ത്വവാഫും പ്രപഞ്ചഘടനയും
പ്രപഞ്ച വ്യവസ്ഥയോട് വളരെയേറെ താദാത്മ്യം പ്രാപിക്കുന്ന ആരാധ നാകർമമാണ് ത്വവാഫ്. വിശുദ്ധ കഅ്ബയാണതിന്റെ കേന്ദ്രബിന്ദു. ജനം അതിനു ചുറ്റും ചലിക്കുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നതുപോലെ. പരമാണുവിലെ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നതുപോലെ.
ഹജറുൽ അസ് വദിൽ നിന്നാരംഭിക്കുന്ന പ്രയാണം അവിടെ തിരിച്ചെത്തുന്നതോടെ ചുറ്റൽ ഒരു പ്രാവശ്യം പൂർത്തിയാവുന്നു. ഇതിന് ഒരു ത്വവാഫ് എന്നു പറയാമെങ്കിലും സാങ്കേതികഭാഷയിൽ ഏഴു തവണ ചുറ്റിയാലേ ഒരു ത്വവാഫ് ആവുകയുള്ളൂ. ഇവിടെ ഏഴ് എന്ന എണ്ണവും പ്രകൃതിഘടനയെ പ്രതിനിധീകരിക്കുന്നു. ഏഴ് ഭൂമി, ഏഴാകാശം, ഏഴ് സമുദ്രം!
വലതു വശത്തിന് ഏറെ പ്രാമുഖ്യം കൽപിച്ച ഇസ്ലാം ത്വവാഫിൽ കഅ്ബ, തീർഥാടകന്റെ ഇടതുവശത്താവണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഇത് അത്യന്തം ശ്രദ്ധേയമത്രേ. ഇതുവഴി ത്വവാഫിലെ കറക്കം പ്രകൃതിവ്യവസ്ഥയുമായി പൂർണമായും പൊരുത്തപ്പെടുന്നു. സൗരയൂഥത്തിലെ ഗോളങ്ങൾ സൂര്യനെ ചുറ്റുന്നത്, അത് ഇടതുവശം വരും വിധമാണ്. അഥവാ, ത്വാവാഫിന്റേതു പോലെ ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിയും വിധമാണ്. ഗ്രഹങ്ങൾ സ്വന്തം അക്ഷത്തിൽ കറങ്ങുന്നതും അവ്വിധം തന്നെ. ധൂമകേതുക്കൾ സൂര്യനുചുറ്റും ചലിക്കുന്നതും അതേ ദിശയിലാണ്. അണ്ഡ-ബീജ സങ്കലനം നടക്കുംമുമ്പ് ബീജങ്ങൾ അണ്ഡത്തിനുചുറ്റും ചലിക്കുന്നതും അത് ഇടതുവശം വരുംവിധം ആന്റിക്ലോക്ക് വൈസിലാണ്. പ്രമുഖരായ പല പണ്ഡിതൻമാരും ത്വവാഫിന്റെ ദിശാ നിർണയത്തിലെ ഈ സവിശേഷത വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിമതമായ ഇസ്ലാം നിശ്ചയിച്ച് വിശിഷ്ടമായ ഈ ആരാധനാകർമം പ്രപഞ്ച വ്യവസ്ഥയോട് വിസ്മയകരമാം വിധം യോജിച്ചുവന്നിരിക്കുന്നു. പരമാണു മുതൽ ഗാലക്സി വരെ അവയുടെ ചലനത്തിലൂടെ, ത്വവാഫിൽ തീർഥാടകർ ചെയ്യുന്നപോലെ പ്രപഞ്ചനാഥന്റെ വിശുദ്ധി വാഴ്ത്തുകയും അവനെ സ്തുതിക്കുകയുമാണല്ലോ. “ഏഴ് ആകാശവും ഭൂലോകവും അവയിലുള്ള വയൊക്കെയും അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അവന്റെ സ്തുതി പ്രകീർത്തനം ചെയ്തുകൊണ്ടിരിക്കാത്ത ഒരു വസ്തുവു മില്ല” (അൽഇസ്റാഅ്: 44)
മറ്റൊരു തലത്തിൽ വീക്ഷിക്കുമ്പോൾ ത്വവാഫ് ഇസ്ലാമിക ജീവിതത്തിന്റെ പ്രതീകാത്മകമായ പ്രഖ്യാപനമാണ്. തൗഹീദാണല്ലോ ഇസ്ലാമിക ജീവിത ത്തിന്റെ കേന്ദ്രബിന്ദു. ആ ന്യൂക്ലിയസിന് ചുറ്റുമാണ് മുഴുജീവിതവും കറങ്ങേണ്ടത്. ത്വവാഫിൽ വിശ്വാസികൾ കഅ്ബക്കുചുറ്റും ചലിക്കുന്നപോലെത്തന്നെ. തൗഹീദ് കഅ്ബ പോലെ സുസ്ഥിരമാണ്.
ത്വവാഫിൽ ഏഴു തവണയും വലതുകൈകൊണ്ട് ഹജറുൽ അസ് വദ് തൊടുകയോ അതിന്റെ നേരെ തിരിഞ്ഞ് കൈചൂണ്ടുകയോ ചെയ്യുന്നു. ചുറ്റൽ തുടങ്ങുന്നതിന്റെ അടയാളമാണിത്. അപ്രകാരം തന്നെ ഓരോ തവണയും തെക്കുകിഴക്കെ മൂലയിലെ റുക്നുൽ യമാനിലെത്തിയാൽ അല്ലാഹു അക്ബർ’ എന്നു ചൊല്ലി അവിടം തൊടുന്നത് ഐഛികമാണ്. എന്നാൽ, അതിനായി തിക്കും തിരക്കുമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിഷിദ്ധമത്രെ. നല്ല തിരക്കായതിനാൽ ഞങ്ങൾക്ക് പലപ്പോഴുമത് സാധിച്ചില്ല. തൊടാൻ സാധിച്ചില്ലെങ്കിൽ ആംഗ്യം കാണിക്കുകയോ അല്ലാഹു അക്ബർ എന്ന് ചൊല്ലുകയോ ചെയ്യേണ്ടതില്ല. ഓരോ തവണയും റുക്നുൽ യമാനിയുടെയും ഹജറുൽ അസ് വദിന്റെയും ഇടയിൽ ഞങ്ങളുടെ നാഥാ, നീ ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും നൻമ നൽകേണമേ! ഞങ്ങളെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കു കയും ചെയ്യേണമേ’ എന്നർഥം വരുന്ന പ്രാർഥന ചൊല്ലിക്കൊണ്ടിരുന്നു.
ത്വവാഫിൽ നിന്ന് വിരമിച്ച് തിരക്കിൽ നിന്നു മാറി വിശുദ്ധ കഅ്ബയെ ഒരിക്കൽക്കൂടി വിടർന്ന കണ്ണുകളോടെ നോക്കിനിന്നു. കറുത്ത മൂടുപടം ആ ദൈവികമന്ദിരത്തിന്റെ ഗാംഭീര്യം ഒന്നുകൂടി വർധിപ്പിച്ചതായി തോന്നി. വിശ്വാസികളുടെ മനസ്സിൽ സജീവമായി നിലനിൽക്കുന്ന ചിത്രം ഖില്ലയണിഞ്ഞ കഅ്ബയുടേതത്രെ. ചുമരുകളുടെ രൂപം ഏറെപ്പേരുടെയും മനസ്സിലുണ്ടാവുകയില്ല.
കഅ്ബയെ മൂടുന്ന കറുത്ത ഖില്ലക്ക് കിസ് വ എന്നു പറുയുന്നു. ആദ്യകാലത്ത് അതുണ്ടായിരുന്നില്ല. ഹിജ്റയുടെ 220 കൊല്ലം മുമ്പ് തബ്അ് അബ്ദുറബ് അസ് വദ് എന്ന യമനീ രാജാവാണ് ആദ്യമായി ഖില്ല അണിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നബിതിരുമേനിയുടെ നിയോഗത്തിന്റെ നിരവധി നൂറ്റാണ്ടുമുമ്പ് നബീല എന്ന വനിതയാണത് ചെയ്തതെന്നും അഭിപ്രായമുണ്ട്. നബിതിരുമേനി യമനിലെ വസ്ത്രമുപയോഗിച്ചാണ് കഅ്ബയെ മൂടിയിരുന്നത്. കഅ്ബക്ക് ആദ്യമായി പട്ടു ഖില്ല അണിയിച്ചത് ബനു ഉമയ്യാ ഭരണകാലത്താണ്. ഹി. 466-ൽ കഅ്ബയെ അലങ്കരിക്കാനുപയോഗിച്ച് മനോഹരമായ മേത്തരം വെള്ളപ്പട്ട് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് മിർആതുൽ ഹറമൈനി വ്യക്ത മാക്കുന്നു. അടുത്തകാലം വരെ വിവിധ നാടുകളിൽനിന്നും ആഘോഷപൂർവം ഖില്ല കൊണ്ടുവന്ന് കഅ്ബയെ അണിയിക്കുക പതിവായിരുന്നു. ദീർഘകാലം ഈജിപ്തിലെ സമർഥരായ കലാകാരൻമാരാണ് ഖുർആൻ വാക്യങ്ങൾ ചേതോഹരമായി തുന്നിപ്പടിപ്പിച്ച ഖില്ലകൾ നിർമിച്ചിരുന്നത്. എന്നാൽ, 1977 മുതൽ മക്കയിലെ ഉമ്മുൽ ജൂദിൽ സ്ഥാപിതമായ പ്രത്യേക പണിപ്പുരയിലാണ് ഖില്ല നിർമിച്ചുവരുന്നത്. സ്വർണലിപികളാൽ ഖുർആൻ രേഖപ്പെടുത്തപ്പെട്ട ഖില്ലക്ക് ഏകദേശം പതിനേഴ് മില്യൻ റിയാൽ ആയിരുന്നു ചെലവ്. ഇപ്പോൾ സ്വാഭാവികമായും ഗണ്യമായി വർധിച്ചിരിക്കും. പതിനാല് കോടിയിലേറെ ഇന്ത്യൻ രൂപക്ക് സമമാണിത്. ഇവ്വിധം വിലപിടിച്ച ഖില്ല അതീവ ലളിതമായ കഅ്ബയു മായി പൊരുത്തപ്പെടുന്നുവോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
മാറിനിന്ന് നിരീക്ഷിച്ചപ്പോൾ തീർഥാടകരിൽ പലരും ചെയ്തുകൊണ്ടിരിക്കുന്ന അർഥശൂന്യമായ കൃത്യങ്ങളും അത്യാചാരങ്ങളും മനസ്സിൽ വേദന കോറിയിട്ടു. നിയമപാലകരുടെ ശക്തമായ വിലക്കുണ്ടായിട്ടും പലരും ഹജറുൽ അസ് വദ് മുത്താനും തൊടാനും ഉന്തുകയും തള്ളുകയും വരെ ചെയ്യുന്നു. ചിലർ റുക്നുൽ യമാനി തൊടാനും ചുംബിക്കാനും കലമ്പൽ കൂട്ടുന്നു. യഥാർഥത്തിൽ റുക്നുൽ യമാനി ചുംബിക്കേണ്ടതില്ല. അനായാസം സാധ്യമെങ്കിൽ വലതുകൈകൊണ്ട് സ്പർശിക്കുകയാണ് വേണ്ടത്. സാധ്യമല്ലെങ്കിൽ അതിന്റെ നേരെ ആംഗ്യം കാട്ടുകപോലും വേണ്ട. ചിലർ ത്വവാഫിനിടയിൽ കഅ്ബയെ മുത്തുകയും തടവുകയും നക്കുകയുമൊക്കെ ചെയ്യുന്നു. കഅ്ബയുടെ കല്ലും അവ അടുക്കിവെച്ചേടത്തെ കുമ്മായവും ചുരണ്ടാൻ ശ്രമിക്കുന്നവരും ആ കൂട്ടത്തിലുണ്ട്. ഖില്ലയിൽ നിന്ന് നൂലെടുക്കാൻ പാടുപെടുന്നവരും ആ കൂട്ടത്തിലുണ്ട്. ഖില്ല വലിച്ചുകെട്ടിയ വട്ടക്കണ്ണി ഭക്തിപൂർവം തൊടുന്നവരെയും കാണാം. ഇതൊന്നും ഇസ്ലാം നിശ്ചയിച്ചതല്ല. ഇത്തരം ആചാരങ്ങൾ അജ്ഞതയിൽനിന്നുടലെടുത്തവയാണ്. വിശുദ്ധ കഅ്ബയോടോ അതിനെ ആവരണം ചെയ്യുന്ന വില്ലയോടോ ആരാധന പ്രകടിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അഗ്നികുണ്ഠത്തെയും ശവകുടീരത്തെയും പ്രതിഷ്ഠയെയും മറ്റും പ്രദക്ഷിണം ചെയ്യുന്നവർ അവയെ ആരാധിക്കുകയാണ് ചെയ്യാറ്. എന്നാൽ, കഅ്ബയെ വലയം വെക്കുന്നവർ ഒരിക്കലും അതിനെ ആരാധിക്കുന്നില്ല. ആരാധന അതിന്റെ നാഥനു മാത്രം അവകാശപ്പെട്ടതാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ കഅ്ബ പരമമായ ലക്ഷ്യമല്ല. ലക്ഷ്യത്തിലേക്കുള്ള ദിശാസൂചിക മാത്രം. ഇത് മനസ്സിലാക്കാത്തവർ അന്ധവിശ്വാസങ്ങൾക്കടിപ്പെട്ട് അനാചാരങ്ങളിൽ മുഴുകുന്നു.
സ്ത്രീ-പുരുഷൻമാർ കൂടിക്കലരുന്നതിൽ കർക്കശമായ നിയന്ത്രണം പുലർത്തുന്ന ഇസ്ലാം ത്വവാഫിൽ വെവ്വേറെ സഞ്ചാരവൃത്തം നിശ്ചയിച്ചിട്ടില്ല. അതിനാൽ ത്വവാഫിൽ സ്വാഭാവികമായും ഇടകലരുന്നു. തിരക്കുള്ളപ്പോൾ വിശേഷിച്ചും. എന്നാൽ തീർഥാടനത്തിനെത്തുന്ന ഭക്തരിലൊരിക്കലും ഒട്ടും മലിന വികാരങ്ങൾ ജൻമമെടുക്കുകയില്ല. ഏവരുടെയും മനസ്സ് അല്ലാഹുവുമായി ബന്ധിതമായിരിക്കും. അതിൽ നിന്നും ഭക്തന്റെ വിചാര വികാരങ്ങളെ തെറ്റിക്കാൻ ആർക്കും ഒന്നിനും സാധ്യമല്ല.
ഹജറുൽ അസ് വദിനും വാതിലിനുമിടയിലുള്ള സ്ഥലമാണ് മുൽത്തസം അവിടെ വെച്ചുള്ള പ്രാർഥനക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ, അവിടം സദാ ജനനിബിഡമായിരിക്കും.
കഅ്ബക്കുചുറ്റും ത്വവാഫ് ചെയ്യുന്ന സ്ഥലത്തിന് മത്വാഫ് എന്നാണ് പറയുക. അവിടെ ചൂട് പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേകതരം വെളുത്ത മാർബിൾ പതിച്ചിരിക്കുന്നു. അതിനാൽ ചുട്ടുപൊള്ളു നട്ടുച്ചക്കും അവിടെ ത്വവാഫും നമസ്കാരവും നിർവഹിക്കാൻ സാധിക്കും.
ത്വവാഫിൽ നിന്ന് വിരമിച്ച ഞങ്ങൾ മഖാമു ഇബ്റാഹീമിന്റെ പിന്നിലേക്കു നീങ്ങി. കഅ്ബാ നിർമാണ വേളയിൽ കയറി നിൽക്കാൻ ഇബ്റാഹീം നബി ഉപയോഗിച്ച് കല്ലാണ് മഖാമു ഇബ്റാഹീം.’ വിശുദ്ധ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ഇബ്റാഹീം പ്രവാചകൻ അത് കഅ്ബയോട് ചാരിവെച്ചു. എന്നാൽ മക്കാവിജയ വേളയിൽ മഖാമു ഇബ്റാഹീം കഅ്ബക്ക് അകത്തായിരുന്നുവെന്നും നബിതിരുമേനിയാണ് അത് ഇന്നുള്ള സ്ഥലത്ത് സ്ഥാപിച്ചതെന്നും ചില ചരിത്രകാരൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, ഹിജ്റാബ്ദം പതിനേഴിൽ ഉമറുൽ ഫാറൂഖ് ആണ് അത് മാറ്റി സ്ഥാപിച്ചതെന്ന അഭിപ്രായമാണ് കൂടുതൽ പ്രാമാണികം. ഏതായാലും ഇപ്പോൾ മഖാമു ഇബ്റാഹീം നിലകൊള്ളുന്നത് കഅ്ബയുടെ ചുമരിൽനിന്ന് ഇരുപതുമുഴം അകലെയാണ്. വിശുദ്ധ മന്ദിരത്തിന്റെ കിഴക്കുവശത്താണിത്. 1.80 മീറ്റർ നീളവും 1.30 മീറ്റർ വീതിയുമുള്ള മാർബിൾ തറയിൽ നിർമിച്ച പിച്ചള അഴികളുള്ള സ്ഫടികക്കൂട്ടിനുള്ളിലാണ് മഖാമു ഇബ്റാഹീം സ്ഥാപിച്ചിരിക്കുന്നത്. അവിടം പ്രത്യേക നമസ്കാരസ്ഥാനമാക്കണമെന്ന് അല്ലാഹു ആവശ്യപ്പെട്ടിരിക്കുന്നു. കാരണം, കഅ്ബാ നിർമാണത്തിന്റെ സ്മരണ നിലനിർത്തുന്ന കല്ലാണിത്. വിശുദ്ധ മക്കയിലെ വിശിഷ്ടമായ ദൃഷ്ടാന്തവും.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE