Back To Top

 മഹാപ്രവാഹത്തിൽ
Spread the love

ഞങ്ങൾ ഹജറുൽ അസ് വദ് ലക്ഷ്യം വെച്ച് നടന്നു. വിശുദ്ധ കഅ്ബയുടെ വടക്കു കിഴക്കെ മൂലയിലാണത് സ്ഥിതിചെയ്യുന്നത്.അതൊരടയാളമാണ്. ത്വവാഫ് തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും അടയാളം. സഹസ്രാബ്ദങ്ങളായി അതിന്റെ നിയോഗം അതത്രെ. നൂറ്റാണ്ടുകളായി തീർ ഥാടകർ ആ കറുത്ത കല്ലിനെ ചുംബിക്കുന്നു. ജനകോടികളുടെ ചുണ്ടുകൾ തട്ടി അത് കുഴിഞ്ഞുപോയിരിക്കുന്നു. ഈ കല്ല് അമുസ്ലിംകളിൽ വമ്പിച്ച തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട്. മക്കയിലെ ഖുറൈശിക്കൂട്ടത്തോട് ഒരിളവ് കാണിക്കാനായി അവരുടെ ഒരാരാധ്യവസ്തുവിനെ അവിടെ നിലനിർത്തിയെന്നാണ് അവരിലേറെ പേരുടെയും ധാരണ. എന്നാലിതിന് സത്യത്തോട് അകന്നബന്ധം പോലുമില്ല. ചരിത്രത്തിൽ ആരും ഒരിക്കലുമതിന് ദിവ്യത്വം കൽപിച്ചിട്ടില്ല. കഅ്ബയിൽ 360 വിഗ്രഹങ്ങൾ പൂജിക്കപ്പെട്ടിരുന്നപ്പോഴും ആ ശ്യാമശില ആരാധ്യവസ്തുവായിരുന്നില്ല. കാരണം, അത് വിഗ്രഹമല്ല. ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പ്രതിഷ്ഠയുമല്ല. കറുത്ത കല്ല് മാത്രം അതൊരിക്കലും ആരാധിക്കപ്പെടുകയില്ല. കഅ്ബയും അവ്വിധം തന്നെ. അർച്ചനയൊക്കെയും അതിന്റെ നാഥനു മാത്രം! “അതിനാൽ, അവർ ഈ മന്ദിരത്തിന്റെ നാഥന് ആരാധനകൾ അർപ്പിക്കട്ടെ. അവർക്ക് വിശപ്പിന് ശമനമായി ആഹാരം നൽകുകയും ഭയത്തിൽനിന്ന് മോചനമായി നിർഭയാവസ്ഥ സമ്മാനിക്കുകയും ചെയ്ത നാഥന്.” (ഖുറൈശ് 3,4)

ഇബ്റാഹീം പ്രവാചകൻ പണികഴിപ്പിച്ച വിശുദ്ധ മന്ദിരത്തിന്റെ അവശിഷ്ടമെന്ന നിലയിൽ ഹജറുൽ അസ് വദ് ആദരിക്കപ്പെടുന്നു. തന്റെ വിടവാങ്ങൽ തീർഥാടനത്തിൽ അന്ത്യപ്രവാചകന്റെ ചുണ്ടുകൾ അതിനെ തൊട്ടുരുമ്മിയിട്ടുണ്ട്. അതിനാൽ, എക്കാലവും എല്ലാ തീർഥാടകരും അതിനെ ചുംബിച്ചുവരുന്നു. പിന്നാലെ വരുന്ന വിശ്വാസികൾ തന്റെ മാതൃക പിന്തുടരുമെന്ന് പ്രവാചകന് നന്നായറിയാമായിരുന്നു. എന്നിട്ടും അദ്ദേഹമത് ചെയ്തു. പിൻഗാമികളുടെ ചുണ്ടു കൾ തന്റെ ചുംബനത്തിന്റെ ഓർമകളുമായി കറുത്ത കല്ലിൻമേൽ പതിയുമെന്ന പ്രതീക്ഷയോടെത്തന്നെ. അതിനാൽ, ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വെറുമൊരു കല്ലാണതെന്ന് അദ്ദേഹമുണർത്തി.

ഹജറുൽ അസദിനെ ചുംബിക്കുന്ന എക്കാലത്തെയും വിശ്വാസി, താൻ പ്രവാചകനെ പിന്തുടരുക മാത്രമാണെന്ന് മനസ്സിലാക്കുന്നു. അവരെയൊക്കെ പ്രതിനിധീകരിച്ച് ഇക്കാര്യം അന്നൊരിക്കൽ ഉമറുൽ ഫാറൂഖ് അതിനോട് പറഞ്ഞിട്ടുണ്ട്: “നീ കേവലം ഒരു കല്ലാണ്. നബിതിരുമേനി നിന്നെ ചുംബിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ മുത്തുമായിരുന്നില്ല.”

പ്രവാചകൻ അതിനെ ചുംബിച്ചു. പിന്നാലെ വന്ന പുണ്യ പുരുഷൻമാരും. ചരിത്രത്തിൽ അനേകമനേകം ചിന്തകൻമാരുടെയും ചക്രവർത്തിമാരുടെയും സ്നേഹാദരവുകളാർന്ന ചുംബനങ്ങൾ അത് ഏറ്റുവാങ്ങിയിട്ടുണ്ട്. കാലത്തിനപ്പുറത്തേക്ക് തന്റെ മുഴുവൻ അനുയായികൾക്കുമായി നബിതിരുമേനി അർപ്പിച്ച ആ പ്രതീകാത്മകമായ പരിരംഭണത്തിൽ പങ്കാളികളാവുകയാണ് ഹജറുൽ അസ്വദിനെ ഉമ്മവെക്കുന്നവരൊക്കെയും. അതിനാൽ, അത്യന്തം അനുഭൂതി ദായകമായ കർമമത്രേ അത്.

നബിതിരുമേനിയുടെ പ്രവാചകത്വത്തിന്റെ അഞ്ചുകൊല്ലം മുമ്പ് ഖുറൈശികൾ വിശുദ്ധ കഅ്ബ പുതുക്കിപ്പണിതപ്പോൾ ഹജറുൽ അസ്വദ് പുനഃസ്ഥാപിക്കുന്നത് അവർക്കിടയിൽ വിവാദ വിഷയമായി. അതെടുത്ത് യാഥാസ്ഥാനത്ത് വെക്കുന്നത് തങ്ങളായിരിക്കണമെന്ന് ഗോത്രത്തലവൻമാർ ഓരോരുത്തരും ശഠിച്ചു. അങ്ങനെ അവർ സംഘട്ടനത്തിന്റെ വക്കിലെത്തി. അപ്പോഴതാ ഒരു മധ്യസ്ഥൻ കടന്നുവരുന്നു. അതൊരു ദൈവികനിയോഗമായിരുന്നു. സമാധാനം സ്ഥാപിക്കുന്ന ശാന്തിദൂതനായി മുഹമ്മദ് പ്രത്യക്ഷപ്പെന്നു. സർവർക്കും സ്വീ കാര്യനും വിശ്വസ്തനുമായിരുന്നു അദ്ദേഹം. ഒരു തുണി വിരിച്ച് കല്ല് അതിലെടുത്തുവെച്ചു. ഗോത്രനായകൻമാരോട് അതിന്റെ പാർശ്വങ്ങൾ പിടിച്ച് പൊക്കാ നാവശ്യപ്പെട്ടു. അങ്ങനെ അത് പൊക്കുന്നതിൽ എല്ലാവരെയും പങ്കാളികളാക്കി. അദ്ദേഹം അതെടുത്ത് യഥാസ്ഥാനത്തു സ്ഥാപിക്കുകയും ചെയ്തു. അതോടെ ചോരച്ചാലുകൾ സൃഷ്ടിക്കാൻ പോന്ന വലിയൊരു പ്രശ്നം പ്രയാസരഹിതമായി പരിഹരിക്കപ്പെട്ടു. കാലം അതിന് സാക്ഷ്യം വഹിച്ചു. ചരിത്രം അത് രേഖപ്പെടുത്തി. പിന്നീട് എല്ലാ തർക്കങ്ങൾക്കും തീർപ്പു കൽപിക്കുന്ന അല്ലാഹുവിന്റെ അന്ത്യപ്രമാണം അവതീർണമായതും അദ്ദേഹത്തിലൂടെയാണല്ലോ.

പിന്നീട് ഇന്നോളം ആ കറുത്ത കല്ല് കഅ്ബക്ക് ഒരലങ്കാരവും ത്വവാഫിന് അടയാളവുമായി നിലകൊണ്ടു. ഹി. 317-ൽ ഖറാമിത്വകൾ അത് അവിടെനിന്ന് ഇളക്കിയെടുത്ത് കൊണ്ടുപോയ 22 വർഷം മാത്രമാണ് ഇതിന്നപവാദം.

നിലത്തുനിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് ഹജറുൽ അസ് വദ് സ്ഥാപിച്ചിരിക്കുന്നത്. അതിനുചുറ്റും വെള്ളികൊണ്ട് ചട്ടം കൂട്ടി ഭദ്രമായി ബന്ധിച്ചിരിക്കുന്നു.

നല്ല തിരക്കിലായിരുന്നതിനാൽ ഞങ്ങൾക്ക് ഹജറുൽ അസ്വദ് ചുംബിക്കാനോ തൊടാനോ സാധിച്ചില്ല. അങ്ങനെ ചെയ്യുന്നത് ഐഛികം മാത്രമാണ്. പ്രവാചകന്റെയും സച്ചരിതരായ സഹചാരികളുടെയും ചുണ്ടുകൾ പതിഞ്ഞിടത്ത് ചുംബിക്കുന്നതും അവരുടെ കരസ്പർശമേറ്റിടത്ത് തൊടുന്നതും അനുഭൂതി ദായകം തന്നെ. എന്നാൽ, മറ്റുള്ളവരെ തിക്കിത്തിരക്കി, അവർക്ക് പ്രയാസം സൃഷ്ടിച്ച് മാത്രമേ അത് സാധ്യമാവുമായിരുന്നുള്ളൂ. ഒരു ഐഛികകർമത്തിനും നിർവൃതിക്കുമായി നിഷിദ്ധമായ പരദ്രോഹം ചെയ്യരുതെന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. ഹജ്ജ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഇക്കാര്യം നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.

ത്വവാഫ് തുടങ്ങേണ്ടയിടം ഹജറുൽ അസ്വദിന്റെ അടുത്തുനിന്ന് നേരെ ഒരു കറുത്ത വരവഴി അടയാളപ്പെടുത്തിയിരുന്നു. (തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ അത് ഒഴിവാക്കിയിരിക്കുന്നു. പകരം ഹജറുൽ അസ്വദിന്റെ നേർ ദിശയറിയാൻ വലതുവശത്ത് പച്ചവെളിച്ചം സ്ഥാപിച്ചിരിക്കുന്നു. ഞങ്ങൾ ആ വരയിൽ ചെന്ന് ഹജറുൽ അസ്വദിന്റെ ഭാഗത്തേക്ക് തിരിഞ്ഞുനിന്നു. അതിന്റെ നേരെ വലതുകൈകൊണ്ട് ആംഗ്യം കാണിച്ചു. അല്ലാഹുവിന്റെ നാമത്തിൽ ത്വവാഫ് ആരംഭിക്കുന്നു. അല്ലാഹുവാണ് ഏറ്റവും മഹാൻ. അല്ലാഹുവേ, നിന്നിലും നിന്റെ ഗ്രന്ഥത്തിലും എനിക്കുള്ള ദൃഢവിശ്വാസത്തിന്റെ പ്രകാശ നമായും, നീയുമായുള്ള എന്റെ കരാറിന്റെ പൂർത്തീകരണമെന്ന നിലയിലും, നിന്റെ ദൂതനായ മുഹമ്മദ് നബിയുടെ ചര്യയുടെ അനുധാവനമായും ഞാനിതാ ത്വവാഫ് ചെയ്യുന്നു’ എന്നർഥം വരുന്ന പ്രാർഥന ചൊല്ലി വലത്തോട്ടു തിരിഞ്ഞ് മുന്നോട്ടുനീങ്ങി. അങ്ങനെ ഞങ്ങൾ കഅ്ബയെ ചുറ്റാൻ തുടങ്ങി. ആ വിശുദ്ധ ഭവനം ഞങ്ങളുടെ ഇടതു വശത്താണ്. അതിനാൽ ത്വവാഫിന് പതിവായി ഉപയോഗിക്കാറുള്ള പ്രദക്ഷിണം എന്ന പദം ഉചിതമല്ല.

മക്കയിലെത്തി ഞങ്ങൾ ആദ്യമായി നിർവഹിക്കുന്ന ത്വവാഫ് (ഖുദൂമിന്റെ കൂടിയായതിനാൽ, വലതു ചുമൽ വെളിവാക്കേണ്ടതുണ്ടായിരുന്നു. ഉത്തരീയത്തിന്റെ മധ്യഭാഗം വലതുകക്ഷത്തിലും രണ്ടറ്റവും ഇടതുചുമലിലും വരും വിധമാണ് ധരിച്ചത്. ഇവ്വിധം ചെയ്യുതിന് “ഇള്തിബാഅ്’ എന്നു പറയുന്നു. ആദ്യത്തെ മൂന്നു ചുറ്റിലും കാലുകൾ അടുപ്പിച്ച് സാവധാനം ഓടാൻ സാധ്യമാം വിധം ശ്രമിച്ചു. ഈ ദ്രുതചലനത്തിന് സാങ്കേതികഭാഷയിൽ റംല്’ എന്നു പറയുന്നു. ഇത് രണ്ടും പുരുഷൻമാർക്ക് മാത്രം ബാധകമായ കാര്യമാണ്. രണ്ടിലും ശക്തിപ്രകടനത്തിന്റെ മഹത്തായ അനുസ്മരണമുണ്ട്; പ്രവാചകചര്യയോട് താദാത്മ്യം പ്രാപിക്കലും. ഹിജ്റ ആറാം വർഷം നബി തിരുമേനിയും ആയിരത്തഞ്ഞൂറോളം അനുചരൻമാരും ഉംറ ഉദ്ദേശിച്ച് മദീനയിൽ നിന്ന് പുറപ്പെട്ടു. മക്കയുടെ അതിർത്തിയായ ഹുദൈബിയ്യയിൽ ഖുറൈശികൾ അവരെ തടഞ്ഞു. ദീർഘമായ ചർച്ചകൾക്കുശേഷം ഇരുവിഭാഗവും സന്ധിയിലെത്തി.

അതനുസരിച്ച് ആവർഷം ഉംറ നിർവഹിക്കാതെ നബിയും അനുയായികളും തിരിച്ചുപോവുകയാണുണ്ടായത്. അടുത്ത വർഷം, അഥവാ ഹി. ഏഴാം കൊല്ലം അവർ ഉറക്കെത്തുകയും ചെയ്തു. അതിനിടെ ഖുറൈശികൾ പ്രവാചകനെയും അനുചരൻമാരെയും പറ്റി പല വ്യാജപ്രചാരണങ്ങളും നടത്തി. നബി തിരുമേനി വാർധക്യവും ക്ഷീണവും ബാധിച്ച് വിവശനായിട്ടുണ്ടെന്നും മുസ് ലിംകൾ പനിപിടിച്ച് പട്ടിണി കിടന്ന് പരവശരായിട്ടുണ്ടെന്നും അവർ ധരിച്ചു. തൊലിയൊട്ടി ചുക്കിച്ചുളിഞ്ഞ് ദുർബലരായ നബിയെയും അനുയായികളെയും പ്രതീക്ഷിച്ച് അവർ ഖുബൈസ് മലമുകളിൽ നിലയുറപ്പിച്ചു. പ്രതിയോഗികളുടെ പ്രചാരണിത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാൻ പ്രവാചകനും അനുചരൻമാരും ത്വവാഫ് വേളയിൽ നടത്തിയ ശ്രമങ്ങളുടെ അനുധാവനമാണ് ഇള്ത്വിബാഉം റംലും. ഖുറൈശിക്കൂട്ടം അതുകണ്ട് ഞെട്ടുകതന്നെ ചെയ്തു. ആ മാതൃക പിന്തുടർന്ന് മുന്നോട്ടുനീങ്ങിയപ്പോൾ നൂറ്റാണ്ടുകളുടെ ദീർഘമായ ഇടവേള ഇല്ലാതായി. പ്രവാചകന്റെ പിന്നാലെ ആ പുണ്യപാദം പിന്തുടരു ന്നതായി അനുഭവപ്പെട്ടു. അകലെ ശത്രുക്കൾ നോക്കിനിൽക്കുന്നതായി തോന്നി. അങ്ങനെ മനസ്സും കർമവും പ്രവാചക കാലഘട്ടവുമായി ഐക്യപ്പെട്ടപ്പോൾ അവാച്യമായ അനുഭൂതിയുണ്ടായി. ഞങ്ങൾ ദുർബലരല്ല; ശക്തരും, സദാ ദൈവിക ദീനിന്റെ പടയാളികളുമാണെന്ന് പ്രഖ്യാപിക്കുന്നതുപോലെ തോന്നി.

ഞങ്ങൾ ഒരു മഹാപ്രവാഹത്തിൽ ലയിക്കുകയായിരുന്നു. ആർത്തിരമ്പുന്ന സമുദ്രത്തിൽ ജലകണങ്ങൾ അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. അതോടെ വ്യതിരിക്തമായ വ്യക്തിത്വവും വിശേഷതകളും ഇല്ലാതായി. ഇവിടെ വർഗങ്ങൾക്ക് പ്രസക്തിയില്ല. വ്യക്തിക്ക് സ്ഥാനമില്ല. ആണോ പെണ്ണോ, കറുത്തവനോ വെളുത്തവനോ എന്ന ഭേദമില്ല. അടിമ-ഉടമ വിവേചനമില്ലാത്ത ജനതയുടെ മഹാസംഗമമാണിത്. എല്ലാവരും ഒരു കൂട്ടായ്മയുടെ ഭാഗം മാത്രം.

ഏകാന്ത തപസ്സിനായി ആരും കഅ്ബയെ സമീപിക്കേണ്ടതില്ല. ജനതയുടെ സജീവസാന്നിധ്യമുള്ള ഭവനമാണിത്. അവിടെ കൊട്ടും കുരവയും ചെണ്ടയും വാദ്യമേളവുമില്ലെന്നത് ശരിതന്നെ. എന്നാൽ, അവിടെ ചലനമുണ്ട്; നിരന്തര ചലനം. ജനത്തിന്റെ ശബ്ദമുണ്ട്. തിക്കും തിരക്കുമുണ്ട്. ആളൊഴിഞ്ഞ നേരമില്ല. രാപ്പകൽ ഭേദമില്ല. ചൂടിലും തണുപ്പിലും വെയിലിലും മഴയിലും എപ്പോഴുമവിടെ ജനമുണ്ടാവും; അവരുടെ അവിരാമമായ ഒഴുക്കും. വിശ്വാസി അവിടെ ധ്യാനനിമഗ്നനായ യോഗിയല്ല. തിരക്കിട്ടു പായുന്ന പോരാളിയാണ്. തിടുക്കവും ജാഗ്രതയും മുഴുചലനങ്ങളിലും പ്രകടം. പ്രവാചകൻ പറഞ്ഞു: “ഓരോ മത ത്തിലും സന്യാസ ജീവിതമുണ്ട്. ഇസ്ലാമിൽ അത് ജിഹാദാണ്.

ത്വവാഫ് ജനകീയ വർണമുള്ള ഉപാസനയാണ്. ജനമധ്യത്തിലെ അതി ശ്രേഷ്ഠമായ ആരാധന. അതിന്റെ മാനവികമാനം സുവിദിതമത്. ഞങ്ങൾ കഅ്ബക്ക് ചുറ്റുമുള്ള വർത്തുള പ്രവാഹത്തിൽ അലിഞ്ഞു ചേർന്നു. ഞങ്ങളുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വന്നവർ, വിവിധ ദേശക്കാർ, വ്യത്യസ്ത ഭാഷക്കാർ, ആണും പെണ്ണും കറുത്തവരും വെളുത്തവരും യുവാക്കളും വൃദ്ധരും. അവരാരും ഞങ്ങൾക്ക് അന്യരല്ല. അപരിചിതരുമല്ല. പേരും കുറിയും നാടും വീടും ദേശവും ഭാഷയു മൊന്നുമറിയില്ലെങ്കിലും സഹോദരൻമാർ. ലോകത്തിന്റെ ഏതു ദിക്കിൽ നിന്ന് വന്നവരെയും കൂട്ടിയിണക്കുന്ന മഹാപാശമാണ് വിശ്വാസ സാഹോദര്യം. എല്ലാവരും ഒരേ രൂപവും നിറവുമുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ആരും ത മ്മിൽ അന്തരമില്ല. കറുത്ത മൂടുപടമണിഞ്ഞ കഅ്ബക്കു ചുറ്റം ഒഴുകുന്ന വെ ളുത്ത മഹാനദിയിലെ കണികകൾ. ഇടക്ക് ചിലർ കരയുന്നു. ചിലർ ഉച്ചത്തിൽ അല്ലാഹുവെ വിളിച്ച് പ്രാർഥിക്കുന്നു. ചിലർ പ്രാർഥന ചൊല്ലിക്കൊടുക്കുന്നു. മറ്റുള്ളവർ ഉച്ചത്തിൽ അതേറ്റുചൊല്ലുന്നു. ഏറെ പേരുടെയും വാക്കുകൾ പുറത്തു കേൾക്കുന്നില്ല. പക്ഷേ, അവർ പ്രാർഥനാനിരതരാണ്. കണ്ണുനീരില്ല; അതുപോലും വറ്റും വിധം അവരുടെ അകം തപ്തമാണ്.

ശരീരം അല്ലാഹുവിനെ കേന്ദ്രീകരിച്ച് വിശുദ്ധ മന്ദിരത്തിനു ചുറ്റും ചലിക്കവെ, വിചാരവികാരങ്ങളെല്ലാം അവനിൽ ലയിച്ചു. തിക്കിനും തിരക്കിനുമിടയിൽ അറിയാതെ മുന്നോട്ടു നീങ്ങുകയായിരുന്നു. ആത്മാവ് വിവരണാതീതമായ അനുഭൂതി അനുഭവിക്കുകയും മനസ്സിനെ ദൈവോന്മുഖമാക്കി; നാവിനെ പ്രാർഥനാനിരതവും.

Prev Post

മക്കയും മദീനയും തമ്മിലുള്ള ആത്മീയ ദൂരമെത്രയാണ്?

Next Post

മസ്ജിദുൽ ഹറാം

post-bars

Related post

You cannot copy content of this page