിവാസികൾക്കിടയിലെ മത്സരം നല്ല വഴക്കുകൾക്കും മനോഹരമായ ധാരാളം കഥകൾക്കും കാരണമായിട്ടുണ്ട്. എന്നാൽ, രണ്ട് വിഭാഗങ്ങൾക്കും തങ്ങളുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്നതിന് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക സുന്നത്തിൽ നിന്നും തെളിവുകളുണ്ടെന്നത് വിസ്മയകരമാണ്.
ഇതിൽ നിന്നെല്ലാം മാറി, വിശുദ്ധ ഖുർആനിലെ സൂക്തങ്ങളും പ്രവാചക സുന്നത്തും പ്രവാചക ജീവചരിത്രവും പരിശോധിക്കുമ്പോൾ ആ രണ്ട് പ്രദേശങ്ങൾ മുഖത്തെ രണ്ട് കണ്ണുകൾ പോലെയാണെന്ന് ബോധ്യപ്പെടുന്നു. ആ പ്രദേശങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ പ്രവാചകന്മാർ പ്രാർഥിച്ചിട്ടുണ്ട്. വിശുദ്ധ മക്കക്ക് വേണ്ടി ഇബ്‌റാഹീം പ്രവാചകൻ പ്രാർഥിച്ചു. വിശുദ്ധ ഖുർആൻ പറയുന്നു: ‘എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാർഥിച്ച സന്ദർഭവും ഓർക്കുക. അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവനും ഞാൻ ആഹാരം നൽകുന്നതാണ്.’ (അൽബഖറ: 126) മദീനക്ക് വേണ്ടി അല്ലാഹുവിന്റെ റസൂൽ മുഹമ്മദ്(സ) പ്രാർഥിച്ചതായി ഹദീസിൽ കാണാം. അബൂ ഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു: ‘അല്ലാഹുവേ, മദീനക്കാർക്ക് അവരുടെ ദേശത്ത് അനുഗ്രഹം ചൊരിയേണമേ. അവരുടെ സ്വാഇിലും മുദ്ദിലും (ഭക്ഷണവും മറ്റും കണക്കാക്കുന്ന അളവും തൂക്കവും) അവർക്ക് അനുഗ്രഹം ചൊരിയേണമേ. അല്ലാഹുവേ, ഇബ്‌റാഹീം നിന്റെ ദാസനും നിന്റെ ചങ്ങാതിയുമാണ്. ഞാൻ നിന്റെ ദാസനും ദൂതനുമാണ്. ഇബ്‌റാഹീം മക്കക്കാർക്ക് വേണ്ടി നിന്നോട് പ്രാർഥിച്ചു. മക്കക്കാർക്ക് വേണ്ടി ഇബ്‌റാഹീമും അദ്ദേഹത്തിന്റെ കൂടെയുള്ളവരും പ്രാർഥിച്ചതുപോലെ, ഞാൻ മദീനക്കാർക്ക് വേണ്ടി നിന്നോട് പ്രാർഥിക്കുന്നു. (നസാഈ)
ഈ രണ്ട് വിശുദ്ധ ദേശങ്ങൾക്കും ഇസ്‌ലാമിക നാഗരികതയുടെ നിർമാണത്തിൽ തുല്യ പങ്കാണുള്ളത്. ലോക മനുഷ്യർക്ക് സന്മാർഗം കാണിക്കുന്നതിന് മക്കയിൽ വെച്ച് അല്ലാഹുവിന്റെ റസൂലിന് ദൈവിക സന്ദേശം അവതരിച്ചു. അപ്പോൾ അല്ലാഹുവിന്റെ റസൂലിന് നാൽപത് വയസ്സായിരുന്നു. പ്രവാചകത്വം ലഭിച്ച് അല്ലാഹുവിന്റെ റസൂൽ 53 വയസ്സ് വരെ മക്കയിൽ ജനങ്ങൾക്കൊപ്പം ജീവിച്ചു. മക്കയിൽ അവതീർണമായ വഹ്‌യിന്റെ (ദിവ്യബോധനത്തിന്റെ) വലിയൊരു ഭാഗവും കൈമുതലാക്കി അല്ലാഹുവിന്റെ റസൂൽ ഇസ്‌ലാമിക നാഗരികതയുടെ പൂർത്തീകരണത്തിനായി മദീനയിലേക്ക് ഹിജ്‌റപോയി. മദീനയിലായിരിക്കുമ്പോഴും റസൂലിന് വഹ്‌യ് അവതരിച്ചു. അവിടെ റസൂൽ പത്ത് വർഷം ജീവിച്ചു. അങ്ങനെ മക്കിയ്യായ സൂറത്തുകളെയും മദനിയ്യായ സൂറത്തുകളെയും കുറിച്ച് നാം മനസ്സിലാക്കി. രണ്ട് ദേശങ്ങൾക്കും മഹത്വവും ശ്രേഷ്ഠയുമുണ്ട്. ഇവയിലേതാണ് കൂടുതൽ ശ്രേഷ്ഠം എന്നതിനെക്കാൾ, ലോകത്തെ ദേശങ്ങളിൽ അല്ലാഹു പ്രത്യേകമായ സ്ഥാനം നൽകിയ രണ്ട് വിശുദ്ധ സ്ഥലങ്ങളാണെന്ന് മനസ്സിലാക്കുന്നതാണ് ഉചിതം. ഒന്നിന് മറ്റൊന്നിനെക്കാൾ ശ്രേഷ്ഠതയില്ല. അവക്കിടിയൽ ഒന്നിന് മറ്റൊന്നിനെക്കാൾ കൂടുതൽ ശ്രേഷ്ഠതയുണ്ടായിരുന്നുവെങ്കിൽ, വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും അത് വ്യക്തമാകുമായിരുന്നു.
വിവ: അർശദ് കാരക്കാട്