Back To Top

 ഇഹ്റാമിലെ അനുവദനീയങ്ങളും നിഷിദ്ധങ്ങളും

ഇഹ്റാമിലെ അനുവദനീയങ്ങളും നിഷിദ്ധങ്ങളും

Spread the love

1. കുളിയും വസ്ത്രം മാറലും
ഹജ്ജിനോ ഉംറക്കോ ഇഹ്റാം ചെയ്തവർക്ക് ഇടക്കു കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യാവുന്നതാണ്. സോപ്പ്, താളി എന്നിവ ഉപയോ ഗിക്കുന്നതും തെറ്റല്ല.
2. പൊടി, ചെങ്കണ്ണ് എന്നീ കാരണങ്ങളാൽ മുഖം മറക്കുന്നതും അനുവദനീയമാണ്
3. മുഖക്കുരു പൊട്ടിക്കുന്നതിനും കേട് വന്ന പല്ല് പറിക്കുന്നതിനും വിരോധമില്ല.
4. കണ്ണാടിയിൽ നോക്കൽ, പൂ വാസനിക്കൽ എന്നിവയും മരുന്നിനും ഭക്ഷണത്തിനും എണ്ണ മുതലായവ ഉപയോഗിക്കലും അനുവദനീയമാണ്.
5. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാൻ അരയിൽ പേഴ്സോ സഞ്ചിയോ കെട്ടാം.
6. വെയിലേൽക്കാതിരിക്കാൻ തമ്പിൽ നിൽക്കുക, തണൽ കൊള്ളുക, കൈകാലുകൾ ഒഴിച്ചുള്ള ശരീരഭാഗങ്ങളിൽ മൈലാഞ്ചി ഇടുക എന്നിവ യും അനുവദനീയമാണ്.
7. ശിക്ഷണം നൽകാനായി അനിവാര്യമെങ്കിൽ ബന്ധപ്പെട്ടവരെ അടിക്കാം. ശല്യമുണ്ടാക്കുന്ന ഈച്ച, കൊതുക്, ചെള്ള്, കാക്ക, പാമ്പ്, തേൾ, എലി, പരുന്ത്, കടിക്കുന്ന നായ എന്നിവയെ കൊല്ലുകയും ചെയ്യാം. ഒരാൾ ആക്രമണകാരിയെങ്കിൽ പ്രത്യാക്രമണം കൊണ്ടെ അയാൾ തിരിച്ചു പോവൂ എന്ന് ബോധ്യമായാൽ അയാൾക്കെതിരിൽ പ്രത്യാക്രമണം നടത്തുന്നതും അനുവദനീയമാണ്.

നിഷിദ്ധകാര്യങ്ങൾ
ഹജ്ജിലും ഉംറയിലും ഏർപ്പെട്ടവർക്കു താഴെ പറയുന്ന കാര്യങ്ങൾ നിഷിദ്ധമാണ്.

1. ലൈംഗികവേഴ്ചയും അതിലേക്കു പ്രേരിപ്പിക്കുന്ന കാര്യങ്ങളും
2. കുറ്റകൃത്യങ്ങൾ ചെയ്യൽ
3. തർക്കിക്കലും ശണ്ഠകൂടലും

ഖുർ ആൻ പറയുന്നു:

الحج أشهر معلومات فمن فرض فيهن الحج فلا رفث ولا فسوق ولا جدال في الحج (البقرة)
(ഹജ്ജ് അറിയപ്പെട്ട് മാസങ്ങളാണ്. അവയിൽ ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുന്നുവെങ്കിൽ ഹജ്ജ് വേളയിൽ സ്ത്രീ സംസർഗമോ കുറ്റകൃത്യമോ തർക്കമോ അരുത്. നബി (സ) പറയുന്നു.

من حج ولم يرفث ولم يفسق رجع من ذنوبه كيوم ولدته أمه (البخاري ومسلم)
(സ്ത്രീസംസർഗത്തിലേർപ്പെടുകയോ തെറ്റുകൾ പ്രവർത്തിക്കുകയോ ചെയ്യാതെ ഹജ്ജ് നിർവ്വഹിച്ചവൻ തന്റെ മാതാവ് അവനെ പ്രസവിച്ച ദിനത്തിലേതുപോലെ പാപങ്ങളിൽനിന്ന് വിരമിച്ചവനായി തീരും.

4. പുരുഷന്മാർ കുപ്പായം, തൊപ്പി, ട്രൗസർ, പാന്റ്സ്, പൈജാമ, ജൂബ്ബ ആദിയായ തുന്നിയ വസ്ത്രങ്ങൾ അണിയൽ.

നബി (സ) പറയുന്നു:
لا يَلبَس القَميصَ ولا البُرنُسَ ولا السَّراويلَ ولا العمامةَ، ولا ثوبًا مَسَّه وَرسٌ ولا زَعْفَران، ولا الخُفَّينِ إلَّا لمن لا يَجِدُ النَّعلينِ، فمن لم يجِدِ النَّعلينِ فلْيَلبَسِ الخُفَّينِ ولْيَقطَعْهما حتى يكونا أسفلَ من الكَعبَينِ (البخاري ومسلم)
(ഇഹ്റാമിൽ ഏർപ്പെട്ടവന്റെ കുപ്പായവും, തലപ്പാവും, തൊപ്പിയും, പൈജാമയും, മഞ്ഞച്ചായവും കുങ്കുമവും മുക്കിയ മറ്റു വസ്ത്രവും, ബൂട്ട്സും അണിയരുത്. ചെരിപ്പ് കിട്ടിയില്ലെങ്കിൽ അതണിയാം. പക്ഷേ കാൽമടമ്പിന് താഴെവെച്ച് അതുരണ്ടും മുറിക്കണം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുഖമുടി, കൈകാൽ ഉറകൾ, മഞ്ഞച്ചായം മുക്കിയ വസ്ത്രം എന്നിവ മാത്രമാണ് അവർക്ക് നിരോധി ച്ചിട്ടുള്ളത്. കുപ്പായവും തുന്നിയ വസ്ത്രങ്ങളുമെല്ലാം അവർക്ക് ധരിക്കാം.

പുരുഷന്മാർക്ക് തുന്നാത്ത തുണി ലഭിച്ചില്ലെങ്കിൽ പൈജാമയോ പാന്റ്സോ അണിയാം. തുണി ലഭിച്ചാൽ അവ ഒഴിവാക്കണമെന്ന് മാത്രം. എന്നാൽ തുണി ലഭിച്ചില്ലെങ്കിലും നീളക്കുപ്പായം അണിയരുത്. കുപ്പായം കീറിമുറിച്ച് തുണിയായി രൂപാന്തരപ്പെടുത്താം. പാന്റ്സ് അങ്ങനെ ചെയ്യാൻ സാധ്യമല്ല എന്നതാണ് കാരണം.

5. വിവാഹം ചെയ്യലും ചെയ്തു കൊടുക്കലും മറ്റുള്ളവർക്കുവേണ്ടി അതു സ്വീകരിക്കലുമെല്ലാം നിഷിദ്ധമാണ്. നബി (സ) പറഞ്ഞു:

(ഇഹ്റാമിൽ പ്രവേശിച്ചവൻ വിവാഹം ചെയ്യരുത്. അവൻ വിവാഹം ചെയ്തുകൊടുക്കരുത്. വിവാഹാലോചന നടത്തുകയുമരുത്.
لاينكح المحرم ولا ينكح ولا يخطب (الترمذي)

6. നഖം മുറിക്കുക, മുടി മുറിക്കുക എന്നിവയും നിഷിദ്ധം തന്നെ. ഖുർആൻ പറയുന്നു:
(ബലി യഥാസ്ഥാനത്തെത്തുംവരെ നിങ്ങൾ മുടികളയരുത്. ولا تحلقوا رؤوسكم حتى يبلغ الهدي محله (البقرة)

മുടികാരണം ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കിൽ അതു നീക്കാവുന്നതാണ്. പ്രായശ്ചിത്തമായി നോമ്പനുഷ്ഠിക്കുകയോ ദാനം നൽകുകയോ ബലി നൽകുകയോ ചെയ്യണം.
ഇഹ്റാമിലേർപ്പെട്ടയാൾ നഖം മുറിക്കുന്നത് ഹറാമാണെന്ന കാര്യ ത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.

7. ശരീരത്തിലോ വസ്ത്രത്തിലോ സുഗന്ധം പുരട്ടുക. ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ നിഷിദ്ധമാണ്.
ഇഹ്റാമിലുള്ള ആൾ മരിച്ചാൽ അയാളെ കുളിപ്പിക്കാനുള്ള വെള്ളത്തിലോ കഫൻപുടവയിലോ സുഗന്ധം ഉപയോഗിക്കരുത്.

8. സുഗന്ധമുള്ള ചായം മുക്കിയ വസ്ത്രം അണിയൽ. ഇഹ്റാമിന്റെ മുമ്പ് പുരട്ടിയ സുഗന്ധം വസ്ത്രത്തിൽ പിന്നെയും അവശേഷിക്കുന്നു വെങ്കിൽ കുഴപ്പമില്ല.

9. കര ജീവികളെ വേട്ടയാടൽ നിഷിദ്ധമാണ്. കടൽ ജീവികളെ വേട്ടയാടുന്നതു അനുവദനീയമാണ്. ഖുർആൻ പറയുന്നു:

أحل لكم صيد البحر وطعامه متاعا لكم وللسيارة وحرم عليكم صيد البر ما دمتم حرما (المائدة)
(സമുദ്രവേട്ടയും അതിലെ ഭക്ഷണവും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കും യാത്രക്കാർക്കും വിഭവമായി. നിങ്ങൾ ഇഹ്റാമി ലേർപ്പെട്ടിരിക്കേ കരയിലെ വേട്ട് നിങ്ങൾക്കു നിഷിദ്ധവുമാക്കിയിരിക്കുന്നു.)

10. വേട്ടമൃഗത്തിന്റെ മാംസം തിന്നൽ.
താൻ കാരണമായോ, താൻ സൂചിപ്പിക്കുകയാലോ, തന്റെ സഹായം വഴിയോ വേട്ടയാടിപ്പിടിച്ച മൃഗത്തിന്റെ മാംസം തിന്നുന്നതും ഇഹ്റാമിൽ ഏർപ്പെട്ട ആൾക്ക് നിഷിദ്ധമാണ്. അയാളുടെ അനുവാദമില്ലാതെയാണങ്കിലും അയാൾക്കുവേണ്ടി വേട്ടയാടിയതാണെങ്കിൽ അതും നിഷിദ്ധം തന്നെ. ഈ വിധത്തിലൊന്നുമല്ലെങ്കിൽ വേട്ടമൃഗത്തിന്റെ മാംസം ഇഹ്റാമിൽ ഏർപ്പെട്ടവർക്കു ഭക്ഷിക്കാവുന്നതാണ്.

Prev Post

തൽബിയത്ത്

Next Post

പ്രായശ്ചിത്തം

post-bars

Related post

You cannot copy content of this page