മറ്റുള്ളവർക്കുവേണ്ടി ഹജ്ജ്
ഒരാൾക്ക് ഹജ്ജ് ചെയ്യാൻ മാർഗ്ഗമുണ്ടാവുകയും പിന്നീട് രോഗമോ വാർധക്യമോ കാരണം അത് നിർവഹിക്കാൻ സാധ്യമാവാതെവരികയും ചെയ്താൽ മറ്റൊരാളെക്കൊണ്ട് തനിക്ക് വേണ്ടി ഹജ്ജ് ചെയ്യിക്കൽ അയാൾക്ക് നിർബന്ധമാണ്. കാരണം, ദുർബലനായതിനാൽ സ്വയം ഹജ്ജ് ചെയ്യാൻ കഴിയുമെന്ന് അയാൾക്ക് പ്രതീക്ഷയില്ല. ഫലത്തിൽ അയാൾ മൃതിയടഞ്ഞതുപോലെയാണ്. അതിനാൽ മറ്റൊരാൾ അയാളെ പ്രതിനിധീകരിക്കേണ്ടതുണ്ട്.
ഫദ്‌ലുബ്നു അബ്ബാസിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസും ഇതിന് തെളിവാണ്. ഖസ്തം ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഹജ്ജിന്റെ വിഷയത്തിൽ അല്ലാഹു തന്റെ അടിമകൾക്ക് നിർബന്ധമാക്കിയ ബാധ്യത, എന്റെ പിതാവ് വൃദ്ധനായിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഒത്തുകൂടിയിരിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് വാഹനപ്പുറത്ത് നിവർന്നിരിക്കാൻ പോലും സാധ്യമല്ല. അദ്ദേഹത്തിന് പകരമായി എനിക്ക് ഹജ്ജ് ചെയ്യാമോ? തിരുമേനി പറഞ്ഞു: “അതെ, ചെയ്യാം. ഹജ്ജത്തുൽ വിദാഇൽ ആയിരുന്നു ഈ സംഭവം. (ബുഖാരി മുതൽ ഏഴു പേരും ഉദ്ധരിച്ചത്.)
തിർമിദി പറയുന്നു. ഈ വിഷയത്തിൽ ഒന്നിലധികം ഹദീസുകൾ നബി (സ)യിൽ നിന്ന് പ്രബലമായി വന്നിട്ടുണ്ട്. നബി (സ)യുടെ സ്വഹാബികളും അല്ലാത്തവരുമായ പണ്ഡിതൻമാർ പ്രാവർത്തികമാക്കിയതും ഇത് തന്നെ. മരണപ്പെട്ടവർക്കു വേണ്ടി ഹജ്ജ് ചെയ്യണമെന്നാണ് അവരുടെ അഭിമതം.
സൗരി, ഇബ്നുൽ മുബാറക്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖ് എന്നിവരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ മാലികിന്റെ അഭിപ്രാ യത്തിൽ അയാൾ ഹജ്ജ് ചെയ്യാൻ വസ്വിയ്യത്ത് ചെയ്താൽ മാത്രം അയാൾക്ക് വേണ്ടി ഹജ്ജ് ചെയ്യണം.
വാർധക്യം കൊണ്ടോ, ഹജ്ജ് ചെയ്യാൻ സാധിക്കാതെ വന്നതുകൊണ്ടോ ആണെങ്കിൽ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയും ഹജ്ജ് ചെയ്യാമെന്ന് അവരിൽ ചിലർ ഇളവ് നല്കിയിരിക്കുന്നു. ഇബ്നുൽ മുബാറകും, ശാഫിഈയും ഈ അഭിപ്രായക്കാരാണ്.(ഇമാം അഹ്മദിനും ഹനഫികൾക്കും ഈ അഭിപ്രായമാണ്.)
സ്ത്രീക്ക് പുരുഷനുവേണ്ടിയും, സ്ത്രീക്കു വേണ്ടിയും ഹജ്ജ് ചെയ്യാമെന്നതിനും, പുരുഷന് സ്ത്രീക്കുവേണ്ടിയും പുരുഷനുവേണ്ടിയും ഹജ്ജ് ചെയ്യാമെന്നതിനും മുകളിൽ പറഞ്ഞ ഹദീസിൽ തെളിവുണ്ട്. അതിനെതിരിൽ ഖണ്ഡിതമായ ഒരു വിധിയും വന്നിട്ടില്ല.