Back To Top

 ത്വവാഫ്

ത്വവാഫ്

Spread the love

കഅബയെ വലം വെക്കുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്. ത്വവാഫിന്റെ ക്രമം ഇപ്രകാരമാണ്: കഅബയുടെ ഭിത്തിയിൽ തെക്കു കിഴക്കേ മൂലയിൽ സ്ഥാപിച്ച ഹജറുൽ അസ് വദിന് (കറുത്ത കല്ല്) തൊട്ടടുത്ത് വടക്ക് കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായി നിൽക്കുക. കഴിയുമെങ്കിൽ ഹജറുൽ അസ് വദിനെ ചുംബിക്കുക സാധ്യമല്ലെങ്കിൽ കൈകൊണ്ട് തൊട്ടുമുത്തുക. അതും സാധ്യമല്ലെങ്കിൽ കൈകൊണ്ടാ മറ്റോ അതിന്റെ നേരെ ചൂണ്ടുക. അപ്പോഴെല്ലാം കഅബ ഇടതുഭാഗത്തായിരിക്കണം. എന്നിട്ട് ഇപ്രകാരം പറയുക.

بسم الله، والله أكبر، اللهم إيماناً بك، وتصديقاً بكتابك، ووفاء بعهدك، واتباعاً لسنة نبيك محمد ـ صلى الله عليه وسلم
(അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹു ഏറ്റം വലിയവൻ അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിയും നീയുമായുള്ള കരാർ പാലിച്ചും പ്രവാചകചര്യ പിൻപറ്റിയും.)
പിന്നെ കഅബ ഇടതു ഭാഗത്ത് വരും വിധം മുന്നോട്ട് നടക്കുക. കഅ്ബയെ ചുറ്റി ഹജറുൽ അസ് വദിന്റെ നേരെ വന്നുചേരുന്നതോടെ ഒരു ത്വവാഫ് പൂർത്തിയായി. പിന്നെയും നടേ പറഞ്ഞ രീതിയിൽ ആവർത്തിക്കുക. കഅബയുടെ വടക്കുഭാഗത്ത് ചേർന്ന് കാണുന്ന അർദ്ധവൃത്താകൃതിയിലുള്ള അരമതിലിനുള്ളിൽ പ്രവേശിക്കാവതല്ല. ഈ ഭാഗത്തിന് ഹിജ്ർ ഇസ്മാഈൽ എന്ന് പറയുന്നു. ഹിജ്റിനുള്ളിൽ കടന്നാൽ തവാഫ് സാധുവാകയില്ല. കഅബയുടെ തറയിൽ ചുവരിൽ നിന്ന് പുറത്തേക്കു തള്ളി നിൽക്കുന്ന പാതുകം – ഭാഗത്ത് ചവിട്ടി നടക്കുന്നതും പാടില്ല. അതും കഅ്ബയുടെ ഭാഗമാണ്. ഒരിടത്തും കഅബയുടെ ചുമർ സ്പർശിക്കേണ്ടതില്ല. അതിൽ പുണ്യവുമില്ല. എന്നാൽ തെക്ക് പടിഞ്ഞാറേ മൂല ” ” മാത്രം തൊടുന്നതു സുന്നത്താണ്. അവിടം മുതൽ ഹജറുൽ അസ് വദിനടുത്തെത്തുംവരെ ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കൽ സുന്നത്താണ്. ശേഷം സഅ് യ് ചെയ്യാനുള്ള ത്വവാഫിൽ ആദ്യത്തെ മൂന്ന് ചുറ്റിലും അല്പം ധൃതിയിൽ ചുമൽ കുലുക്കി നടക്കുന്നത് സുന്നത്താണ്. അതു പുരുഷന്മാർ മാത്രമേ ചെയ്യേണ്ടതുള്ളു. സ്ത്രീകൾ സാധാരണപോലെ നടന്നാൽ മതി. ത്വവാഫിൽ കഴിയുന്നത് ദിക്റും പ്രാർത്ഥനയും വർദ്ധിപ്പിക്കുന്നതു നല്ലതാണ്. ഭൗതികമോ പാരത്രികമോ ആയ ഉത്തമകാര്യങ്ങൾ തനിക്കോ മറ്റുള്ളവർക്കോ വേണ്ടി എന്തും പ്രാർത്ഥിക്കാം.

സുന്നത്ത് നമസ്കാരം
ത്വവാഫിൽ നിന്ന് വിരമിച്ചാൽ മഖാമു ഇബ്രാഹീമിനടുത്ത് വെച്ച് രണ്ടു റക്അത്ത് നമസ്കരിക്കൽ സുന്നത്താണ്. കഅബയുടെ വാതിൽ ഭാഗത്ത് തൊട്ടു കിഴക്കുവശമാണ് മഖാമു ഇബ്രാഹിം. മസ്ജിദുൽ ഹറാം മുഴുവൻ മഖാമു ഇബ്രാഹീമാണെന്നും അഭിപ്രായമുണ്ട്. ഈ നമസ്കാരം ഏതു സമയത്തും നിർവ്വഹിക്കാം. നബി (സ) പറഞ്ഞതായി ജൂബൈറുബ്നു മുത്ഇം (റ) ഉദ്ധരിക്കുന്നു.

يا بني عبد مناف، لا تمنعوا أحدا طاف بهذا البيت، وصلى أية ساعة شاء، من ليل أو من نهار (أحمد وأبوداود والترمذي)
(അബ്ദുമനാഫ് കുടുംബമേ, ഈ ഭവനത്തെ വലം വെക്കുകയും അവിടെ വെച്ച് നമസ്കരിക്കുകയും ചെയ്യുന്ന ആരെയും രാത്രിയോ പകലോ ഏതു സമയത്തായാലും തടയരുത്.

ഫാതിഹക്ക് ശേഷം ആദ്യത്തെ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ ഇഖ്ലാസും ഓതൽ സുന്നത്താകുന്നു. മസ്ജിദുൽ ഹറാമിൽ നമസ്കരിക്കുന്നവരുടെ മുമ്പിലൂടെ തവാഫിലായിരിക്കെ നടക്കുന്നതു തെറ്റല്ല. ഇതു മസ്ജിദുൽ ഹറാമിന്റെ മാത്രം പ്രത്യേകതയാണ്. തവാഫ് നാലിനമുണ്ട്.

1. ത്വവാഫുൽ ഖുദൂം: മീഖാതിൽ നിന്ന് ഇഹ്റാം ചെയ്ത് വരുന്നവർ ആദ്യം ചെയ്യുന്നതാണ് “ത്വവാഫുൽ ഖുദൂം.’ ഇത് ഹജ്ജിന്റെ ഘടകമല്ല. ഇതു നിർബന്ധവുമില്ല. സഅ് യ് ഈ ത്വവാഫിന് ശേഷം ചെയ്യാം. ഇഫാദയുടെ ത്വവാഫിന് ശേഷത്തേക്ക് പിന്തിക്കുകയുമാവാം.
2. ത്വവാഫുൽ ഇഫാദ: ദുൽഹജ്ജ് പത്തിന് ജംറതുൽ അഖബയിൽ എറിഞ്ഞശേഷം നടത്തുന്ന ത്വവാഫ്. ഇതു ഹജ്ജിന്റെ ഘടകമാണ്.
3. ത്വവാഫുൽ വിദാഅ്: ഹജ്ജ് നിർവ്വഹിച്ച് മക്ക വിടുമ്പോൾ നിർബന്ധമായും ചെയ്യേണ്ടതും ഉപേക്ഷിച്ചാൽ ബലി നൽകേണ്ടതുമായ ഒന്നാണ് ഈ ത്വവാഫ്.

4. ത്വവാഫുൽത്തത്വവുഅ്- മക്കയിലുള്ളപ്പോൾ ഏതു സമയത്തും ആർക്കും നിർവ്വഹിക്കാവുന്ന ഐഛികമായ ത്വവാഫ് ഹജ്ജിനും ഉംറക്കുമായി മക്കയിലെത്തുന്നവർ കഴിയുന്നത് സുന്നത്തായ ത്വവാഫ് നിർവ്വഹിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ത്വവാഫിന്റെ ഉപാധികൾ
1. ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും നജസിൽനിന്നും ശുദ്ധമാവൽ. നബി (സ) പറയുന്നു.

ألطواف صلاة إلا أن الله تعالى أحل فيه الكلام ومن تكلم فلا يتكلم إلا بخير
(ത്വവാഫ് ഒരുതരം നമസ്കാരമാണ്. എന്നാൽ അല്ലാഹു അതിൽ സംസാരം അനുവദിച്ചിരിക്കുന്നു. അതിനാൽ സംസാരിക്കുന്നവർ നല്ലതു മാത്രം പറയട്ടെ.)

ത്വവാഫു ചെയ്യുന്നവൻ വുദു ഉണ്ടാക്കണം. കുളി നിർബന്ധമുണ്ടങ്കിൽ കുളിക്കണം. ആർത്തവകാരികൾ ആർത്തവം നിലച്ച് ശുദ്ധീകരിച്ച ശേഷമേ തവാഫ് ചെയ്യാവൂ. ഇടയ്ക്ക് വുദു നഷ്ടപ്പെട്ടാൽ വുദു ഉണ്ടാക്കി വേണം ത്വവാഫ് പൂർത്തിയാക്കാൻ.

ആയിശ (റ) പറയുന്നു.

إن رسول اللہ ﷺ دخل عليها وهي تبكي فقال : أنفست قالت : نعم، قال : إن هذا شيئ كتبه الله على بنات آدم فاقضي ما يقضي الحاج غير أن لا تطوفي بالبيت حتى تغتسلي (مسلم)

റസൂൽ (സ) അവരുടെ അടുത്ത് ചെന്നു. അവർ കരയുകയാണ്. നബി (സ) ചോദിച്ചു. എന്താ, ആർത്തവം തുടങ്ങിയോ? അവർ പറഞ്ഞു: അതെ, നബി (സ) പറഞ്ഞു: മനുഷ്യസ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒന്നാണത്. അതിനാൽ ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതൊക്കെ ചെയ്തു കൊള്ളുക. എന്നാൽ കുളിക്കുംവരെ കഅ്ബയെ വലംവെക്കരുത്.)

2. ഔറത്ത് മറക്കൽ: ഹിജ്റയുടെ ഒമ്പതാം വർഷം അബൂബകറി (റ)നെ ഹജ്ജിന്റെ അമീറായി നിയോഗിച്ചപ്പോൾ യൗമുന്നഹ്റിൽ ഇപ്രകാരം വിളിച്ചുപറയാൻ നബി (സ) കല്പിച്ചിരുന്നു.

لايحج بعد العام مشرك ولا يطوف بالبيت عريان (البخاري ومسلم)
(ഈ വർഷത്തിനുശേഷം ബഹുദൈവാരാധകൻ ഹജ്ജ് ചെയ്യുകയില്ല. നഗ്നൻ കഅബയെ വലംവെക്കുകയുമില്ല.)

3. പൂർണ്ണമായ ഏഴ് ചുറ്റുവേണം. ഹജറുൽ അസ് വദിനടുത്തു നിന്നോ അതിനുനേരെയുള്ള വരയിൽ നിന്നോ തുടങ്ങുന്ന ത്വവാഫ് കഅ്ബയെ വലം വച്ച് അവിടെ തന്നെ പൂർത്തിയാവുന്നത്. അതിൽ ഒരടി ബാക്കിയുണ്ടെങ്കിൽ ത്വവാഫ് എത്തുമ്പോഴാണ് ഒരു ചുറ്റ് പൂർത്തിയാവുകയില്ല. ഇങ്ങനെ ഏഴു ചുറ്റ് നടന്നാൽ മാത്രമേ അതു പൂർണ ത്വവാഫാവുകയുള്ളൂ. ചുറ്റിന്റെ എണ്ണത്തിൽ സംശയം തോന്നിയാൽ ഉറപ്പുള്ള ചുരുങ്ങിയ എണ്ണം പരിഗണിച്ച് ബാക്കി പൂർത്തിയാക്കണം. ത്വവാഫിൽ നിന്ന് വിരമിച്ച ശേഷമാണ് സംശയം ഉടലെടുത്തതെങ്കിൽ അത് പരിഗണനാർഹമല്ല.

4. ത്വവാഫ് ഹജറുൽ അസ് വദിനു നേരെ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കണം.
5. കഅബ എപ്പോഴും ത്വവാഫ് ചെയ്യുന്നവന്റെ ഇടതുഭാഗത്താവണം. ജാബിർ (റ) പറയുന്നു.

لما قدم رسول الله ﷺﷺ مكة أتى الحجر الأسود فاستلمه ثم مشى عن يمينه فرمل ثلاثا ومشى أربعا (مسلم)

(റസൂൽ (സ) മക്കയിൽ വന്നപ്പോൾ ആദ്യം ഹജറുൽ അസ് വദിനടുത്ത് ചെന്നു. അതിനെ തൊട്ടുചുംബിച്ചു. പിന്നെ വലതുഭാഗം തിരിഞ്ഞ് നടന്നു. മൂന്നു പ്രാവശ്യം അല്പം ധൃതിയിലും നാലുതവണ നടന്നും ത്വവാഫ് ചെയ്തു.)

6. ത്വവാഫ് കഅബയുടെ പുറത്തുകൂടെയാവുക. അതായതു ഹിജ്ർ ഇസ്മാഈലിലൂടെ കടന്നു പോയാൽ ത്വവാഫ് സാധുവാകയില്ല. കഅബയുടെ പാതുകത്തിൽ ചവുട്ടി നടന്നാലും ത്വവാഫ് സാധുവല്ല. അതു രണ്ടും കഅബയുടെ തന്നെ ഭാഗമാണ്.

ത്വവാഫിന്റെ സുന്നത്തുകൾ
1. ഹജറുൽ അസ്വദിനെ ചുംബിച്ചും അതു സാധ്യമല്ലെങ്കിൽ കൈകൊണ്ട് തൊട്ടു ചുംബിച്ചും അതും സാധ്യമല്ലെങ്കിൽ അതിനുനേരെ
ആംഗ്യം കാണിച്ചും ത്വവാഫ് തുടങ്ങുക. തുടക്കത്തിൽ കൈ ഉയർത്ത ബിസ്മല്ലാഹ് വല്ലാഹു അക്ബർ എന്നു ചൊല്ലലും സുന്നത്താണ്. ഇബ്നുഅബ്ബാസ് (റ) പറയുന്നു:

إن عمر أكب على الركن فقال : إني لأعلم أنك حجر ولولم أرحبيبي قبلك واستلمك ما استلمتك ولا قبلتك. لقد كان لكم في رسول الله أسوة حسنة (أحمد)

(ഉമർ (റ) റുക്നിൽ – ഹജറുൽ അസ്വദ് ഉദ്ദേശ്യം- മുഖമമർത്തി വെച്ചു. എന്നിട്ടു പറഞ്ഞു: നീ ഒരു കല്ലാണെന്ന് എനിക്കറിയാം. എന്റെ പ്രിയ പ്രവാചകൻ (സ) നിന്നെ ചുംബിക്കുകയും തൊട്ടുമുത്തുകയും ചെയ്യുന്നത് ഞാൻ കണ്ടിരുന്നില്ലെങ്കിൽ ഞാൻ നിന്നെ തൊട്ടു മുത്തുകയും ചുംബിക്കുകയും ചെയ്യുമായിരുന്നില്ല. അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്കു ഉത്തമ മാതൃകയുണ്ട്.’

ഹജറുൽ അസ് വദിനെ ചുംബിക്കാൻ ശ്രമിക്കുമ്പോൾ തിരക്കു കൂട്ടാതിരിക്കാനും മറ്റുള്ളവർക്കു വിഷമമുണ്ടാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

2. മേൽത്തട്ടം മദ്ധ്യം വലതുകക്ഷത്തിലൂടെ എടുത്ത് രണ്ട് അറ്റവും ഇടതു ചുമലിൽ വരും വിധം പുതക്കുക. ഇതിന് ‘ഇദ് തിബാഅ് പറയുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു:

إن النبي ﷺﷺ وأصحابه اعتمروا من الجعرانة فاضطبعوا أرديتهم تحت آباطهم وقذفوها على عواتقهم اليسرى (أحمد وأبوداود)
(നബി (സ)യും സഹാബിമാരും ജിഇർറാനയിൽ നിന്ന് ഉംറയിൽ പ്രവേശിച്ചു. അവർ മേൽത്തട്ടം കക്ഷത്തിന് താഴേക്കൂടി ഇടതു ചുമലിൽ ഇട്ടുകൊണ്ട് അണിഞ്ഞു.

3. റമൽ നടത്തം. ആദ്യത്തെ മൂന്ന് ത്വവാഫിൽ ചുമലിളക്കി അല്പം കൃതിയിൽ നടക്കുക. ഇതിന് “റമൽ’ എന്ന് പറയുന്നു. ഇബ്നുഉമർ (റ) പറയുന്നു:
إن رسول الله رمل من الحجر الأسود إلى الحجر الأسود ثلاثا ومشى أربعا (أحمد ومسلم)
(റസൂൽ (സ) ഹജറുൽ അസ് വദ് മുതൽ ഹജറുൽ അസ് വദ് വരെ മൂന്നുതവണ അല്പം ധൃതിയിൽ നടന്നു. നാലു തവണ സാധാരണ പോലെയും നടന്നു.

ശേഷം സഅ് യ ഉള്ള ത്വവാഫിൽ മാത്രമേ ഇദ്തിബാഉം റമലും സുന്നത്തുള്ളൂ. ഇതു രണ്ടും പുരുഷന്മാർക്കു മാത്രമാണ് സുന്നത്ത്. സ്ത്രീകൾ മുഖവും കൈപ്പത്തിയും ഒഴികെ ശരീരം മുഴുവൻ മറക്കേണ്ടതാണല്ലോ. ത്വവാഫിൽ അവർ സാധാരണ പോലെ നടക്കുകയും വേണം. “മദീനയിലെ പനിയും നമ്മുടെ ആക്രമണവും തളർത്തിയ ഒരുകൂട്ടർ ഇതാ, ഉംറ നിർവ്വഹിക്കാൻ വരുന്നു’ എന്ന് ശത്രുക്കൾ നബി (സ)യെയും സഹാബിമാരെയും പരിഹസിച്ചു. ഇതറിഞ്ഞ നബി (സ) ആദ്യത്തെ മൂന്നു ത്വവാഫിൽ ശക്തിപ്രകടനമെന്നോണം വേഗത്തിൽ നടക്കാൻ നിർദ്ദേശിച്ചു. നബി (സ) നിർദ്ദേശിക്കുകയും അനുഷ്ഠിക്കുകയും ചെയ്ത കാര്യം എന്ന നിലക്ക് അത് സുന്നത്തായി തുടർന്നുവരുന്നു.

4. റുക്നുൽ യമാനി – തെക്കുപടിഞ്ഞാറേ മൂലയെ തൊടൽ. ഇബ്നു ഉമർ (റ) പറയുന്നു:

لم أر النبي ﷺ يمس من الأركان إلا اليمانيين وقال ما تركت استلام هذين الركنين اليماني والحجر الأسود منذ رأيت رسول الله يستلمهما في شدة ولا في رخاء (البخاري، ومسلم)

(നബി (സ) രണ്ട് യമാനി റുക്ൾനുകൾ തൊടുന്നതായേ ഞാൻ കണ്ടിട്ടുള്ളൂ. നബി (സ) ഈ രണ്ട് റുക്നുകളും – റുക്നുൽ യമാനി യും ഹജറുൽ അസ് വദും തൊടുന്നതു കണ്ടതിൽ പിന്നെ വിഷമഘട്ടത്തിലും സൗഖ്യാവസ്ഥയിലും അതു രണ്ടും തൊടുന്നതു ഞാൻ ഉപേക്ഷിച്ചിട്ടില്ല.)

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള ത്വവാഫ്
സ്ത്രീകൾ പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്യുന്നതു തെറ്റല്ല. നബി (സ)യുടെ കാലത്തും അപ്രകാരമാണ് ത്വവാഫ് നടന്നിട്ടുള്ളത്. ഇബ്നു ജുറൈജ് പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു.

أخبرني عطاء إذ منع ابن هشام النساء الطواف مع الرجال قال : كيف تمنعهن وقد طاف نساء النبي مع الرجال ؟
(അത്വാഅ് എന്നോട് പറഞ്ഞു: ഇബ്നു ഹിശാം പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു: നബി (സ)യുടെ ഭാര്യമാർ പുരുഷന്മാരോടൊപ്പം ത്വവാഫ് ചെയ്തിരുന്നു എന്നിരിക്കേ താങ്കൾ എങ്ങനെ അവരെ തടയും?

വാഹനത്തിലിരുന്നുള്ള ത്വവാഫ്
വാഹനത്തിലിരുന്നും ത്വവാഫ് ചെയ്യാം. ഇബ്നു അബ്ബാസ് (റ) പറയുന്നു:
إن النبي طاف في حجة الوداع على بعير يستلم الركن بمحجن (البخاري ومسلم)

(ഒട്ടകപ്പുറത്തിരുന്നു നബി (സ) ഹജ്ജത്തുൽ വിദാഇൽ ത്വവാഫ് ചെയ്തു. തന്റെ വടികൊണ്ടാണ് അദ്ദേഹം റുക്നു തൊട്ടത് )

കുഷ്ഠം പോലെ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന രോഗമുള്ളവർ ത്വവാഫിന് വരാതിരിക്കലാണ് ഉത്തമമെന്ന് ഉമർ (റ) വിധിച്ചത്.

ത്വവാഫും സുന്നത്ത് നമസ്കാരവും കഴിഞ്ഞാൽ അല്പം സംസം വെള്ളം കുടിക്കുന്നത് നല്ലതാണ്. നബി (സ) അപ്രകാരം കുടിക്കുകയും (അതു അനുഗ്രഹീതമാണ്. അതു ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് ) എന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്.

മുൽതസമിനടുത്തു വെച്ചുള്ള പ്രാർത്ഥന
ഹജറുൽ അസ് വദിനും കഅ്ബയുടെ വാതിലിനും മധ്യേയുള്ള സ്ഥലത്തിന് മുൽതസം എന്നു പറയുന്നു. അവിടം പ്രാർത്ഥന പ്രാധാന്യമുള്ള സ്ഥല ളിൽ ഒന്നാണ്. നബി (സ) മുഖവും നെഞ്ചും മുൽതസിമിനോട് ചേർത്തുവെച്ച് പ്രാർത്ഥിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ത്വവാഫിന് ശേഷം കഅ്ബയിൽ കയറി നമസ്കരിക്കുന്നതും സുന്നത്താണ്. ഹിജ്ർ ഇസ്മാഈലിലായാലും ആ പുണ്യം നേടാം.

Prev Post

മദീനയിലെ ഹറം

Next Post

അറഫായിൽ നിൽക്കൽ

post-bars

Related post

You cannot copy content of this page