
ഹജ്ജ് – ഒരിക്കൽ മാത്രം നിർബന്ധം
ഹജ്ജ് ജീവിതത്തിൽ ഒരു പ്രാവശ്യമല്ലാതെ വിണ്ടും വീണ്ടും ആവർത്തിച്ച് ചെയ്യൽ നിർബന്ധമില്ലന്നാണ് പണ്ഡിതൻമാർ ഏകോപിച്ച് പറഞ്ഞിരിക്കുന്നത്. പക്ഷേ, നേർച്ച് ചെയ്താൽ ആ നേർച്ച വീട്ടേണ്ടത് നിർബന്ധമാണ്. അതിൽ കൂടുതൽ ചെയ്യുന്നത് സുന്നത്തുമാണ്.
അബൂഹുറയ്റയിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നബി (സ) ഒരു ദിവസം ഞങ്ങളോട് പ്രസംഗിച്ചു. അവിടന്നു പറഞ്ഞു. ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ ഹജ്ജ് ചെയ്യുക. അപ്പോൾ ഒരാൾ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, എല്ലാ വർഷവും വേണോ? അയാൾ മൂന്നുപ്രാവശ്യം അതാവർത്തിക്കുന്നതുവരെ നബി (സ) അതിനു മറുപടി പറഞ്ഞില്ല. പിന്നീട് അവിടന്നു പറഞ്ഞു: ഞാൻ അതെ എന്നു പറഞ്ഞാൽ അത് നിർബന്ധമാവും. നിങ്ങൾക്കത് സാധിക്കുകയുമില്ല. അവിടന്നു തുടർന്നു. ഞാൻ നിങ്ങൾക്ക് ഉപേക്ഷിച്ചുതന്നതിൽ നിങ്ങൾ എന്നെ വിട്ടേക്കൂ. കാരണം, നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യവും പ്രവാചകന്റെ കാര്യത്തിലുള്ള അവരുടെ ഭിന്നാഭിപ്രായങ്ങളുമാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം കല്പിച്ചാൽ സാധിക്കുന്നത്ര നിങ്ങൾ അത് അനുഷ്ഠിക്കുക. ഞാൻ ഒരു കാര്യം നിരോധിച്ചാൽ നിങ്ങൾ അത് ഉപേക്ഷിക്കുകയും ചെയ്യുക.” (ബുഖാരി, മുസ്‌ലിം)
ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. അദ്ദേഹം പറയുന്നു: “നബി (സ) ഞങ്ങളോട് പ്രസംഗിച്ചു, അവിടന്നു പറഞ്ഞു. ജനങ്ങളേ, നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അഖ്റഉബ്നു ഹാബിസ് എഴുന്നേറ്റു ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, എല്ലാ വർഷത്തിലും ചെയ്യണോ. നബി (സ) പറഞ്ഞു ഞാൻ അങ്ങനെ പറഞ്ഞാൽ നിങ്ങൾക്കത് നിർബന്ധമാവും. നിർബന്ധമായാൽ നിങ്ങൾ അത് അനുഷ്ടിക്കുകയില്ല. നിങ്ങൾക്കതിന് സാധിക്കുകയുമില്ല. ഹജ്ജ് ഒരു പ്രാവശ്യമാണ്. അതിൽ കൂടുതൽ ചെയ്താൽ അത് സുന്നത്ത്” (അഹ്മദ്, അബൂദാവൂദ്, നസാഇ, ഹാകിം – അദ്ദേഹം ഇത് സ്വഹീഹാണന്ന് പറഞ്ഞിരിക്കുന്നു.)