ത്വവാഫുൽ ഇഫാദ:
യമുന്നഹ്റിൽ ജംറത്തുൽ അഖബയിൽ കല്ലെറിഞ്ഞ് മുടികളഞ്ഞ്, ബലി നൽകിയ ശേഷം ചെയ്യുന്ന ത്വവാഫിന് “ത്വവാഫുൽ ഇഫാദ’ ” എന്നു പറയുന്നു. ഇതു ഹജ്ജിന്റെ റുക്നാണ് (നിർബന്ധ ഘടകം) എന്നതു പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായമാണ്. അതു നിർവ്വഹിക്കാഞ്ഞാൽ ഹജ്ജ് അസാധുവായിത്തീരും. ഖുർ ആൻ പറയുന്നു: (അവർ വിശുദ്ധ ഭവനത്തെ ത്വവാഫ് ചെയ്യട്ടെ.)
യൗമുന്നഹ്റിന്റെ തലേ രാത്രി പാതി കഴിഞ്ഞാൽ ത്വവാഫുൽ ഇഫാദ യുടെ സമയം തുടങ്ങും. അതവസാനിക്കുന്ന സമയം നിർണ്ണിതമല്ല എന്നാൽ അയ്യാമുത്തശ് രീഖിന് ശേഷത്തേക്ക് നീട്ടിവെക്കുന്നതു ഉത്തമമല്ല. കറാഹത്തുമാണ്. യൗമുന്നഹ്റിൽ അത് പകൽ ആദ്യത്തിലാവുന്നതാണ് ഏറ്റം ഉത്തമം. സ്ത്രീകൾ യമുന്നഹ്റിൽ എത്രയും വേഗം അതു നിർവ്വഹിക്കലാണ് നല്ലത്. ആർത്തവത്തിന് സാധ്യതയുണ്ടെങ്കിൽ വിശേഷിച്ചും. ഹജ്ജ് പൂർത്തിയായും നിർവ്വഹിക്കുംവരെ ആർത്തവമില്ലാതിരിക്കാൻ മരുന്നു കഴിക്കാവുന്നതാണ്.
ത്വവാഫുൽ വിദാഅ്
മക്കാ നിവാസികളല്ലാത്ത ഹാജിമാർ ഹജ്ജ് നിർവഹിച്ച ശേഷം മക്കാ വിടാനൊരുങ്ങുമ്പോൾ നിർവ്വഹിക്കുന്നതാണ് വിദാഇന്റെ ത്വവാഫ്. വിടവാങ്ങുക എന്ന അർത്ഥത്തിൽ വിദാഇന്റെ ത്വവാഫ് എന്നും പിരി ഞ്ഞുപോവുക എന്ന അർത്ഥത്തിൽ ത്വവാഫു സ്വദ്ർ എന്നും ഇതിന് പറ യാറുണ്ട്. ഹാജിമാർ ചെയ്യുന്ന അവസാന കർമ്മമാണത്. മക്കാനിവാസികൾ അതു നിർവ്വഹിക്കേണ്ടതില്ല. ആർത്തവമുള്ള സ്ത്രീകൾക്ക് അതു നിർബന്ധമില്ല. അതൊരു സുന്നത്ത് ഐഛികം മാത്രമാണ്. അതിനാൽ അതു ചെയ്യാതിരുന്നാൽ പ്രായശ്ചിത്തം നിർബന്ധമാവുന്നില്ല.
കർമ്മങ്ങളെല്ലാം കഴിഞ്ഞ് മക്കവിടാനൊരുങ്ങുമ്പോഴാണ് ത്വവാഫുൽ വിദാഇന്റെ സമയം. ത്വവാഫുൽ വിദാഅ് നിർവ്വഹിച്ചാൽ ഉടനെ മക്കവിടണം. ത്വവാഫിന് ശേഷം മക്കവിടാൻ വൈകിയാൽ പിന്നെയും ത്വവാഫ് ചെയ്യണം.
വേഗം തിരിച്ചുപോവുക
ഹജ്ജ് നിർവ്വഹിച്ചാൽ ഉടനെ തിരിച്ചു പോകലാണ് നല്ലത്. നബി (സ) പറയുന്നു.
إذا قضى أحدكم حجه فليتعجل إلى أهله فإنه أعظم لأجره (الدارقطني)
(നിങ്ങളിൽ ആരും ഹജ്ജ് നിർവ്വഹിച്ചാൽ വേഗം കുടുംബത്തിലേക്ക് മടങ്ങട്ടെ. അതാണ് അയാൾക്ക് കൂടുതൽ പ്രതിഫലാർഹമായിട്ടുള്ളത്.)
തടസ്സം നേരിട്ടാൽ
ഹജ്ജോ ഉംറയോ ചെയ്യാനായി ഇഹ്റാമിൽ ഏർപ്പെട്ടശേഷം അതു പൂർത്തീകരിക്കാൻ പറ്റാത്ത വിധം വല്ല തടസ്സവും നേരിട്ടാൽ ആട്, പശു, ഒട്ടകം എന്നിവയിൽ ഒന്നിനെ ബലി നൽകണം. എവിടെ വെച്ചാണോ തടസ്സം നേരിട്ടതു അവിടെ വെച്ച് അറുത്താൽ മതിയാവും. ബലി നൽകി മുടികളഞ്ഞ് അവന്ന് തഹല്ലുലാവാം. ഹജ്ജ് നിർബന്ധമുള്ളവനെങ്കിൽ അടുത്ത കൊല്ലം അതു നിർവ്വഹിക്കണം. ഹജ്ജ് നിർബന്ധമില്ലെങ്കിൽ അടുത്തവർഷം നിർവ്വഹിക്കൽ നിർബന്ധമില്ല.
കഅ്ബയെ ആവരണമണിയിക്കൽ
ഇസ്ലാമിന് മുമ്പേ അറബികൾ കഅബയെ ആവരണമണിയിക്കു മായിരുന്നു. ഇസ്ലാമും അത് അംഗീകരിച്ചു. യമനിൽ നിർമ്മിച്ച പ്രത്യേക വസ്ത്രം കൊണ്ട് നബി (സ) അതിനെ ആവരണമണിയിച്ചു. ഉമറും (റ) ഉഥാനും (റ) അതു തുടർന്നു. ഉഥ്മാൻ (റ) ഈജിപ്തിൽ നിന്നു കൊണ്ടുവന്ന വസ്ത്രമാണ് അണിയിച്ചിരുന്നത്. കഅബയുടെ ചുമരുകളിൽ സുഗന്ധദ്രവ്യങ്ങൾ തളിക്കുന്നതും സുന്നത്താണ്.
അനീതിപരവും അക്രമപരവുമായ യാതൊന്നും കഅബയിലും പരിസരത്തും വെച്ച് ചെയ്യാവതല്ല. നന്മക്ക് ഇരട്ടി പ്രതിഫലം പോലെ അവിടെ തിന്മക്ക് ഇരട്ടി ശിക്ഷയും ലഭിക്കും. ഖുർആൻ പറയുന്നു.
ومن يرد فيه بإلحاد بظلم نذقه من عذاب أليم (الحج)
(അതിൽ ആർ അതിക്രമമായി അനീതി ഉദ്ദേശിച്ചാലും നാം അവന് വേദനിപ്പിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുന്നതാണ്. )
മൂന്ന് പള്ളികൾ
പുണ്യം ഉദ്ദേശിച്ച് യാത്ര ചെയ്യാവുന്ന മൂന്ന് പള്ളികളാണ് ലോകത്തു ള്ളത്. നബി (സ) പറയുന്നു:
لاتشد الرحال إلا إلى ثلاثة مساجد المسجد الحرام ومسجدي هذا ومسجد إيليا
(മൂന്നു പള്ളികളിലേക്കു മാത്രമേ യാത്ര ചെയ്യേണ്ടതുള്ളൂ. മസ്ജിദുൽ ഹറാമും എന്റെ ഈ പള്ളിയും ഈലിയാഇലെ പള്ളിയും.)
صلاة في مسجدي أفضل من ألف صلاة فيما سواه إلا المسجد الحرام وصلاة في المسجد الحرام أفضل من مائة ألف صلاة فيما سواه.
(എന്റെ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരം മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നമസ്കരിക്കുന്നതിനെക്കാൾ ഉത്തമമാണ്. മസ്ജിദുൽ ഹറാമിലൊഴികെ. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള ഒരു നമസ്കാരം മറ്റു പള്ളികളിൽ വെച്ച് ഒരു ലക്ഷം തവണ നമസ്കരിക്കുന്നതിലും കൂടുതൽ ശ്രേഷ്ഠമാണ്.
മദീന
മക്കക്കു ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള സ്ഥലമാണ് മദീന. ഇസ്ലാമിന്റെ ഗോപുരം, ഈമാനിന്റെ ഗേഹം, ഹിജറയുടെ നാട്, ഹലാൽ ഹറാമുകളുടെ രംഗഭൂമി എന്നിങ്ങനെ നബി (സ) മദീനയെ പ്രശംസിച്ചതായി ഹദീഥിൽ വന്നിട്ടുണ്ട്. നബി (സ) പറയുന്നു.
إن الإيمان ليأزر إلى المدينة كما تأزر الحية إلى جحرها (البخاري) (സർപ്പം മാളത്തിലെന്ന പോലെ ഈമാൻ മദീനയെ അഭയം പ്രാപിക്കും.)
മദീനയിൽ വെച്ച് മരണമടയുന്നത് പോലും പുണ്യമുള്ള കാര്യമാണെന്ന് ഹദീഥിൽ പ്രസ്താവിച്ചു കാണാം. നബി (സ) സ്വഹാബികളോട് ഇപ്രകാരം പറഞ്ഞതായി ത്വബറാനി ഉദ്ധരിക്കുന്നു.
من استطاع منكم أن يموت بالمدينة فليمت فإنه من مات بها كنت له شهيدا أو شفيعا يوم القيامة (الطبراني)
(നിങ്ങളിൽ ആർക്കെങ്കിലും മദീനയിൽ മരണപ്പെടാൻ സാധിക്കുമെങ്കിൽ അവൻ അവിടെ വെച്ചാവട്ടെ മരിക്കുന്നത്. അവിടെവെച്ച് മരിക്കുന്ന വർക്ക് ഞാൻ അന്ത്യനാളിൽ സാക്ഷിയും ശുപാർശകനുമായിരിക്കും.)
നബി (സ)യുടെ നേതൃത്വത്തിൽ പൂർണ്ണരൂപത്തിലുള്ള ഒരിസ്ലാമിക സാമൂഹിക വ്യവസ്ഥ നിലവിൽ വന്നത് മദീനയിലാണ്. അല്ലാഹുവിങ്കൽ നിന്നു ലഭിച്ച ദിവ്യബോധനമനുസരിച്ച് ജീവിതത്തിൽ എല്ലാ രംഗങ്ങളിലേക്കുമാവശ്യമായ ശിക്ഷണ നിർദ്ദേശങ്ങൾ നൽകി സത്യവിശ്വാസികളുടെ ഒരു മാതൃകാസമൂഹത്തെ നബി (സ) വളർത്തിയെടുത്തതും അവിടെയാണ്.
മദീനയിൽ ചെന്നാൽ ആദ്യം മസ്ജിദുന്നബവിയിൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നത് സുന്നത്താണ്. അനന്തരം നബി (സ) യുടെ ഖബറിനടുത്ത് ചെല്ലുക. എന്നിട്ട് അസ്സലാമു അലൈക്ക യാ റസൂലല്ലാഹ് എന്ന് പറയുക. പിന്നെ, അബക്കറി (റ)ന്റെ ഖബറിനടുത്ത് ചെന്ന് അസ്സലാമു അലൈക്ക യാ അബാബകർ എന്നും തൊട്ടടുത്ത് ഉമറി(റ)ന്റെ ഖബറിനടുത്ത് ചെന്ന് അസ്സലാമു അലൈക്ക യാ ഉമർ എന്നും പറയുക. ഇത്രയുമാണ് മദീനയിൽ ചെന്നാൽ ചെയ്യേണ്ടത്.