വശ്യമായ വിശുദ്ധ മന്ദിരം
ആദരണീയ ഭവനത്തിൽ ആദ്യം ചെല്ലുന്നവർ പ്രശാന്തിയുടെ( ബാബുസ്സലാം) കവാടത്തിലൂടെ പ്രവേശിക്കുന്നതാണുത്തമം. ഹജ്ജത്തുൽ വിദാഇ(വിടവാങ്ങൽ ഹജ്ജ്)ൽ നബിതിരുമേനി അതിലൂടെയാണ് പള്ളിയിൽ കടന്നുചെന്നത്. ഇപ്പോൾ സ്വഫാ-മർവാ കുന്നുകൾക്കിടയിലെ ഇരുപത്തി നാലാം നമ്പർ വാതിലാണ് ബാബുസ്സലാം.
നിശ്ചിത പ്രാർഥന ഉരുവിട്ട് വലതു കാലെടുത്തുവെച്ചാണ് മസ്ജിദുൽ ഹറാമിൽ പ്രവേശിക്കേണ്ടത്. അൽപം മുന്നോട്ടു നീങ്ങിയതോടെ പ്രതീ ക്ഷാപൂർവം കാണാൻ കൊതിച്ച ദൃശ്യം മുന്നിൽ പ്രത്യക്ഷപ്പെടും. വിശുദ്ധ കഅ്ബ കാണുന്നതോടെ വിവരണാതീതമായ വികാരങ്ങൾ മനസ്സിനെ മഥിക്കും. അവാച്യമായ അനുഭൂതി.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണ് വിശുദ്ധ കഅ്ബ. നൂറ് കോടിയിലേറെ മനുഷ്യർ നിത്യവും നന്നെച്ചുരുങ്ങിയത് അഞ്ചുനേരം നമസ് കാരത്തിനായി തിരിഞ്ഞുനിൽക്കുന്നത് ഇതിന്റെ നേരെയാണ്. അന്ത്യശ്വാസം വലിക്കുമ്പോൾ മുഖം അതിന്റെ ഭാഗത്തേക്കാവണമെന്ന മോഹം മുഴുവൻ വിശ്വാസികൾക്കുമുണ്ട്. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനു കോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവെക്കപ്പെടുന്നതും ഈ വിശുദ്ധ മന്ദിരത്തിനു നേരെയാണ്. ജനവികാരങ്ങളുമായി ഇവ്വിധം കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കെട്ടിടവും ലോകത്തില്ല. അല്ലാഹുവിന്റെ ഏകതയുടെ പ്രതീകമാണിത്. എല്ലാ ഏകദൈവാരാധകരുടെയും പ്രാർഥനയുടെ ദിശയും. മസ്ജിദുൽ ഹറാമിന്റെ വിശാലമായ നടുമുറ്റത്താണ് കഅ്ബ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ മധ്യബിന്ദുവിൽ. അതിന് പ്രത്യേക ദിശയില്ല. അല്ലെങ്കിൽ എല്ലാം അതിന്റെ ദിശതന്നെ. അതിനാലത് തെക്കിനെയും കിഴക്കിനെയും പടിഞ്ഞാറിനെയും വടക്കിനെയും ബന്ധിപ്പിക്കുന്നു. അത് ഒരു ഭാഗത്തേക്കും തിരിഞ്ഞു നിൽക്കുന്നില്ല. അഥവാ, എല്ലാ ഭാഗത്തേക്കും തിരിഞ്ഞു നിൽക്കുന്നു. ഭൂമിയെ ആകാശത്തോട് ബന്ധിപ്പിക്കുന്നു. അവിടെ ഭൂതവും വർത്തമാനവും ഭാവിയും സന്ധിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കേന്ദ്രം കൂടിയാണത്.
വിശുദ്ധ കഅ്ബ നൂറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യരുടെ അഭിലാഷങ്ങളുടെ ആസ്ഥാനമായി വർത്തിക്കുന്നു. അതു കാണാൻ കഴിഞ്ഞ നിരവധി തലമുറകളിലെ എണ്ണമറ്റ തീർഥാടകർ വിവരണാതീതമായ വൻ ത്യാഗങ്ങളനുഭവിച്ചിട്ടുണ്ട്. അത് ലക്ഷ്യം വെച്ച് പുറപ്പെട്ട എത്രലക്ഷങ്ങളാണ് വഴിയിൽ മരിച്ചതെന്ന് ചരിത്രം തിട്ടപ്പെടുത്തിയിട്ടില്ല. അതു ദർശിക്കാൻ കൊതിക്കാത്ത വിശ്വാസിയെ കാണുക സാധ്യമല്ല.
നാഗരികത നേടിയ സമസ്ത സാങ്കേതിക വിദ്യകളും സ്വാംശീകരിച്ച നിരവധി മസ്ജിദുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ചേതോഹരങ്ങളാണ് അവയിൽ പലതും. തിളങ്ങുന്ന വെണ്ണക്കല്ലുകൾ കൊണ്ടു പണിത പള്ളികൾക്ക് ഇന്നൊട്ടും പഞ്ഞമില്ല. പലതും പ്രശസ്ത കലാകാരന്മാർ സർഗചേതനയാൽ പ്രചോദിതരായി നിർമിച്ച കലാസൗന്ദര്യത്തിന്റെ മികച്ച മാതൃകകളാണ്. ഇറാനിലും ഇസ്തംബൂളിലും ഇറാഖിലും ഈജിപ്തിലും ഡമാസ്കസിലും ദൽഹിയിലുമെല്ലാം നിർമാണ വൈദഗ്ധ്യംകൊണ്ട് ഖ്യാതി നേടിയ ധാരാളം പള്ളികളുണ്ട്. അവയുടെയൊക്കെയും മിഹ്റാബുകൾ അഭിമുഖീകരിക്കുന്നത് വിശുദ്ധ കഅ്ബയെയാണ്. എന്നാൽ, ആ ആദരണീയമന്ദിരമോ, അതീവലളിതം. അതിനെക്കാൾ അനാർഭാടമായൊന്ന് നിർമിക്കുക സാധ്യമല്ല. ആർഭാടത്തിന്റെ സംസ്കൃതിയുമായി അതിന് അകന്ന ബന്ധം പോലുമില്ല. മോടിക്കും പ്രൗഢിക്കുമായി മിനുക്കുപണികൾ പോലുമത് സ്വീകരിച്ചിട്ടില്ല. നിർമാതാവിന്റെ കൈ സ്വന്തം വിശ്വാസാദർശങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിച്ചതിന് വേറെ മാതൃക കണ്ടെത്തുക പ്രയാസകരം തന്നെ.
കഅ്ബ കുത്തബ്മിനാർ പോലെ ഉത്തുംഗമല്ല; താജ്മഹൽ പോലെ ചേതോഹരമല്ല; പിരമിഡുകൾ പോലെ ഘനഗംഭീരവുമല്ല. അവയൊക്കെ വരേണ്യവിഭാഗമായ ഭരണവർഗത്തിനുവേണ്ടി നിർമിക്കപ്പെട്ടവയാണല്ലോ. കെട്ടിപ്പൊക്കിയതോ, ചരിത്രത്തിന്റെ ഒഴുക്കിൽ പേരും പെരുമയും ഒട്ടും ബാക്കിവെക്കാതെ അപ്രത്യക്ഷരായ അടിമകളും. കൈറോവിലെ പിരമിഡുകൾ പണിയാൻ തൊള്ളായിരത്തി എൺപതു മൈൽ അകലെയുള്ള അസ്വാനിൽനിന്ന് എൺപതുകോടി കരിമ്പാറക്കല്ലുകൾ പേറിക്കൊണ്ടുന്നവത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളാണ്. പ്രമാണിവർഗം പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാൻ പണിത അത്തരം അദ്ഭുത സ്മാരകങ്ങളെല്ലാം പരമദരിദ്രരായ പതിതകോടികളുടെ ചുടുനിശ്വാസങ്ങൾ ഘനീഭവിച്ചുണ്ടായവയാണ്.
എന്നാൽ, വിശുദ്ധ കഅ്ബ ആരുടെയും സ്മാരകമല്ല. തങ്ങൾക്കോ തങ്ങളുടെ മക്കൾക്കോ വേണ്ടിയല്ല ഇബ്റാഹീം പ്രവാചകനും പുത്രനുമത് പണിതത്. മനുഷ്യരാശിക്കു മുഴുവനുമായാണ്. ജനതയുടെ ആദ്യത്തെ സാംസ്കാരിക സ്ഥാപനമാണത്. അവരുടെ പ്രഥമ മാർഗദർശനകേന്ദ്രവും. “നിശ്ചയം, മനുഷ്യർക്കായി നിർമിക്കപ്പെട്ട ആദ്യദേവാലയം മക്കയിലുള്ളത്. അത് അനുഗൃഹീതവും ലോകർക്കാകമാനം മാർഗദർശനകേന്ദ്രവുമാണ്” (ആലുഇംറാൻ: 96). അതിൽ ആരുടെയും പ്രതിമയോ പ്രതിഷ്ഠയോ ഇല്ല. വിഗ്രഹങ്ങളില്ല. ദേവീ -ദേവന്മാരില്ല. മഖ്ബറയില്ല. ദർഗയില്ല. അത് എപ്പോഴും ഏകനായ അല്ലാഹു വിനെയാണ് ഓർമിപ്പിക്കുന്നത്.
വിശുദ്ധമന്ദിരത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ആദ്യമായി പണികഴിപ്പിക്കപ്പെട്ട പവിത്രഭവനമാ ണത്. ചരിത്രത്തിൽ അറിയപ്പെടുന്ന കഅ്ബ നിർമിച്ചത് ഇബ്റാഹീം പ്രവാചകനും പുത്രൻ ഇസ്മാഈൽ നബിയുമാണെങ്കിലും യഥാർഥത്തിൽ അത് പുനർനിർമാണം മാത്രമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന വിശുദ്ധ മന്ദിരം അവശിഷ്ടം പോലും അവശേഷിക്കാത്തവിധം നശിച്ചശേഷമാണ് ഈ പുനർ നിർമാണം നടന്നത്. കുടുംബത്തെ മക്കയിൽ താമസിപ്പിച്ച് ഇബ്റാഹീം നബി നടത്തിയ പ്രാർഥന കഅ്ബ അവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവാണ്. അദ്ദേഹം പറഞ്ഞു: “നാഥാ, എന്റെ സന്തതികളിലൊരു വിഭാഗത്തെ ഞാൻ, കൃഷിയില്ലാത്ത ഈ താഴ്വരയിൽ, നിന്റെ ആദരണീയ മന്ദിരത്തിനു സമീപം താമസിപ്പിച്ചിരിക്കുന്നു.” (ഇബ്റാഹീം: 37)
ഞങ്ങൾ മുന്നിൽ കാണുന്ന കറുത്ത മൂടുപമണിഞ്ഞ മന്ദിരത്തിന് സ്ഥാനം നിശ്ചയിച്ചുകൊടുത്തത് അല്ലാഹുവാണ്. ദൈവം നേർക്കുനേരെ ഇടപെട്ട് സ്ഥലനിർണയം നടത്തി നിർമിക്കപ്പെട്ട ഭൂമിയിലെ ഏക ദേവാലയം. “ഇബ് റാഹീമിന് നാം ഈ മന്ദിരത്തിന്റെ സ്ഥാനം നിർണയിച്ചുകൊടുത്ത സന്ദർഭം സ്മരിക്കുക.” (അൽഹജ്ജ്: 26)
ദൈവത്തിന്റെ ഭവനമാണ് കഅ്ബ. അതിനാൽത്തന്നെ മുഴുവൻ മനുഷ്യരുടേതുമാണത്. ആരും അവിടെ അന്യരല്ല. അസാധാരണമായൊരു സന്ധിക്കലിന് ആ വിശുദ്ധഗേഹം സാക്ഷ്യം വഹിക്കുന്നു. അത് നമ്മെ അതിന്റെ നിർമാതാവുമായി കൂട്ടിയിണക്കുന്നു. അതുവഴി അതിന്റെ ഉടമയായ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു.
കഅ്ബയുടെ നിർമാണം നടന്നുകൊണ്ടിരിക്കെ ഹസ്രത്ത് ഇബ്റാഹീം നബി പ്രാർഥിച്ചു: “ലബ്ബൈകല്ലാഹുമ്മ ലബൈക്’ (ഞാനിതാ നിന്റെ വിളികേട്ട് ഉത്തരം നൽകിയിരിക്കുന്നു. കാലം അതേറ്റുവാങ്ങി തലമുറകൾക്കു കൈമാറി. അങ്ങനെ അത് മനുഷ്യരാശിയുടെ മന്ത്രമായി മാറി. ജനകോടികൾ ഭക്തിപുരസ്സരം അതേറ്റുപറഞ്ഞു. ഈ ബോധത്തോടെ “ലബ്ബൈക’ ചൊല്ലിയപ്പോൾ അദൃശ്യമായ, എന്നാൽ അറ്റുപോവാത്ത ഒരു ചരട് ഇബ്റാഹീം നബിയുമായും അതുവഴി അല്ലാഹുവുമായും ബന്ധിപ്പിക്കുന്നതായി തോന്നി.
കഅ്ബ എന്ന പദം ഘനചതുരത്തെ (Cube) പ്രതിനിധീകരിക്കുന്നു. അതിന്റെ നീളം പന്ത്രണ്ടു മീറ്ററും വീതി പത്തു മീറ്ററും ഉയരം പതിനഞ്ചു മീറ്ററുമാണ്. മക്കയുടെ ചുറ്റുമുള്ള മലകളിൽനിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പരുപരുത്ത കല്ലുകൾ അടുക്കിവെച്ചാണത് നിർമിച്ചത്. കഅ്ബ നിർമാണത്തിനുപയോഗിച്ച കല്ലുകൾ ഒരേ വലുപ്പത്തിലുള്ളവയാണ്. അവ അടുക്കിവെച്ച് വിടവുകളിൽ കുമ്മായം തേച്ചിരിക്കുന്നു. അതിന്റെ അകം ശൂന്യമാണ്. നിർമാണ ചാരുതയില്ല. ശിൽപഭംഗിയില്ല, കലകളോ കൊത്തുപണികളോ ഇല്ല. പക്ഷേ, അതിന് അതുല്യവും അസാധാരണവുമായ ആകർഷണീയതയുണ്ട്. കാഴ്ചക്കാരിലെല്ലാം അത് കൗതുകമുണർത്തുന്നു. വിടർന്ന കണ്ണുകളോടെയല്ലാതെ ആർക്കുമത് നോക്കിനിൽക്കുക സാധ്യമല്ല. എത്ര കണ്ടാലും കൊതി തീരുകയില്ല. അലൗകികമായ സൗന്ദര്യം അതിനുചുറ്റും നിറഞ്ഞുനിൽക്കുന്നു.
കഅ്ബ സ്വാതന്ത്ര്യത്തിന്റെ ഭവനമാണ് -ബൈതുൽ അതീഖ്. അവിടെ ആരും അസ്വതന്ത്രരല്ല; സംഭീതരുമല്ല; ഭൂമിയിൽ തീർത്തും നിർഭയമായ ഒരിടം. അക്രമമില്ല, മർദനമില്ല, ചതിയില്ല, വഞ്ചനയില്ല, ആർക്കും പ്രത്യേകാവകാശമില്ല, എല്ലാവരും സമാവകാശികളായ ഭവനം. ഓരോ വിശ്വാസിക്കും രക്ഷയേകുന്ന സ്വന്തം വീട്.
വിശുദ്ധ കഅ്ബയുടെ നിർമാണം പൂർത്തിയായപ്പോൾ അല്ലാഹു ഇബ് റാഹീം പ്രവാചകനോടാവശ്യപ്പെട്ടു: “ജനങ്ങളിൽ ഹജ്ജിന് വിളംബരം ചെയ്യുക. കാൽ നടയായി വരാൻ കഴിയുന്നവർ അങ്ങനെ വരട്ടെ. ദൂരദിക്കുകളിൽനിന്ന് യാത്രചെയ്ത് ക്ഷീണിച്ച ഒട്ടകപ്പുറത്ത് വരാൻ സാധിക്കുന്നവർ അങ്ങനെയും. ഇബ്റാഹീം (അ) പറഞ്ഞു: “ഞാൻ താഴ്വരയിൽനിന്ന് വിളിച്ചാൽ എന്റെ ശബ്ദം ആരും കേൾക്കുകയില്ലല്ലോ.” അല്ലാഹു അറിയിച്ചു. “വിളിക്കുകയെന്നത് മാത്രമാണ് നിന്റെ ചുമതല. ശബ്ദം കേൾപ്പിക്കൽ നമ്മുടെ ബാധ്യതയും.
അങ്ങനെ ഇബ്റാഹീം പ്രവാചകൻ കഅ്ബയുടെ കവാടത്തിനരികെ വെച്ചിരുന്ന “മഖാമു ഇബ്റാഹീം’ എന്ന കല്ലിൽ കയറിനിന്ന് ജനങ്ങളെ ഹജ്ജിന് വിളിച്ചു. ചരിത്രം അതേറ്റുവാങ്ങി. ജനപദങ്ങളതിന് പ്രത്യുത്തരം നൽകി. ഒരു വ്യക്തിയുടെ ശബ്ദം ദൈവത്തിന്റെ വിളിയായി മാറുകയും അത് കാലത്തിന്റെ നാദമായി പരിണമിക്കുകയുമായിരുന്നു.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE