ഉഹ്ദ് മലയും ഇസ്‌ലാമിക ചരിത്രവും
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ യുദ്ധമാണ് ഉഹുദ് യുദ്ധം. ഇസ്ലാമിക കലണ്ടർ പ്രകാരം ഹിജ്റ 3-ആം വർഷം ശവ്വാൽ 3 ന് മദീനക്കടുത്തുള്ള ഉഹുദ് പർവത താഴ്‌വരയിലാണ് ഉഹുദ് യുദ്ധം നടന്നത്. യുദ്ധത്തിൽ ആക്രമണം നടത്തിയ ഖുറൈഷി സൈന്യത്തിനെതിരെ സ്വയം പ്രതിരോധിക്കുകയായിരുന്നു മുസ്‌ലിം സൈന്യം. പ്രവാചകൻ മുഹമ്മദ് (സ)യുടെ നേതൃത്വത്തിൽ മുസ്‌ലിംകൾക്ക് പ്രാരംഭ മുന്നേറ്റമുണ്ടായിരുന്നുവെങ്കിലും തങ്ങൾക്ക് നിയോഗിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഉപേക്ഷിച്ച് വളരെ നേരത്തെ വിജയം പ്രതീക്ഷിച്ച സൈന്യം അവസാനഘട്ടത്തിൽ ശത്രുക്കളോട് തോൽക്കുകയായിരുന്നു. ഉഹ്ദ് യുദ്ധക്കളം ഇന്ന് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടി തുറന്നു കൊടുത്തിരിക്കുകയാണ്.
ഉഹുദ് യുദ്ധത്തിന്റെ കാരണങ്ങൾ
ഉഹ്ദ് യുദ്ധം നടക്കുന്നതിന് മുമ്പ് ബദർ യുദ്ധ സമയത്ത് മുസ്ലീങ്ങളും ഖുറൈശികളും പരസ്പരം വെല്ലുവിളിച്ചിരുന്നു. ബദർ യുദ്ധത്തിൽ പങ്കെടുത്ത ഖുറൈഷി സൈന്യം വളരെ വലുതും സർവ്വ സന്നാഹങ്ങളുമടങ്ങുന്നതായിരുന്നു. എന്നാൽ ഒറ്റ ദിവസം മാത്രം നടന്ന പ്രസ്തുത യുദ്ധത്തിൽ അവർക്ക് നേതാക്കളടക്കമുള്ള എഴുപത് സൈനികരെ നഷ്ടപ്പെടുകയും എഴുപത് പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു. എന്നാൽ തോൽവി സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഖുറൈശികൾ. അവർ തങ്ങളുടെ തോൽവിക്ക് പ്രതികാരം ചെയ്യാൻ ബദർ യുദ്ധത്തിലെ 900ലധികം വരുന്ന പോരാളികളേക്കാൾ ഉഹുദ് യുദ്ധത്തിനായി മൂവായിരം പോരാളികളെ അണിനിരത്തി. മുസ്‌ലിംകളെയും അവരുടെ വിശ്വാസത്തെയും തകർക്കാനുള്ള ലക്ഷ്യത്തോടെ അവർ മദീനയിലെ ഉഹുദ് പർവതത്തിലേക്ക് മാർച്ച് ചെയ്തു.
ഉഹ്ദ് യുദ്ധത്തിലെ സൈന്യങ്ങൾ
ഉഹ്ദ് യുദ്ധത്തിൽ ഖുറൈശികൾ അബൂസൂഫിയാന്റെ നേതൃത്വത്തിൽ മുസ്ലീങ്ങൾക്കെതിരെ യുദ്ധം ചെയ്തു. 3000 കാലാൾപ്പടയും 3000 ഒട്ടകങ്ങളും 200 കുതിരപ്പടയാളികളുമടങ്ങുന്നതായിരുന്നു ഖുറൈശി സൈന്യം. മുസ്ലീങ്ങൾക്ക് 700 കാലാൾപ്പടയും 50 അമ്പെയ്ത്തുകാരും 4 കുതിരപ്പടയാളികളുമാണുണ്ടായിരുന്നത്. മുഹമ്മദ് നബി (സ), ഹസ്രത്ത് അലി(റ), ഹംസ(റ ), അബു ദുജാന (റ )തുടങ്ങിയ നേതാക്കളായിരുന്നു മുസ്‌ലിം സൈന്യത്തെ നയിച്ചത്. അബു സുഫ്യാൻ ഇബ്നു ഹർബിന്റെ നേതൃത്വത്തിൽ 3000 ശക്തരായ സൈനികരുമായി ഖുറൈഷി മക്കക്കാർ മദീന ലക്ഷ്യമാക്കി നീങ്ങി.
ഉഹുദ് പർവതത്തിന്റെ ഭൂപ്രകൃതിപരവും യുദ്ധത്തിലെ തന്ത്രപൂർണ്ണമായ നീക്കങ്ങളുടെ ഫലമായി ഇസ്ലാമിക സൈന്യത്തിന് സാഹചര്യങ്ങൾ വളരെയധികം അനുകൂലമായിരുന്നു. അത് മുസ്ലീങ്ങൾക്ക് വ്യവസ്ഥാപിതമായ ഒരു പ്രതിരോധം തീർക്കാൻ അവസരമൊരുക്കി. മുഹമ്മദ് നബി (സ) ഉഹുദ് പർവതത്തിൽ 50 അമ്പൈയ്‌ത്തുകാരെ നിയോഗിക്കുകയും പർവ്വതത്തിനു താഴെ യുദ്ധം ചെയ്യുന്ന മുസ്‌ലിംകൾക്ക് ഒരു പുറം കവചമായി നിലകൊള്ളാൻ അവരോട് കല്പിക്കുകയും ചെയ്തു. എതിർ സേനക്ക് അവരെ പിന്നിൽ നിന്ന് ആക്രമിക്കാൻ കഴിയില്ലെന്നു ഉറപ്പാക്കാനായിരുന്നു ഇങ്ങനെ സംവിധാനിച്ചത്. സാഹചര്യം പരിഗണിക്കാതെ തന്നെ, ഈ അമ്പെയ്ത്തുകാർ ഒരിക്കലും അവരുടെ സ്ഥാനങ്ങൾ ഉപേക്ഷിക്കരുതെന്ന് പ്രവാചകർ കൽപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു . അങ്ങനെ മുസ്ലീം സൈന്യം യുദ്ധക്കളത്തിൽ മൂന്ന് രീതിയിലുള്ള പ്രതിരോധ നിരകളെ ഉഹ്ദിന്റെ രണാങ്കണത്തിനായി സംവിധാനിച്ചു.
ഉഹുദ് യുദ്ധം :സംഗ്രഹം
എ ഡി 625 മാർച്ച് 23 ശനിയാഴ്ച സൗദി അറേബ്യയിലെ മദീനയിലെ ഉഹുദ് പർവതത്തിന്റെ താഴ്വരയിലാണ് ഉഹുദ് യുദ്ധം നടന്നത്. മക്കയിലെ ഖുറൈശി സൈന്യം തലവനായ അബൂസുഫിയാന്റെ കീഴിൽ മുസ്ലീം സൈന്യത്തിനു മുന്നിൽ നിലയുറപ്പിച്ചു. ഇക്രിമ ഇബ്നു അബൂജഹൽ സൈന്യത്തിന്റെ ഇടത്തും വലത്തും നയിക്കുകയും കുതിരപ്പടയുടെ കമാൻഡറായ അംർ ഇബ്ൻ അൽ-ആസ്, കുതിരപ്പടകൾക്കിടയിലെ ആക്രമണത്തിന്റെ ചുമതല വഹിക്കുകയും ചെയ്തു. ആദ്യ ആക്രമണം നടത്താൻ അബു അമീർ ഉത്തരവിട്ടെങ്കിലും മുസ്‌ലിംകളുടെ ശക്തമായ പ്രതിരോധം കാരണം അബു അമീറും അദ്ദേഹത്തിന്റെ സൈന്യവും മക്കൻ സൈന്യത്തിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി.
പിന്നീട് മക്കൻ സൈന്യത്തിന്റ നേതാവ് തൽഹത് ഇബ്നു അബി തൽഹ അൽ-അബ്ദാരി മുന്നോട്ട് വന്ന് മുസ്ലീങ്ങളെ ഒരു ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു.ഇതിനെ തുടർന്ന് മുഹമ്മദ് നബിയുടെ ബന്ധുവായ അലിയ്യു ഇബ്‌നു അബി താലിബ് മുന്നോട്ട് കുതിച്ചുവരികയും ഒരൊറ്റ പ്രഹരത്തിൽ തന്നെ തൽഹയെ വീഴ്ത്തുകയും ചെയ്തു.. തൽഹത് ഇബ്നു അബി തൽഹ അൽ-അബ്ദാരിയുടെ കുടുംബത്തിനായിരുന്നു മക്കൻ സൈന്യത്തിന്റെ പതാകവഹിക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നത്. അത്കൊണ്ട് തന്നെ തൽഹയുടെ സഹോദരന്മാരും മക്കളും മക്കൻ പതാക വീണ്ടെടുക്കാൻ ഓരോരുത്തരായി പുറപ്പെടുകയും എല്ലാവരും ഒന്നിന് പിറകെ ഒന്നായി പോരാടി മരിക്കുകയും ചെയ്തു. ഈ ദ്വന്ദ്വയുദ്ധങ്ങൾക്ക് ശേഷം, രണ്ട് സൈന്യങ്ങളും ഒരു പൊതു യുദ്ധത്തിൽ ഏർപ്പെട്ടു. എന്നാൽ , മുസ്‌ലിംകൾ മക്കൻ നിരയിലൂടെ കടന്നുകയറിയതോടെ ഖുറൈഷികളുടെ ആത്മവിശ്വാസം അതിവേഗം തകരാൻ തുടങ്ങുകയായിരുന്നു.
ഉഹുദ് യുദ്ധത്തിന്റെ ഫലങ്ങൾ
മുസ്‌ലിംകൾ ആസൂത്രിതമായി നീങ്ങിയപ്പോൾ എതിർ ശക്തികളെ കീഴടക്കൽ ആയാസരഹിതമായി. അത് മുസ്ലീം സൈന്യത്തിന് മനോവീര്യം നേടിക്കൊടുത്തു. എന്നാൽ മക്കക്കാർ പിൻവാങ്ങാൻ നിർബന്ധിതരായ സാഹചര്യത്തിൽ അമ്പയ്ത്തുകാരിൽ ഒരു പിഴവ് സംഭവിച്ചു. ഉഹ്ദ് പർവതത്തിന്റെ ചരിവുകളിൽ നിലയുറപ്പിച്ച അമ്പയ്ത്തുകാർ യുദ്ധക്കളത്തിലേക്ക് നീങ്ങി. തങ്ങളുടെ അമിതമായ ആത്മവിശ്വാസം അവരെ മുതിർന്നവരുടെ കൽപ്പനകളെ ലംഘി ക്കുന്നതിലേക്ക് നയിച്ചു. ഈ സാഹചര്യം മുതലെടുത്ത മക്കൻ സൈന്യം പർവ്വതത്തെ വളയാൻ തുടങ്ങുകയും മുസ്ലീങ്ങളെ പിന്നിൽ നിന്ന് ആക്രമിക്കുകയും ചെയ്തു. ഇത് മുസ്‌ലിംകളെ ആശയക്കുഴപ്പത്തിലുമാക്കിയതോടെ പ്രവാചകനെയും അനുയായികളെയും ഉപേക്ഷിച്ച് നിരവധി മുസ്ലീങ്ങൾ യുദ്ധത്തിൽ നിന്ന് ഓടിപ്പോയി. ഈ അപക്വമായ പ്രവൃത്തി കാരണം നിരവധി മുസ്ലീങ്ങൾ ഉഹുദ് യുദ്ധത്തിൽ കൊല്ലപ്പെടുകയും മുസ്ലീങ്ങൾക്ക് അവരുടെ ശത്രുവിനെ പരാജയപ്പെടുത്താൻ സാധ്യമാവാതിരിക്കുകയും ചെയ്തു.
മദീനയിലെ പരിക്കേറ്റ മുസ്ലീങ്ങളെ വീണ്ടും ആക്രമിക്കുന്നതിന് പകരം മക്കയിലേക്ക് മടങ്ങാൻ അബു സുഫ്യാൻ തീരുമാനിച്ചു. രക്തസാക്ഷികളെ യുദ്ധക്കളത്തിൽ മറമാടിയ ശേഷം പ്രവാചകരും സൈന്യവും അന്നു വൈകുന്നേരം വീടുകളിലേക്ക് മടങ്ങി. മക്കക്കാർ വൈകുന്നേരം മദീനയ്ക്ക് പുറത്ത് ഏതാനും കിലോമീറ്റർ അകലെയുള്ള ഹംറ അൽ-അസദിലേക്ക് നീങ്ങി. അടുത്ത ദിവസം മക്കൻ സൈന്യത്തെ അവരുടെ വഴിയിൽ പരിശോധിക്കാൻ മുഹമ്മദ് നബി ഒരു ചെറിയ സംഘത്തെ അയച്ചു. മക്കക്കാരെ മദീന പ്രദേശത്ത് നിന്ന് പുറത്താക്കാൻ ശക്തിപ്രകടനം അനിവാര്യമാണെന്ന് അറിയുന്നത് കൊണ്ടായിരുന്നു റസൂൽ ഇത് ചെയ്തത്.
ഉഹുദ് യുദ്ധം: ഒറ്റനോട്ടത്തിൽ
* എ ഡി 625 മാർച്ച് 23 ശനിയാഴ്ച്ച ഉഹുദ് പർവതത്തിന്റെ താഴ്വരയുടെ വടക്ക് ഭാഗത്ത് ഉഹുദ് യുദ്ധം നടന്നത്.
* മുസ്‌ലിം-ഖുറൈഷ് യുദ്ധകാലത്ത്, മുസ്‌ലിംകൾക്ക് തങ്ങളുടെ എതിരാളിയെ പരാജയപ്പെടുത്താൻ കഴിയാത്ത ഒരേയൊരു പോരാട്ടമായിരുന്നു ഉഹുദ് യുദ്ധം.
*ഉഹുദ് യുദ്ധത്തിന്റെ പ്രാഥമിക ലക്ഷ്യം മുഹമ്മദ് നബിയെ വധിക്കുകയും ഇസ്‌ലാമിനെ നശിപ്പിക്കുക എന്നതായിരുന്നു.
* ഉഹുദ് പർവതത്തിന്റെ തന്ത്രപരവും ഭൂപ്രകൃതിപരവുമായ നേട്ടങ്ങളിൽ നിന്ന് (യുദ്ധഭൂമി) ഇസ്ലാമിക സൈന്യത്തിന് വളരെയധികം പ്രയോജനം ലഭിച്ചു. അത് മുസ്ലീങ്ങൾക്ക് വ്യവസ്ഥാപിതമായ ഒരു പ്രതിരോധം തീർക്കാൻ അവസരമൊരുക്കി.
ഉഹുദ് യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ
1. നേതാവിനെ അനുസരിക്കുക: മുഹമ്മദ് പ്രവാചകൻ (സ) പർവ്വത മുകളിൽ സുരക്ഷക്കായി നിയോഗിച്ചവരോട് ഒരു കാരണവശാലും പിരിഞ്ഞുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ലംഘനം അവർക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. നേതാവിനെ പോലെ തന്നെ അനുയായികളുടെ ജാഗ്രതയും അനുസരണയും വിജയത്തിന് ആവശ്യമാണ്.
2. മുസ്ലീമായത് കൊണ്ട് വിജയം വരിക്കണമെന്നില്ല: ഒരു വ്യക്തിയുടെ സ്വഭാവവും പ്രവർത്തനങ്ങളും ഒരു യുദ്ധത്തിന്റെ ഫലം നിർണ്ണയിക്കുന്നത്.
വർഷങ്ങൾക്ക് ശേഷവും ഉഹുദ് യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്. നിലവിൽ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രശസ്തമായ പർവതങ്ങളിൽ ഒന്നാണ് ഉഹുദ് പർവ്വതം. ഇസ്‌ലാമിന്റെ ഇവിടെയുള്ള മഹത്തായ ഭൂതകാലം നിരവധി സന്ദർശകരെ ഉഹ്ദിലേക്ക് ആകർഷിക്കുന്നു. ചരിത്രപരമായ പൈതൃകം, രക്തസാക്ഷികളുടെ ഖബറുകൾ , ഉഹ്ദ് പർവതത്തിന്റെ മനോഹരമായ ഭൂപ്രദേശം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാൻ മുസ്ലീങ്ങൾ ഉഹ്ദ് യുദ്ധഭൂമി ഇന്നും സന്ദർശിക്കുന്നു. ഹൈക്കിംഗും റോക്ക് ക്ലൈംബിംഗും ഇവിടെ സന്ദർഷകരെ ആകർഷിക്കുന്ന മറ്റു ഘടകങ്ങളാണ്.കൂടാതെ, ഉഹുദ് പർവതത്തിന്റെ താഴ്‌വരയിലെ പള്ളിയും യുദ്ധാനന്തരം മുഹമ്മദ് നബി അഭയം പ്രാപിച്ച ഗുഹയായ ഗാർ ഉഹുദും സന്ദർശിക്കാൻ നിരവധി പേർ ഉഹ്ദിൽ എത്താറുണ്ട്.
മൊഴി മാറ്റം:മുജ്തബ മുഹമ്മദ്