ഹജ്ജ്- നിർവചനം
അല്ലാഹു പറയുന്നു.
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ ﴿96﴾ فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَاهِيمَ وَمَن دَخَلَهُ كَانَ آمِنًا وَلِلّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً وَمَن كَفَرَ فَإِنَّ الله غَنِيٌّ عَنِ الْعَالَمِينَ ﴿97﴾
( തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും. അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്. – ആലു ഇംറാൻ 96,97)
ത്വവാഫ്, സഅ് യ്, അറഫയിലെ നിറുത്തം തുടങ്ങിയ കർമങ്ങൾ നിർവഹിക്കുക വഴി അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുകയും അവന്റെ തൃപ്തി നേടുകയും ചെയ്യാൻ മക്കയെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടനമാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നും നിർബന്ധാരാധനയുമാണിത്. ഹജ്ജിനെ നിഷേധിച്ചവൻ മതനിഷേധിയാവുകയും ദീനിൽനിന്ന് പുറത്തുപോവുകയും ചെയ്തു. ഹജ്ജ് നിർബന്ധമായത് ഹിജ്റ ആറാം കൊല്ലത്തിലാണന്നാണ് ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം.
കാരണം, وأتموا الحج والعمرة لله
(അല്ലാഹുവിന് വേണ്ടി നിങ്ങൾ ഹജ്ജും, ഉംറയും പൂർത്തിയാക്കുക) എന്ന ഖുർആൻ സൂക്തം അവതരിച്ചത് അന്നാണ്.
ഇവിടെ أتموا (പൂർത്തിയാക്കുക) എന്നത് നിർബന്ധിതത്വത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത് എന്ന അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം أتموا എന്നേടത്ത് അൽഖമ, മസ്ഖ്, ഇബ്റാഹീമൂന്നഖഈ എന്നിവരുടെ അഖീമൂ (നിലനിർത്തുക) എന്ന ഖിറാഅത്ത് ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഹജ്ജ് നിർബന്ധമായത് ഒമ്പതാമത്തെയോ പത്താമത്തെയോ വർഷത്തിലാണന്ന അഭിപ്രായത്തിനാണ് ഇബ്നുൽ ഖയ്യിം മുൻഗണന കല്പിച്ചിട്ടുള്ളത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp