റസൂലി (സ) ന്റെ പേരിൽ ബലി അറുക്കാമോ?
ചോദ്യം: ഹജ്ജ് സീസണിൽ ഹാജിമാരുടെ സൗകര്യാർഥം ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ഏർപ്പെടുത്തുന്ന ബലി മൃഗങ്ങൾക്കുള്ള കൂപ്പൺ വിൽപ നയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ് ഞാൻ. ഇന്ത്യ, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില ഹാജിമാർ റസൂലി (സ) ന്റെ പേർക്ക് അറുക്കാൻ പറയുന്നു. ഇതു ശരിയാണോ?
ഉത്തരം: 1. ഹജ്ജിന്റെ നിർദിഷ്ട ചടങ്ങുകളിൽപ്പെട്ട ബലിയാണ് ഒരാൾ നടത്തുകയോ നടത്തിക്കുകയോ ചെയ്യുന്നതെങ്കിൽ അതിൽ മറ്റുദ്ദേശ്യങ്ങൾ കൂട്ടിക്കുഴക്കുന്നത് ശരിയല്ല. അതുവഴി ഹജ്ജു തന്നെ അസാധുവാകുകയായിരിക്കും ഫലം. ഉദാഹരണമായി, നമസ്കാരത്തിൽ പാരായണം ചെയ്യുന്ന ഫാത്തിഹയും സൂറത്തുമൊക്കെ ഒരാൾ നബി (സ) യുടെ പേർക്കോ ബദരീങ്ങളുടെ പേർക്കോ ഉള്ള ഓത്തായി നിയ്യത്ത് ചെയ്താൽ എങ്ങനെയിരിക്കുമോ അതു തന്നെയാണ് ഇതിന്റെയും അവസ്ഥ.
2. നേർച്ചയും ബലിയുമൊക്കെ അല്ലാഹുവിനു മാത്രം അർഹതപ്പെട്ടതാണ്. ബലിയോ നേർച്ചയോ, മുഹമ്മദ് നബി (സ) യും മുഹ് യിദ്ദീൻ ശൈഖുമൊക്കെ നേരിട്ടു സ്വീകരിക്കുകയും അതിന്റെ പേരിൽ അവർ ഉദ്ദിഷ്ട കാര്യങ്ങൾ സാധിപ്പിച്ചുതരികയും ചെയ്യുമെന്ന വിശ്വാസം തികഞ്ഞ അന്ധവിശ്വാസവുമാണ്. സൃഷ്ടികളുടെ പ്രാർഥനകൾ കേൾക്കാനും ആരാധനകൾ സ്വീകരിക്കാനും ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊടുക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ. അതുകൊണ്ട് അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയറുക്കുന്നത് അല്ലാഹുവിന്റെ അവകാശത്തിലും കഴിവിലും മറ്റുള്ളവരെ പങ്കാളികളാക്കലാകുന്നു.
3. നബി (സ) യുടെ പേർക്ക് അറുക്കുക എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് അറുക്കുമ്പോൾ അല്ലാഹുവിന്റെ പേരിനുപകരം നബി (സ) യുടെ പേർ ഉച്ചരിക്കണമെന്നാണെങ്കിൽ അത് നിഷിദ്ധമാകുന്നു. അല്ലാഹുവിന്റേതല്ലാത്ത പേര് ഉച്ചരിച്ചുകൊണ്ട് അറുത്ത് മാംസം ഭക്ഷിക്കാനും പാടില്ല.
4. ഇനി ഒരു പുണ്യകർമമെന്ന നിലയിൽ ഒരു മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുകയും അതിന് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം നബി(സ) ലഭിക്കണമെന്ന് ഉദ്ദേശിക്കുകയുമാണെങ്കിൽ അതിൽ തെറ്റില്ല. ജീവിച്ചിരിക്കുന്നവർ മരിച്ചവരുടെ പാരത്രിക ഗുണത്തിനുവേണ്ടി ചെയ്യുന്ന ദാനധർമങ്ങൾ അംഗീകരിക്കപ്പെട്ട ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ബലിയുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആൾ അത് അറിയുകയോ ബലിവേളയിൽ അനുസ്മരിക്കുകയോ ചെയ്യേണ്ട കാര്യമൊന്നുമില്ല. ആർക്കുവേണ്ടിയാണോ ബലി നടത്തുന്നത് അയാൾക്ക് ആ നിയ്യത്ത് ഉണ്ടായാൽ മതിയാകും.
മരിച്ചവർക്ക് പ്രതിഫലം കിട്ടുന്നതിനുവേണ്ടി ജീവിച്ചിരിക്കുന്നവർ ദാന ധർമങ്ങൾ ചെയ്യുന്നത് നല്ലതാണ് എന്നതിന് ഇജ്മാഅ് ഉണ്ടെങ്കിലും നബി (സ) ക്ക് വേണ്ടി ദാനധർമങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. അതൊരു ബിദ്അത്താണെന്ന് ചില പണ്ഡിതന്മാർ വാദിച്ചിട്ടുള്ളതായി ഇമാം ഇബ്നുൽ ഖയ്യിം പ്രസ്താവിച്ചിരിക്കുന്നു. മുസ്ലിംകൾക്കെല്ലാം സന്മാർഗം സിദ്ധിക്കാനും സൽക്കർമങ്ങൾ ചെയ്യാനും അവസരം ലഭിച്ചത് നബി(സ) മൂലമാകയാൽ അവർ ചെയ്യുന്ന എല്ലാ പുണ്യകർമങ്ങളുടെയും പ്രതിഫലത്തിൽ ഒരംശം തിരുമേനിക്ക് അവകാശപ്പെട്ടതാണെന്നും അല്ലാഹു അതദ്ദേഹത്തിന് നൽകുമെന്നും അതുകൊണ്ട് തിരുമേനിക്ക് വേണ്ടി വേറെ ദാനധർമങ്ങൾ ചെയ്യേണ്ടതില്ലെന്നും തിരുമേനിയെ ഏറ്റവുമധികം സ്നേഹിച്ചിരുന്ന സഹാബിക്കളാരും അങ്ങനെ ചെയ്തിട്ടില്ലെന്നുമാണ് അവരുടെ ന്യായം.
5. നിഷിദ്ധവും ശിർക്കപരവുമായ ബലികർമങ്ങൾ ഏറ്റെടുക്കുന്നതും നടത്തിക്കൊടുക്കുന്നതും ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അനു വദനീയമല്ല.