Back To Top

 നിർവൃതിയുടെ നാളുകൾ

നിർവൃതിയുടെ നാളുകൾ

Spread the love

സംഘത്തിലെ നന്നേ ക്ഷീണിതരും രോഗികളുമല്ലാത്ത എല്ലാ അംഗങ്ങളും എല്ലായ്പ്പോഴും മസ്ജിദുൽ ഹറാമിലെത്തി സംഘടിത നമസ്കാരത്തിൽ പങ്കെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തി. ഹജ്ജിനോടടുത്ത നാളുകളിൽ വളരെ നേരത്തെ എത്തിയില്ലെങ്കിൽ പള്ളിക്കകത്ത് പ്രവേശനം ലഭിക്കുമായിരുന്നില്ല. പലപ്പോഴായി മസ്ജിദുൽ ഹറാം വളരെയേറെ വിപു ലീകരിച്ചെങ്കിലും ഹജ്ജ് കാലത്ത് മുഴുവൻ തീർഥാടകരെയും ഉൾക്കൊള്ളാൻ ഇപ്പോഴുമത് പര്യാപ്തമല്ല.

മസ്ജിദുൽ ഹറാമിന്റെ പ്രധാന വിപുലീകരണങ്ങളിലൊന്ന് തുടങ്ങിയത് ഹി. 1409 സ്വഫർ രണ്ടിനാണ്. അത് പൂർത്തിയാവാൻ അഞ്ചു വർഷമെടുത്തു. മസ്ജിദുൽ ഹറാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ വിപുലീകരണത്തിന് 115 കോടി റിയാൽ ചെലവഴിച്ചു. അതോടെ ഏഴു മിനാരങ്ങളുണ്ടായിരുന്നത് ഒമ്പതായി വർധിച്ചു. 51 വാതിലുകളുണ്ടായിരുന്നത് 83 ആയി ഉയർന്നു. 1978-ൽ ഹജ്ജിനു പോയപ്പോൾ ഈ ലേഖകൻ താമസിച്ചിരുന്ന കെട്ടിടം ഇപ്പോൾ മസ്ജിദുൽ ഹറാമിന്റെ ഭാഗമായി മാറിയിരിക്കുന്നു. മലയാളികൾ ഒത്തുകൂടിയിരുന്ന മലബാർ ഹോട്ടലും ഓർമയായി മാറി. വിശുദ്ധ കഅ്ബയുടെ പടിഞ്ഞാറുവശത്ത് ബാബുൽ ഉംറയുടെയും ബാബുൽ മലികിന്റെയും ഇടയിലുണ്ടായിരുന്ന ‘സൂഖുസ്സ്വഗീർ’ എന്ന അങ്ങാടി പൊളിച്ചുമാറ്റി അവിടെ പുതിയൊരു കെട്ടിടം പണിത് പഴയ പള്ളിയോട് ചേർത്തിരിക്കുന്നു. 7600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ പുതിയ കെട്ടിടം പൂർണമായും എയർകണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും തണുത്ത കാറ്റു കിട്ടുന്നത് തൂണുകളുടെ അടിയിലും മുകളിലുമുള്ള പ്രത്യേകമായ ദ്വാരങ്ങളിലൂടെയാണ്. കിലോമീറ്ററുകൾക്കപ്പുറം ഉണ്ടാക്കിയ എയർകണ്ടീഷൻ പ്ലാന്റിൽ നിന്നാണ് പൈപ്പുകളിലൂടെ തണുത്ത കാറ്റ് മസ്ജിദുൽ ഹറാമിലെത്തുന്നത്. എന്നാൽ 2010 മുതൽ വീണ്ടും വമ്പിച്ച വികസനം നടുകൊണ്ടിരിക്കുകയാണ് ചരിത്രത്തിലെ ഏറ്റം ബൃഹത്തായ വികസനമാണിത്.

നബി തിരുമേനിയുടെ നിയോഗത്തിനു മുമ്പ് ഖുറൈശികൾ വിശുദ്ധ മന്ദിരം പുനർനിർമിച്ചപ്പോൾ അതിന്റെ ചുറ്റുമുള്ള സ്ഥലം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് അത് ആദ്യമായി വിപുലീകരിച്ചത് ഹസ്രത്ത് ഉമറുൽ ഫാറൂഖാണ്. ക്രിസ്ത്വബ്ദം 637-ലായിരുന്നു അത്. തൊള്ളായിരത്തി അമ്പതോളം ചതുരശ്ര മീറ്റർ സ്ഥലമാണ് രണ്ടാം ഖലീഫ പുതുതായി വികസിപ്പിച്ചത്. ക്രിസ്ത്വബ്ദം 646-ൽ മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ 1705 ചതുരശ്ര മീറ്റർ കൂടി പള്ളിയോട് ചേർത്തു. ഇത് ക്രിസ്ത്വബ്ദം 685-ലായിരുന്നു. അബ്ബാസീ ഖലീഫ മാരായ അബൂ ജഅ്ഫരിൽ മൻസ്വൂർ ക്രിസ്ത്വബ്ദം 755-ലും മുഹമ്മദുൽ മഹ്ദി 777-ലും അൽമുഅ്തളിദ് 897-ലും അൽമുഖ്തദിർ 899-ലും മസ്ജിദുൽ ഹറാം വികസിപ്പിച്ചു. അതോടെ പള്ളിയുടെ വിസ്തീർണം എണ്ണായിരത്തിലേറെ ചതുരശ്ര മീറ്റർ വർധിച്ചു. ദാറുന്നദ് മസ്ജിദുൽ ഹറാമിന്റെ ഭാഗമാവുകയും ചെയ്തു. എന്നാൽ, പള്ളി പൂർണമായി പുതുക്കിപ്പണിതത് 1571-ൽ ഉസ്മാനിയാ ഭരണാധികാരി സുൽത്താൻ അലിയാണ്. പിന്നീട് സുഊദി ഭരണകൂടത്തിന്റെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് 1956-ൽ മസ്ജിദുൽ ഹറാം വിപുലീക രിച്ചു മത്വാഫ് വിശാലമാക്കി. സംസം കിണറിനു മുകളിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി. കിണർ മത്വാഫിന്റെ അടിയിലാക്കി. അങ്ങനെ ത്വവാഫിനുണ്ടാ യിരുന്ന പ്രയാസം ഒഴിവാക്കി.

76,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ മാത്രം14,000 പേർക്ക് ഒരേസമയം നമസ്കാരം നിർവഹിക്കാവുന്നതാണ്. ഇപ്പോൾ മസ്ജിദുൽ ഹറാമിൽ ഏഴര ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ഹജ്ജിനോ ടടുത്ത നാളുകളിൽ അത്രതന്നെ ആളുകൾ പള്ളിയുടെ പുറത്തും നമസ്കാര ത്തിനെത്തുക പതിവാണ്.

മസ്ജിദുൽ ഹറാമിന് ഗ്രൗണ്ട് ഫ്ളോറുകളുൾപ്പെടെ നാലു തട്ടുകളുണ്ട്. വിശാലമായ ടെറസിലേക്ക് കയറാനും ഇറങ്ങാനുമായി 56 എസ്കലേറ്ററുക ളുണ്ട്. മസ്ജിദുൽ ഹറാമിന് പുറത്ത് ഏഴു ലിഫ്റ്റുണ്ട്. ഒന്നിലൂടെ മണിക്കൂറിൽ പതിനയ്യായിരം പേരെ മുകളിലെത്തിക്കാൻ സാധിക്കും. അതിനാൽ, എല്ലാം ഉപയോഗിച്ച് മണിക്കൂറിൽ ഒരു ലക്ഷത്തി അയ്യായിരം ആളുകളെ മുകളിലെത്തിക്കാവുന്നതാണ്.

മസ്ജിദുൽ ഹറാമിന് പുറത്ത് കിഴക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റി മാർബിൾ പതിച്ച് വിശാലമായ മുറ്റമുണ്ട്. ഹജ്ജിനോടടുത്ത സന്ദർഭങ്ങളിൽ പള്ളിക്കകത്തെന്നപോലെ അവിടെയും നമസ്കാരത്തിന് വിശ്വാസികൾ തിങ്ങിനിറയുന്നു. മസ്ജിദുൽ ഹറാമിന്റെ പ്രധാനവശങ്ങളിലെല്ലാം ടോയ്ലറ്റുകളും ബാത്റൂമുകളുമുണ്ട്. അലക്കാനും കുളിക്കാനും വുദു എടുക്കാനുമെല്ലാം തീർഥാടകർ അവ ഉപയോഗപ്പെടുത്തുന്നു. പ്രത്യേകം താമസസ്ഥലമില്ലാത്ത തീർഥാടകർ അവയെയാണ് തങ്ങളുടെ ദിനചര്യകൾക്ക് അവലംബിക്കാറുള്ളത്.

നമസ്കാരവേളയിൽ കഴിവതും വിശുദ്ധ കഅ്ബയുടെ അടുത്തുനിൽക്കാൻ ജാഗ്രത പുലർത്തി. അതിന് വളരെ നേരത്തെ മസ്ജിദുൽ ഹറാമിൽ എത്തേണ്ടതുണ്ടായിരുന്നു. അനേകലക്ഷങ്ങളോടൊന്നിച്ചുള്ള ഹറാമിലെ നമസ്കാരം അത്യധികം അനുഭൂതിദായകമത്രെ.

പാതിരാവുകളിലെ പോലെ സായാഹ്നങ്ങളിലും ത്വവാഫും പ്രാർഥനയും നടത്തി, തിരക്കിൽ നിന്ന് മാറി കഅ്ബ കണ്ടുകൊണ്ടിരിക്കുക അത്യധികം കൗതുകകരവും ആനന്ദകരവുമാണ്. അത്തരം സായാഹ്നങ്ങളിൽ ആ വിശുദ്ധ മന്ദിരവും പരിസരവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ മനസ്സിലേക്ക് കൊച്ചലകൾ കണക്കെ വരിയിട്ടു വന്നുകൊണ്ടിരിക്കും. ഏറെ പ്രാവശ്യം ഓർമകളിൽ പുനർജനിച്ച ചേതോഹരമായ ചിത്രം കഅ്ബയുടെ നെറുകയിൽ കയറിനിന്ന് ബാങ്ക് നിർവഹിക്കുന്ന ബിലാലിന്റേതുതന്നെ. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ആ മന്ദിരത്തിനു മുകളിൽ ചരിത്രത്തിലെ ഏറെ മഹിതമായൊരു മുഹൂർത്തത്തിൽ കയറി നിൽക്കാൻ അവസരം കിട്ടിയത് അദ്ദേഹത്തിനാണല്ലോ. ബിലാൽ അടിമായായിരുന്നു; ഉമയ്യത്തുബ്നു ഖലഫിന്റെ പന്ത്രണ്ട് അടി മകളിലൊരാൾ. അദ്ദേഹം കറുത്തവനായിരുന്നു. വിദേശിയായിരുന്ന ബിലാൽ ഇസ്ലാം സ്വീകരിച്ച വിവരമറിഞ്ഞ യജമാനൻ അദ്ദേഹത്തെ ക്രൂരമായി മർദിച്ചു. കഅ്ബയുടെ അടുത്തുകൊണ്ടുവന്ന് നട്ടുച്ചക്ക് ചുട്ടുപഴുത്ത മണലിൽ കിടത്തി. നെഞ്ചിൽ കരിങ്കല്ല് കയറ്റിവെച്ച് വലിച്ചിഴച്ചു. കൊടും പീഡനങ്ങൾക്കിടയിൽ അവരദ്ദേഹത്തോട് അവിശ്വാസം പ്രഖ്യാപിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ബിലാൽ അഹദ്, അഹദ് (ഏകൻ! ഏകൻ!) എന്ന് ഉരുവിടു കയാണുണ്ടായത്. ഈ വിശുദ്ധ മന്ദിരം അദ്ദേഹത്തെപ്പോലുള്ള അനേകം വിശ്വാസികൾ കഠിനമായി പീഡിപ്പിക്കപ്പെട്ടതിന് സാക്ഷിയായിട്ടുണ്ട്. അമ്മാറും യാസിറും സുമയ്യയും ഖബ്ബാബും ഖുബൈബുമെല്ലാം അവരിൽ പെടുന്നു. എവിടെവെച്ചായിരിക്കും അവർ മർദിക്കപ്പെട്ടിട്ടുണ്ടാവുക? കഅ്ബയുടെ ഏതു ഭാഗത്തുവെച്ച് പലപ്പോഴും അതെക്കുറിച്ച് ആലോചിച്ചെങ്കിലും അറിയാൻ മാർഗമുണ്ടായിരുന്നില്ല.

അബൂബക്ർ സ്വിദ്ദീഖ് ബിലാലിനെ വിലയ്ക്കുവാങ്ങി സ്വതന്ത്രനാക്കുന്നതുവരെ മർദനം തുടർന്നു. നബിതിരുമേനിയും അനുയായികളും ജേതാക്കളായി മക്കയിൽ തിരിച്ചെത്തിയ ചരിത്രപ്രധാനമായ സന്ദർഭത്തിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി കഅ്ബയുടെ മുകളിൽ കയറി വിജയ പ്രഖ്യാപനം നടത്താൻ പ്രവാചകൻ തെരഞ്ഞെടുത്തത് ആ ബിലാലിനെയാണ്. ബിലാൽ കഅ്ബയുടെ ചുമരിൽ പറ്റിപ്പിടിച്ച് മുകളിലോട്ട് കയറുന്ന ചിത്രം പലതവണ മനസ്സിൽ തെളിഞ്ഞുവന്നു. വരേണ്യവർഗത്തിന്റെ മേധാവിത്വചിന്തക്ക് ശക്തമായ പ്രഹരമേൽപിച്ചു ഒരു ജേതാവിനെപ്പോലെ ബാങ്ക് കൊടുക്കുന്ന രംഗവും.

നമസ്കരിച്ചുകൊണ്ടിരിക്കെ നബി തിരുമേനിയുടെ കഴുത്തിൽ ഖുറൈശിക്കൂട്ടം ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കൊണ്ടിട്ടത് കഅ്ബ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. ഉമറുൽ ഫാറൂഖ് ഹിജ്റ വേളയിൽ ശത്രുക്കളെ വെല്ലു വിളിച്ചതിനും ഈ വിശുദ്ധഭവനം സാക്ഷിയാവുകയുണ്ടായി. അത്തരം അനേകമനേകം സംഭവങ്ങളുടെ ഓർമകൾ മനസ്സിൽ തെളിഞ്ഞുവന്നു.

ഖദീജയുടെ ഖബറിനരികെ
മസ്ജിദുൽ ഹറാമിന്റെ വടക്കുകിഴക്കുഭാഗത്ത് ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയാണ് മക്കയിലെ ഖബറിടം സ്ഥിതിചെയ്യുന്നത്. “അൽമുഅല്ല’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ഒരു സായാഹ്നത്തിൽ ഞങ്ങൾ അൽമുഅല്ലായിലുള്ള ഹസത്ത് ഖദീജയുടെ ഖബറിനടുത്തേക്ക് പോയി. ആ മഹതിയുടെ അന്ത്യവിശ്രമസ്ഥാനത്തി നരികെ നിന്നപ്പോൾ മനസ്സിലേക്ക് ചരിത്രത്തിലെ അനേകം അവിസ്മരണീയ സംഭവങ്ങൾ കടന്നുവരുന്നു. അവ കണ്ണുകളെ ഈറനണിയിച്ചു. ഇസ്ലാ മിക പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രവാചകന് താങ്ങും തണലും ഇണയും തുണയുമായുണ്ടായിരുന്നത് അവരാണല്ലോ. ഖദീജയിൽ നിന്ന് നബി തിരുമേനിക്ക് കരുണാർദ്രമായ മാതാവിന്റെ ലാളനയും സ്നേഹസമ്പന്നയായ സഹധർമിണിയുടെ പ്രേമവായ്പും ലഭിച്ചു. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അവരദ്ദേഹത്തിന് ആശ്വാസമേകി. തന്റെ പ്രസന്നമായ മുഖത്തെ മന്ദഹാസത്തിലൂടെയും വാത്സല്യനിരതമായ പെരുമാറ്റത്തിലൂടെയും അവർ അദ്ദേഹത്തിന്റെ പ്രയാസങ്ങൾ ലഘൂകരിച്ചു; ദുഃഖം ഒപ്പിയെടുത്ത് സാന്ത്വനമേകി.

പതിനെട്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരിക്കലും പിണക്കമോ അലോസരമോ അവർ തമ്മിൽ ഉണ്ടായില്ല. തന്റെ പ്രിയതമയുടെ ഓരോ പ്രവൃത്തിയും പ്രവാചകനെ കൂടുതൽ കൂടുതൽ സന്തോഷിപ്പിക്കുകയായിരുന്നു. അവർ സ്നേഹവും നൻമയും വിശ്വാസവും വിശുദ്ധിയും കൊണ്ട് നബിതിരുമേനിയെ തുണച്ചു; ഭയപ്പാടകറ്റി; ബാധ്യത ലഘൂകരിച്ചു. അവരുടെ കനിവിന്റെ കടാക്ഷം തിരുമേനിയുടെ കദനത്താൽ കനം തൂങ്ങിയ ഹൃദയത്തിന് സദാ കുളിര് പകർന്നുകൊണ്ടിരുന്നു. സമ്പത്തൊക്കെയും സത്യമാർഗത്തിൽ വ്യയം ചെയ്യാൻ പ്രിയതമന് വിട്ടുകൊടുത്തുകൊണ്ട് താനാണ് പ്രവാചകന്റെ പ്രഥമ അനുയായിയെന്ന് പ്രഖ്യാപനത്തിലൂടെയെന്നപോലെ പ്രവർത്തനത്തിലൂടെയും തെളിയിച്ചു. അവരുടെ വിയോഗം നബി തിരുമേനിയെ അഗാധമായ ദുഃഖത്തിലാഴ്ത്തി. ഖദീജയുടെ ഖബറിനരികെ നിൽക്കെ മനസ്സിന്റെ കണ്ണാടിയിൽ പ്രവാചകന്റെ ദുഃഖസാന്ദ്രമായ മുഖം തെളിഞ്ഞുവന്നു.

വളരെ പ്രതികൂലമായ പരിതഃസ്ഥിതിയിൽ സത്യപതാക ഉയർത്തിപ്പിടിച്ച് നീതിക്കായി ധീരധീരം പൊരുതി വീരമൃത്യുവരിച്ച അബ്ദുല്ലാഹിബ്നു സുബൈറിന്റെയും, വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും വിളനിലമായിരുന്ന അബ്ദുല്ലാഹിബ്നു ഉമറിന്റെയും ഖബ്റുകൾ അൽമുഅല്ലയിലാണ്. അവ കൂടി കാണാൻ അതിയായാഗ്രഹിച്ചു. എങ്കിലും കണിശമായി അറിയുന്ന ആരെയും കണ്ടുകിട്ടിയില്ല.

Prev Post

മിനാ താഴ് വരയിൽ

Next Post

ഉഹ്ദ് മലയും ഇസ്‌ലാമിക ചരിത്രവും

post-bars

Related post

You cannot copy content of this page