Back To Top

 ഹജ്ജിന് കഴിവുണ്ടാകുന്നതെപ്പോൾ?

ഹജ്ജിന് കഴിവുണ്ടാകുന്നതെപ്പോൾ?

Spread the love

താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ കഴിവ് പൂർത്തീകരിക്കപ്പെടും.

1. ശാരീരികാരോഗ്യം, വാർധക്യം, അംഗവൈകല്യം, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവകൊണ്ട് ഹജ്ജിന് സാധ്യമല്ലാതെ വന്നിരിക്കയാണെങ്കിൽ അവൻ മറ്റുള്ളവരെക്കൊണ്ട് ഹജ്ജ് ചെയ്യിക്കണം. അവന്റെ കയ്യിൽ പണമുണ്ടെങ്കിൽ.

2. ഹജ്ജ് ചെയ്യുന്നവൻ തന്റെ ശരീരത്തെയും ധനത്തെയും കുറിച്ച് നിർഭീതനായിരിക്കുമാറ് മാർഗം സുരക്ഷിതമായിരിക്കണം. ഒരാൾ പകർച്ചവ്യാധി, പിടിച്ചുപറി സംഘം എന്നിവ കാരണം സുരക്ഷിതത്വത്തെ ഭയപ്പെടുകയോ, കൊള്ളയടിക്കപ്പെടുമെന്ന് ഭയപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ഹജ്ജിന് എത്തുവാൻ കഴിവില്ലാത്തവനാണ്.

വഴിയിൽ വെച്ചു പിരിച്ചെടുക്കുന്ന നികുതി, ചുങ്കം പോലെയുള്ളത് ഹജ്ജിന്റെ നിർബന്ധിതത്വം ഇല്ലാതാക്കിക്കളയുന്നതാണോ എന്നതിൽ പണ്ഡിതൻമാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്നത് എത്ര കുറച്ചാണെങ്കിലും അത് ഹജ്ജിന്റെ ബാധ്യത ഇല്ലാതാക്കിക്കളയുന്ന ഒഴികഴിവാണെന്ന് ഇമാം ശാഫിഈയും മറ്റും അഭിപ്രായപ്പെടുന്നത്. എന്നാൽ, മാലിക്കികളുടെ അഭിപ്രായത്തിൽ, നികുതി കഴിവിന്നതീതമായി വാങ്ങുകയോ വീണ്ടും വീണ്ടും വാങ്ങുകയോ ചെയ്താൽ മാത്രമേ അതൊരു ഒഴികഴിവായി ഗണിക്കുകയുള്ളൂ.

3, 4. വാഹനത്തിനും പാഥേയത്തിനും സ്വന്തമായി കഴിവുണ്ടാവണം. പാഥേയത്തിൽ പരിഗണനീയമായ അഭിപ്രായം അവന്റെ ആരോഗ്യ സുരക്ഷിതത്വത്തിന് ആവശ്യമായത് ഉടമയിലുണ്ടായിരിക്കുക എന്നതാണ്. താൻ ചെലവു കൊടുക്കൽ നിർബന്ധമായവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രാഥമികാവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, വാഹനം, സമ്പാദ്യോപകരണങ്ങൾ ഉണ്ടായാൽ മതിയാവുന്നതാണ്. (ധരിക്കുന്ന വസ്ത്രം, ആവശ്യമായ ഉപകരണങ്ങൾ താമസിക്കുന്ന വീട് എന്നിവ ഹജ്ജിനുവേണ്ടി വില്ക്കാവുന്നതല്ല, വീട് വളരെ വലിയതാണെങ്കിൽ ഹജ്ജിനുവേണ്ടി അത് വിറ്റു പകരം വേറെ വാങ്ങാവുന്നതാണ്. (ഗ്ര.കാ.)

വാഹനം എന്നതിൽ ഗണനീയാഭിപ്രായം, അവിടെ പോയി തിരിച്ചുവരാൻ കഴിയുന്നതായിരിക്കുക എന്നതാണ്. കരയിലൂടെയോ കടലിലൂടെയോ ആകാശത്തിലൂടെയോ എങ്ങനെയുമാവാം. എന്നാൽ ഇത് മക്കയിൽ നിന്നുള്ള ദൂരം കാരണം നടന്നു പോകാൻ കഴിയാത്തവർക്കു മാത്രമാണ്. നടന്നുപോകാവുന്നത്ര അടുത്താണ് താമസമെങ്കിൽ സ്വന്തമായി വാഹനം ഉണ്ടായിരിക്കുക എന്നത് ഗണനീയമായ നിബന്ധനയല്ല. കാരണം, കുറഞ്ഞ ദൂരം അവന് നടന്നുതന്നെ പോകാം.

ഖുർആനിൽ ഹജ്ജിനെ പരാമർശിച്ചേടത്ത് “സബീൽ’ എന്നു പറഞ്ഞതിനെ നബി (സ) വാഹനവും പാഥേയവും’ എന്ന് വ്യാഖ്യാനിച്ചതായി ചില ഹദീസുകളിൽ വന്നിട്ടുണ്ട്. പക്ഷേ, അവയത്രയും ദുർബലങ്ങളാണ്. എന്നിരുന്നാലും, പണ്ഡിതന്മാരിൽ അധികപേരും, വീട് അകലെയാണെങ്കിൽ വാഹനവും പാഥേയവും ഹജ്ജ് നിർബന്ധമാകുന്നതിനുള്ള നിബന്ധനകളാക്കി വെച്ചിട്ടുണ്ട്. അഥവാ, ഒരാൾക്ക് അവ രണ്ടുമില്ലെങ്കിൽ ഹജ്ജ് നിർബന്ധവുമില്ല.

ഇബ്നു തൈമിയ പറയുന്നു: ഈ ഹദീസുകൾ ഹസ്സാൻ വഴി മുസ്നദായും മുർസലായും മൗഖൂഫായും ഉദ്ധരിക്കപ്പെട്ടവ -ഹജ്ജ് നിർബന്ധമാവുന്നതിന് വാഹനവും പാഥേയവും നിബന്ധനകളാണെന്ന് തെളിയിക്കുന്നു. ജനങ്ങളിൽ വളരെ പേർക്ക് നടന്നു പോകാൻ സാധിക്കുമെന്ന് നബി(സ)ക്ക് അറിയാമായിരുന്നിട്ടുപോലും തിരുമേനി അവ ഹജ്ജിന് നിബന്ധനകളാക്കി വെച്ചിരിക്കയാണ്.

പുറമേ, ഹജ്ജിനെപ്പറ്റി അല്ലാഹു പറഞ്ഞിരി ക്കുന്നത്, (അവിടേക്ക് എത്താൻ കഴിവുള്ളവൻ) എന്നാണ്. ഇതുകൊണ്ടുദ്ദേശിക്കുന്നത് ഒന്നുകിൽ എല്ലാ ഇബാദത്തുകളിലും അവശ്യം ആവശ്യമായ കേവലം കഴിവായിരിക്കണം. അതല്ലെങ്കിൽ അതിൽക്കവിഞ്ഞ ഒരു കഴിവ് ആയിരിക്കണം. ആദ്യ ത്തതാണെങ്കിൽ ഹജ്ജിൽ മാത്രം ഇങ്ങനെ ഒരു പ്രത്യേക നിബന്ധന പറയേണ്ട ആവശ്യമില്ല. നോമ്പിന്റെയും നമസ്കാരത്തിന്റെയും ആയത്തുകളിൽ അതു പറയേണ്ടിവരാതിരുന്നപോലെ. അപ്പോൾ ഇവിടെ പറഞ്ഞ കഴിവ് ആദ്യം പറഞ്ഞ കഴിവല്ലെന്നു വ്യക്തം. ഈ കഴിവ് ധനപരമായ കഴിവാണ്.

മാത്രമല്ല, ഹജ്ജ് ദീർഘയാത്ര ആവശ്യമുള്ള ഒരു ഇബാദത്താണ്. അത് നിർബന്ധമാകുവാൻ വാഹനവും പാഥേയവും ഉടമയിലുണ്ടായിരിക്കണം ജിഹാദുപോലെ.

ജിഹാദിനെപ്പറ്റി അല്ലാഹു പറയുന്നു: “ചെലവിനു വകയില്ലാത്തവർക്കും കുറ്റമില്ല…. താങ്കൾ അവരെ വാഹനമേറ്റുന്നതിനുവേണ്ടി അരികിൽ വരുമ്പോൾ “നിങ്ങളെ കയറ്റുവാൻ എന്റെ പക്കൽ വാഹനമില്ല’ എന്ന് താങ്കൾ പറയേണ്ടി വരുന്നവർക്കും കുറ്റമില്ല.” (9: 91, 92 )

മുഹദ്ദബിൽ ഇങ്ങനെ വന്നിരിക്കുന്നു. ഒരാൾക്ക് വാഹനവും പാഥേയവും വാങ്ങാനുള്ള വകയുണ്ട്. പക്ഷേ, കടമുള്ളതിനാൽ അത് അദ്ദേഹത്തിന് തന്നെ ആവശ്യമായി വന്നിരിക്കുന്നു. എങ്കിൽ അയാൾക്ക് ഹജ്ജ് നിർബന്ധമാവുകയില്ല. കടം അവധിയെത്തിയതായാലും അല്ലെങ്കിലും ഇതുതന്നെ വിധി. കാരണം, കടം അവധിയെത്തിയതാണെങ്കിൽ അതുടനെ വീട്ടേണ്ടതാണ്. ഹജ്ജ് സാവകാശം ചെയ്താൽ മതി. ഇനി അവധിയെത്തിയതല്ലെങ്കിലും അതയാൾ തന്നെ അവധിയെത്തുമ്പോൾ വീട്ടണമല്ലോ. കയ്യിലുള്ളത് ഹജ്ജിനുവേണ്ടി ചെലവഴിച്ചാൽ പിന്നീടത് വീട്ടാൻ സാധ്യമായില്ലെങ്കിലോ?

ഇനി അയാളുടെ അവസ്ഥക്കനുയോജ്യമായ വീടോ, പരിചരണത്തിന് ഒരു ഭൃത്യനോ വേണമെന്ന് വന്നാലും അയാൾക്ക് ഹജ്ജ് നിർബന്ധമില്ല. ഇനി വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ഇല്ലെങ്കിൽ തെറ്റ് ചെയ്തുപോകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനാണ് മുൻഗണന കല്പിക്കേണ്ടത്. കാരണം, ഉടനെ നിർവഹിക്കേണ്ടത് അതാണ്. അതേപോലെ അവനു തന്റെ ചെലവിനുവേണ്ടി ആ പണം കൊണ്ടു കച്ചവടം ചെയ്യാൻ സാധനങ്ങൾ വാങ്ങേണ്ടത് ആവശ്യമായി വന്നിരിക്കയാണെങ്കിൽ, അപ്പോഴും അവന് ഹജ്ജ് നിർബന്ധമില്ലെന്ന് അബ്ദുൽ അബ്ബാസുബ്നു സരീഹിന്റെ അഭിപ്രായം. കാരണം, എടുത്തു പറയാവുന്ന ഒരുപകാരമെന്ന നിലയിലല്ലാതെ അയാൾക്ക് ഹജ്ജ് സാധ്യമായിരിക്കുകയാണ്.

ശാഫിഇകൾ പറയുന്നു: ഹജ്ജിനുവേണ്ടി മറ്റൊരാൾ നല്കുന്ന വാഹനം – പകരമില്ലാതെ സ്വീകരിക്കുന്നത് നിർബന്ധമില്ല. കാരണം, അത് സ്വീകരിക്കുന്നതിൽ ഔദാര്യം ഉണ്ട്. അതാകട്ടെ പ്രയാസമുണ്ടാക്കുകയും ചെയ്യും. ഇനി മകനാണ് നല്കുന്നതെങ്കിൽ സ്വീകരിക്കൽ നിർബന്ധമാണ്.

ഹമ്പലികൾ പറയുന്നു. മറ്റൊരാൾ വഹിക്കുന്ന ചെലവുകൊണ്ട് അയാൾ ബന്ധുവാകട്ടെ, അല്ലാതിരിക്കട്ടെ ഹജ്ജ് ചെയ്യൽ നിർബന്ധമില്ല. അതുകൊണ്ടുമാത്രം അയാൾ ഹജ്ജിനു കഴിവുള്ളവനാകുന്നില്ല. കൊടുക്കുന്നത് വാഹനമാവട്ടെ, പാഥേയമാവട്ടെ, പണമാവട്ടെ എല്ലാം സമമാണ്.

5. ഹജ്ജിനുപോവുന്നതിന് തടസ്സങ്ങളൊന്നുമില്ലാതിരിക്കുക. ബന്ധനം, പോകാൻ അനുവദിക്കാത്ത അക്രമിയായ ഭരണാധികാരിയെക്കുറിച്ചുള്ള
ഭീതി എന്നിവപോലെ.

Prev Post

ഹജ്ജിന്റെ നിബന്ധനകൾ

Next Post

കുട്ടികളുടെയും അടിമകളുടെയും ഹജ്ജ്

post-bars

Related post

You cannot copy content of this page