Back To Top

 ഹജ്ജും ഉംറയും

ഹജ്ജും ഉംറയും

Spread the love

ജീവിതത്തിൽ ഒരു തവണ ഹജ്ജും ഉംറയും നിർവ്വഹിക്കൽ കഴിവുള്ള ഏതൊരു മുസ്ലിം പുരുഷനും സ്ത്രീക്കും നിർബന്ധമാണ്. ഖുർആൻ പറയുന്നു:  وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ (  അ ബഖറ 196 )  (അല്ലാഹുവിനു വേണ്ടി നിങ്ങൾ ഹജ്ജും ഉംറയും പൂർത്തിയാക്കുക)

ولله على الناس حج البيت من استطاع إليه سبيلا (آل عمران: ۹۷) (വിശുദ്ധ ഭവനത്തിങ്കലെത്താൻ കഴിവുള്ളവർ ഹജ്ജ് നിർവ്വഹിക്കൽ മനുഷ്യർ അല്ലാഹു വിന് വേണ്ടി നിർവ്വഹിക്കേണ്ടുന്ന നിർബന്ധ ബാധ്യതയാണ്.)

ഹജ്ജ് എന്ന പദത്തിനർത്ഥം ഉദ്ദേശിക്കുക എന്നാണ്. ഉംറ, ഇഅ്തിമാർ എന്നീ പദങ്ങൾക്ക് സന്ദർശനം എന്നർത്ഥമാണ്. ഒരു നിശ്ചിതാരാധന ഉദ്ദേശിച്ച് കഅബയിൽ ചെല്ലുകയാണ് അതുകൊണ്ടുള്ള വിവക്ഷ.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് നിർബന്ധമല്ലെന്ന് വാദിക്കുന്നവർ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തായിരിക്കും. അത്തരക്കാരെ മുർതദ്ദ്’ ആയാണ് ഗണിക്കുക. ഉംറ നിർബന്ധമാണോ സുന്നത്താണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഹിജ്റ ആറാം വർഷമാണ് ഹജ്ജ് നിർബന്ധമാക്കിയതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. ഹിജ്റ ഒമ്പതിലോ പത്തിലോ ആണ് ഹജ്ജ് നിർബന്ധമാക്കിയതെന്ന് ഇമാം ഇബ്നു ഖയ്യിമിന്റെ പക്ഷം.

ഹജ്ജ് ഒരു ശ്രേഷ്ഠകർമം
ഹജ്ജിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് അബൂഹുറൈറ (റ) ഉദ്ധരി ക്കുന്നു.
عن أبي هريرة رضي الله عنه، قال: سئل النبي صلى الله عليه وسلم أي الأعمال أفضل؟ قال: «إيمان بالله ورسوله» قيل: ثم ماذا؟ قال: «جهاد في سبيل الله» قيل: ثم ماذا؟ قال: «حج مبرور»
നബി (സ)യോട് ചോദിക്കപ്പെട്ടു. ഏറ്റവും ശ്രേഷ്ഠമായ കർമം ഏതാണ്? നബി (സ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. പിന്നെ എന്താണ്? ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: പിന്നെ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരം. ചോദിക്കപ്പെട്ടു. പിന്നെ ഏതാണ്? നബി (സ) പറഞ്ഞു: പിന്നെ പുണ്യകരമായ ഹജ്ജ്.)

നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
الحجَّاجُ والعمَّارُ وفدُ اللهِ، إن دعوه أجابهم، وإن استغفَروه غفَر لهم
(ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ അതിഥി കളാണ്. അവർ അവനോട് പ്രാർത്ഥിച്ചാൽ അവനവർക്ക് ഉത്തരം നൽകും. അവർ അവനോട് മാപ്പിരന്നാൽ അവൻ അവർക്ക് പൊറുത്തു കൊടുക്കും.)

ഹജ്ജിന്റെ സവിശേഷതകൾ
ഇസ്ലാമിലെ അടിസ്ഥാന ആരാധനാ കർമങ്ങളിൽ നമസ്കാരവും നോമ്പും ശാരീരികമായി അനുഷ്ഠിക്കേണ്ട ബാദ്ധ്യതകളാണ്. സകാത്ത് സാമ്പത്തിക ബാധ്യതയും. ഹജ്ജാവട്ടെ ഒരേ സമയത്ത് ശാരീരികവും സാമ്പത്തികവുമായ ബാധ്യതയാണ്. നമസ്കാരവും നോമ്പും സകാത്തുമെല്ലാം അവരവരുടെ നാടുകളിൽ വെച്ചു നിർവഹിക്കുന്ന കർമങ്ങളാണ്. ഹജ്ജാവട്ടെ, ലോകത്തിന്റെ ഏതുഭാഗത്ത് ജീവിക്കുന്നവ രായാലും അറേബ്യയിലെ മക്കയിൽ വന്ന് നിർവഹിക്കേണ്ടതാണ്.

പ്രവാചകവര്യനായ ഇബ്രാഹിം നബി (അ), പത്നി ഹാജിറ (അ), പുത്രൻ ഇസ്മാഇൽ നബി (അ) എന്നിവരുടെ ത്യാഗപൂർണമായ ജീവിത സംഭവങ്ങളുടെ ഓർമകളുണർത്തുന്നതാണ് ഹജ്ജിലെ ഓരോ കർമവും. അപ്രകാരം തന്നെ അന്ത്യപ്രവാചകൻ മുഹമ്മദു നബി (സ അ)യും മഹാന്മാരായ സഹാബികളും ജീവിക്കുകയും ദൈവമാർഗ ത്തിൽ സ്വദേഹങ്ങളെ അർപ്പിക്കുകയും ചെയ്ത പുണ്യഭൂമിയിലാണ് ഹജ്ജ് നിർവ്വഹിക്കപ്പെടുന്നത്.

ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ പ്രതിനിധികൾ വർഷത്തിലൊരിക്കൽ ഒത്തുകൂടുന്ന ആഗോള മുസ്ലിം സമ്മേളനമാണ് ഹജ്ജ്. ധനിക-ദരിദ്ര വ്യത്യാസം കൂടാതെ എല്ലാവരും ലളിതമായ ഒരേ വസ്ത്ര മണിഞ്ഞ് അല്ലാഹുവിന്റെ ഭവനത്തിൽ ഒത്തുചേരുന്നത് ഇസ്ലാമിലെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്.

ലോകാവസാനം വരെ ഏതു കാലഘട്ടത്തിലും ഏതു നാട്ടിലും ജീവി ക്കുന്ന മുസ്ലിംകളെ ഇബ്രാഹിം നബി തൊട്ട് മുഹമ്മദു നബിവരെയും ശേഷവുമുള്ള ഇസ്ലാമിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന കണ്ണിയു മാണ് വർഷംതോറും ആവർത്തിക്കുന്ന ഹജ്ജ്.

ഒരു തവണ നിർബന്ധം
ജീവിതത്തിൽ ഒരു തവണ മാത്രമേ ഏതൊരാൾക്കും ഹജ്ജും ഉംറയും നിർബന്ധമുള്ളൂ. പിന്നെ അതു നിർബന്ധമാകുന്നത് നേർച്ചയാക്കിയാൽ മാത്രമാണ്. അല്ലാത്തതെല്ലാം സുന്നത്തും. ഇബ്നു അബ്ബാസ് (റ) പറയുന്നു:

خطبنا رسول اللہ ﷺ فقال : يا أيها الناس كتب عليكم الحج، فقام الأقرع بن حابس فقال : أفي كل عام يا رسول الله ؟ فقال : لو قلتها لوجبت ولو وجبت لم تعملوا بها ولم تستطيعوا. الحج مرة فمن زاد فهو تطوع (أحمد وأبوداود والنسائي والحاكم) (റസൂൽ (സ) ഞങ്ങളോട് പ്രസംഗിച്ചു. അദ്ദേഹം പറഞ്ഞു. ജനങ്ങളേ, നിങ്ങൾക്കു ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അപ്പോൾ അഖഉബ്നു ഹാബിസ് (റ) എഴുന്നേറ്റു നിന്ന് ചോദിച്ചു: എല്ലാ കൊല്ലവുമാണോ, അല്ലാഹുവിന്റെ ദൂതരേ? നബി (സ) പറഞ്ഞു: ഞാൻ അങ്ങനെ പറഞ്ഞു വെങ്കിൽ അതു നിർബന്ധമാകുമായിരുന്നു. അതു നിർബന്ധമായാലോ, നിങ്ങൾ അതു ചെയ്യുകയില്ല. നിങ്ങൾക്കതു സാധിക്കുകയുമില്ല. ഹജ്ജ് ഒരു തവണയാണ് നിർബന്ധം. ആരെങ്കിലും കൂടുതൽ ചെയ്താൽ അതു ഐഛികം മാത്രമാണ്.

ഒരാൾക്ക് ഹജ്ജിന് പോവാൻ കഴിവുണ്ടായാൽ അയാൾക്കതു നിർബന്ധമായി. എന്നാൽ ഉടനെ ചെയ്തുകൊള്ളണമെന്നില്ല. മരിക്കും മുമ്പ് എപ്പോൾ ചെയ്താലും മതി. ഭൂരിപക്ഷാഭിപ്രായ പ്രകാരം ഹിജ്റയുടെ ആറാം വർഷം ഹജ്ജ് നിർബന്ധമായിട്ടും നബി (സ)യും മിക്ക സഹാബിമാരും പത്താമാണ്ടിലാണ് ഹജ്ജ് നിർവ്വഹിച്ചത്. എന്നാൽ സാധ്യമായ ആദ്യവർഷം തന്നെ അതു നിർവ്വഹിച്ച് ബാധ്യത പൂർത്തീകരിക്കുന്നതാണ് നല്ലത്. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു:

مَنْ أَرَادَ الحَجَّ فَلْيَتَعَجَّلْ، فَإِنَّهُ قَدْ يَمْرَضُ المَرِيضُ وَتَضِلُّ الضَّالَّةُ وَتَعْرُضُ الحَاجَة (أحمد والبيهقي وإبن ماجه) (ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നവൻ അതു കഴിവതും വേഗം നിർവ്വഹി ച്ചുകൊള്ളട്ടെ. കാരണം, അയാൾ ചിലപ്പോൾ രോഗിയായെന്ന് വരാം. വാഹനം നഷ്ടമായെന്ന് വരാം. ദാരിദ്ര്യം പിടിപെട്ടെന്നും വരാം.)

ഹജ്ജ് നിർബന്ധമാവാനുള്ള ഉപാധികൾ

ഹജ്ജ് നിർബന്ധമാവാൻ താഴെ കാര്യങ്ങൾ നിർബന്ധാപാധികളാണ്.
1. മുസ്ലിമാവൽ
2. പ്രായം തികയൽ
3. ബുദ്ധിയുള്ളവനാവൽ
4. സ്വതന്ത്രനാവൽ
5. കഴിവുള്ളവനാവൽ
ഈ ഉപാധികൾ മുഴുവനും പൂർത്തിയായിട്ടില്ലെങ്കിൽ അയാൾക്ക് ഹജ്ജ് നിർബന്ധമില്ല. ഹജ്ജ് ഒരു ആരാധനാ കർമമാണ്. ഏതൊരു ആരാധനയും നിർബന്ധമാവാൻ മുസ്ലിമാവുക, പ്രായം തികയുക, ബുദ്ധിയുള്ളവനാവുക എന്നിവ പ്രാഥമികോപാധികളാണ്. ഹജ്ജിന് വളരെ സമയവും സാവകാശവും കൂടിയേ തീരൂ. അടിമയ്ക്കാവട്ടെ, ദാസ്യവൃത്തിയിലേർപ്പെടുകയാൽ അതു രണ്ടും ലഭിച്ചു കൊള്ളണമെ ന്നില്ല. കഴിവുള്ള വനാവണമെന്നതു ഖുർ ആൻ വ്യക്തമാക്കിയ കാര്യമാണ്. ولله على الناس حج البيت من استطاع إليه سبيلا (آل عمران: ۹۷)

കഴിവ്
ആരോഗ്യം, മാർഗ്ഗസുരക്ഷിതത്വം, വാഹനത്തിന്റെയും പാഥേയത്തിന്റെയും ലഭ്യത എന്നിവയാണ് കഴിവ് എന്നതുകൊണ്ടുള്ള വിവക്ഷ. യാത്രയ്ക്ക് തടസ്സമാകും വിധമുള്ള രോഗം, വാർദ്ധക്യം എന്നീ കാരണങ്ങളാൽ ഹജ്ജിന് സാധ്യമാവാതെ വന്നാൽ മറ്റാരെയെങ്കിലും തനിക്കു വേണ്ടി ഹജ്ജ് നിർവ്വഹിക്കാൻ ഏർപ്പാട് ചെയ്യേണ്ടത് സാമ്പത്തിക കഴിവുള്ള വർക്ക് നിർബന്ധമാണ്. ജീവൻ, സ്വത്ത് എന്നിവക്കു ഭീഷണിയുണ്ടെന്ന് വന്നാലും വഴിയിൽ ബന്ധിതനാവുമെന്നോ, ആക്രമണത്തിന് ഇരയാവുമെന്നോ ഭയന്നാലും ആ അവസ്ഥ നീങ്ങുംവരെ അത്തരക്കാർക്ക് ഹജ്ജ് നിർബന്ധമില്ല.

ഹജ്ജ് ചെയ്തു തിരിച്ചെത്തുംവരെ തനിക്കും തന്റെ ബാധ്യതയിലു ള്ളവർക്കും ആവശ്യമായ നിത്യച്ചെലവിനും വസ്ത്രം, താമസ സൗകര്യം ആദിയായവയ്ക്കും വേണ്ട വക ഉണ്ടാവുക എന്നതാണ് പാഥേയം കൊണ്ടുള്ള വിവക്ഷ.

വാഹനം എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം കര, കടൽ, വ്യോമം എന്ന മാർഗങ്ങളിലേതെങ്കിലും വഴി പോയിവരാൻ സൗകര്യപ്പെടുക എന്നതാണ്. അകലം കാരണം മക്കയിലേക്ക് കാൽനടയായി യാത്ര സാധ്യമല്ലാത്തവർക്കാണിത്. കാൽനടയായി യാത്ര ചെയ്തു മടങ്ങാൻ സാധിക്കുനവിധം മക്കയുടെ സമീപപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കു വാഹനം ഉണ്ടാവണമെന്നത് കഴിവിന്റെ ഭാഗമായി വരുന്നില്ല.

ഹജ്ജിന് പോയിവരാൻ വേണ്ട സംഖ്യ കൈവശമുണ്ടായിരിക്കേ കടം വീട്ടേണ്ട ബാധ്യതയുള്ള ആൾക്ക് രണ്ടിനും കൂടി സംഖ്യ തികയില്ലെ ങ്കിൽ ഹജ്ജ് നിർബന്ധമില്ല. അയാൾ ആദ്യം ചെയ്യേണ്ടതു കടം വീട്ടുക യാണ്. ഇതുതന്നെയാണ് താമസിക്കാൻ വീടോ, വിവാഹമോ, തൊഴി ലോ വേണ്ടവരുടെ അവസ്ഥയും. അവർക്കും ഹജ്ജ് നിർബന്ധമില്ല. ഹജ്ജ് യാത്രക്കാവശ്യമായ സംഖ്യ സ്വന്തം മക്കളില്ലാത്ത ആരെങ്കിലും നൽകിയാൽ അതു സ്വീകരിക്കൽ നിർബന്ധമില്ല. അതു മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കലാവുമെന്നതാണ് കാരണം. എന്നാൽ സ്വന്തം മക്കളാണ് അങ്ങനെ നൽകുന്നതെങ്കിൽ അതിൽ അത്തരം ഒരു പ്രശ്നം വരുന്നില്ല എന്നതുകൊണ്ട് അതു സ്വീകരിക്കൽ നിർബന്ധമാണെന്ന് ശാഫിഈ പണ്ഡിതന്മാർ പറയുന്നത്.

കുട്ടികളുടെ ഹജ്ജ്

മറ്റു ഇബാദത്തുകൾ പോലെ തന്നെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും ഹജ്ജ് നിർബന്ധമില്ല. എന്നാൽ കുട്ടികൾ ഹജ്ജ് ചെയ്താൽ അതു സാധുവാകും. പിന്നീട് പ്രായപൂർത്തിയായ ശേഷം കഴിവുണ്ടങ്കിൽ വീണ്ടും ഹജ്ജ് ചെയ്യൽ അവർക്കു നിർബന്ധമാണ്. ഹജ്ജിന്റെ ബാധ്യത കുട്ടിക്കാലത്തെ ഹജ്ജ് കൊണ്ടു തീരുന്നില്ലെന്ന് സാരം.

അടിമക്കും ഹജ്ജ് നിർബന്ധമില്ലെങ്കിലും അടിമയുടെയും ഹജ്ജ് സാധുവാണ്. സ്വതന്ത്രനായശേഷം കഴിവുണ്ടായാൽ അവനും വീണ്ടും ഹജ്ജ് നിർവ്വഹിക്കൽ നിർബന്ധമാണ്. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.

أيما صبي حج ثم بلغ الحنث فعليه أن يحج حجة أخرى أيما عبد حج ثم أعتق فعليه أن يحج حجة أخرى (الطبراني) (ഏതൊരു കുട്ടിയും ഹജ്ജ് നിർവ്വഹിക്കുകയും പ്രായപൂർത്തിയെ ത്തുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജ് കൂടി നിർവ്വഹിക്കണം. ഏതൊരു അടിമയും ഹജ്ജ് നിർവ്വഹിക്കുകയും പിന്നെ മോചിതനാവുകയും ചെയ്താൽ അവൻ മറ്റൊരു ഹജ്ജ് കൂടി നിർവ്വഹിക്കണം.)

കുട്ടി വിവേകപ്രായമെത്തിയവനെങ്കിൽ സ്വയം തന്നെ ഇഹ്റാമിൽ പ്രവേശിച്ച് ഹജ്ജിന്റെ കർമങ്ങൾ നിർവ്വഹിക്കയാണ് വേണ്ടത്. വിവേക പ്രായമെത്തിയിട്ടില്ലെങ്കിൽ അവന് വേണ്ടി ഇഹ്റാമിൽ ഏർപ്പെടേണ്ടതും തൽബിയത്ത് ചൊല്ലേണ്ടതും അവനെയും കൊണ്ട് ത്വവാഫും സഅയും നടത്തേണ്ടതും അറഫയിൽ നിൽക്കേണ്ടതും കല്ലെറിയേണ്ടതുമൊക്കെ രക്ഷാകർത്താവാണ്. അറഫയിൽ നിൽക്കും മുമ്പ് കുട്ടിക്ക് പ്രായം തിക യുകയോ, അടിമമോചിതനാവുകയോ ചെയ്താൽ അപ്പോൾ നിർവ്വഹി ച്ചുകൊണ്ടിരിക്കുന്ന ഹജ്ജ് മുഖേനതന്നെ നിർബന്ധ ബാധ്യത തീരും.

 

സ്ത്രീയുടെ ഹജ്ജ്

പുരുഷനെപോലെ സ്ത്രീക്കും ഉപാധികൾ പൂർത്തീകരിച്ചാൽ ഹജ്ജ് നിർബന്ധമാണ്. യാത്രയിൽ അവളോടൊപ്പം ഭർത്താവോ വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലുമോ വേണം. നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.

لايخلون رجل بامرأة إلا ومعها ذومحرم ولا تسافر المرأة إلا مع ذي محرم، فقام رجل فقال : يا رسول الله إن امرأتي خرجت حاجة وإني اكتتبت في غزوة كذا وكذا. فقال : انطلق فحج مع امرأتك
(البخاري ومسلم)

(ഒരു പുരുഷനും ഒരു സ്ത്രീയും കൂടെ വിവാഹബന്ധം നിഷിദ്ധമായ അവളുടെ ബന്ധുവുണ്ടെങ്കിലല്ലാതെ ഒരിടത്ത് ഒറ്റക്കിരിക്കരുത്. സ്ത്രീ വിവാഹ ബന്ധം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യരുത്. അപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭാര്യ ഹജ്ജിന് പുറപ്പെട്ടിരിക്കുന്നു. ഞാനാകട്ടെ ഇന്ന യുദ്ധത്തിൽ പോകാൻ പേരുകൊടുത്തിട്ടുമുണ്ട്. നബി (സ) പറഞ്ഞു: നീ ചെന്ന് ഭാര്യയോടൊപ്പം ഹജ്ജ് നിർവ്വഹിക്കുക).

നിർബന്ധമായ ഹജ്ജിന് പോകുമ്പോഴും സ്ത്രീ ഭർത്താവിനോട് അനുവാദം ചോദിക്കുന്നതാണ് അഭികാമ്യം. ഭർത്താവ് അനുവദിച്ചില്ലെങ്കിലും അവൾ ഹജ്ജ് നിർവ്വഹിക്കണം. എന്നാൽ സുന്നത്തായ ഹജ്ജിന് ഭർത്താവിന്റെ അനുമതിയുണ്ടെങ്കിലേ അവൾ പോകാവൂ.

ഹജ്ജിന് കഴിവില്ലാത്ത ആൾ ഹജ്ജ് ചെയ്താൽ അത് സാധുവാകും. ബാധ്യതയില്ലാത്തതുകൊണ്ട് അതു നിർവ്വഹിക്കാതിരുന്നാൽ അവനെ ശിക്ഷിക്കുകയില്ല എന്നാണ് നിർബന്ധമില്ല എന്ന് പറഞ്ഞതിന്റെ താല്പര്യം.

ഹജ്ജ് നിർവ്വഹിക്കാതെ മരിച്ചാൽ

ഒരാൾ ഹജ്ജ് നിർബന്ധമായിരിക്കേ അത് നിർവ്വഹിക്കാൻ സാധിക്കാതെ മരിച്ചാൽ അയാളുടെ മറ്റ് കടങ്ങൾ പോലെതന്നെ ഈ ബാധ്യത നിർവ്വഹിക്കാനും പരേതന്റെ കൈകാര്യാവകാശി ഏർപ്പാടു ചെയ്യേണ്ടതാണ്. അതായത് അയാളുടെ മക്കളിലാരെങ്കിലും അയാൾക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുകയോ വിശ്വസ്തനായ ഒരാളെ കണ്ടെത്തി ഏല്പിക്കുകയോ ചെയ്യണം. ഇബ്നു അബ്ബാസ് (റ) പറയുന്നു.

أن امرأة من جهينة جاءت إلى النبي صلى الله عليه وسلم فقالت: إن أمي نذرت أن تحج، فلم تحج حتى ماتت، أفأحج عنها؟ قال: «نعم حجي عنها، أرأيت لو كان على أمك دين أكنت قاضيته؟ اقضوا الله، فالله أحق بالوفاء». رواه البخاري.

(ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബി (സ)യെ സമീപിച്ചു കൊണ്ട് പറഞ്ഞു: എന്റെ മാതാവ് ഹജ്ജ് നിർവ്വഹിക്കാൻ നേർച്ചയാക്കി യിട്ടുണ്ടായിരുന്നു. അവർ ഹജ്ജ് നിർവ്വഹിക്കാനാവാതെ മരിച്ചു. അവർക്കുവേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ? നബി (സ) പറഞ്ഞു: അതെ. നീ അവർക്കുവേണ്ടി ഹജ്ജ് ചെയ്ത് കൊള്ളുക. നിന്റെ ഉമ്മാക്ക് ഋണബാധ്യതയുണ്ടായിരുന്നുവെങ്കിൽ നീ അതു കൊടുത്ത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിനുള്ള കടം വീട്ടുക. കടം വീട്ടാൻ ഏറെ അർഹൻ അല്ലാഹുവത്രെ.)

ഹജ്ജ് നിർബന്ധമായ ശേഷം രോഗം, വാർദ്ധക്യം ആദിയായ കാരണങ്ങളാൽ അതു നിർവ്വഹിക്കാൻ കഴിയാത്ത വിധം അവശനായാൽ തനിക്കുപകരം മറ്റൊരാളെ അയച്ച് ഹജ്ജ് നിർവ്വഹിപ്പിക്കേണ്ടതാണ്.

തനിക്കു പകരം മറ്റൊരാൾ ഹജ്ജ് നിർവ്വഹിച്ചശേഷ രഷം ഒരാൾക്ക് ആരോഗ്യം വീണ്ടുകിട്ടിയാൽ അയാൾ വീണ്ടും ഹജ്ജ് നിർവ്വഹിക്കണമെന്നില്ല.

പകരക്കാരന്റെ നിബന്ധന
പകരം ഹജ്ജ് നിർവ്വഹിക്കുന്നയാൾ നേരത്തെ തനിക്കുവേണ്ടി ഹജ്ജ് നിർവ്വഹിച്ചവനായിരിക്കണം. ഇബ്നുഅബ്ബാസ് (റ) പറയുന്നു.

سمع رجلا يقول : لبيك عن شبرمة. فقال : إن رسول الله أحججت عن نفسك ؟ قال : لا، قال : فحج عن نفسك ثم حج عن شبرمة (أبوداود، ابن ماجه)
(ഒരാൾ لبيك عن شبرمة എന്ന് ശബ് റമക്ക് പകരം തൽബിയത്ത് ചൊല്ലുന്നതു നബി (സ) കേട്ടു. നബി (സ) ചോദിച്ചു. താങ്കൾ സ്വന്തത്തിന് ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബി (സ) പറഞ്ഞു: എങ്കിൽ സ്വന്തത്തിനു വേണ്ടി ഹജ്ജ് നിർവ്വഹിക്കുക. പിന്നെ ശബ് റമക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുക )

നിർബന്ധമായ ഹജ്ജ് നിർവ്വഹണം

ഇസ്ലാമിക ബാധ്യതയായി ഹജ്ജ് നിർബന്ധമുള്ളവർ ആദ്യം നിർവ്വഹിക്കേണ്ടത് ആ ഹജ്ജാണ്. അതിനു ശേഷമേ നേർച്ച, സുന്നത്ത്, മറ്റുള്ളവർക്ക് പകരം എന്നീ നിലയ്ക്കൊക്കെ ഹജ്ജ് നിർവ്വഹിക്കാവൂ.

ഹജ്ജ് നിർവ്വഹിക്കാൻ കടം വാങ്ങാവതല്ല. അബ്ദുല്ലാഹിബ്നു അബീഔഫാ(റ) പറയുന്നു:

( سألت رسول اللہ ﷺﷺ عن الرجل لم يحج أو يستقرض للحج ؟ قال : لا (البيهقي
(ഹജ്ജ് ചെയ്തിട്ടില്ലാത്ത ആൾ ഹജ്ജിന് വേണ്ടി കടം വാങ്ങേണ്ടതുണ്ടോ എന്ന് ഞാൻ റസൂലില്ലാഹ് (സ)നോട് ചോദിച്ചു. നബി (സ) പറഞ്ഞു: ഇല്ല.)

ഹജ്ജിനു ചിലവഴിക്കുന്ന ധനം
ഹജ്ജിന് ഉപയോഗപ്പെടുത്തുന്ന ധനം ഹലാലായിരിക്കണം. നിഷിദ്ധ ധനം ഉപയോഗിച്ച് ഹജ്ജ് നിർവ്വഹിക്കുന്നത് കുറ്റകരമാണ്. ഹലാലല്ലാത്ത സമ്പാദ്യമുപയോഗിച്ച് ഹജ്ജ് ചെയ്താൽ ഹജ്ജ് എന്ന ബാധ്യത അതുകൊണ്ട് തീരുമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. പക്ഷേ ഹറാമായ സമ്പാദ്യത്തിന്റെ കുറ്റം അയാൾക്കുണ്ടാകും.

ശ്രേഷ്ഠ യാത്ര ഏത്?
ഹജ്ജ് നിർവ്വഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാൽനടയാത്രയാണോ വാഹനത്തിൽ സഞ്ചരിക്കുന്നതാണോ ഏറെ ശ്രേഷ്ഠം എന്നതു സംബന്ധിച്ച് പണ്ഡിതന്മാർ രണ്ട് പക്ഷമാണ്. ഭൂരിപക്ഷവും പറയുന്നതു വാഹനത്തിൽ സഞ്ചരിക്കുന്നതാണ് ഉത്തമം എന്നാണ്. അനസ് (റ) പറയുന്നു.

أنَّ النبيَّ صلَّى اللهُ عليه وسلَّمَ رَأَى شيخًا يُهَادَى بيْنَ ابْنَيْهِ، قالَ: ما بَالُ هذا؟ قالوا: نَذَرَ أنْ يَمْشِيَ، قالَ: إنَّ اللَّهَ عن تَعْذِيبِ هذا نَفْسَهُ لَغَنِيٌّ. وأَمَرَهُ أنْ يَرْكَبَ. (البخاري)
(ഒരു വൃദ്ധൻ അയാളുടെ രണ്ട് മക്കൾക്കിടയിൽ വേച്ചുവേച്ച് നടക്കുന്നതു നബി (സ) കണ്ടു. അദ്ദേഹം ചോദിച്ചു. എന്താണ് ഇയാളുടെ പ്രശ്നം? അവർ പറഞ്ഞു. അയാൾ നടക്കാൻ നേർച്ചയാക്കിയിരിക്കുന്നു. നബി (സ) പറഞ്ഞു: “ഇയാൾ സ്വശരീരത്തെ പീഡിപ്പിക്കുന്നതിൽ അല്ലാഹുവിന് തീരെ താല്പര്യമില്ല. അനന്തരം അയാളോട് വാഹനപുറത്ത് സഞ്ചരിക്കാൻ നബി (സ) നിർദ്ദേശിച്ചു.

തൊഴിലെടുക്കൽ
ഹജ്ജിലേർപ്പെട്ട ആൾക്ക് ഹജ്ജ് കർമങ്ങൾക്ക് ഭംഗംവരാത്ത വിധം ഹലാലായ സമ്പാദ്യമാർഗ്ഗം ഏതും സ്വീകരിക്കാവുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു:

إن الناس في أول الحج كانوا يتبايعون بمنى وعرفة، وسوق ذي المجاز ومواسم الحج، فخافوا البيع وهم حرم.
فأنزل الله تعالى: (ليس عليكم جناح أن تبتغوا فضلا من ربكم (البخاري ومسلم والنسائي)

(ഹജ്ജിന്റെ ആദ്യകാലങ്ങളിൽ മിനയിലും അറഫയിലും ദിൽമജാസിലും ഹജ്ജിന്റെ മറ്റ് രംഗങ്ങളിലുമൊക്കെ ജനങ്ങൾ കച്ചവടം നടത്തിവന്നി രുന്നു. പിന്നീട് ഇഹ്റാമിൽ പ്രവേശിച്ചിരിക്കേ കച്ചവടം നടത്തുന്നതിൽ അവർക്കു ഭയം തോന്നി. അപ്പോഴാണ് നിങ്ങളുടെ നാഥന്റെ ഔദാര്യം തേടുന്നതു നിങ്ങൾക്കും കുറ്റകരമല്ല എന്ന ആയത്ത് അല്ലാഹു അവതരിപ്പിച്ചത്.)

 മീഖാത്

ഹജ്ജിൽ ഏർപ്പെടാൻ നിശ്ചയിച്ച കാലവും സ്ഥലവുമാണ് മീഖാത് കൊണ്ടുള്ള വിവക്ഷ,

ശവ്വാൽ, ദുൽ ഖഅദ്, ദുൽഹിജ്ജ എന്നീ മാസങ്ങളാണ് ഹജ്ജ്കാലം.

الحج أشهر معلومات (البقرة)
(അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജ്) എന്ന് ഖുർആൻ പറയുന്നു.

ഈ മാസങ്ങളിൽ വേണം ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുന്നത്. ഇതിന് കാലസംബന്ധിയായ മീഖാത്) എന്ന് പറയുന്നു.

സ്ഥലസംബന്ധിയായ മീഖാതു കൂടിയുണ്ട്. ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവർക്ക് ഇഹ്റാമിൽ പ്രവേശിക്കാൻ നിശ്ചയിച്ചു കൊടുത്ത സ്ഥലങ്ങളാണ് അവ. അവിടം വിടും മുമ്പ് ഇഹ്റാമിൽ പ്രവേശിക്കൽ അവർക്കു നിർബന്ധമാണ്. താഴെ പറയുന്നവയാണ് ഈ മീഖാതുകൾ:

1. ദുൽ ഹുലൈഫ: മക്കയുടെ വടക്ക് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. മദീനവഴി വരുന്നവർ ദുൽ ഹുലൈഫയിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കണം.

2. അൽ – ജൂഹ്ഫ: മക്കയുടെ വടക്കുപടിഞ്ഞാറായി 187 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശം. സിറിയ ഭാഗത്തുനിന്ന് വരുന്നവർ ഇവിടെവെച്ച് ഇഹ്റാമിൽ പ്രവേശിക്കണം. പഴയകാലത്തെ ജൂഹ്ഫയുടെ അതിരടയാളങ്ങൾ തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ അതിന് തൊട്ടടുത്തായി മക്കയിൽ നിന്ന് 204 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാബിഗിൽ വെച്ചാണ് സിറിയൻ പ്രദേശങ്ങളിൽനിന്ന് – വരുന്നവർ ഇഹ്റാമിൽ പ്രവേശിക്കുന്നത്.

3. ഖർനുൽ മനാസിൽ : മക്കയുടെ കിഴക്ക് ഭാഗത്ത് അറഫയിലേക്കു എഴുന്നുനിൽക്കുന്ന, 94 കിലോ മീറ്റർ അകലെ കിടക്കുന്ന ഒരു മലമ്പ്രദേശം. നജ്ദിൽ നിന്ന് വരുമ്പോൾ ഇവിടെവെച്ചാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.

4. യലംലം. മക്കയുടെ തെക്ക് 54 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതം. യമനിൽ നിന്ന് വരുന്നവർ ഇവിടെ വെച്ച് ഇഹ്റാ മിൽ പ്രവേശിക്കണം.

5. ദാതു ഇർഖ് : മക്കയിൽ നിന്ന് 94 കിലോമീറ്റർ അകലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശം. ഇറാഖിൽനിന്ന് വരുന്നവർ ഇവിടെവെച്ചാണ് ഇഹ്റാമിൽ പ്രവേശിക്കേണ്ടത്.

ഇഹ്റാം

ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതായി കരുതുന്നതിനാണ് ഇഹ്റാം എന്ന് പറയുന്നത്. മറ്റേതൊരു ആരാധനയ്ക്കുമെന്ന പോലെ ഹജ്ജിനും നിയ്യത്ത് നിർബന്ധമാണ്

ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. 1. ശുദ്ധി : നഖം മുറിക്കുക, മീശവെട്ടുക, കക്ഷരോമവും ഗുഹ്യരോമവും നീക്കുക, വുദു ഉണ്ടാക്കുകയോ കുളിക്കുകയോ ചെയ്യുക, താടിയും മുടിയും വാർന്നു വെക്കുക. ഇതാണ് ശുദ്ധിയാവുന്നതിന്റെ രീതി വുദു കൊണ്ട് മതിയാക്കാതെ കുളിക്കുന്നതാണ് കൂടുതൽ ഉത്തമം ഇബ്നു ഉമർ (റ) പറയുന്നു

من السنة أن يغتسل إذا أراد الإحرام وإذا أراد دخول مكة (البزار والدارقطني والحاكم)

(ഇഹ്റാം ഉദ്ദേശിക്കുമ്പോഴും മക്കയിൽ പ്രവേശിക്കുമ്പോഴും കുളിക്കുന്നതു സുന്നത്തിൽ പെട്ടതാണ്.)

ആർത്തവരക്തമോ പ്രസവരക്തമോ നിലച്ചിട്ടില്ലാത്ത സ്ത്രീകൾ കുളിച്ച് ഇഹ്റാമിൽ പ്രവേശിക്കുകയും ഹജ്ജിന്റെ തവാഫ് ഒഴികെയുള്ള മുഴുവൻ കർമങ്ങളും അനുഷ്ഠിക്കുകയും വേണം. ശുദ്ധിയായ ശേഷമേ ത്വവാഫ് ചെയ്യാവൂ. നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു.

إن النفساء والحائض تغتسل وتحرم وتقضي المناسك كلها غير أنها لا تطوف بالبيت حتى تطهر (أحمد وأبوداود والترمذي) .

പുരുഷൻമാർ തുന്നിയ വസ്ത്രം ഒഴിവാക്കി ഇഹ്റാമിന്റെ വസ്ത്രം ധരിക്കുക. രണ്ട് കഷ്ണം തുണിയാണ് ഈ വസ്ത്രം, ഒന്ന് ഉടുക്കാൻ മറ്റൊന്ന് ചുറ്റിപ്പുതയ്ക്കാനും. ഇഹ്റാമിന്റെ വസ്ത്രം വെള്ളയാവുന്നതാണ് ഉത്തമം. പുരുഷൻ തലയും മുഖവും മറയ്ക്കരുത്. സ്ത്രീകൾക്കു ശരീരം മുഴുവൻ മറയ്ക്കുന്ന ഏതു വസ്ത്രവും ആവാം. മുഖവും മുൻ കൈയും മാത്രമേ അവർ തുറന്നിടാവും അനിവാര്യമെങ്കിൽ മുഖവും മറക്കാം. നിർബന്ധിത സാഹചര്യങ്ങളിൽ പുരുഷന്മാർക്കും മുഖം പൊത്താവുന്നതാണ്. ഖാസിം പറഞ്ഞതായി ഇമാം ശാഫിഇ (റ)യും സഈദുബ്നു മൻസൂറും (റ) ഉദ്ധരിക്കുന്നു.

كان عثمان بن عفان وزيد بن ثابت ومروان بن الحكم يخمرون وجوههم وهم محرمون
(ഹജ്ജിൽ ഏർപ്പെട്ടവരായിരിക്കേ ഉസ്മാനുബ്നു അഫ്ഫാനും (റ) സൈദുബ്നു ഥാബിതും (റ) മർവാനുബ്നുൽ ഹകമും (റ) മുഖം മറച്ചിരുന്നു.)

3. ഇഹ്റാമിനു മുമ്പായി സുഗന്ധം ഉപയോഗിക്കുക. ശരീരത്തിലോ വസ്ത്രത്തിലോ ഇഹ്റാമിന് ശേഷം അത് അവശേഷിച്ചെന്ന് കരുതി കുഴപ്പമൊന്നുമില്ല. ആയിശ (റ) പറയുന്നു.

لإحرامه قبل أن يحرم ولحله قبل أن (كنت أطيب رسول الله يطوف بالبيت (البخاري ومسلم)
(ഇഹ്റാമിൽ പ്രവേശിക്കും മുമ്പ് ഇഹ്റാമിനുവേണ്ടിയും കഅബയെ ത്വവാഫ് ചെയ്യും മുമ്പ് ഹജ്ജിൽ നിന്ന് വിരമിച്ചതുകാരണമായും ഞാൻ നബി (സ)ക്ക് സുഗന്ധദ്രവ്യം പുരട്ടിക്കൊടുത്തിരുന്നു.)

4. ഇഹ്റാമിനു മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുക. ആദ്യറകഅത്തിൽ ഫാതിഹക്കു ശേഷം സൂറത്തുൽ കാഫിറൂനും രണ്ടാമത്തെതിൽ ഇഖ്ലാസുമാണ് ഓതേണ്ടത്. ഇബ്നു ഉമർ (റ) പറയുന്നു.

(നബി (സ) ദിൽ ഹുലൈഫയിൽ വെച്ച് രണ്ട് റക്അത്ത് നമസ്കരി ച്ചിരുന്നു). كان النبی ﷺﷺ يركع بذي الحليفة ركعتين (مسلم)

ഇഹ്റാമിന്റെ ഇനങ്ങൾ
ഇഹ്റാം മൂന്നുവിധമാണ് :

1. ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാമിൽ പ്രവേശിക്കുക. ഇതിന് ഖിറാൻ എന്ന് പറയുന്നു.
2. ആദ്യം ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുക. ഉംറ നിർവ്വ ഹിച്ച് തഹല്ലുലായശേഷം ദുൽഹിജ്ജ എട്ടിന് ഹജ്ജിനുവേണ്ടി ഇഹ്റാ മിൽ പ്രവേശിക്കുക. ഇതിന് തമത്തുഅ് എന്ന് പറയുന്നു.

3. മീഖാതിൽ നിന്ന് ഹജ്ജിന് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുക.

ഹജ്ജ് നിർവ്വഹിച്ചശേഷം ഉദ്ദേശിക്കുന്നുവെങ്കിൽ ഉംറക്കായി ഇഹ്റാമിൽ പ്രവേശിക്കുക. ഇതിന് ഇഫ്റാദ് എന്ന് പറയുന്നു.

മേൽ മൂന്ന് രീതികളിൽ ഓരോന്നനുസരിച്ചും ഇഹ്റാമിൽ പ്രവേശിച്ചവരെ യഥാക്രമം ഖാരിൻ, മുതമത്തിഉ്, മുഫ്റദ് എന്നിങ്ങനെ പറയും. ഖിറാൻ അനുസരിച്ച് ഇഹറാമിൽ പ്രവേശിക്കുന്നവർ തൽബിയത്ത് ചൊല്ലേണ്ടതു ലബ്ബൈക്ക ബി ഹജ്ജിൻ വ ഉംറ എന്ന് പറഞ്ഞു കൊണ്ടാണ് തമത്തുഅ് അനുസരിച്ച് ഇഹ്റാമിൽ പ്രവേശിച്ച ആൾ ലബ്ബൈക്ക ബി ഉംറ എന്നു പറഞ്ഞുകൊണ്ട് തൽബിയത്ത് ചൊല്ലണം. ഇഫ്റാദ് രീതിയിലാണ് ഹജ്ജിൽ പ്രവേശിച്ചതെങ്കിൽ അയാൾ ലബ്ബൈക്ക ബി ഹജ്ജിൻ എന്ന് പറഞ്ഞുകൊണ്ടാണ് തൽബിയത്ത് ചൊല്ലേണ്ടത്.

ഈ രീതികളിൽ തമത്തുഅ് ആണ് ഏറ്റവും ശ്രേഷ്ഠമെന്ന് നബി (സ) ഇപ്രകാരം പറഞ്ഞതിൽ നിന്ന് ഗ്രഹിക്കാം.

قد علمتم أني أتقاكم لله وأصدقكم وأبركم ولولا هديي تحللت كما تحلون ولو استقبلت من أمري ما استدبرت لم أسق الهدي فحلوا، فحللنا وسمعنا وأطعنا (مسلم)
(നിങ്ങളിൽ കൂടുതൽ അല്ലാഹുവിനെ ഭയക്കുന്നവനും സത്യം പറയുന്നവനും പുണ്യം ചെയ്യുന്നവനും ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ. എന്റെ കൂടെ ബലിമൃഗമില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഉറയിൽ നിന്ന് വിരമിക്കും പോലെ ഞാനും വിരമിക്കുമായിരുന്നു. വരാനിരിക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാൻ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. അതിനാൽ നിങ്ങൾ ഉറയിൽനിന്നു വിരമിക്കുക. അങ്ങനെ ഞങ്ങൾ വിരമിച്ചു. (നബിയുടെ) ആജ്ഞ കേട്ടു. അനുസരിച്ചു.

ശ്രേഷ്ഠമായത് ഇ ഫ്റാദാണെന്നും അഭിപ്രായമുണ്ട്. ഒരാൾ ഖിറാൻ, ഇഫ്റാദ്, തമത്തുഅ് എന്നിവയിൽ ഒന്നും വ്യക്തമാക്കാതെയാണ് ഇഹ്റാമിൽ പ്രവേശിച്ചതെങ്കിലും അയാളുടെ ഇഹ്റാം സാധുവാകും. ഈ മൂന്നിൽ ഏതായും അയാൾക്കു അതു പിന്നീട് തീരുമാനിക്കാവുന്നതാണ്.

എന്നാൽ ഹറമിന്റെ അതിർത്തികൾക്കുള്ളിൽ താമസിക്കുന്നവർക്ക് ഇഫ്റാദിന് മാത്രമേ അനുവാദമുള്ളൂ. അവർ ആദ്യം ഹജ്ജ് നിർവ്വഹിക്കണം. ഉദ്ദേശിക്കുന്നുവെങ്കിൽ ശേഷം ഉംറയും. തമത്തുഇനെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് ഖുർആൻ പറയുന്നു:

ذلك لمن لم يكن أهله حاضري المسجد الحرام (തന്റെ കുടുംബം മസ്ജിദുൽ ഹറാമിൽ വസിക്കുന്നവരല്ലെങ്കിലാണ് അപ്പറഞ്ഞത്.)

ഖാരിനും മുഫ്റിദും ആദ്യത്തെ തവാഫിന് ശേഷം സഅ് ചെയ്യുന്നതിനാൽ ഇഫ്റാദത്തിന്റെ തവാഫിന് ശേഷം അവർ സഅ് യ് ചെയ്യേണ്ടതില്ല. ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവർ മാത്രമേ ഖിറാൻ അനുസരിച്ച് ഇഹ്റാമിൽ പ്രവേശിക്കേണ്ടതുള്ളൂ. അഥവാ അവർ ഇപ്രകാരം വേണം ഹജ്ജ് നിർവ്വഹിക്കാൻ. അല്ലാത്തവർ തമത്തുഅ്, ഇഫ്റാദ് രീതികളിൽ ഒന്നനുസരിച്ചാവണം അതു നിർവ്വഹിക്കുന്നത്. മുതലത്തിഉം ഖാരിനും ഒരു മൃഗത്തെ ബലി (ഫിദ്യ നൽകണം. അതു സാധ്യമല്ലെങ്കിൽ ഹജ്ജ് കാലത്ത് മൂന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷം ഏഴും നോമ്പനുഷ്ഠിക്കണം. മുഹിദിന് ഫിദ് യ നിർബന്ധമില്ല.

തൽബിയത്ത്

ഇഹ്റാമിൽ പ്രവേശിക്കുന്നതോടെ തൽബിയത്ത് ചൊല്ലാനാരംഭിക്കുന്നത് സുന്നത്താണ്. തൽബിയത്ത് ഹജ്ജിൽ വാജിബാണെന്നും അഭിപ്രാ യമുണ്ട്. താഴെ പറയുന്നതാണ് തൽബിയത്ത്.

لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك، لا شريك لك.
(നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകിയിരിക്കുന്നു. അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. ഞാൻ ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് പങ്കുകാരനില്ല. ഞാൻ നിനക്കുത്തരം നൽകിയിരിക്കുന്നു. നിശ്ചയം, സ്തുതിയും അനുഗ്രഹവും നിന്റേതാണ്. അധികാരവും നിന്റേതുതന്നെ. നിനക്ക് പങ്കുകാരനേയില്ല.)

തൽബിയത്ത് ഉറക്കെ ചൊല്ലൽ
തൽബിയത്ത് മറ്റ് ദിക്കുകളിൽ നിന്ന് വ്യത്യസ്തമായി ഉറക്കെ ചൊല്ലലാണ് സുന്നത്ത്, സൈദുബ്നു ഖാലിദ് (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു. ജിബ്രീൽ (അ) എന്നെ സമീപിച്ച് പറഞ്ഞു: താങ്കളുടെ കൂട്ടാളികളോട് തൽബിയത്ത് ചൊല്ലുമ്പോൾ ശബ്ദം ഉയർത്താൻ നിർദ്ദേശിക്കുക, അതു ഹജ്ജിന്റെ ഒരു ചിഹ്നമാണ്.

عن زيد بن خالد أن النبي ﷺﷺ قال : جاء ني جبريل عليه السلام فقال : مرأصحابك فليرفعوا أصواتهم بالتلبية فإنها من شعائر الحج (ابن ماجه وأحمد وابن خزيمة والحاكم)

തൽബിയത്ത് സുന്നത്തുള്ള അവസരങ്ങൾ
വാഹനം കയറുമ്പോൾ, വാഹനത്തിൽ നിന്നിറങ്ങുമ്പോൾ, ഉയരം കയറുമ്പോൾ, ഇറങ്ങുമ്പോൾ, യാത്രാസംഘത്തെ കാണുമ്പോൾ, നമ സ്കാരാനന്തരം, രാത്രിയുടെ അന്ത്യയാമങ്ങളിൽ ഒക്കെ തൽബിയത്ത് സുന്നത്താണ്. ഇഹ്റാം മുതൽ ദുൽഹിജ്ജ മാസം പത്തിന് ജംറത്തുൽ അഖബയിൽ ഒന്നാമത്തെ കല്ല് എറിയും വരെയാണ് തൽബിയത്തിന്റെ സമയം. ഏറ് തുടങ്ങുന്നതോടെ തൽബിയത്തിന്റെ സമയം അവസാനിക്കും. ഉംറ നിർവ്വഹിക്കുന്നവർ ത്വവാഫ് ആരംഭിക്കും വരെ മാത്രമേ തൽബിയത്ത് ചൊല്ലേണ്ടതുള്ളൂ.

തൽബിയത്ത് നിറുത്തിയാൽ നബി (സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും പാപമോചനത്തിനും ദൈവപ്രീതിക്കും വേണ്ടി പ്രാർത്ഥി ക്കുകയും വേണം.

 

ഇഹ്റാമിൽ അനുവദനീയമായ കാര്യങ്ങൾ
1. കുളിയും വസ്ത്രം മാറലും
ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്തവർക്ക് ഇടക്കു കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യാവുന്നതാണ്. സോപ്പ്, താളി എന്നിവ ഉപയോ ഗിക്കുന്നതും തെറ്റല്ല.
2. പൊടി, ചെങ്കണ്ണ് എന്നീ കാരണങ്ങളാൽ മുഖം മറക്കുന്നതും അനുവദനീയമാണ്
3. മുഖക്കുരു പൊട്ടിക്കുന്നതിനും കേട് വന്ന പല്ല് പറിക്കുന്നതിനും വിരോധമില്ല.
4. കണ്ണാടിയിൽ നോക്കൽ, പൂ വാസനിക്കൽ എന്നിവയും മരുന്നിനും ഭക്ഷണത്തിനും എണ്ണ മുതലായവ ഉപയോഗിക്കലും അനുവദനീയമാണ്.
5. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ അരയിൽ പേഴ്സോ സഞ്ചിയോ കെട്ടാം.
6. വെയിലേൽക്കാതിരിക്കാൻ തമ്പിൽ നിൽക്കുക, തണൽ കൊള്ളുക, കൈകാലുകൾ ഒഴിച്ചുള്ള ശരീരഭാഗങ്ങളിൽ മൈലാഞ്ചി ഇടുക എന്നിവ യും അനുവദനീയമാണ്.
7. ശിക്ഷണം നൽകാനായി അനിവാര്യമെങ്കിൽ ബന്ധപ്പെട്ടവരെ അടിക്കാം. ശല്യമുണ്ടാക്കുന്ന ഈച്ച, കൊതുക്, ചെള്ള്, കാക്ക, പാമ്പ്, തേൾ, എലി, പരുന്ത്, കടിക്കുന്ന നായ എന്നിവയെ കൊല്ലുകയും ചെയ്യാം. ഒരാൾ ആക്രമണകാരിയെങ്കിൽ പ്രത്യാക്രമണം കൊണ്ടെ അയാൾ തിരിച്ചു പോവൂ എന്ന് ബോധ്യമായാൽ അയാൾക്കെതിരിൽ പ്രത്യാക്രമണം നടത്തുന്നതും അനുവദനീയമാണ്.

നിഷിദ്ധകാര്യങ്ങൾ
ഹജ്ജിലും ഉംറയിലും ഏർപ്പെട്ടവർക്കു താഴെ പറയുന്ന കാര്യങ്ങൾ നിഷിദ്ധമാണ്.

1. ലൈംഗികവേഴ്ചയും അതിലേക്കു പ്രേരിപ്പിക്കുന്ന കാര്യങ്ങളും
2. കുറ്റകൃത്യങ്ങൾ ചെയ്യൽ
3. തർക്കിക്കലും ശണ്ഠകൂടലും

ഖുർ ആൻ പറയുന്നു:

الحج أشهر معلومات فمن فرض فيهن الحج فلا رفث ولا فسوق ولا جدال في الحج (البقرة)
(ഹജ്ജ് അറിയപ്പെട്ട് മാസങ്ങളാണ്. അവയിൽ ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുന്നുവെങ്കിൽ ഹജ്ജ് വേളയിൽ സ്ത്രീ സംസർഗമോ കുറ്റകൃത്യമോ തർക്കമോ അരുത്. നബി (സ) പറയുന്നു.

من حج ولم يرفث ولم يفسق رجع من ذنوبه كيوم ولدته أمه (البخاري ومسلم)
(സ്ത്രീസംസർഗത്തിലേർപ്പെടുകയോ തെറ്റുകൾ പ്രവർത്തിക്കുകയോ ചെയ്യാതെ ഹജ്ജ് നിർവ്വഹിച്ചവൻ തന്റെ മാതാവ് അവനെ പ്രസവിച്ച ദിനത്തിലേതുപോലെ പാപങ്ങളിൽനിന്ന് വിരമിച്ചവനായി തീരും.

4. പുരുഷന്മാർ കുപ്പായം, തൊപ്പി, ട്രൗസർ, പാന്റ്സ്, പൈജാമ, ജൂബ്ബ ആദിയായ തുന്നിയ വസ്ത്രങ്ങൾ അണിയൽ.

നബി (സ) പറയുന്നു:
لا يَلبَس القَميصَ ولا البُرنُسَ ولا السَّراويلَ ولا العمامةَ، ولا ثوبًا مَسَّه وَرسٌ ولا زَعْفَران، ولا الخُفَّينِ إلَّا لمن لا يَجِدُ النَّعلينِ، فمن لم يجِدِ النَّعلينِ فلْيَلبَسِ الخُفَّينِ ولْيَقطَعْهما حتى يكونا أسفلَ من الكَعبَينِ (البخاري ومسلم)
(ഇഹ്റാമിൽ ഏർപ്പെട്ടവന്റെ കുപ്പായവും, തലപ്പാവും, തൊപ്പിയും, പൈജാമയും, മഞ്ഞച്ചായവും കുങ്കുമവും മുക്കിയ മറ്റു വസ്ത്രവും, ബൂട്ട്സും അണിയരുത്. ചെരിപ്പ് കിട്ടിയില്ലെങ്കിൽ അതണിയാം. പക്ഷേ കാൽമടമ്പിന് താഴെവെച്ച് അതുരണ്ടും മുറിക്കണം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുഖമുടി, കൈകാൽ ഉറകൾ, മഞ്ഞച്ചായം മുക്കിയ വസ്ത്രം എന്നിവ മാത്രമാണ് അവർക്ക് നിരോധി ച്ചിട്ടുള്ളത്. കുപ്പായവും തുന്നിയ വസ്ത്രങ്ങളുമെല്ലാം അവർക്ക് ധരിക്കാം.

പുരുഷന്മാർക്ക് തുന്നാത്ത തുണി ലഭിച്ചില്ലെങ്കിൽ പൈജാമയോ പാന്റ്സോ അണിയാം. തുണി ലഭിച്ചാൽ അവ ഒഴിവാക്കണമെന്ന് മാത്രം. എന്നാൽ തുണി ലഭിച്ചില്ലെങ്കിലും നീളക്കുപ്പായം അണിയരുത്. കുപ്പായം കീറിമുറിച്ച് തുണിയായി രൂപാന്തരപ്പെടുത്താം. പാന്റ്സ് അങ്ങനെ ചെയ്യാൻ സാധ്യമല്ല എന്നതാണ് കാരണം.

5. വിവാഹം ചെയ്യലും ചെയ്തു കൊടുക്കലും മറ്റുള്ളവർക്കുവേണ്ടി അതു സ്വീകരിക്കലുമെല്ലാം നിഷിദ്ധമാണ്. നബി (സ) പറഞ്ഞു:

(ഇഹ്റാമിൽ പ്രവേശിച്ചവൻ വിവാഹം ചെയ്യരുത്. അവൻ വിവാഹം ചെയ്തുകൊടുക്കരുത്. വിവാഹാലോചന നടത്തുകയുമരുത്.
لاينكح المحرم ولا ينكح ولا يخطب (الترمذي)

6. നഖം മുറിക്കുക, മുടി മുറിക്കുക എന്നിവയും നിഷിദ്ധം തന്നെ. ഖുർആൻ പറയുന്നു:
(ബലി യഥാസ്ഥാനത്തെത്തുംവരെ നിങ്ങൾ മുടികളയരുത്. ولا تحلقوا رؤوسكم حتى يبلغ الهدي محله (البقرة)

മുടികാരണം ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കിൽ അതു നീക്കാവുന്നതാണ്. പ്രായശ്ചിത്തമായി നോമ്പനുഷ്ഠിക്കുകയോ ദാനം നൽകുകയോ ബലി നൽകുകയോ ചെയ്യണം.
ഇഹ്റാമിലേർപ്പെട്ടയാൾ നഖം മുറിക്കുന്നത് ഹറാമാണെന്ന കാര്യ ത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.

7. ശരീരത്തിലോ വസ്ത്രത്തിലോ സുഗന്ധം പുരട്ടുക. ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ നിഷിദ്ധമാണ്.
ഇഹ്റാമിലുള്ള ആൾ മരിച്ചാൽ അയാളെ കുളിപ്പിക്കാനുള്ള വെള്ളത്തിലോ കഫൻപുടവയിലോ സുഗന്ധം ഉപയോഗിക്കരുത്.

8. സുഗന്ധമുള്ള ചായം മുക്കിയ വസ്ത്രം അണിയൽ. ഇഹ്റാമിന്റെ മുമ്പ് പുരട്ടിയ സുഗന്ധം വസ്ത്രത്തിൽ പിന്നെയും അവശേഷിക്കുന്നു വെങ്കിൽ കുഴപ്പമില്ല.

9. കര ജീവികളെ വേട്ടയാടൽ നിഷിദ്ധമാണ്. കടൽ ജീവികളെ വേട്ടയാടുന്നതു അനുവദനീയമാണ്. ഖുർആൻ പറയുന്നു:

أحل لكم صيد البحر وطعامه متاعا لكم وللسيارة وحرم عليكم صيد البر ما دمتم حرما (المائدة)
(സമുദ്രവേട്ടയും അതിലെ ഭക്ഷണവും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കും യാത്രക്കാർക്കും വിഭവമായി. നിങ്ങൾ ഇഹ്റാമി ലേർപ്പെട്ടിരിക്കേ കരയിലെ വേട്ട് നിങ്ങൾക്കു നിഷിദ്ധവുമാക്കിയിരിക്കുന്നു.)

10. വേട്ടമൃഗത്തിന്റെ മാംസം തിന്നൽ.
താൻ കാരണമായോ, താൻ സൂചിപ്പിക്കുകയാലോ, തന്റെ സഹായം വഴിയോ വേട്ടയാടിപ്പിടിച്ച മൃഗത്തിന്റെ മാംസം തിന്നുന്നതും ഇഹ്റാമിൽ ഏർപ്പെട്ട ആൾക്ക് നിഷിദ്ധമാണ്. അയാളുടെ അനുവാദമില്ലാതെയാണങ്കിലും അയാൾക്കുവേണ്ടി വേട്ടയാടിയതാണെങ്കിൽ അതും നിഷിദ്ധം തന്നെ. ഈ വിധത്തിലൊന്നുമല്ലെങ്കിൽ വേട്ടമൃഗത്തിന്റെ മാംസം ഇഹ്റാമിൽ ഏർപ്പെട്ടവർക്കു ഭക്ഷിക്കാവുന്നതാണ്.

പ്രായശ്ചിത്തം

ഭാര്യാസംസർഗ്ഗമൊഴിച്ചുള്ള നിഷിദ്ധകാര്യം വല്ലതും ചെയ്താൽ അതുകൊണ്ട് ഹജ്ജ് നിഷ്ഫലമാവുകയില്ല. അതിനു പ്രായശ്ചിത്തം നൽകൽ നിർബന്ധമാണ്. ഒരു ആടിനെ അറുക്കുകയോ, അതിനു കഴിവില്ലെങ്കിൽ ആറ് അഗതികൾക്കു ഭക്ഷണം നൽകുകയോ, അതും സാധ്യമല്ലെങ്കിൽ മൂന്നുനാൾ നോമ്പനുഷ്ഠിക്കുകയോ ആണ് പ്രായശ്ചിത്തം. ഇഹ്റാമിലായിരിക്കെ ഭാര്യാസംസർഗ്ഗം വഴി ഹജ്ജ് നിഷ്ഫല മാവും. എങ്കിലും ഹജ്ജിന്റെ ബാക്കി കർമ്മങ്ങൾ അനുഷ്ഠിക്കുകയും പ്രായശ്ചിത്തമായി ഒരു ഒട്ടകത്തെ അറുക്കുകയും അടുത്ത വർഷം വീണ്ടും ഹജ്ജ് നിർവ്വഹിക്കുകയും വേണം. ഹജ്ജിന്റെ ബാക്കി കർമ്മങ്ങൾ അനുഷ്ഠിക്കുകയും അടുത്തവർഷം വീണ്ടും ഹജ്ജ് ചെയ്യുകയും മാത്രമാണ് സ്ത്രീക്ക് നിർബന്ധം.

മൂന്ന് മുടിയെങ്കിലും മുറിക്കുകയോ പറിക്കുകയോ ചെയ്താൽ ബലി നിർബന്ധമാണ്. ഒരു മുടി പറിച്ചാൽ ഒരു മുദ്ദ് ഭക്ഷണസാധനവും രണ്ട് മുടിക്കു രണ്ട് മുദ്ദുമാണ് പ്രായശ്ചിത്തം

ഇഹ്റാമിലാണെന്ന കാര്യം വിസ്മരിച്ചോ, അറിവില്ലാതെയോ തുന്നിയ വസ്ത്രം ധരിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്താൽ പ്രാ യശ്ചിത്തം നിർബന്ധമില്ല.

വേട്ടമൃഗത്തെ കൊന്നാൽ
ഇഹ്റാമിൽ ഏർപ്പെട്ടിരിക്കെ വേട്ടമൃഗത്തെ കൊന്നാൽ തുല്യമൂല്യമുള്ള മറ്റൊരു മൃഗത്തെ ബലി നൽകുകയോ, അതിന്റെ വില ദരിദ്രർക്കു ദാനം നൽകുകയോ, നോമ്പനുഷ്ഠിക്കുകയോ ചെയ്യണം. ഉരുവിന്റെ വില കണക്കാക്കി അര സാഇന് ഒരു നോമ്പ് എന്ന കണക്കിലാണ് നോമ്പനു ഷ്ഠിക്കേണ്ടത്.

ഒരാളാണ് വേട്ട മൃഗത്തെ കൊന്നതെങ്കിൽ പ്രായശ്ചിത്തത്തിന്റെ മൊത്തം ബാധ്യത അയാൾ കയ്യേൽക്കണം. ഒന്നിലധികം പേരുണ്ടങ്കിൽ അവർ ഒന്നിച്ച് വഹിച്ചാൽ മതി.

ഹറമിലെ മൃഗവും ചെടിയും
ഇഹ്റാമിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും ഹറമിലെ മൃഗങ്ങളെ വേട്ടയാടലും സസ്യങ്ങൾ മുറിച്ചു കളയലും എല്ലാവർക്കും നിഷിദ്ധമാണ്. ഹറമിൽ മുളക്കുന്ന ഇദ്ഖർ എന്ന പുല്ലിന് ഈ നിരോധം ബാധകമല്ല. ചെടി മുറിച്ചാൽ അതിന് വിലകെട്ടി ദാനം ചെയ്യണമെന്നാണ് ഇമാം ശാഫിഈ യുടെ പക്ഷം. പ്രകൃത്യാ മുളച്ച് പൊന്തുന്ന ചെടികൾക്ക് മാത്രമേ ഇതു ബാധകമാവുകയുള്ളൂ. മനുഷ്യർ വെച്ചു പിടിപ്പിക്കുന്നവയ്ക്ക് ഇത് ബാധകമല്ല.

ഹജ്ജോ ഉംറയോ ഉദ്ദേശ്യമില്ലെങ്കിൽ മക്കയിൽ പ്രവേശിക്കാൻ ഇഹ്റാം ആവശ്യമില്ല.

മദീനയിലെ ഹറം

മക്കയിലെ ഹറമിലേതുപോലെ തന്നെയാണ് മദീനയിലെയും ഹറം. അവിടെ മൃഗങ്ങളെ വേട്ടയാടുന്നതും ചെടിമുറിക്കുന്നതും നിഷിദ്ധമാണ്. കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത കല്ല് നിറഞ്ഞ പ്രദേശങ്ങൾക്ക് മധ്യേയുള്ള പ്രദേശമാണ് മദീനയിലെ ഹറം. വടക്കുഭാഗത്ത് ഉഹ്ദിനടുത്തുള്ള ഥൗർ പർവ്വതത്തിനും മീഖാത്തിനടുത്തുള്ള ഐർ പർവ്വതത്തിനും ഇടയ്ക്കായി പന്ത്രണ്ട് മൈൽ നീണ്ടുകിടക്കുന്ന ഭൂഭാഗമാണ് മദീനയിലെ ഹറം. നബി (സ) പറഞ്ഞതായി ജാബിറുബ്നു അബ്ദില്ല (റ) ഉദ്ധരി ക്കുന്നു.

إن إبراهيم حرم مكة وإني حرمت المدينة ما بين لابتيها لا يقطع عضاها ولا يصاد صيدها (مسلم)
(ഇബ്രാഹിം നബി മക്കയെ പവിത പ്രദേശമായി പ്രഖ്യാപിച്ചു. ഞാൻ മദീനയെ പവിത പ്രദേശമായി പ്രഖ്യാപിക്കുകയാണ്. അവിടത്തെ രണ്ട് കർ ഭൂമി കൾക്കിടയ്ക്കുള്ള പ്രദേശം, അവിടത്തെ മുൾച്ചെടികൾ മുറിക്കുകയോ മൃഗങ്ങളെ വേട്ടയാടുകയോ ചെയ്യുന്നത്.)

മദീനയിലെ ഹറമിൽ വേട്ടയും മരം മുറിയും നിഷിദ്ധമാണ്. ഇപ്രകാരം ചെയ്താൽ മക്കയിലെ ഹറമിലേതുപോലെ പ്രായശ്ചിത്തമില്ല. അതിന്റെ പാപം അവൻ വഹിക്കണം. അത്രമാത്രം.

മക്കയിലേയും മദീനയിലേയും ഹറമുകൾക്കു പുറമെ ലോകത്തൊരിടത്തും മറ്റൊരു (ഹറം) പവിത്രപ്രദേശമില്ല.

മക്കയിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കുമ്പോൾ അഭികാമ്യമായ കാര്യങ്ങൾ

1. കുളിക്കൽ
2. മക്കയിൽ പ്രവേശിക്കുന്നത് കദാഅ് എന്ന കുന്നിന്റെ ഭാഗത്തു കൂടിയാവുക.
3. യാത്രാ ഭാണ്ഡവും മറ്റും സുരക്ഷിത സ്ഥലത്ത് വെച്ചതിന് ശേഷം ബാബുബനൂശൈബ എന്ന പേരിലുള്ള ബാബുസ്സലാമിലൂടെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുക. അപ്പോൾ ഇങ്ങനെ പറയണം:

” أعوذ بالله العظيم، وبوجهه الكريم، وسلطانه القديم من الشيطان الرجيم، بسم الله، اللهم صل على محمد وآله وسلم، اللهم اغفر لي ذنوبي وافتح لي أبواب رحمتك “.
(മഹാനായ അല്ലാഹുവിനോട്, അവന്റെ ഉദാരമഹത്വത്തോട്, അവന്റെ അനാദിയായ ആധിപത്യത്തോട് അഭിശപ്ത പിശാചിൽ നിന്ന് ഞാൻ രക്ഷതേടുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവേ, മുഹമ്മദിനും കുടുംബത്തിനും നന്മയും സമാധാനവും ചൊരിയേണമേ. അല്ലാഹുവേ, എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്കു തുറന്നുതരേണമേ!)
5. കഅ്ബയിൽ നോട്ടം പതിഞ്ഞാൽ കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിക്കണം.

اللهم زد هذا البيت تشريفا وتعظيما وتكريما ومهابة وزد من شرفه وكرمه ممن حجه أو اعتمره تشريفا وتكريما وتعظيما وبرا. اللهم أنت السلام ومنك السلام فحينا ربنا بالسلام
(അല്ലാഹുവേ, ഈ ഭവനത്തിന് മഹത്വവും വൈശിഷ്ട്യവും ആദരവും ഗാംഭീര്യവും ഏറ്റിയേറ്റി കൊടുക്കേണമേ! ഹജ്ജോ ഉംറയോ നിർവ്വഹിക്കുക വഴി അതിന് മഹത്വവും ആദരവും കല്പിച്ചവർക്കും മഹത്വവും വൈശിഷ്ട്യവും ആദരവും പുണ്യവും വർദ്ധിപ്പിക്കേണമേ! അല്ലാഹുവേ, നീയാണ് രക്ഷ. നിന്നിൽ നിന്ന് മാത്രമാണ് സമാധാനം. അതിനാൽ നാഥാ, രക്ഷയും സമാധാനവും നൽകി ഞങ്ങളെ അഭിവാദ്യം ചെയ്യേണമേ!)

6. തുടർന്ന് ഹജറുൽ അസ് വദിനടുത്ത് ചെന്ന് ബഹളമോ മറ്റുള്ളവർക്കു ശല്യമോ ഉണ്ടാക്കാതെ അതിനെ ചുംബിക്കുക. സാധ്യമായില്ലെങ്കിൽ കൈകൊണ്ട് തൊട്ടുമുത്തുക. അതുമല്ലെങ്കിൽ ദൂരെനിന്ന് അതിനു നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുക.

7. പിന്നെ ഹജറുൽ അസ്വദിന് നേരെ നിന്ന് ത്വവാഫ് തുടങ്ങുക.
മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നമസ്കാരം സുന്നത്തില്ല. അവിടെ തഹിയ്യത്ത് ത്വവാഫാണ്. എന്നാൽ ഫർദ് നമസ്കാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് കടന്നു ചെല്ലുന്നതെങ്കിൽ ആ ഫർദ് നമസ്കാരത്തിൽ പങ്കുകൊള്ളുകയാണ് ചെയ്യേണ്ടത്.

ത്വവാഫ്

കഅബയെ വലം വെക്കുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ത്വവാഫിന്റെ ക്രമം ഇപ്രകാരമാണ്: കഅബയുടെ ഭിത്തിയിൽ തെക്കു കിഴക്കേ മൂലയിൽ സ്ഥാപിച്ച ഹജറുൽ അസ് വദിന് (കറുത്ത കല്ല്) തൊട്ടടുത്ത് വടക്ക് കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായി നിൽക്കുക. കഴിയുമെങ്കിൽ ഹജറുൽ അസ് വദിനെ ചുംബിക്കുക സാധ്യമല്ലെങ്കിൽ കൈകൊണ്ട് തൊട്ടുമുത്തുക. അതും സാധ്യമല്ലെങ്കിൽ കൈകൊണ്ടാ മറ്റോ അതിന്റെ നേരെ ചൂണ്ടുക. അപ്പോഴെല്ലാം കഅബ ഇടതുഭാഗത്തായിരിക്കണം. എന്നിട്ട് ഇപ്രകാരം പറയുക.

بسم الله، والله أكبر، اللهم إيماناً بك، وتصديقاً بكتابك، ووفاء بعهدك، واتباعاً لسنة نبيك محمد ـ صلى الله عليه وسلم
(അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹു ഏറ്റം വലിയവൻ അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിയും നീയുമായുള്ള കരാർ പാലിച്ചും പ്രവാചകചര്യ പിൻപറ്റിയും.)
പിന്നെ കഅബ ഇടതു ഭാഗത്ത് വരും വിധം മുന്നോട്ട് നടക്കുക. കഅ്ബയെ ചുറ്റി ഹജറുൽ അസ് വദിന്റെ നേരെ വന്നുചേരുന്നതോടെ ഒരു ത്വവാഫ് പൂർത്തിയായി. പിന്നെയും നടേ പറഞ്ഞ രീതിയിൽ ആവർത്തിക്കുക. കഅബയുടെ വടക്കുഭാഗത്ത് ചേർന്ന് കാണുന്ന അർദ്ധവൃത്താകൃതിയിലുള്ള അരമതിലിനുള്ളിൽ പ്രവേശിക്കാവതല്ല. ഈ ഭാഗത്തിന് ഹിജ്ർ ഇസ്മാഈൽ എന്ന് പറയുന്നു. ഹിജ്റിനുള്ളിൽ കടന്നാൽ തവാഫ് സാധുവാകയില്ല. കഅബയുടെ തറയിൽ ചുവരിൽ നിന്ന് പുറത്തേക്കു തള്ളി നിൽക്കുന്ന പാതുകം – ഭാഗത്ത് ചവിട്ടി നടക്കുന്നതും പാടില്ല. അതും കഅ്ബയുടെ ഭാഗമാണ്. ഒരിടത്തും കഅബയുടെ ചുമർ സ്പർശിക്കേണ്ടതില്ല. അതിൽ പുണ്യവുമില്ല. എന്നാൽ തെക്ക് പടിഞ്ഞാറേ മൂല ” ” മാത്രം തൊടുന്നതു സുന്നത്താണ്. അവിടം മുതൽ ഹജറുൽ അസ് വദിനടുത്തെത്തുംവരെ ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കൽ സുന്നത്താണ്. ശേഷം സഅ് യ് ചെയ്യാനുള്ള ത്വവാഫിൽ ആദ്യത്തെ മൂന്ന് ചുറ്റിലും അല്പം ധൃതിയിൽ ചുമൽ കുലുക്കി നടക്കുന്നത് സുന്നത്താണ്. അതു പുരുഷന്മാർ മാത്രമേ ചെയ്യേണ്ടതുള്ളു. സ്ത്രീകൾ സാധാരണപോലെ നടന്നാൽ മതി. ത്വവാഫിൽ കഴിയുന്നത് ദിക്റും പ്രാർത്ഥനയും വർദ്ധിപ്പിക്കുന്നതു നല്ലതാണ്. ഭൗതികമോ പാരത്രികമോ ആയ ഉത്തമകാര്യങ്ങൾ തനിക്കോ മറ്റുള്ളവർക്കോ വേണ്ടി എന്തും പ്രാർത്ഥിക്കാം.

 

സുന്നത്ത് നമസ്കാരം
ത്വവാഫിൽ നിന്ന് വിരമിച്ചാൽ മഖാമു ഇബ്രാഹീമിനടുത്ത് വെച്ച് രണ്ടു റക്അത്ത് നമസ്കരിക്കൽ സുന്നത്താണ്. കഅബയുടെ വാതിൽ ഭാഗത്ത് തൊട്ടു കിഴക്കുവശമാണ് മഖാമു ഇബ്രാഹിം. മസ്ജിദുൽ ഹറാം മുഴുവൻ മഖാമു ഇബ്രാഹീമാണെന്നും അഭിപ്രായമുണ്ട്. ഈ നമസ്കാരം ഏതു സമയത്തും നിർവ്വഹിക്കാം. നബി (സ) പറഞ്ഞതായി ജൂബൈറുബ്നു മുത്ഇം (റ) ഉദ്ധരിക്കുന്നു.

يا بني عبد مناف، لا تمنعوا أحدا طاف بهذا البيت، وصلى أية ساعة شاء، من ليل أو من نهار (أحمد وأبوداود والترمذي)
(അബ്ദുമനാഫ് കുടുംബമേ, ഈ ഭവനത്തെ വലം വെക്കുകയും അവിടെ വെച്ച് നമസ്കരിക്കുകയും ചെയ്യുന്ന ആരെയും രാത്രിയോ പകലോ ഏതു സമയത്തായാലും തടയരുത്.

ഫാതിഹക്ക് ശേഷം ആദ്യത്തെ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ ഇഖ്ലാസും ഓതൽ സുന്നത്താകുന്നു. മസ്ജിദുൽ ഹറാമിൽ നമസ്കരിക്കുന്നവരുടെ മുമ്പിലൂടെ തവാഫിലായിരിക്കെ നടക്കുന്നതു തെറ്റല്ല. ഇതു മസ്ജിദുൽ ഹറാമിന്റെ മാത്രം പ്രത്യേകതയാണ്. തവാഫ് നാലിനമുണ്ട്.

1. ത്വവാഫുൽ ഖുദൂം: മീഖാതിൽ നിന്ന് ഇഹ്റാം ചെയ്ത് വരുന്നവർ ആദ്യം ചെയ്യുന്നതാണ് “ത്വവാഫുൽ ഖുദൂം.’ ഇത് ഹജ്ജിന്റെ ഘടകമല്ല. ഇതു നിർബന്ധവുമില്ല. സഅ് യ് ഈ ത്വവാഫിന് ശേഷം ചെയ്യാം. ഇഫാദയുടെ ത്വവാഫിന് ശേഷത്തേക്ക് പിന്തിക്കുകയുമാവാം.
2. ത്വവാഫുൽ ഇഫാദ: ദുൽഹജ്ജ് പത്തിന് ജംറതുൽ അഖബയിൽ എറിഞ്ഞശേഷം നടത്തുന്ന ത്വവാഫ്. ഇതു ഹജ്ജിന്റെ ഘടകമാണ്.
3. ത്വവാഫുൽ വിദാഅ്: ഹജ്ജ് നിർവ്വഹിച്ച് മക്ക വിടുമ്പോൾ നിർബന്ധമായും ചെയ്യേണ്ടതും ഉപേക്ഷിച്ചാൽ ബലി നൽകേണ്ടതുമായ ഒന്നാണ് ഈ ത്വവാഫ്.

4. ത്വവാഫുൽത്തത്വവുഅ്- മക്കയിലുള്ളപ്പോൾ ഏതു സമയത്തും ആർക്കും നിർവ്വഹിക്കാവുന്ന ഐഛികമായ ത്വവാഫ് ഹജ്ജിനും ഉംറക്കുമായി മക്കയിലെത്തുന്നവർ കഴിയുന്നത് സുന്നത്തായ ത്വവാഫ് നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ത്വവാഫിന്റെ ഉപാധികൾ
1. ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും നജസിൽനിന്നും ശുദ്ധമാവൽ. നബി (സ) പറയുന്നു.

ألطواف صلاة إلا أن الله تعالى أحل فيه الكلام ومن تكلم فلا يتكلم إلا بخير
(ത്വവാഫ് ഒരുതരം നമസ്കാരമാണ്. എന്നാൽ അല്ലാഹു അതിൽ സംസാരം അനുവദിച്ചിരിക്കുന്നു. അതിനാൽ സംസാരിക്കുന്നവർ നല്ലതു മാത്രം പറയട്ടെ.)

ത്വവാഫു ചെയ്യുന്നവൻ വുദു ഉണ്ടാക്കണം. കുളി നിർബന്ധമുണ്ടങ്കിൽ കുളിക്കണം. ആർത്തവകാരികൾ ആർത്തവം നിലച്ച് ശുദ്ധീകരിച്ച ശേഷമേ തവാഫ് ചെയ്യാവൂ. ഇടയ്ക്ക് വുദു നഷ്ടപ്പെട്ടാൽ വുദു ഉണ്ടാക്കി വേണം ത്വവാഫ് പൂർത്തിയാക്കാൻ.

ആയിശ (റ) പറയുന്നു.

إن رسول اللہ ﷺ دخل عليها وهي تبكي فقال : أنفست قالت : نعم، قال : إن هذا شيئ كتبه الله على بنات آدم فاقضي ما يقضي الحاج غير أن لا تطوفي بالبيت حتى تغتسلي (مسلم)

റസൂൽ (സ) അവരുടെ അടുത്ത് ചെന്നു. അവർ കരയുകയാണ്. നബി (സ) ചോദിച്ചു. എന്താ, ആർത്തവം തുടങ്ങിയോ? അവർ പറഞ്ഞു: അതെ, നബി (സ) പറഞ്ഞു: മനുഷ്യസ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒന്നാണത്. അതിനാൽ ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതൊക്കെ ചെയ്തു കൊള്ളുക. എന്നാൽ കുളിക്കുംവരെ കഅ്ബയെ വലംവെക്കരുത്.)

2. ഔറത്ത് മറക്കൽ: ഹിജ്റയുടെ ഒമ്പതാം വർഷം അബൂബകറി (റ)നെ ഹജ്ജിന്റെ അമീറായി നിയോഗിച്ചപ്പോൾ യൗമുന്നഹ്റിൽ ഇപ്രകാരം വിളിച്ചുപറയാൻ നബി (സ) കല്പിച്ചിരുന്നു.

لايحج بعد العام مشرك ولا يطوف بالبيت عريان (البخاري ومسلم)
(ഈ വർഷത്തിനുശേഷം ബഹുദൈവാരാധകൻ ഹജ്ജ് ചെയ്യുകയില്ല. നഗ്നൻ കഅബയെ വലംവെക്കുകയുമില്ല.)

3. പൂർണ്ണമായ ഏഴ് ചുറ്റുവേണം. ഹജറുൽ അസ് വദിനടുത്തു നിന്നോ അതിനുനേരെയുള്ള വരയിൽ നിന്നോ തുടങ്ങുന്ന ത്വവാഫ് കഅ്ബയെ വലം വച്ച് അവിടെ തന്നെ പൂർത്തിയാവുന്നത്. അതിൽ ഒരടി ബാക്കിയുണ്ടെങ്കിൽ ത്വവാഫ് എത്തുമ്പോഴാണ് ഒരു ചുറ്റ് പൂർത്തിയാവുകയില്ല. ഇങ്ങനെ ഏഴു ചുറ്റ് നടന്നാൽ മാത്രമേ അതു പൂർണ ത്വവാഫാവുകയുള്ളൂ. ചുറ്റിന്റെ എണ്ണത്തിൽ സംശയം തോന്നിയാൽ ഉറപ്പുള്ള ചുരുങ്ങിയ എണ്ണം പരിഗണിച്ച് ബാക്കി പൂർത്തിയാക്കണം. ത്വവാഫിൽ നിന്ന് വിരമിച്ച ശേഷമാണ് സംശയം ഉടലെടുത്തതെങ്കിൽ അത് പരിഗണനാർഹമല്ല.

4. ത്വവാഫ് ഹജറുൽ അസ് വദിനു നേരെ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കണം.
5. കഅബ എപ്പോഴും ത്വവാഫ് ചെയ്യുന്നവന്റെ ഇടതുഭാഗത്താവണം. ജാബിർ (റ) പറയുന്നു.

لما قدم رسول الله ﷺﷺ مكة أتى الحجر الأسود فاستلمه ثم مشى عن يمينه فرمل ثلاثا ومشى أربعا (مسلم)

(റസൂൽ (സ) മക്കയിൽ വന്നപ്പോൾ ആദ്യം ഹജറുൽ അസ് വദിനടുത്ത് ചെന്നു. അതിനെ തൊട്ടുചുംബിച്ചു. പിന്നെ വലതുഭാഗം തിരിഞ്ഞ് നടന്നു. മൂന്നു പ്രാവശ്യം അല്പം ധൃതിയിലും നാലുതവണ നടന്നും ത്വവാഫ് ചെയ്തു.)

6. ത്വവാഫ് കഅബയുടെ പുറത്തുകൂടെയാവുക. അതായതു ഹിജ്ർ ഇസ്മാഈലിലൂടെ കടന്നു പോയാൽ ത്വവാഫ് സാധുവാകയില്ല. കഅബയുടെ പാതുകത്തിൽ ചവുട്ടി നടന്നാലും ത്വവാഫ് സാധുവല്ല. അതു രണ്ടും കഅബയുടെ തന്നെ ഭാഗമാണ്.

ത്വവാഫിന്റെ സുന്നത്തുകൾ
1. ഹജറുൽ അസ്വദിനെ ചുംബിച്ചും അതു സാധ്യമല്ലെങ്കിൽ കൈകൊണ്ട് തൊട്ടു ചുംബിച്ചും അതും സാധ്യമല്ലെങ്കിൽ അതിനുനേരെ
ആംഗ്യം കാണിച്ചും ത്വവാഫ് തുടങ്ങുക. തുടക്കത്തിൽ കൈ ഉയർത്ത ബിസ്മല്ലാഹ് വല്ലാഹു അക്ബർ എന്നു ചൊല്ലലും സുന്നത്താണ്. ഇബ്നുഅബ്ബാസ് (റ) പറയുന്നു:

إن عمر أكب على الركن فقال : إني لأعلم أنك حجر ولولم أرحبيبي قبلك واستلمك ما استلمتك ولا قبلتك. لقد كان لكم في رسول الله أسوة حسنة (أحمد)

(ഉമർ (റ) റുക്നിൽ – ഹജറുൽ അസ്വദ് ഉദ്ദേശ്യം- മുഖമമർത്തി വെച്ചു. എന്നിട്ടു പറഞ്ഞു: നീ ഒരു കല്ലാണെന്ന് എനിക്കറിയാം. എന്റെ പ്രിയ പ്രവാചകൻ (സ) നിന്നെ ചുംബിക്കുകയും തൊട്ടുമുത്തുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നില്ലെങ്കിൽ ഞാൻ നിന്നെ തൊട്ടു മുത്തുകയും ചുംബിക്കുകയും ചെയ്യുമായിരുന്നില്ല. അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്കു ഉത്തമ മാതൃകയുണ്ട്.’

ഹജറുൽ അസ് വദിനെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ തിരക്കു കൂട്ടാതിരിക്കാനും മറ്റുള്ളവർക്കു വിഷമമുണ്ടാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

2. മേൽത്തട്ടം മദ്ധ്യം വലതുകക്ഷത്തിലൂടെ എടുത്ത് രണ്ട് അറ്റവും ഇടതു ചുമലിൽ വരും വിധം പുതക്കുക. ഇതിന് ‘ഇദ് തിബാഅ് പറയുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു:

إن النبي ﷺﷺ وأصحابه اعتمروا من الجعرانة فاضطبعوا أرديتهم تحت آباطهم وقذفوها على عواتقهم اليسرى (أحمد وأبوداود)
(നബി (സ)യും സഹാബിമാരും ജിഇർറാനയിൽ നിന്ന് ഉംറയിൽ പ്രവേശിച്ചു. അവർ മേൽത്തട്ടം കക്ഷത്തിന് താഴേക്കൂടി ഇടതു ചുമലിൽ ഇട്ടുകൊണ്ട് അണിഞ്ഞു.

3. റമൽ നടത്തം. ആദ്യത്തെ മൂന്ന് ത്വവാഫിൽ ചുമലിളക്കി അല്പം കൃതിയിൽ നടക്കുക. ഇതിന് “റമൽ’ എന്ന് പറയുന്നു. ഇബ്നുഉമർ (റ) പറയുന്നു:
إن رسول الله رمل من الحجر الأسود إلى الحجر الأسود ثلاثا ومشى أربعا (أحمد ومسلم)
(റസൂൽ (സ) ഹജറുൽ അസ് വദ് മുതൽ ഹജറുൽ അസ് വദ് വരെ മൂന്നുതവണ അല്പം ധൃതിയിൽ നടന്നു. നാലു തവണ സാധാരണ പോലെയും നടന്നു.

ശേഷം സഅ് യ ഉള്ള ത്വവാഫിൽ മാത്രമേ ഇദ്തിബാഉം റമലും സുന്നത്തുള്ളൂ. ഇതു രണ്ടും പുരുഷന്മാർക്കു മാത്രമാണ് സുന്നത്ത്. സ്ത്രീകൾ മുഖവും കൈപ്പത്തിയും ഒഴികെ ശരീരം മുഴുവൻ മറക്കേണ്ടതാണല്ലോ. ത്വവാഫിൽ അവർ സാധാരണ പോലെ നടക്കുകയും വേണം. “മദീനയിലെ പനിയും നമ്മുടെ ആക്രമണവും തളർത്തിയ ഒരുകൂട്ടർ ഇതാ, ഉംറ നിർവ്വഹിക്കാൻ വരുന്നു’ എന്ന് ശത്രുക്കൾ നബി (സ)യെയും സഹാബിമാരെയും പരിഹസിച്ചു. ഇതറിഞ്ഞ നബി (സ) ആദ്യത്തെ മൂന്നു ത്വവാഫിൽ ശക്തിപ്രകടനമെന്നോണം വേഗത്തിൽ നടക്കാൻ നിർദ്ദേശിച്ചു. നബി (സ) നിർദ്ദേശിക്കുകയും അനുഷ്ഠിക്കുകയും ചെയ്ത കാര്യം എന്ന നിലക്ക് അത് സുന്നത്തായി തുടർന്നുവരുന്നു.

4. റുക്നുൽ യമാനി – തെക്കുപടിഞ്ഞാറേ മൂലയെ തൊടൽ. ഇബ്നു ഉമർ (റ) പറയുന്നു:

لم أر النبي ﷺ يمس من الأركان إلا اليمانيين وقال ما تركت استلام هذين الركنين اليماني والحجر الأسود منذ رأيت رسول الله يستلمهما في شدة ولا في رخاء (البخاري، ومسلم)

(നബി (സ) രണ്ട് യമാനി റുക്ൾനുകൾ തൊടുന്നതായേ ഞാൻ കണ്ടിട്ടുള്ളൂ. നബി (സ) ഈ രണ്ട് റുക്നുകളും – റുക്നുൽ യമാനി യും ഹജറുൽ അസ് വദും തൊടുന്നതു കണ്ടതിൽ പിന്നെ വിഷമഘട്ടത്തിലും സൗഖ്യാവസ്ഥയിലും അതു രണ്ടും തൊടുന്നതു ഞാൻ ഉപേക്ഷിച്ചിട്ടില്ല.)

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള ത്വവാഫ്
സ്ത്രീകൾ പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്യുന്നതു തെറ്റല്ല. നബി (സ)യുടെ കാലത്തും അപ്രകാരമാണ് ത്വവാഫ് നടന്നിട്ടുള്ളത്. ഇബ്നു ജുറൈജ് പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

أخبرني عطاء إذ منع ابن هشام النساء الطواف مع الرجال قال : كيف تمنعهن وقد طاف نساء النبي مع الرجال ؟
(അത്വാഅ് എന്നോട് പറഞ്ഞു: ഇബ്നു ഹിശാം പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: നബി (സ)യുടെ ഭാര്യമാർ പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്തിരുന്നു എന്നിരിക്കേ താങ്കൾ എങ്ങനെ അവരെ തടയും?

വാഹനത്തിലിരുന്നുള്ള ത്വവാഫ്
വാഹനത്തിലിരുന്നും ത്വവാഫ് ചെയ്യാം. ഇബ്നു അബ്ബാസ് (റ) പറയുന്നു:
إن النبي طاف في حجة الوداع على بعير يستلم الركن بمحجن (البخاري ومسلم)

(ഒട്ടകപ്പുറത്തിരുന്നു നബി (സ) ഹജ്ജത്തുൽ വിദാഇൽ ത്വവാഫ് ചെയ്തു. തന്റെ വടികൊണ്ടാണ് അദ്ദേഹം റുക്നു തൊട്ടത് )

കുഷ്ഠം പോലെ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന രോഗമുള്ളവർ ത്വവാഫിന് വരാതിരിക്കലാണ് ഉത്തമമെന്ന് ഉമർ (റ) വിധിച്ചത്.

ത്വവാഫും സുന്നത്ത് നമസ്കാരവും കഴിഞ്ഞാൽ അല്പം സംസം വെള്ളം കുടിക്കുന്നത് നല്ലതാണ്. നബി (സ) അപ്രകാരം കുടിക്കുകയും (അതു അനുഗ്രഹീതമാണ്. അതു ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് ) എന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.

മുൽതസമിനടുത്തു വെച്ചുള്ള പ്രാർത്ഥന
ഹജറുൽ അസ് വദിനും കഅ്ബയുടെ വാതിലിനും മധ്യേയുള്ള സ്ഥലത്തിന് മുൽതസം എന്നു പറയുന്നു. അവിടം പ്രാർത്ഥന പ്രാധാന്യമുള്ള സ്ഥല ളിൽ ഒന്നാണ്. നബി (സ) മുഖവും നെഞ്ചും മുൽതസിമിനോട് ചേർത്തുവെച്ച് പ്രാർത്ഥിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ത്വവാഫിന് ശേഷം കഅ്ബയിൽ കയറി നമസ്കരിക്കുന്നതും സുന്നത്താണ്. ഹിജ്ർ ഇസ്മാഈലിലായാലും ആ പുണ്യം നേടാം.

സഅ് യ്

ഹജ്ജിന്റെയും ഉംറയുടെയും ഒരു റുക്നാണ് – ഘടകം – സഅ് യ്. സഫാ – മർവാ കുന്നുകൾക്കിടയിൽ നടക്കുകയാണ് സഅ് യ്.
ഇബ്രാഹീം നബി (സ)യുടെ പത്നി ഹാജറ വെള്ളം തേടി ഈ കുന്നുകൾക്കിടയിൽ നടന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് സഅ് യ്.

സഅ് യിന്റെ നിബന്ധനകൾ

1. അതു ത്വവാഫിന് ശേഷമാവണം
2. അതു ഏഴുപ്രാവശ്യം വേണം
3. സഫായിൽ നിന്നു തുടങ്ങി മർവയിൽ അവസാനിക്കണം
4. സഫാ മർവാ കുന്നുകൾക്കിടയിൽ നിശ്ചിത പ്രദേശത്തുകൂടെ വേണം സഅ് യ് ചെയ്യുന്നത്.

ഇപ്പറഞ്ഞതിൽ നിന്ന് ഭിന്നമായി സഅ് യ് ചെയ്താൽ അതു അസാധു വായിരിക്കും. സഅ് യിൽ രണ്ട് കുന്നിലും കയറൽ നിർബന്ധമില്ല. സഅ് യ് ഏഴും തുടരേ ഇടമുറിയാതെ വേണമെന്നുമില്ല. ഇടയ്ക്ക് അല്പം താമസിച്ചും നമസ്കാരവും മറ്റും നിർവ്വഹിച്ചും സഅ് യ് നടത്താം. സഅ് യിന് ശുദ്ധി നിർബന്ധമില്ല. അതു സുന്നത്താണ്. വാഹനത്തിലേറിയും സഅ് യ് നടത്താം. കാൽനടയായാണ് ഉത്തമം കുന്നുകൾക്കിടയിലുള്ള പ്രത്യേക അടയാളങ്ങൾക്കിടയിൽ അല്പം ധൃതിയിലും മറ്റു സ്ഥലങ്ങളിൽ സാധാരണപോലെയും നടക്കൽ പുരുഷന്മാർക്കു സുന്നത്താണ്. സ്ത്രീകൾ എല്ലാ സ്ഥലത്തും സാധാരണ പോലെ നടന്നാൽ മതി. സഫായിലും മർവയിലും സാധ്യമായത് കയറലും ഖിബ് ലക്കഭിമുഖമായി നിന്ന് ഇപ്രകാരം പ്രാർത്ഥിക്കലും സുന്നത്താണ്.
لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيئ قدير لا إله إلا الله وحده أنجز وعده ونصر عبده وهزم الأحزاب وحده

(അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ. അവന് പങ്കുകാരില്ല. അവന്നാണ് ആധിപത്യം. സ്തുതിയും അവന് തന്നെ. അവൻ ജീവിപ്പിക്കുന്നു. മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകൻ, അവൻ വാഗ്ദാനം പാലിച്ചു. തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായി ശത്രു സംഘങ്ങളെ പരാജയപ്പെടുത്തി.)

സഅ് യ് ചെയ്യുന്നതിനിടയിലും ദിക്റും ദുആയും കഴിയുന്നത്ര വർദ്ധിപ്പിക്കൽ സുന്നത്താണ്.

رب اغفر وارحم واهدني السبيل الأقوم. رب اغفر وارحم إنك أنت الأعز الأكرم
(നാഥാ, പൊറുക്കുക, കാരുണ്യം ചൊരിയുക, ഋജുമാർഗ്ഗത്തിലൂടെ നയിക്കുക. നാഥാ, പൊറുക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യുക. നീ പ്രതാപവാനും അത്യുദാരനുമാകുന്നു.. എന്നിങ്ങനെ നബി (സ) പ്രാർത്ഥിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഉംറ നിർവ്വഹിക്കുന്നവർ ത്വവാഫിനും സഅ് യിനും ശേഷം മുടികളയുകയോ മുറിക്കുകയോ ചെയ്താൽ ഇഹ്റാമിൽ നിന്ന് മുക്തരാവും. അതോടൊപ്പം ഇഹ്റാം കാരണം നിഷിദ്ധമായിരുന്നതെല്ലാം അവർക്ക് അനുവദനീയമായിത്തീരും.

മുഫ് റിദോ മുഖ് രിനോ ആയി ഹജ്ജിൽ ഏർപ്പെടുന്നവർ ത്വവാഫുൽ ഖുദൂം – മക്കയിൽ വരുമ്പോഴുള്ള ത്വവാഫ് – നിർവ്വഹിച്ചശേഷം സഅ് യ് കൂടി നടത്തിയാലും മുടിയെടുക്കാൻ പാടില്ല. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ചെന്നും ജംറകളിൽ കല്ലെറിഞ്ഞും ദുൽഹിജ്ജ പത്തിനു ശേഷം വേണം അവർ മുടി മുറിക്കാൻ.

മിനായിൽ

ഹജ്ജിന്റെ മറ്റു കർമങ്ങൾ ആരംഭിക്കുന്നത് ദുൽഹിജ്ജ എട്ടിനാണ്. ആ ദിവസത്തിന് യൗമുത്തർവിയ’ എന്നു പറയുന്നു. യൗമുത്തർവിയയിൽ ഹാജിമാർ മിനായിലേക്കു പോകൽ സുന്നത്താണ്. ഖാരിനോ മുഫ് രിദോ ആണെങ്കിൽ നേരത്തെയുള്ള ഇഹ്റാമോടെ മിനായിലേക്കു പോവുകയേ വേണ്ടൂ. മുതമത്തിഅ് ആണെങ്കിൽ താമസസ്ഥലത്ത് വെച്ചു വീണ്ടും ഇഹ്റാമിൽ പ്രവേശിച്ച് വേണം മിനായിലേക്കു പോകാൻ. അന്ന് മിനായിൽ ചെന്നില്ലെങ്കിലും ഹജ്ജിന് ഭംഗം വരുന്നില്ല. നബി (സ)യുടെ ഒരു സുന്നത്ത് ഉപേക്ഷിച്ചു എന്ന ന്യൂനത ബാക്കി നിൽക്കും. മിനായിലേക്ക് പോവുമ്പോൾ തൽബിയത്തും ദുആയും വർദ്ധിപ്പിക്കണം. ളുഹ്ർ, അസ്ർ, മ​ഗ് രിബ്, ഇശാഅ്, സുബ്ഹ് എന്നീ നമസ്കാരങ്ങൾ അവിടെവെച്ചാണ് നിർവഹിക്കേണ്ടത്. രാത്രി മിനായിൽ താമസിക്കണം. ദുൽഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് മുമ്പ് അവിടം വിടുന്നതു അഭികാമ്യമല്ല. യൗമുത്തർവിയക്ക് മുമ്പേ ആവശ്യമെങ്കിൽ മിനായിലേക്കു പോകാവുന്നതാണ്.

അറഫായിൽ നിൽക്കൽ 

ദുൽഹിജ്ജ ഒമ്പതു ആണ് അറഫാദിനം. അന്ന് സൂര്യോദയത്തിന് ശേഷം ദബ്ബ് വഴി അറഫയിലേക്കു പോവണം. തക്ബീർ, തഹ് ലീൽ, തൽബിയത്ത് എന്നിവ ചൊല്ലിക്കൊണ്ടാണ് പോകേണ്ടത്. പോകും വഴി നമിറയിൽ തങ്ങി കുളിക്കുന്നതും ഉച്ചക്കുശേഷം മാത്രം അറഫയിൽ ചെല്ലലും സുന്നത്താണ്.

ഏറ്റവും ശ്രേഷ്ഠദിനമാണ് അറഫാദിനം, ആയിശ (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു:

ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة وإنه ليدنو عزوجل ثم يباهي بهم الملئكة فيقول : ما أراد هؤلاء ؟
(അറഫാ ദിനത്തിലേതിനെക്കാൾ കൂടുതൽ അല്ലാഹു അടിമകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിനമില്ല. അല്ലാഹു അടുത്തു വരും. എന്നിട്ട് “ഇവർ എന്താണ് ആഗ്രഹിക്കുന്നതു’ എന്ന് മലക്കുകളോട് അവൻ അഭിമാനപൂർവ്വം ചോദിക്കും.)

അല്ലാഹുവിനെ സ്മരിച്ചും അവനെ പ്രാർത്ഥിച്ചുകൊണ്ടുമാണ് അറഫ യിൽ നിൽക്കേണ്ടത്.

അറഫയിലെ നിറുത്തം സംബന്ധിച്ച വിധി
അറഫയിൽ നിൽക്കൽ ഹജ്ജിന്റെ സുപ്രധാന ഘടകമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. അബ്ദുർ റഹ്മാനുബ്നു യഅ്മൂർ (റ) ഉദ്ധരിക്കുന്നു;

إن رسول اللہ ﷺﷺ أمر مناديا ينادي: الحج عرفة من جاء ليلة جمع قبل طلوع الفجر فقد أدرك (أحمد)
(റസൂൽ (സ) ഒരാളോട് ഇപ്രകാരം വിളിച്ചു പറയാൻ കല്പിച്ചു. ഹജ്ജ് അറഫയാണ്. ജംഇന്റെ രാത്രി ആരെങ്കിലും പ്രഭാതത്തിന് മുമ്പ് അറഫയിൽ വന്നാലും അവന് ഹജ്ജ് ലഭിച്ചിരിക്കും )

സമയം
ദുൽഹിജ്ജ മാസം ഒമ്പതിന് ഉച്ച മുതൽ പത്തിന് പ്രഭാതം വരെയാണ് അറഫയിൽ നിൽക്കാനുള്ള സമയം. ഈ സമയത്തിന് ഇടയ്ക്ക് എപ്പോൾ അറഫയിൽ വന്നാലും അറഫയിൽ നിന്നതായി പരിഗണിക്കും. പകൽ അറഫയിൽ നിൽക്കുന്നവർ സൂര്യാസ്തമയം വരെ നിൽക്കണം. അസ്തമയശേഷമേ മടങ്ങാവൂ. രാത്രി നിൽക്കുന്നവർക്കു ഇത്ര സമയം വരെ എന്ന നിർബന്ധമില്ല.

അറഫയിൽ നിൽക്കുക എന്നതിന്റെ താല്പര്യം അവിടെ സന്നിഹിതനാവുക എന്നതു മാത്രമാണ്. നിൽക്കുകയോ ഇരിക്കുകയോ കിടക്കുകയോ ഉറങ്ങുകയോ നടക്കുകയോ എന്തുമാവാം. അറഫയിൽ നിൽക്കുന്നതിന് ശുദ്ധി ഉപാധിയല്ല. എന്നാൽ അറഫയിൽ നിൽക്കുന്ന ആൾ അല്പസമയമെങ്കിലും ബോധം ഉണ്ടാവണം. മുഴുസമയവും ബോധരഹിതനായിരുന്നാൽ ആ അറഫാ നിറുത്തം സാധുവാകയില്ല. അതിനാൽ അയാൾക്കു ഹജ്ജ് ലഭിക്കുകയുമില്ല. അടുത്ത വർഷം അയാൾ വീണ്ടും ഹജ്ജ് ചെയ്യണം.

അറഫയിൽ എവിടെ നിന്നാലും സാധുവാകും. അവിടെയുള്ള പാറ കൂട്ടത്തിനടുത്താണ് നബി (സ) നിന്നിരുന്നത്. അതിനാൽ അവിടെ നിൽക്കുക കൂടുതൽ പുണ്യകരമാണ്. ജബലുർ റഹ് മയിൽ കയറുന്നതിൽ പ്രത്യേക പുണ്യമോ സുന്നത്തോ ഇല്ല. നബി (സ) പറഞ്ഞു:
وقفت ههنا وعرفة كلها موقف (مسلم، أحمد)
(ഞാൻ ഇവിടെയാണ് നിന്നത്. എന്നാൽ അറഫ മുഴുവൻ നിൽക്കാ നുള്ള ഇടമാണ്.)

അറഫയിൽ നിൽക്കാൻ വേണ്ടി കുളിക്കൽ സുന്നത്താ ണ്. പൂർണ്ണശുദ്ധി, ഖിബ് ലയെ അഭിമുഖീകരിക്കൽ, പാപമോചനത്തിനും മറ്റുമുള്ള പ്രാർത്ഥനകൾ, ദിക്ർ എന്നിവ വർദ്ധിപ്പിക്കൽ ആദിയായവ അറഫയിൽ നിൽക്കുന്നതിന്റെ മര്യാദകളാണ്. ഉസാമതുബ്നു സൈദ് (റ) പറയുന്നു:
كنت ردف النبي بعرفات فرفع يديه يدعو (النسائي)

(അറഫയിൽ ഞാൻ നബി (സ)യുടെ സഹചാരിയായിരുന്നു. അവിടെ നബി (സ) ഇരുകൈകളും ഉയർത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അംറുബ്നു ശുഐബ് പിതാവ് വഴി പിതാമഹനിൽ നിന്ന് ഉദ്ധരി ക്കുന്നു.
كان أكثر دعاء النبي يوم عرفة لاإله إلا الله وحده لا شريك له له الملك وله الحمد بيده الخير وهو على كل شيئ قدير (أحمد، والترمذي)

(അറഫാ നാളിൽ നബി (സ)യുടെ പ്രാർത്ഥന കൂടുതലും لاإله إلا الله وحده لا شريك له له الملك وله الحمد بيده الخير وهو على كل شيئ قدير എന്നതായിരുന്നു.)

അറഫാനാളിലെ നോമ്പ്
അറഫാ ദിനം ശ്രേഷ്ഠദിനമാണെന്നതുപോലെ തന്നെ അറഫാനാളിലെ നോമ്പും അതിശ്രേഷ്ഠമാണ്. എന്നാൽ അറഫയിൽ നിൽക്കുന്ന ഹാജിമാർ അന്ന് നോമ്പനുഷ്ഠിക്കുന്നതു അഭികാമ്യമല്ല. അതു നബി (സ) നിരോധിച്ചിട്ടുണ്ട്. നാട്ടിലുള്ളവർക്കാണ് അത് സുന്നത്തായി നിശ്ചയിച്ചിട്ടുള്ളത്.

അറഫയിൽ വെച്ച് ളുഹ്റും അസറും ജംആയിട്ടാണ് നമസ്കരിക്കേണ്ടത്. നബി (സ) അങ്ങനെയാണ് അവ നമസ്കരിച്ചിരുന്നത്.

ഇഫാദ

അറഫയിൽ നിന്ന് തിരിച്ചുപോവുന്നതിന് “ഇഫാദ’ എന്ന് പറയുന്നു. അറഫ ദിവസം സൂര്യാസ്തമയത്തിനു ശേഷം സമാധാന പൂർവ്വം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കു നീങ്ങേണ്ടതാണ്. ഇഫാദത്തിന്റെ സമയത്തും കഴിയുന്നത് തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കണം. മ​ഗ് രിബും ഇശാഉം അറഫയിൽ വെച്ചല്ല, മുസ്ദലിഫയിൽ വെച്ചാണ് നമസ്കരിക്കേണ്ടത്. ജംഉം ഖസ്റുമായി, മ​ഗ് രിബ് മൂന്നും ഇശാഅ് രണ്ടും റക്അത്താണ് നമസ്കരിക്കേണ്ടത്. മുസ്ലിം ഉദ്ധരിക്കുന്നു.

إنه صلى الله عليه وسلم أتى المزدلفة فجمع بين المغرب والعشاء بأذان واحد وإقامتين ولم يسبح بينهما شيئا (مسلم)
(നബി (സ) മുസ്ദലിഫയിൽ വന്നു. അവിടെ വെച്ച് ഒരു ബാങ്കും രണ്ടു ഇഖാമത്തുമായി മ​ഗ് രിബും ഇശാഉം ജംആയി നമസ്കരിച്ചു. അത് രണ്ടിനുമിടയ്ക്ക് മറ്റൊന്നും നമസ്കരിച്ചിരുന്നില്ല)

മുസ്ദലിഫയിൽ രാത്രി തങ്ങി അവിടെ തന്നെ സുബ്ഹ് നമസ്കരിക്കണം. തുടർന്ന് മശ്അറുൽ ഹറാമിൽ വന്ന് നല്ല പോലെ പ്രകാശം പരക്കുവോളം ദിക്റിലും പ്രാർത്ഥനയിലും മുഴുകണം.

സൂര്യോദയത്തിന് അല്പം മുമ്പായി അവിടെ നിന്ന് മിനയിലെ ജംറത്തുൽ അഖബയിലേക്കു നീങ്ങണം ജാബിർ(റ) പറയുന്നു.

لما أتى المزدلفة صلى المغرب والعشاء ثم اضطجع حتى طلع إنه لم الفجر فصلي الفجر ثم ركب القصواء حتى أتى المشعر الحرام ولم يزل واقفا حتى أسفر جدا ثم دفع قبل طلوع الشمس (مسلم)
(നബി (സ) മുസ്ദലിഫയിൽ വന്ന ശേഷം മ​ഗ് രിബും ഇശാഉം നമസ്കരിച്ചു. പിന്നെ പ്രഭാതമാവും വരെ അവിടെ കിടന്നു. തുടർന്നു ഫജ്ർ നമസ്കരിച്ചു. പിന്നെ ഖസ് വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി മശ്അറുൽ ഹറാമിൽ ചെന്ന് അവിടെ നിന്നു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. നന്നായി പ്രകാശം വ്യാപിക്കുന്നതുവരെ അതു തുടർന്നു. പിന്നെ സൂര്യോദയത്തിന് മുമ്പായി അവിടെനിന്നു പുറപ്പെട്ടു.

മുസ്ദലിഫക്കും മിനാക്കും മധ്യയാണ് മുഹസ്സിർ എന്ന സ്ഥലം അവിടെ എത്തുമ്പോൾ അല്പം ധൃതിയിൽ നടക്കണം. നബി (സ) പറഞ്ഞതായി ജൂബൈറുബ്നു മുത്ഇം (റ) ഉദ്ധരിക്കുന്നു.
كل مزدلفة موقف وارفعوا عن محسر (أحمد)
(മുസ്ദലിഫ മുഴുവൻ രാത്രി തങ്ങാൻ പറ്റിയ സ്ഥലമാണ്. മുഹസ്സി റിൽ വെച്ച് അല്പം കൃതിയിൽ പോവുക)

ബലിദിനം

ദുൽഹിജ്ജ മാസം പത്തിനാണ് ബലിദിനം എന്ന് പറയു ന്നത്. ഹാജിമാർ അന്ന് ബലിനൽകുന്നതുകൊണ്ടാണ് ആ ദിവസത്തിന് അങ്ങനെ പേർ വന്നത്. ജംറയിൽ കല്ലെറിയൽ, ബലി, മുടികളയൽ, ത്വവാഫ് എന്നീ കർമ്മങ്ങൾ അന്ന് നിർവ്വഹിക്കണം.

മുസ്ദലിഫയിൽ നിന്ന് പോന്ന് മിനായിലെത്തിയാൽ അവിടെ ജംറതുൽ അഖബയിൽ കല്ലെറിയുക. പിന്നെ ബലിമൃഗത്തെ അറുക്കുക. ശേഷം മുടികളയുക. പിന്നെ കഅബയിൽ ചെന്ന് ത്വവാഫ് ചെയ്യുക. ഈ ക്രമം നിർബന്ധമല്ല. ഈ ക്രമത്തിലല്ലാതെയും ഈ കാര്യങ്ങൾ ചെയ്തു കൊള്ളാൻ നബി (സ) അനുവാദം നൽകിയിട്ടുണ്ട് . അബ്ദുല്ലാഹി ബ്നു അംറ് (റ) പറയുന്നു.

وقف رسول اللہ ﷺﷺ للناس بمنى والناس يسألونه فجائه رجل فقال : يا رسول الله إني لم أشعر فحلقت قبل أن أنحر فقال رسول اللہ ﷺﷺ اذبح ولا حرج. ثم جاء آخر فقال : يارسول الله إني لم أشعر فنحرت قبل أن أرمي، فقال رسول اللہ ﷺﷺ: ارم ولاحرج، قال : فماسئل رسول الله . عن شيئ قدم ولا أخر إلا قال : افعل ولا حرج (مسلم)

(റസൂൽ (സ) ജനങ്ങൾക്കു ചോദിച്ചറിയാനായി മിനായിൽ നില കൊണ്ടു. ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു. ഒരാൾ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് അറിയുമായിരുന്നില്ല, അങ്ങനെ ഞാൻ അറവ് നടത്തും മുമ്പേ മുടികളഞ്ഞുപോയി. റസൂൽ (സ) പറഞ്ഞു: അറവ് നടത്തുക, സാരമില്ല. പിന്നെ മറ്റൊരാൾ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എനിക്ക് അറിയുമായിരുന്നില്ല, ഞാൻ എറിയും മുമ്പേ അറുത്തു. റസൂൽ (സ) പറഞ്ഞു. സാരമില്ല, പോയി എറിയുക. ആദ്യമോ അവസാനമോ ചെയ്ത ഏതുകാര്യം സംബന്ധിച്ച് ചോദിച്ചാലും നബി (സ) പറയും, സാരമില്ല ചെയ്തുകൊള്ളുക)

യൗമുന്നഹ്റിൽ അഖബയിൽ കല്ലെറിഞ്ഞ് മുടികളയുകയോ വെട്ടുകയോ ചെയ്യുന്നതോടുകൂടി ഇഹ്റാമിൽ നിന്നുള്ള പ്രാഥമിക മുക്തിയായി പിന്നെ അയാൾക്ക് സാധാരണപോലെ വസ്ത്രം ധരിക്കാം. സുഗന്ധം ഉപയോഗിക്കാം. സ്ത്രീസംസർഗ്ഗമല്ലാത്ത എല്ലാം ചെയ്യാം. ഇതിന് അത്തഹല്ലുൽ അവ്വൽ എന്ന് പറയുന്നു. ത്വവാഫുൽ ഇഫാദ കൂടി ചെയ്താൽ ഇഹ്റാമിൽ നിന്ന് പൂർണ്ണമായി മുക്തനായി. ഇതിന് അത്തഹല്ലുലുൽ ഥാനി എന്ന് പറയുന്നു. ത്വവാഫുൽ ഇഫാദ ഹജ്ജിന്റെ നിർബന്ധഘടകങ്ങളിൽ ഒന്നാണ്.

ജംറകൾ എറിയൽ

ഇബ്രാഹിം (അ) ഹജ്ജ്കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ടിരിക്കെ ജംറത്തുൽ അഖബയിൽ വെച്ച് അദ്ദേഹത്തിനു മുമ്പിൽ പിശാച് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം അവിടെ നിന്ന് അവനെ എറിഞ്ഞോടിച്ചു. ജംറത്തുൽ വുസ് ത്വയിലും ജംറതുൽ കുബ്റയിലുമൊക്കെ പ്രത്യക്ഷപ്പെട്ട അവനെ അവിടങ്ങളിൽ നിന്നും എറിഞ്ഞാട്ടി. ഈ സംഭവം ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിട്ടുണ്ട്.

ജംറയിൽ എറിയൽ നിർബന്ധമാണ്. എന്നാൽ അതു ചെയ്തില്ലെങ്കിൽ ഹജ്ജ് അസാധുവായിത്തീരുംവിധമുള്ള അടിസ്ഥാന ഘടകമല്ല. അതു നിർവ്വഹിച്ചില്ലെങ്കിൽ ബലി നിർബന്ധമാവും, ജാബിർ (റ) പറയുന്നു:
رأيت النبي صلى الله عليه وسلم يرمي الجمرة على راحلته يوم النحر ويقول: لتأخذوا عنى مناسككم فإني لا أدري لعلي لا أحج بعد حجتي هذه (مسلم، أحمد، النسائي)

(നബി (സ) വാഹനപ്പുറത്തിരുന്ന് ജംറയെ എറിയുന്നതു ഞാൻ കണ്ടു. നബി (സ) പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ എന്നിൽ നിന്ന് കണ്ടുപഠിക്കുക. എനിക്കറിയില്ല, അടുത്ത കൊല്ലം ഞാൻ ഇതുപോലെ ഹജ്ജ് ചെയ്തില്ലെന്ന് വരാം.)

വളരെ ചെറിയ കല്ലുകൊണ്ടാണ് ജംറ എറിയേണ്ടത്. അബ്ദുർ റഹ്മാൻ അത്തൈമി (റ) പറയുന്നു.
أمرنا رسول الله ﷺ أن نرمي الجمار بمثل حصى الخذف في حجة الوداع (الدارقطني)
(കടലമണിയുടെ വലുപ്പമുള്ള കല്ലുകൾ കൊണ്ട് ജംറകളിൽ എറിയാൻ ഹജ്ജത്തുൽ വിദാഇിൽ റസൂൽ (സ) ഞങ്ങളോട് കല്പിച്ചു.

കല്ലല്ലാത്ത ഒന്നുകൊണ്ടും എറിഞ്ഞാൽ മതിയാവുകയില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്. കല്ലെടുക്കാൻ പ്രത്യേകസ്ഥലം
നിർണ്ണയിച്ചിട്ടില്ലാത്തതുകൊണ്ട് എവിടെനിന്ന് എടുത്താലും മതിയാവും. യമുന്നഹ്റിൽ ജംറതുൽ അഖബയിൽ മാത്രമേ എറിയേണ്ടതുള്ളൂ. അടുത്ത മൂന്നു ദിവസവും മൂന്നു ജംറകളിലും എറിയണം. എന്നാൽ രണ്ടുദിവസം കൊണ്ട് മതിയാക്കാവുന്നതാണ്. മൂന്നുദിവസം എറിയുന്നു വെങ്കിൽ എഴുപതും രണ്ട് ദിവസം കൊണ്ട് മതിയാക്കുന്നുവെങ്കിൽ നാല്പത്തി ഒമ്പതും കല്ലാണ് മൊത്തം വേണ്ടത്. ഓരോ ജംറയിലും ഏഴുവീതം കല്ല്. മൂന്ന് ദിവസം എറിയുന്നുവെങ്കിൽ 7×3=21×3=63+7=70. രണ്ട് ദിവസത്തിൽ ചുരുക്കുന്നുവെങ്കിൽ 73 = 21x2x42+7 = 49.

യൗമുന്നഹ്റിൽ സൂര്യോദയത്തിന് ശേഷം ഉച്ചക്കു മുമ്പും 11, 12, 13 ദിവസങ്ങളിൽ – അയ്യാമുത്തശ് രീഖ് എന്നാണ് ആ ദിവസങ്ങളുടെ പേര് ഉച്ചക്കുശേഷവുമാണ് എറിയേണ്ടത്. കാരണമുണ്ടെങ്കിൽ യൗമുന്നഹ്റിൽ ഉച്ചക്കു ശേഷവും മറ്റു ദിവസങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവു മാവാം. മറ്റു ദിവസങ്ങളിൽ വർദ്ധിച്ച തിരക്കുണ്ടെങ്കിൽ ഉച്ചക്ക് മുമ്പും എറിയാമെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ഓരോ കല്ലെറിയുമ്പോഴും അല്ലാഹു അക്ബർ എന്ന് പറയുന്നതും ഓരോ ജംറയിലും എറിഞ്ഞുകഴിഞ്ഞാൽ ഖിബ് ലക്കഭിമുഖമായി നിന്ന് പ്രാർത്ഥിക്കുന്നതും സുന്നത്താണ്. ജാബിർ (റ) ഉദ്ധരിക്കുന്നു.
إن رسول الله ﷺ كان يكبر مع كل حصاة (مسلم)
(റസൂൽ (സ) ഓരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലുമായി രുന്നു.)

യൗമുന്നഹ്റിൽ സൂര്യോദയത്തിന് ശേഷമേ എറിയാൻ അനുവാദമുള്ളൂ എന്നതു പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായമാണ്. എന്നാൽ സ്ത്രീകൾ, കുട്ടികൾ, ഇടയന്മാർ, ദുർബലർ, മറ്റു ഒഴികഴിവുള്ളവർ ഇവർക്കെല്ലാം സൂര്യോദയത്തിനു മുമ്പ് പാതിരാത്രിക്ക് ശേഷം എറിഞ്ഞു കൊള്ളാൻ ഇളവ് നൽകിയിട്ടുണ്ട്.

മിനായിലെ രാത്രി താമസം

തശ് രീഖിന്റെ മൂന്നു രാത്രികളിൽ അല്ലെങ്കിൽ രണ്ട് രാത്രികളിൽ മിനായിൽ താമസിക്കൽ നിർബന്ധമാണ്. രാത്രി താമസം എന്നതുകൊണ്ട് രാത്രി മുഴുവൻ താമസിക്കൽ ഉദ്ദേശ്യമല്ല. അല്പസമയമെങ്കിലും മിനായിലുണ്ടാവണമെന്നേയുള്ളൂ. എന്നാൽ ഒഴികഴിവുള്ളവർക്ക് ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസം എറിഞ്ഞ് മതിയാക്കുന്നവർ 12ന് മ​ഗ് രിബിന് മുമ്പ് മിനായിൽ നിന്ന് പുറത്തുവരേണ്ടതാണ്. അല്ലാത്തപക്ഷം 13നും എറിയൽ നിർബന്ധമാവും.

ബലിമൃഗം
പുണ്യവും അല്ലാഹുവിന്റെ പ്രതിഫലവും ഉദ്ദേശിച്ച് ഹറമിലേക്കു കൊണ്ടുപോകുന്ന മൃഗത്തെയാണ് ഹദ് യ് എന്ന് പറയുന്നത്.
والهدي معكوفا أن يبلغ محله (الفتح)
(ബലിയാെട്ടകം, അതു അതിന്റെ സ്ഥാനത്തെത്തുന്നതിൽ നിന്ന് തടഞ്ഞിടപ്പെട്ടു) എന്ന ഖുർആൻ വാക്യം ഇതിനെ സൂചിപ്പിക്കുന്നു.

( പിന്നെ അതിനെ കൊണ്ടുവരേണ്ടതു വിശുദ്ധ ഭവനത്തിലേക്കാകുന്നു) എന്ന് സൂറഃ ഹജ്ജിലും പറയുന്നുണ്ട്. ഒട്ടകം, പശു, ആട് എന്ന ക്രമത്തിലാണ് ബലിമൃഗങ്ങളുടെ പ്രാധാന്യം. ഈ മൂന്ന് മൃഗങ്ങളിൽ പരിമിതവുമാണ് അത്. ഒരാൾക്കു ഒരു ആട്, ഏഴു പേർക്കു ഒരു പശു അല്ലെങ്കിൽ ഒരു ഒട്ടകം എന്ന തോതിൽ ബലി നൽകാം. ഒരു ആടിൽ ഒന്നിലധികം പേർക്കു പങ്കുചേരാവതല്ല. ജാബിർ (റ) പറയുന്നു.
حججنا مع رسول الله ﷺ فنحرنا البعير عن سبعة والبقرة عن سبعة (أحمد ومسلم)
(ഞങ്ങൾ റസൂലി (സ)നോടൊപ്പം ഹജ്ജ് ചെയ്തു. അങ്ങനെ ഏഴു പേർക്കു വേണ്ടി ഒരു ഒട്ടകം, ഏഴുപേർക്കു വേണ്ടി ഒരു പശു എന്നി പ്രകാരം ഞങ്ങൾ ബലി നൽകി.

ബലി നിർബന്ധമുള്ളവർ
1. ഹജ്ജിനും ഉംറക്കും ഒന്നിച്ചോ (ഖാരിനായോ), തമത്തുഇന്റെ രീതിയിലോ ഇഹ്റാമിൽ പ്രവേശിച്ചവർക്ക് ബലി നിർബന്ധമാണ്.
2. ഹജ്ജിന്റെ നിർബന്ധകാര്യങ്ങളായ ജംറകൾ എറിയുക, മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കുക, അറഫയിൽ സൂര്യാസ്തമയം വരെ നില്ക്കുക. മിനയിലെ രാത്രി താമസം, മുസ്ദലിഫയിലെ രാത്രി താമസം, വിദാഇന്റെ തവാഫ് തുടങ്ങിയവയിൽ വല്ലതും വിട്ടുപോയാൽ ബലി നിർബന്ധമാണ്.
3. ഇഹ്റാമിൽ ഏർപ്പെട്ടാൽ ചെയ്യാൻ പാടില്ലാത്ത സ്ത്രീസംസർഗ്ഗം ഒഴിച്ചുള്ള വല്ലതും ചെയ്താലും ബലി നിർബന്ധമാണ്. തുന്നിയ വസ്ത്രം ധരിക്കുക, മുടികളയുക, സുഗന്ധം ഉപയോഗിക്കുക ആദിയായവ ഉദാഹരണം.
4. ഹറമിൽ വെച്ച് ചെയ്യാൻ പാടില്ലാത്ത വേട്ട, ചെടി മുറിക്കൽ തുടങ്ങിയ കാര്യങ്ങൾ വല്ലതും ചെയ്താലും ബലി നിർബന്ധമാവും.

ബലിമൃഗത്തിന്റെ നിബന്ധനകൾ
ഒട്ടകമെങ്കിൽ അഞ്ചും പശുവെങ്കിൽ രണ്ടും വർഷവും ആടെങ്കിൽ ആറുമാസവും പ്രായമായതാവണം ബലിമൃഗം, ചൊറി പിടിച്ചത്, കൊമ്പ് പൊട്ടിയത്, ചെവി മുറിഞ്ഞത്, മുടന്തുള്ളത് ഇങ്ങനെ അംഗവൈകല്യങ്ങൾ സംഭവിക്കാതെ കുറ്റമറ്റതാവണം. ഈ ഗുണങ്ങളൊക്കെ ഒക്കാത്ത വയാണെങ്കിൽ അവ ബലിക്ക് മതിയാവുകയില്ല.

ബലിമൃഗത്തെ ബലിമൃഗമാണെന്ന് തിരിച്ചറിയാൻ പാകത്തിൽ പൂഞ്ഞ അല്പം മുറിച്ച് രക്തം ഒഴുക്കുക, കഴുത്തിൽ തുകൽ കഷ്ണം പോലെ വല്ലതും കെട്ടിത്തൂക്കുക തുടങ്ങിയവ സുന്നത്താണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ പരസ്യപ്പെടുത്തുക, അവയെ ആദരിക്കുക എന്നിവയാണ് ഇതിലടങ്ങിയ തത്വം.

ബലിമൃഗത്തെ തല്ക്കാലം യാത്രക്കും മറ്റും ഉപയോഗിക്കുന്നതു തെറ്റല്ല. സമയമാവുമ്പോൾ ഹറമിൽ എത്തിക്കണമെന്നു മാത്രം.

യമുന്നഹ് റിലോ തശ് രീഖിന്റെ മൂന്നു ദിവസങ്ങളിലോ വേണം ബലിമൃഗത്തെ അറുക്കുന്നത്. അത് ഹറമിന്റെ പരിധിക്കുള്ളിൽ വെച്ചാവുകയും വേണം. നബി (സ) പറഞ്ഞു. (മിന മുഴുവൻ അറുക്കാവുന്ന സ്ഥലമാണ്). ഹജ്ജ് നിർവ്വഹിക്കുന്നവർ മിനയിൽ വെച്ചും ഉംറ നിർവ്വഹിക്കുന്നവർ മർവയിൽ വെച്ചുമാണ് അറുക്കേണ്ടത്.

ഇപ്പറഞ്ഞതത്രയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട ബലിയുടെ കാര്യമാണ്. എന്നാൽ നേർച്ച, പ്രായശ്ചിത്തം, ദാനം ആദിയായി വല്ല ബലിയുമുണ്ടെങ്കിൽ അതു എവിടെ വെച്ചും എപ്പോഴും ആകാവുന്നതാണ്.

മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി ഒട്ടകത്തെ ഇടതുകൈ കെട്ടി നിറുത്തിയാണ് അറുക്കുക. ഖുർആൻ പറയുന്നു: فاذكروا اسم الله عليها صواف (الحج)
(ഒട്ടകത്തെ മൂന്നുകാലിൽ നിറുത്തിയ അവസ്ഥയിൽ അറുക്കുമ്പോൾ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക)

ജാബിർ (റ) പറയുന്നു:
إن النبي وأصحابه كانوا ينحرون البدنة معقولة اليسرى قائمة على ما بقي منها (أبوداود)
(നബി (സ)യും സഹാബിമാരും ഒട്ടകത്തെ ഇടതുകാലുകെട്ടി ബാക്കി കാലുകളിൽ നിൽക്കുന്ന അവസ്ഥയിലാണ് അറുത്തിരുന്നത്.

ബലി നൽകുന്ന ആൾ തന്നെ അറുക്കുന്നതാണ് സുന്നത്ത്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അറുക്കുന്ന സമയം അയാൾ അവിടെ സന്നിഹിത നാവൽ സുന്നത്താണ്.

അറവുകാരന്റെ കൂലി ബലിമൃഗത്തിൽനിന്ന് നൽകാവതല്ല. അതിന്റെ മാംസവും തോലുമെല്ലാം ദാനം ചെയ്യാനുള്ളതാണ്.

ബലിമൃഗത്തിന്റെ മാംസം ബലി നൽകിയവന് ഭക്ഷിക്കാം. മറ്റുള്ളവർക്കു ദാനം നൽകുകയും വേണം.
فكلوا منها وأطعموا البائس الفقير (الحج)
(അതിൽനിന്ന് നിങ്ങൾ തിന്നുക. ദരിദ്രനെയും പ്രയാസപ്പെടുന്നവനെയും ഭക്ഷിപ്പിക്കുകയും ചെയ്യുക.)

ബലിമൃഗത്തിന്റെ മാംസം ബലിയർപ്പിക്കുന്ന ആൾക്ക് എത്രയെടുക്കാം, എത്രദാനം ചെയ്യണം എന്നതു സംബന്ധിച്ച് കൃത്യമായ അളവ് നിർണ്ണയിച്ചിട്ടില്ല. അത്യാവശ്യത്തിന് വേണ്ടതെടുത്ത് ബാക്കി ദാനം ചെയ്യുന്നതാണ് ഏറ്റം നല്ലത്.

മുടികളയലും മുറിക്കലും

ഹജ്ജിൽ നിന്നും ഉംറയിൽ നിന്നും വിരമിക്കുന്നത് തലമുടി കളഞ്ഞു കൊണ്ടോ മുറിച്ചു കൊണ്ടോ ആവണമെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഖുർആൻ വഴിയായും സുന്നത്ത് വഴിയായും സ്ഥിരപ്പെട്ട ഒന്നാണത്. ഖുർആൻ പറയുന്നു:

لقد صدق الله رسوله الرؤيا بالحق لتدخلن المسجد الحرام إن شاء الله آمنین محلقين رؤوسكم ومقصرين لا تخافون (الفتح)
(അല്ലാഹു ഉദ്ദേശിച്ചെങ്കിൽ സമാധാനചിത്തരായും പേടിക്കാതെയും തലമുണ്ഡനം ചെയ്തോ മുടിവെട്ടിയവരായോ നിങ്ങൾ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുമെന്നുള്ള സ്വപ്നം അല്ലാഹു സത്യമായും തന്റെ ദൂതന്ന് യാഥാർത്ഥ്യമാക്കിക്കൊടുത്തു.)
ഹദീഥിൽ ഇപ്രകാരം കാണാം.
أنَّ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ قالَ: رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ رحمَ اللَّهُ المحلِّقينَ قالوا والمقصِّرينَ يا رسولَ اللَّهِ قالَ والمقصِّرين ( البخاري ومسلم)
(തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് നബി (സ) പ്രാർത്ഥിച്ചു. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മുടി വെട്ടിയവരെയും നബി (സ) അപ്പോഴും പറഞ്ഞു: തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവർ പറഞ്ഞു: അല്ലാഹു വിന്റെ ദൂതരേ, മുടിവെട്ടിയവരെയും നബി (സ) പിന്നെയും പറഞ്ഞു: തല മുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, മുടിവെട്ടിയവരെയും നബി പറഞ്ഞു. മുടിവെട്ടിയവരെയും)

തഹല്ലുലിന് മുടി വെട്ടിയാലും മതി എന്നും തലമുണ്ഡനം ചെയ്യലാണ് ഏറ്റവും ഉത്തമമെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നു. ചുരുങ്ങിയതു മൂന്നു മുടിയെങ്കിലും വിരൽ വലുപ്പത്തിൽ വെട്ടണം. സ്ത്രീകൾ മുടി കൂട്ടിപ്പിടിച്ച് മുൻഭാഗത്തേക്കെടുത്ത് അറ്റം വിരൽ വലുപ്പത്തിൽ വെട്ടുകയാണ് വേണ്ടത്. അവർ മുടി കളയാൻ പാടില്ല. ഹജ്ജിൽ ഏർപ്പെട്ടവർ മുടി വെട്ടുന്നതു ഹറമിൽ വെച്ച് യൗമുന്നഹ്റിലോ തശ് രീഖിന്റെ ദിവസങ്ങളിലോ ആവണം. ഉംറ ചെയ്യുന്നവർ സഅ് യിനു ശേഷം മർവയുടെ അടുത്തു വെച്ചും. കഷണ്ടി കാരണം മുടിയില്ലെങ്കിൽ കത്തി കൊണ്ട് തലവടിക്കണം. മുടി കളഞ്ഞാൽ മീശവെട്ടലും നഖം മുറിക്കലും സുന്നത്താണ്. സ്ത്രീകൾ മുടിവെട്ടുന്നതു സംബന്ധിച്ച് നബി (സ) പറയുന്നു:
ليس على النساء حلق وإنما على النساء التقصير (أبوداود)
(സ്ത്രീകൾ മുടി കളയരുത്. അവർ മുടിവെട്ടുകയേ ചെയ്യാവൂ.)

ത്വവാഫുൽ ഇഫാദ:

യമുന്നഹ്റിൽ ജംറത്തുൽ അഖബയിൽ കല്ലെറിഞ്ഞ് മുടികളഞ്ഞ്, ബലി നൽകിയ ശേഷം ചെയ്യുന്ന ത്വവാഫിന് “ത്വവാഫുൽ ഇഫാദ’ ” എന്നു പറയുന്നു. ഇതു ഹജ്ജിന്റെ റുക്നാണ് (നിർബന്ധ ഘടകം) എന്നതു പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായമാണ്. അതു നിർവ്വഹിക്കാഞ്ഞാൽ ഹജ്ജ് അസാധുവായിത്തീരും. ഖുർ ആൻ പറയുന്നു:
(അവർ വിശുദ്ധ ഭവനത്തെ ത്വവാഫ് ചെയ്യട്ടെ.)

യൗമുന്നഹ്റിന്റെ തലേ രാത്രി പാതി കഴിഞ്ഞാൽ ത്വവാഫുൽ ഇഫാദ യുടെ സമയം തുടങ്ങും. അതവസാനിക്കുന്ന സമയം നിർണ്ണിതമല്ല എന്നാൽ അയ്യാമുത്തശ് രീഖിന് ശേഷത്തേക്ക് നീട്ടിവെക്കുന്നതു ഉത്തമമല്ല. കറാഹത്തുമാണ്. യൗമുന്നഹ്റിൽ അത് പകൽ ആദ്യത്തിലാവുന്നതാണ് ഏറ്റം ഉത്തമം. സ്ത്രീകൾ യമുന്നഹ്റിൽ എത്രയും വേഗം അതു നിർവ്വഹിക്കലാണ് നല്ലത്. ആർത്തവത്തിന് സാധ്യതയുണ്ടെങ്കിൽ വിശേഷിച്ചും. ഹജ്ജ് പൂർത്തിയായും നിർവ്വഹിക്കുംവരെ ആർത്തവമില്ലാതിരിക്കാൻ മരുന്നു കഴിക്കാവുന്നതാണ്.

ത്വവാഫുൽ വിദാഅ്

മക്കാ നിവാസികളല്ലാത്ത ഹാജിമാർ ഹജ്ജ് നിർവഹിച്ച ശേഷം മക്കാ വിടാനൊരുങ്ങുമ്പോൾ നിർവ്വഹിക്കുന്നതാണ് വിദാഇന്റെ ത്വവാഫ്. വിടവാങ്ങുക എന്ന അർത്ഥത്തിൽ വിദാഇന്റെ ത്വവാഫ് എന്നും പിരി ഞ്ഞുപോവുക എന്ന അർത്ഥത്തിൽ ത്വവാഫു സ്വദ്ർ എന്നും ഇതിന് പറ യാറുണ്ട്. ഹാജിമാർ ചെയ്യുന്ന അവസാന കർമ്മമാണത്. മക്കാനിവാസികൾ അതു നിർവ്വഹിക്കേണ്ടതില്ല. ആർത്തവമുള്ള സ്ത്രീകൾക്ക് അതു നിർബന്ധമില്ല. അതൊരു സുന്നത്ത് ഐഛികം മാത്രമാണ്. അതിനാൽ അതു ചെയ്യാതിരുന്നാൽ പ്രായശ്ചിത്തം നിർബന്ധമാവുന്നില്ല.

കർമ്മങ്ങളെല്ലാം കഴിഞ്ഞ് മക്കവിടാനൊരുങ്ങുമ്പോഴാണ് ത്വവാഫുൽ വിദാഇന്റെ സമയം. ത്വവാഫുൽ വിദാഅ് നിർവ്വഹിച്ചാൽ ഉടനെ മക്കവിടണം. ത്വവാഫിന് ശേഷം മക്കവിടാൻ വൈകിയാൽ പിന്നെയും ത്വവാഫ് ചെയ്യണം.

വേഗം തിരിച്ചുപോവുക
ഹജ്ജ് നിർവ്വഹിച്ചാൽ ഉടനെ തിരിച്ചു പോകലാണ് നല്ലത്. നബി (സ) പറയുന്നു.

إذا قضى أحدكم حجه فليتعجل إلى أهله فإنه أعظم لأجره (الدارقطني)
(നിങ്ങളിൽ ആരും ഹജ്ജ് നിർവ്വഹിച്ചാൽ വേഗം കുടുംബത്തിലേക്ക് മടങ്ങട്ടെ. അതാണ് അയാൾക്ക് കൂടുതൽ പ്രതിഫലാർഹമായിട്ടുള്ളത്.)

തടസ്സം നേരിട്ടാൽ
ഹജ്ജോ ഉംറയോ ചെയ്യാനായി ഇഹ്റാമിൽ ഏർപ്പെട്ടശേഷം അതു പൂർത്തീകരിക്കാൻ പറ്റാത്ത വിധം വല്ല തടസ്സവും നേരിട്ടാൽ ആട്, പശു, ഒട്ടകം എന്നിവയിൽ ഒന്നിനെ ബലി നൽകണം. എവിടെ വെച്ചാണോ തടസ്സം നേരിട്ടതു അവിടെ വെച്ച് അറുത്താൽ മതിയാവും. ബലി നൽകി മുടികളഞ്ഞ് അവന്ന് തഹല്ലുലാവാം. ഹജ്ജ് നിർബന്ധമുള്ളവനെങ്കിൽ അടുത്ത കൊല്ലം അതു നിർവ്വഹിക്കണം. ഹജ്ജ് നിർബന്ധമില്ലെങ്കിൽ അടുത്തവർഷം നിർവ്വഹിക്കൽ നിർബന്ധമില്ല.

കഅ്ബയെ ആവരണമണിയിക്കൽ
ഇസ്ലാമിന് മുമ്പേ അറബികൾ കഅബയെ ആവരണമണിയിക്കു മായിരുന്നു. ഇസ്ലാമും അത് അംഗീകരിച്ചു. യമനിൽ നിർമ്മിച്ച പ്രത്യേക വസ്ത്രം കൊണ്ട് നബി (സ) അതിനെ ആവരണമണിയിച്ചു. ഉമറും (റ) ഉഥാനും (റ) അതു തുടർന്നു. ഉഥ്മാൻ (റ) ഈജിപ്തിൽ നിന്നു കൊണ്ടുവന്ന വസ്ത്രമാണ് അണിയിച്ചിരുന്നത്. കഅബയുടെ ചുമരുകളിൽ സുഗന്ധദ്രവ്യങ്ങൾ തളിക്കുന്നതും സുന്നത്താണ്.

അനീതിപരവും അക്രമപരവുമായ യാതൊന്നും കഅബയിലും പരിസരത്തും വെച്ച് ചെയ്യാവതല്ല. നന്മക്ക് ഇരട്ടി പ്രതിഫലം പോലെ അവിടെ തിന്മക്ക് ഇരട്ടി ശിക്ഷയും ലഭിക്കും. ഖുർആൻ പറയുന്നു.
ومن يرد فيه بإلحاد بظلم نذقه من عذاب أليم (الحج)
(അതിൽ ആർ അതിക്രമമായി അനീതി ഉദ്ദേശിച്ചാലും നാം അവന് വേദനിപ്പിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുന്നതാണ്. )

മൂന്ന് പള്ളികൾ
പുണ്യം ഉദ്ദേശിച്ച് യാത്ര ചെയ്യാവുന്ന മൂന്ന് പള്ളികളാണ് ലോകത്തു ള്ളത്. നബി (സ) പറയുന്നു:

لاتشد الرحال إلا إلى ثلاثة مساجد المسجد الحرام ومسجدي هذا ومسجد إيليا
(മൂന്നു പള്ളികളിലേക്കു മാത്രമേ യാത്ര ചെയ്യേണ്ടതുള്ളൂ. മസ്ജിദുൽ ഹറാമും എന്റെ ഈ പള്ളിയും ഈലിയാഇലെ പള്ളിയും.)

صلاة في مسجدي أفضل من ألف صلاة فيما سواه إلا المسجد الحرام وصلاة في المسجد الحرام أفضل من مائة ألف صلاة فيما سواه.

(എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരം മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നമസ്കരിക്കുന്നതിനെക്കാൾ ഉത്തമമാണ്. മസ്ജിദുൽ ഹറാമിലൊഴികെ. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള ഒരു നമസ്കാരം മറ്റു പള്ളികളിൽ വെച്ച് ഒരു ലക്ഷം തവണ നമസ്കരിക്കുന്നതിലും കൂടുതൽ ശ്രേഷ്ഠമാണ്.

മദീന
മക്കക്കു ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള സ്ഥലമാണ് മദീന. ഇസ്ലാമിന്റെ ഗോപുരം, ഈമാനിന്റെ ഗേഹം, ഹിജറയുടെ നാട്, ഹലാൽ ഹറാമുകളുടെ രംഗഭൂമി എന്നിങ്ങനെ നബി (സ) മദീനയെ പ്രശംസിച്ചതായി ഹദീഥിൽ വന്നിട്ടുണ്ട്. നബി (സ) പറയുന്നു.

إن الإيمان ليأزر إلى المدينة كما تأزر الحية إلى جحرها (البخاري) (സർപ്പം മാളത്തിലെന്ന പോലെ ഈമാൻ മദീനയെ അഭയം പ്രാപിക്കും.)

മദീനയിൽ വെച്ച് മരണമടയുന്നത് പോലും പുണ്യമുള്ള കാര്യമാണെന്ന് ഹദീഥിൽ പ്രസ്താവിച്ചു കാണാം. നബി (സ) സ്വഹാബികളോട് ഇപ്രകാരം പറഞ്ഞതായി ത്വബറാനി ഉദ്ധരിക്കുന്നു.

من استطاع منكم أن يموت بالمدينة فليمت فإنه من مات بها كنت له شهيدا أو شفيعا يوم القيامة (الطبراني)
(നിങ്ങളിൽ ആർക്കെങ്കിലും മദീനയിൽ മരണപ്പെടാൻ സാധിക്കുമെങ്കിൽ അവൻ അവിടെ വെച്ചാവട്ടെ മരിക്കുന്നത്. അവിടെവെച്ച് മരിക്കുന്ന വർക്ക് ഞാൻ അന്ത്യനാളിൽ സാക്ഷിയും ശുപാർശകനുമായിരിക്കും.)

നബി (സ)യുടെ നേതൃത്വത്തിൽ പൂർണ്ണരൂപത്തിലുള്ള ഒരിസ്ലാമിക സാമൂഹിക വ്യവസ്ഥ നിലവിൽ വന്നത് മദീനയിലാണ്. അല്ലാഹുവിങ്കൽ നിന്നു ലഭിച്ച ദിവ്യബോധനമനുസരിച്ച് ജീവിതത്തിൽ എല്ലാ രംഗങ്ങളിലേക്കുമാവശ്യമായ ശിക്ഷണ നിർദ്ദേശങ്ങൾ നൽകി സത്യവിശ്വാസികളുടെ ഒരു മാതൃകാസമൂഹത്തെ നബി (സ) വളർത്തിയെടുത്തതും അവിടെയാണ്.

മദീനയിൽ ചെന്നാൽ ആദ്യം മസ്ജിദുന്നബവിയിൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നത് സുന്നത്താണ്. അനന്തരം നബി (സ) യുടെ ഖബറിനടുത്ത് ചെല്ലുക. എന്നിട്ട് അസ്സലാമു അലൈക്ക യാ റസൂലല്ലാഹ് എന്ന് പറയുക. പിന്നെ, അബക്കറി (റ)ന്റെ ഖബറിനടുത്ത് ചെന്ന് അസ്സലാമു അലൈക്ക യാ അബാബകർ എന്നും തൊട്ടടുത്ത് ഉമറി(റ)ന്റെ ഖബറിനടുത്ത് ചെന്ന് അസ്സലാമു അലൈക്ക യാ ഉമർ എന്നും പറയുക. ഇത്രയുമാണ് മദീനയിൽ ചെന്നാൽ ചെയ്യേണ്ടത്.

ഉംറ

സന്ദർശനം എന്നാണ് ‘ഉംറ’ എന്ന പദത്തിന്റെ അർഥം. കഅ്ബാ സന്ദർശനമാണുദ്ദേശ്യം. ഇഹ്റാം, കഅ്ബയെ ത്വവാഫ് ചെയ്യൽ, സഫാ മർവകൾക്കിടയിലെ സഅ് യ്, മുടി മുറിക്കൽ എന്നിവയാണ് ഉംറയുടെ റുക്നുകൾ. അതായത് ഹജ്ജിന്റെ റുകുനുകളിൽ അറഫയിൽ നിൽക്കൽ ഒഴിച്ചുള്ളവ.

പ്രാധാന്യം
ഉംറയും ഹജ്ജ് പോലെ പ്രാധാന്യമുള്ള ഒരനുഷ്ഠാനമാകുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു.

إن النبي ﷺﷺ قال: العمرة إلى العمرة كفارة لما بينهما والحج المبرور
നബി (സ) പറഞ്ഞു. ഒരു ഉംറ മറ്റൊരു ഉംറ വരെ സംഭവിക്കുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ്. ഗുണപൂർണമായ ഹജ്ജാവട്ടെ അതിന്റെ പ്രതിഫലം സ്വർഗമാകുന്നു.

അല്ലാ ഹുവിന്റെ ഭവനത്തെ ആദരിക്കാനും അവിടെയെത്തി അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുമുള്ള താൽപര്യവും അതിനായി ചെലവഴിക്കുന്ന സമ്പത്തും ശാരീരിക പ്രയത്നവുമാണ് ഉംറയെ ശ്രേഷ്ഠ കർമമാക്കുന്നത്.

നിർബന്ധമോ സുന്നത്തോ?
ഉംറ നിർവഹിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല . എന്നാൽ അത് നിർബന്ധമാണോ സുന്നത്തു മാത്രമാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്. ഹനഫീ പണ്ഡിതന്മാരും ഇമാം മാലികും(റ) പറയുന്നത് അത് സുന്നത്താണെന്ന്. ഇമാം അഹ്മദും തിർമിദിയും ഉദ്ധരിച്ച ഹദീഥാണ് അവരുടെ തെളിവ്. ജാബിർ (റ) പറയുന്നു.
أن النبي سئل عن العمرة أواجبة هي؟ قال: لا، وأن تعتمروا هو أفضل.
(ഉംറ നിർബന്ധമാണോ എന്ന് നബി (സ) യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങൾ ഉംറ നിർവഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ ശാഫിഈ പണ്ഡിതന്മാരും അഹ്മദുബ്നു ഹംബലും (റ) പറയുന്നത് അത് നിർബന്ധമാണെന്നാണ്.

(അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർത്തിയാക്കുവിൻ എന്ന ആയത്താണ് അവരുടെ തെളിവ്. )

സമയം
ഹജ്ജിനുള്ളതുപോലെ ഉംറക്ക് നിശ്ചിത സമയമില്ല. ഏതുകാലത്തും അത് നിർവഹിക്കാവുന്നതാണ്. എന്നാൽ റമദാൻ മാസത്തിൽ അതിന് പ്രാധാന്യം കൂടും. ഇബ്നു അബ്ബാസ് (റ) പറയുന്നു:
أنَّ النَّبيَّ ﷺ قَالَ: عُمرَةٌ في رمَضَانَ تَعدِلُ حجة (أحمد وابن ماجة)
നബി (സ) പറഞ്ഞു. റമദാനിൽ നിർവഹിക്കുന്ന ഉംറ ഹജ്ജിന് തുല്യമാണ്.

ഹജ്ജ് മാസങ്ങളിൽ ഉംറ നിർവഹിച്ചുകൂടെന്നായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം. ഇസ്ലാം അതു തിരുത്തി. ഹജ്ജ് മാസങ്ങളിൽ ഉംറയും നിർവഹിക്കാൻ ഇസ്ലാം അനുവദിച്ചു. ആ നിയമത്തിന് അന്ത്യനാൾ വരെ മാറ്റമില്ല.

ആവർത്തനം
ആവർത്തിക്കുന്നത് നല്ലതാണെന്ന് മുകളിൽ കൊടുത്ത ഇബ്നുഅബ്ബാസിന്റെ ഹദീഥിൽ നിന്ന് ഗ്രഹിക്കാം.
എന്നാൽ ഒരേകൊല്ലം അത് ആവർത്തിക്കാമോ? ആയിശാ (റ) ഒരേ വർഷം മൂന്ന് തവണ ഉംറ നിർവഹിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാ ഹി ബ്നു ഉമർ (റ) വർഷത്തിൽ രണ്ടു തവണ ഉംറ നിർവഹിച്ചതായും കാണാം. ഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങിനെ ആവർത്തിക്കുന്നതിന് അനുകൂലമാണ്.

ലോകത്തിന്റെ പലഭാഗങ്ങളിലും മുസ്ലിംകൾ ദാരിദ്ര്യത്താൽ ക്ലേശിക്കുമ്പോൾ സാമ്പത്തിക ശേഷിയുള്ളവർ അവരെ സഹായിക്കുന്നതിനു പകരം തങ്ങളുടെ ധനം വീണ്ടും വീണ്ടും ഉംറ ചെയ്യാൻ വേണ്ടി ചെല ചലവഴിക്കുന്നത് അഭികാമ്യമല്ലെന്ന് ആധുനിക കാലത്തെ പ്രമുഖ പണ്ഡതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിർവഹണരീതി
മീഖാത്ത്
ഇഹ്റാമിൽ പ്രവേശിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മീഖാത്തുകൾക്ക് പുറത്തുനിന്ന് വരുന്നവനെങ്കിൽ ഉംറ നിർവഹിക്കുന്നയാൾ സഞ്ചരിക്കുന്ന മാർഗത്തിലെ മീഖാത്തിൽ നിന്ന് വേണം ഇഹ്റാമിൽ പ്രവേശിക്കുന്നത്. മീഖാത്തിനുള്ളിലുള്ളവർക്ക് ഹറമിന്റെ പുറത്ത് എവിടെവെച്ചും ഇഹ്റാമിൽ പ്രവേശിക്കാം. ആയിശ (റ) ഉംറ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ നബി (സ) അവരോട് തൻഈമിൽ ചെന്ന് ഇഹ്റാമിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതാണ് തെളിവ്. ഉംറ നിർവഹിക്കേണ്ടതിന്റെ രീതി താഴെ പറയുന്നു.

1. ഇഹ്റാം:
ഹജിനെന്നപോലെ ഉംറക്കും ഇഹ്റാം നിർബന്ധമാണ്. ഹജ്ജിന് ഇഹ്റാം ചെയ്യുന്ന രീതിയിൽ തന്നെയാണ് ഉംറക്കും വസ്ത്രമണിയേണ്ടത്. ഹജ്ജിന് ഇഹ്റാം ചെയ്താൽ നിഷിദ്ധമാകുന്ന പ്രവൃത്തികളെല്ലാം ഉംറക്ക് ഇഹ്റാം ചെയ്യുന്നതോടെയും നിഷിദ്ധമാകും.
2. ത്വവാഫ്
കഅ്ബയെ ഏഴു പ്രാവശ്യം വലയം വെക്കുകയാണ് ഉംറയുടെ രണ്ടാമത്തെ ഘടകം. ത്വവാഫിന്റെ രൂപം മുമ്പ് വിശദീകരിച്ചിട്ടുണ്ട്.
3. സഅ്:
തവാഫിന് ശേഷം സഅ് യ് ചെയ്യണം. സഫാ മർവാ കുന്നുകൾക്കിടയിൽ നടക്കുന്നതിനാണ് സഅ് യ് എന്ന് പറയുന്നത്. സഫയിൽ നിന്ന് തുടങ്ങി മർവയിൽ അവസാനിക്കുന്നതാണ് ഒരു സഅ് യ് , മർവയിൽനിന്ന് തുടങ്ങി സഫയിൽ അവസാനിക്കുന്നത് രണ്ടാമത്തെ സഅ് യ്. ഇങ്ങിനെ ഏഴു പ്രാവശ്യമാണ് സഅ് യ് ചെയ്യേണ്ടത്.

ത്വവാഫിന് ശേഷം മഖാമു ഇബ്റാഹീമിനടുത്തു വെച്ച് രണ്ട് റക്അത് സുന്നത്ത് നമസ്കരിക്കുകയും അനന്തരം സംസം വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് സഅ് യ് നിർവഹിക്കേണ്ടത്
4. മുടിമുറിക്കൽ
സഅ് യിന് ശേഷം തലമുടി കളയുകയോ വെട്ടുകയോ ചെയ്യണം. ഉംറയുടെ നാലാമത്തെ ഘടകമാണത്. മുടിയെടുക്കുന്നതോടെ ഉംറ യിൽനിന്ന് വിരമിക്കുന്നു.

Prev Post

മദീനാ സന്ദർശനം

Next Post

ഹജ്ജ് സംശയങ്ങള്‍ക്ക് മറുപടി

post-bars

Related post

You cannot copy content of this page