ഹജ്ജിനുവേണ്ടി കടം വാങ്ങൽ
അബ്ദുല്ലാഹിബ്നു അബീ ഔഫായിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “ഹജ്ജ് ചെയ്യാത്ത മനുഷ്യൻ ഹജിനുവേണ്ടി കടം വാണ്ടേതുണ്ടോ “ഞാൻ നബി(സ) യോടു ചോദിച്ചു. തിരുമേനി പറഞ്ഞു- വേണ്ടാ.” (ബൈഹഖി)
നിഷിദ്ധ ധനംകൊണ്ട് ഹജ്ജ്
ഹജ്ജ് ചെയ്യുന്നത് നിഷിദ്ധമായ ധനം കൊണ്ടാണെങ്കിൽ അതിന്റെ പേരിൽ അയാൾ ശിക്ഷിക്കപ്പെടുമെങ്കിലും ഹജ്ജ് സാധുവാകുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
ഇമാം അഹ്മദ് പറഞ്ഞു: “അത് സാധുവാകില്ല. ഇത് തന്നെയാണ് പ്രാമാണികമായ അഭിപ്രായവും. കാരണം, പ്രബലമായ ഒരു ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു. “അല്ലാഹു പരിശുദ്ധനാണ്. ശുദ്ധമല്ലാത്തത് അവൻ സ്വീകരിക്കുകയില്ല.
അബൂഹുറയ്റയിൽ നിന്ന് നിവേദനം. പ്രവാചകൻ പറഞ്ഞു: പരിശുദ്ധമായ ധനവുമായി ഒരാൾ ഹജ്ജിനു പുറപ്പെട്ടാൽ അയാൾ വാഹനത്തിന്റെ ചവിട്ടുപടിയിൽ കാൽ വെച്ചുകൊണ്ട്, “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക “ എന്നു വിളിച്ചുപറയുമ്പോൾ ആകാശത്തുനിന്ന് ഇങ്ങനെ വിളിച്ചു പറയും:
لبيك وسعديك، زادك حلال، وراحلتك حلال، وحجك مبرور غير مأزور
(അല്ലാഹു നിനക്ക് വീണ്ടും വീണ്ടും ഉത്തരം നൽകട്ടെ. നിന്റെ പാഥേയം ഹലാലാണ്. നിന്റെ വാഹനം ഹലാലാണ്. നിന്റെ ഹജ്ജ് പാപമുക്തവും പുണ്യകരവുമാണ്.)
മ്ലേച്ഛമായ ധനവുമായാണ് ഒരാൾ ഹജ്ജിനു പുറപ്പെട്ടതെങ്കിൽ അയാൾ തന്റെ കാലുകൾ ചവിട്ടുപടിയിൽ വെക്കുകയും “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക“ എന്നു വിളിച്ചുപറയുകയും ചെയ്യുമ്പോൾ ആകാശത്തുനിന്ന് ഇങ്ങനെ പറയും:
لا لبيك ولا سعديك زادك حرام وتفقتك حرام وحجك غير مبرور (رواه الطبراني في الاوسط)
(നിനക്ക് ഉത്തരം നൽകാതിരിക്കട്ടെ. നിന്റെ പാഥേയം ഹറാമാണ്. നിന്റെ ധനം ഹറാമാണ്. നിന്റെ ഹജ്ജാകട്ടെ പാപബദ്ധവും പ്രതിഫലമുക്തവുമാണ്.)