
ഹാജി വിളി സുന്നത്താണോ?
ചോദ്യം: കേരളത്തിൽ നിന്ന് ഒരാൾ ഹജ്ജിനു പോയി വന്നാൽ പിന്നെ ഹാജി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹജ്ജ് ചെയ്തവരെ ഹാജി എന്നു വിളിക്കൽ സുന്നത്താണെന്നും ചില മാന്യന്മാർ അവകാശപ്പെടുന്നുണ്ട്. ഈ വിഷയകമായി ഇമാമുകളുടെയും പണ്ഡിതന്മാരുടെയും അഭിപ്രായമെന്താണ്?
ഉത്തരം: ശാരീരികമായും സാമ്പത്തികമായും കഴിവുള്ളവരുടെ മേൽ അല്ലാഹു നിർബന്ധമാക്കിയ ഒരു കർത്തവ്യമാണ് ഹജ്ജ് – നോമ്പ് നോൽക്കാൻ കഴിവുള്ളവരുടെ മേൽ നോമ്പും മുതലുള്ളവരുടെമേൽ സകാത്തും നിർബന്ധമാക്കിയതു പോലെ തന്നെ. അത് നിർവഹിച്ചവൻ തന്റെ കർത്തവ്യം നിർവഹിച്ചു എന്നല്ലാതെ ഇഹലോകത്ത് പ്രത്യേകം പേരോ പ്രശസ്തിയോ അർഹിക്കുന്നില്ല. അർഹിക്കാത്തത് ആഗ്രഹിക്കുന്നത് ഭൂഷണവുമല്ല. ഇസ്ലാമിലെ ഒരു നിർബന്ധ കർത്തവ്യം ചെയ്തവർ പേരും പ്രശസ്തിയും അർഹിക്കുന്നുണ്ടെങ്കിൽ അതേറ്റവും അർഹിക്കുന്നത് നമസ്കരിക്കുന്നവരും സകാത്തു കൊടുക്കുന്നവരുമാണ്. കാരണം, ഖുർ ആൻ ഹജ്ജിനേക്കാൾ എത്രയോ അധികം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുള്ള കടമകൾ നമസ്കാരവും സകാത്തുമാണല്ലോ. ശരീരം കൊണ്ടനുഷ്ഠിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ഇബാദത്തും നമസ്കാരം തന്നെ. ഹജ്ജ് ചെയ്തവനെ ഹാജി എന്നു വിളിക്കൽ സുന്നത്താണെങ്കിൽ നമസ്കരിക്കുന്നവനെ മുസല്ലി എന്നും സകാത്ത് കൊടുക്കുന്നവനെ മുസക്കി എന്നും വിളിക്കുന്നതും സുന്നത്താകേണ്ടതാണ്. പക്ഷേ, അങ്ങനെയൊന്നും ആരും പറയുന്നില്ല, വിളിക്കുന്നുമില്ല.
ഹജ്ജ് ചെയ്തവരെ ഹാജി എന്നു വിളിക്കണമെന്ന് ഏതെങ്കിലും ഇമാമോ മുജ്തഹിദോ വിധിച്ചിട്ടുള്ളതായി ഈ ലേഖകനറിവില്ല. നബി(സ)യും സഹാബത്തുമെല്ലാം ഹജ്ജ് ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. അവർ പരസ്പരം ഹാജി എന്നു വിളിച്ചിരുന്നതായി ചരിത്രത്തിലെങ്ങും കാണുന്നില്ല. താബിഇകൾക്കിടയിലും ആ സമ്പ്രദായം ഉണ്ടായിരുന്നില്ല. മദ്ഹബിന്റെ ഇമാമുകളും ഹജ്ജ് ചെയ്തവരായിരുന്നു. അവരും ഹാജി എന്നു വിളിക്കപ്പെട്ടിരുന്നതായി കാണുന്നില്ല. ചുരുക്കത്തിൽ, ഹജ്ജ് ചെയ്തവർ ഹാജി എന്നു വിളിക്കപ്പെടുന്നതിന് ശർ ഇയായ അടിസ്ഥാനമൊന്നുമില്ല. ആളെ തിരിച്ചറിയുന്നതിന്ന് അങ്ങനെ വിളിക്കുന്നതിൽ വിരോധമില്ലെന്നു മാത്രം, വിളിക്കപ്പെടുന്നവന്ന് അതിൽ നീരസമില്ലെങ്കിൽ, ഉണ്ടെങ്കിൽ പാടില്ല.