Back To Top

 ഉംറ

ഉംറ

Spread the love

സന്ദർശനം എന്നാണ് ‘ഉംറ’ എന്ന പദത്തിന്റെ അർഥം. കഅ്ബാ സന്ദർശനമാണുദ്ദേശ്യം. ഇഹ്റാം, കഅ്ബയെ ത്വവാഫ് ചെയ്യൽ, സഫാ മർവകൾക്കിടയിലെ സഅ് യ്, മുടി മുറിക്കൽ എന്നിവയാണ് ഉംറയുടെ റുക്നുകൾ. അതായത് ഹജ്ജിന്റെ റുകുനുകളിൽ അറഫയിൽ നിൽക്കൽ ഒഴിച്ചുള്ളവ.

പ്രാധാന്യം
ഉംറയും ഹജ്ജ് പോലെ പ്രാധാന്യമുള്ള ഒരനുഷ്ഠാനമാകുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു.

إن النبي ﷺﷺ قال: العمرة إلى العمرة كفارة لما بينهما والحج المبرور
നബി (സ) പറഞ്ഞു. ഒരു ഉംറ മറ്റൊരു ഉംറ വരെ സംഭവിക്കുന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ്. ഗുണപൂർണമായ ഹജ്ജാവട്ടെ അതിന്റെ പ്രതിഫലം സ്വർഗമാകുന്നു.

അല്ലാ ഹുവിന്റെ ഭവനത്തെ ആദരിക്കാനും അവിടെയെത്തി അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുമുള്ള താൽപര്യവും അതിനായി ചെലവഴിക്കുന്ന സമ്പത്തും ശാരീരിക പ്രയത്നവുമാണ് ഉംറയെ ശ്രേഷ്ഠ കർമമാക്കുന്നത്.

നിർബന്ധമോ സുന്നത്തോ?
ഉംറ നിർവഹിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല . എന്നാൽ അത് നിർബന്ധമാണോ സുന്നത്തു മാത്രമാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് ഭിന്ന വീക്ഷണങ്ങളുണ്ട്. ഹനഫീ പണ്ഡിതന്മാരും ഇമാം മാലികും(റ) പറയുന്നത് അത് സുന്നത്താണെന്ന്. ഇമാം അഹ്മദും തിർമിദിയും ഉദ്ധരിച്ച ഹദീഥാണ് അവരുടെ തെളിവ്. ജാബിർ (റ) പറയുന്നു.
أن النبي سئل عن العمرة أواجبة هي؟ قال: لا، وأن تعتمروا هو أفضل.
(ഉംറ നിർബന്ധമാണോ എന്ന് നബി (സ) യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങൾ ഉംറ നിർവഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ ശാഫിഈ പണ്ഡിതന്മാരും അഹ്മദുബ്നു ഹംബലും (റ) പറയുന്നത് അത് നിർബന്ധമാണെന്നാണ്.

(അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർത്തിയാക്കുവിൻ എന്ന ആയത്താണ് അവരുടെ തെളിവ്. )

സമയം
ഹജ്ജിനുള്ളതുപോലെ ഉംറക്ക് നിശ്ചിത സമയമില്ല. ഏതുകാലത്തും അത് നിർവഹിക്കാവുന്നതാണ്. എന്നാൽ റമദാൻ മാസത്തിൽ അതിന് പ്രാധാന്യം കൂടും. ഇബ്നു അബ്ബാസ് (റ) പറയുന്നു:
أنَّ النَّبيَّ ﷺ قَالَ: عُمرَةٌ في رمَضَانَ تَعدِلُ حجة (أحمد وابن ماجة)
നബി (സ) പറഞ്ഞു. റമദാനിൽ നിർവഹിക്കുന്ന ഉംറ ഹജ്ജിന് തുല്യമാണ്.

ഹജ്ജ് മാസങ്ങളിൽ ഉംറ നിർവഹിച്ചുകൂടെന്നായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം. ഇസ്ലാം അതു തിരുത്തി. ഹജ്ജ് മാസങ്ങളിൽ ഉംറയും നിർവഹിക്കാൻ ഇസ്ലാം അനുവദിച്ചു. ആ നിയമത്തിന് അന്ത്യനാൾ വരെ മാറ്റമില്ല.

ആവർത്തനം
ആവർത്തിക്കുന്നത് നല്ലതാണെന്ന് മുകളിൽ കൊടുത്ത ഇബ്നുഅബ്ബാസിന്റെ ഹദീഥിൽ നിന്ന് ഗ്രഹിക്കാം.
എന്നാൽ ഒരേകൊല്ലം അത് ആവർത്തിക്കാമോ? ആയിശാ (റ) ഒരേ വർഷം മൂന്ന് തവണ ഉംറ നിർവഹിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാ ഹി ബ്നു ഉമർ (റ) വർഷത്തിൽ രണ്ടു തവണ ഉംറ നിർവഹിച്ചതായും കാണാം. ഭൂരിപക്ഷം പണ്ഡിതന്മാരും അങ്ങിനെ ആവർത്തിക്കുന്നതിന് അനുകൂലമാണ്.

ലോകത്തിന്റെ പലഭാഗങ്ങളിലും മുസ്ലിംകൾ ദാരിദ്ര്യത്താൽ ക്ലേശിക്കുമ്പോൾ സാമ്പത്തിക ശേഷിയുള്ളവർ അവരെ സഹായിക്കുന്നതിനു പകരം തങ്ങളുടെ ധനം വീണ്ടും വീണ്ടും ഉംറ ചെയ്യാൻ വേണ്ടി ചെല ചലവഴിക്കുന്നത് അഭികാമ്യമല്ലെന്ന് ആധുനിക കാലത്തെ പ്രമുഖ പണ്ഡതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിർവഹണരീതി
മീഖാത്ത്
ഇഹ്റാമിൽ പ്രവേശിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മീഖാത്തുകൾക്ക് പുറത്തുനിന്ന് വരുന്നവനെങ്കിൽ ഉംറ നിർവഹിക്കുന്നയാൾ സഞ്ചരിക്കുന്ന മാർഗത്തിലെ മീഖാത്തിൽ നിന്ന് വേണം ഇഹ്റാമിൽ പ്രവേശിക്കുന്നത്. മീഖാത്തിനുള്ളിലുള്ളവർക്ക് ഹറമിന്റെ പുറത്ത് എവിടെവെച്ചും ഇഹ്റാമിൽ പ്രവേശിക്കാം. ആയിശ (റ) ഉംറ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ നബി (സ) അവരോട് തൻഈമിൽ ചെന്ന് ഇഹ്റാമിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതാണ് തെളിവ്. ഉംറ നിർവഹിക്കേണ്ടതിന്റെ രീതി താഴെ പറയുന്നു.

1. ഇഹ്റാം:
ഹജിനെന്നപോലെ ഉംറക്കും ഇഹ്റാം നിർബന്ധമാണ്. ഹജ്ജിന് ഇഹ്റാം ചെയ്യുന്ന രീതിയിൽ തന്നെയാണ് ഉംറക്കും വസ്ത്രമണിയേണ്ടത്. ഹജ്ജിന് ഇഹ്റാം ചെയ്താൽ നിഷിദ്ധമാകുന്ന പ്രവൃത്തികളെല്ലാം ഉംറക്ക് ഇഹ്റാം ചെയ്യുന്നതോടെയും നിഷിദ്ധമാകും.
2. ത്വവാഫ്
കഅ്ബയെ ഏഴു പ്രാവശ്യം വലയം വെക്കുകയാണ് ഉംറയുടെ രണ്ടാമത്തെ ഘടകം. ത്വവാഫിന്റെ രൂപം മുമ്പ് വിശദീകരിച്ചിട്ടുണ്ട്.
3. സഅ് യ്:
തവാഫിന് ശേഷം സഅ് യ് ചെയ്യണം. സഫാ മർവാ കുന്നുകൾക്കിടയിൽ നടക്കുന്നതിനാണ് സഅ് യ് എന്ന് പറയുന്നത്. സഫയിൽ നിന്ന് തുടങ്ങി മർവയിൽ അവസാനിക്കുന്നതാണ് ഒരു സഅ് യ് , മർവയിൽനിന്ന് തുടങ്ങി സഫയിൽ അവസാനിക്കുന്നത് രണ്ടാമത്തെ സഅ് യ്. ഇങ്ങിനെ ഏഴു പ്രാവശ്യമാണ് സഅ് യ് ചെയ്യേണ്ടത്.

ത്വവാഫിന് ശേഷം മഖാമു ഇബ്റാഹീമിനടുത്തു വെച്ച് രണ്ട് റക്അത് സുന്നത്ത് നമസ്കരിക്കുകയും അനന്തരം സംസം വെള്ളം കുടിക്കുകയും ചെയ്ത ശേഷമാണ് സഅ് യ് നിർവഹിക്കേണ്ടത്
4. മുടിമുറിക്കൽ
സഅ് യിന് ശേഷം തലമുടി കളയുകയോ വെട്ടുകയോ ചെയ്യണം. ഉംറയുടെ നാലാമത്തെ ഘടകമാണത്. മുടിയെടുക്കുന്നതോടെ ഉംറ യിൽനിന്ന് വിരമിക്കുന്നു.

Prev Post

ത്വവാഫുൽ ഇഫാദ:

Next Post

ഹജ്ജ്: ത്യാഗസന്നദ്ധതയുടെ അടയാളപ്പെടുത്തലാണ്

post-bars

Related post

You cannot copy content of this page